വിജയകുമാർ ബ്ലാത്തൂർ

ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമ കണ്ടു. എഴുപതുകളിലെ കേരളമാണ് കഥയിൽ കാണിക്കുന്നത്. അതിൽ ഫോറസ്റ്റ് ഗാർഡ് ചന്ദ്രൻ ലീവിൽ വന്ന് അഞ്ച് തെങ്ങ് ജംക്ഷനിൽ ബസിറങ്ങി കാട്ടിൽ നിന്ന് ചാക്കിലിട്ട് കൊണ്ടുവന്ന അത്ഭുതങ്ങൾ നാട്ടുകാരെ കാണിക്കുന്ന രംഗങ്ങൾ ഉണ്ട്. ഒരു തവണ നാട്ടുകാർ ആകാംക്ഷയോടെ എത്തി നോക്കി നിൽക്കെ ചാക്കു തുറക്കുമ്പോൾ ഉള്ളിൽ ഒരു മുള്ളൻ പന്നിയാണ് ! ബോംബ് സ്ഫോടനം പോലെ അതിന്റെ മുള്ളുകൾ ചുറ്റും നിൽക്കുന്നവരുടെ ദേഹത്ത് കൊള്ളുന്നതും എല്ലാവരും ചോരയൊലിപ്പിച്ച് നാട്ട് വൈദ്യന്റെ അടുത്ത് മുറിവുകൾ ചികിത്സിക്കുന്നതുമായാണ് പിന്നെ കാണുന്നത്.

പണ്ടേ ഉള്ള ഒരു തെറ്റായ ധാരണയാണിത്. മുള്ളൻ പന്നിക്ക് മുള്ള് തെറിപ്പിച്ച് കയറ്റാനുള്ള ഒരു കഴിവും ഇല്ല. എയ്യൻ പന്നി എന്നൊക്കെ പണ്ടുള്ള ആളുകൾ ഈ തെറ്റിദ്ധാരണയുടെ മുകളിൽ ചാർത്തിയ പേര് മാത്രമാണ്. കാർണിവോറസ് ആയ തുമ്പികൾ തുമ്പപ്പൂവിൽ തേനുണ്ണുന്നതായി കവികൾ മണ്ടത്തരം എഴുതിയത് നമ്മൾ സത്യമെന്ന് കരുതിയത് പോലെ സിനിമക്കാരും തമാശയ്ക്കായാലും ഇങ്ങനെ ഒക്കെ കാണിച്ചാൽ ആളുകൾ അത് ശരിയാണ് എന്ന് കരുതും.

സത്യത്തിൽ മുള്ളൻ പന്നിയുടെ പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളമ്പന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെൻ്റിയ ( Rodentia ) ഒർഡറിൽ പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ പെട്ട ജീവിയാണിവർ.ഓടി രക്ഷപ്പെടാനും തിരിച്ച് ആക്രമിക്കാനും ഒന്നും കഴിവില്ലാത്തതിനാൽ പരിണാമപരമായി അതിജീവനത്തിനായി ആർജ്ജിച്ചതാണ് ഈ മുൾപ്പന്ത് ശരീരം. രോമം തന്നെയാണ് മുള്ളായി മാറിയിരിക്കുന്നത്. കെരാറ്റിൻ കൊണ്ട് നിർമ്മിച്ചതും ഉള്ളുപൊള്ളയായതുമായ നേർത്ത നീളംകൂടിയ മുള്ളുകളും തടിച്ച് നീളം കുറഞ്ഞ മുള്ളുകളും മുകളിലും അടിയിലും ഒക്കെയായി ക്രമീകരിച്ചിട്ടുണ്ടാകും. ഒന്നിടവിട് കറുപ്പും വെളുപ്പും അടയാളങ്ങളോടു കൂടിയ കറുപ്പോ കടും ബ്രൗൺ നിറമോ ഉള്ളതാണ് മുള്ളുകൾ. അരികുകളിലെ നീളൻ മുള്ളുകൾ അത്പമൊക്കെ വളക്കാൻ കഴിയുന്നവയാണ്. ഏറ്റവും കൂടുതൽ നീളമുള്ള രോമമുള്ളുകൾ കഴുത്തിലും ചുമലിലും ആണുണ്ടാകുക.

ഒരു വട്ടപ്പാവാട ചുറ്റിയ പോലെ തോന്നും കാഴ്ചയിൽ. ഈ മുള്ളുകൾക്ക് 51 സെൻ്റീമീറ്റർ വരെ നീളമുണ്ടാകും. എങ്കിലും ഭൂരിഭാഗം മുള്ളുകളും 15- 30 സെൻ്റീ മീറ്റർ നീളമുള്ളവയാകും. പിറക് വശത്തെ ഉറപ്പുള്ള നീളം കുറഞ്ഞ മുള്ളുകൾ കൂട്ടമായാണുണ്ടാവുക. ഇവയാണ് ശത്രുക്കളുടെ ദേഹത്ത് കുത്തിക്കയറി ഇവരെ രക്ഷക്കുന്നവ. ഓരോ രോമവും അതിൻ്റെ അടിയിലെ പേശിയുമായി നേരിട്ട് ബന്ധിച്ചിട്ടുള്ളതിനാൽ ഇഷ്ടം പോലെ ഇത് ഉയർത്താനും താഴ്ത്താനും ചെറുതായി ചലിപ്പിക്കാനും ഇവർക്ക് കഴിയും. ( നമുക്ക് രോമാഞ്ചം ഉണ്ടാകുമ്പോൾ രോമം എഴുന്നു നിൽക്കുന്നതുപോലെ അല്ല എന്ന് സാരം) . ഭയപ്പെടുമ്പോഴും , ശത്രുവിനെ പേടിപ്പിക്കാനും ശരീര വലിപ്പം കൂടുതൽ തോന്നിപ്പിക്കാനും ഒക്കെ മുള്ളുകൾ എഴുന്ന് പിടിക്കുന്നത്കൊണ്ട് പറ്റും. കൂടാതെ ഉള്ളുപൊള്ളയായ മുള്ളുകളെ കുലുക്കി അനക്കി ശബ്ദമുണ്ടാക്കിയും പേടിപ്പിക്കാനറിയാം. എന്നിട്ടും ശത്രു ഒഴിയാതെ നിൽക്കുകയും ആക്രമിക്കുകയും ചെയ്യുകയാണെങ്കിൽ അവസാനം ‘മുഖം നോക്കാതെ’ നടപടി എടുക്കും. തലതിരിച്ച് മുള്ളുകൾ ഉയർത്തിപ്പിടിച്ച് പിറകോട്ട് വേഗത്തിൽ നീങ്ങും. തലഭാഗം മുൾകവചമില്ലാത്തതിനാൽ സുരക്ഷിതമല്ല എന്നതിനാൽ തല രക്ഷിക്കാൻ കൂടിയാണ് ഈ തിരിഞ്ഞ് നിൽപ്പ്. പക്ഷെ ഇവർക്ക് ശരീരം കുലുക്കി ശത്രുക്കൾക്ക് നേരെ ഈ മുള്ളുകൾ തൊടുത്ത് വിടാൻ കഴിയും എന്ന ഒരു അന്ധവിശ്വാസം പലർക്കും ഉണ്ട്. ഈ പ്രത്യേക കഴിവുണ്ടെന്ന വിശ്വാസത്താൽ ‘എയ്യൻ പന്നി’ എന്നുവരെ പേരും ഉണ്ട്. പക്ഷെ അത്തരം കഴിവൊന്നും ഇവർക്കില്ല. ആക്രമണത്തിനിടയിലെ കുലുക്കലിൽ പൊഴിയാറായ പഴയ മുള്ളുകളിൽ ചിലത് താഴെ വീഴും എന്നുമാത്രം . അവ യാദൃശ്ചികമായ ആക്രമിയുടെ ദേഹത്ത് കൊണ്ടെന്നും വരാം. ഓട്ടത്തിനിടയിൽ കുറേയെണ്ണം പൊഴിഞ്ഞ് വീഴുന്നത് ടയറിൻ അള്ള് വെക്കുന്നത് പോലെ തുരത്തുന്ന മൃഗങ്ങളുടെ കാലിൽ കൊണ്ട് ഓട്ടം നിർത്തിപ്പിച്ച് സഹായിക്കുകയും ചെയ്യും.

നല്ല മൂർച്ചയുള്ള കൂർത്ത ഉറപ്പാർന്ന മുനയുള്ള ഈ മുൾ രോമം കുത്തിക്കയറുന്നത് മനസിലാക്കം. പക്ഷെ അതു കയറിക്കഴിയുന്നതോടെ കഥ മാറും. പുലികളും കടുവകളും ഇതിനു മുന്നിൽ സുല്ലുപറയും. തീറ്റകിട്ടിയ ആക്രാന്തത്തിൽ ഇതിനെ കയറിപ്പിടിക്കാൻ ശ്രമിച്ചാൽ പണി പാളും. മുള്ളുകളുടെ അഗ്ര ഭാഗം പ്രത്യേക സ്വഭാവം ഉള്ളതാണ്. ഉള്ളീലേക്ക് കയറിയതുപോലെ വേഗത്തിൽ കുടഞ്ഞ് കളഞ്ഞ് ഒഴിവാക്കാം എന്നു കരുതേണ്ട. വലിച്ചാൽ ഊരിക്കിട്ടത്തവിധം ലോക്ക് ചെയ്യപ്പെടും എന്നു മാത്രമല്ല ദേഹത്തെ മസിലുകൾ വേദനകൊണ്ട് സങ്കോചിക്കും തോറും കുറേശെയായി ഇത് ആഴത്തിലേക്ക് ആഴ്ന്നു പോയ്ക്കൊണ്ടിരിക്കും.
മുള്ളുകളുടെ ഒന്നര ഇഞ്ച് മുനഭാഗം സൂക്ഷ്‌മായി നിരീക്ഷിച്ചാൽ ആയിരക്കണക്കിന് മൈക്റോസ്കോപ്പിക്ക് ശൽക്കങ്ങൾ കാണാം. പിറകിലേക്ക് മുനയുള്ള വജ്രരൂപികളായ ആരുകൾ ഒന്നിനു മീതെ ഒന്നായുള്ള അടരുകളായി ഷിംഗ്ഗിൾസ് ഷീറ്റ് പോലെ ചേർന്ന്കിടക്കുന്നത് കാണാം. സാധാരണ ഉണങ്ങി നിൽക്കുന്ന സമയങ്ങളിൽ അവ പരസ്പരം ഒട്ടി കിടക്കും. ഉള്ളിലേക്ക് കയറുന്ന നേരം ഇവ ചേർന്ന് നിന്ന് മുനയായി പ്രവർത്തിക്കുമെങ്കിലും മാംസത്തിനുള്ളിൽ എത്തിയാൽ , അവിടത്തെ ചൂടും നനവും ഏൽക്കുന്നതോടെ ഇവ പൊങ്ങി ഉയരും . അതോടെ ഇത് മുള്ളിന് പിറകിലേക്ക് നീങ്ങാൻ പറ്റാത്ത കൊളുത്തുകളായി അവ മാറും. എങ്കിലും മുന്നോട്ടുള്ള സഞ്ചാരം തടസപ്പെടുത്തുകയും ഇല്ല. മസിലുകൾ വേദനകൊണ്ട് സങ്കോചിക്കുന്നതിനനുസരിച്ച് ഇവ കൂടുതൽ ആഴത്തിലേക്ക് സ്വയം സഞ്ചരിച്ച് ലോക്കായികൊണ്ടിരിക്കും. വലിച്ച് ഊരാൻ ശ്രമിച്ചാൽ കൊളുത്തി മുറിവും വേദനയും ഉണ്ടാക്കും. അതിനാൽ തന്നെ പുള്ളിപ്പുലികൾ പോലും പലപ്പോഴും കൈയിലും മുഖത്തും വായിലും കൊണ്ട മുള്ളുകൾ നീക്കം ചെയ്യാൻ പല സർക്കസും നടത്തും.

കുറച്ച് ദിവസം കൊണ്ട് ഭക്ഷണം കഴിക്കാനാവാതെ പട്ടിണി കിടന്ന് ചത്തുപോകാറും ഉണ്ട്. കണ്ണിൽ കൊണ്ടാൽ പതുക്കെ കാഴ്ച നഷ്ടമാകുകയും ചെയ്യും. ഭീഷ്‌മരുടെ ശരപഞ്ചരം പോലെ മുഖത്ത് നിറയെ മുള്ളുകളുമായി വളർത്തു നായകൾ പൊന്തകളിൽ ഇവരുമായി യുദ്ധം കഴിഞ്ഞ് കീ കീ കീ എന്നു കരഞ്ഞ് ഓടിവരാറുണ്ട്. ഇവരുടെ മുള്ളുകൾ യജമാനൻ എങ്ങിനെയെങ്കിലും നീക്കം ചെയ്തുകൊടുക്കുമെങ്കിലും പുലികളേയും കാട്ട് മൃഗങ്ങളേയും മുള്ളെടുത്ത് സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ ഈ മുള്ളുകൾ അവരുടെ അന്തകരാകും. മുള്ളുകൾ രോമം പോലെ തന്നെ കുറച്ച് നാൾ കഴിയുമ്പോൾ പൊഴിഞ്ഞു പോകും. അവിടെ പുതിയ രോമം വളരും . വളർച്ച പൂർത്തിയായാൽ അതിൻ്റെ വേര് ഭാഗം അടയുകയും ആവശ്യമുള്ളപ്പോൾ വേഗത്തിൽ പൊഴിക്കാൻ കഴിയും വിധമുള്ള ഒരു സോക്കറ്റായി രോമക്കുഴി മാറുകയും ചെയ്യും. അതിനാൽ മുള്ളുപൊഴിയുമ്പോൾ രക്തം പൊടിയുകയും ചെയ്യില്ല.

മുള്ളിൻ്റെ നിൽപ്പ് നോക്കി മുള്ളമ്പന്നിയുടെ മനസ് വായിക്കാം. നമുക്ക് രോമാഞ്ചം ഉണ്ടാകുമ്പോഴും അതിഭയങ്കരമായി പേടിച്ചാലും രോമം എഴുന്നു നിൽക്കും എന്നതുപോലെ ഇവർ പേടിച്ചാണോ ഉള്ളത്, അസ്വസ്ഥനാണോ , ആക്രമിക്കാൻ സന്നദ്ധമായ നിൽപ്പാണോ എന്നൊക്കെ മുള്ളിൻ്റെ വിതർപ്പ് നിൽപ്പ് നോക്കി മനസിലാക്കാം. കാർട്ടൂൺ സിനിമകളിൽ ഷോക്കടിച്ചാൽ തലമുടി മുള്ളുപോലെ നിൽക്കുന്നത് വരച്ച് വെച്ചതുപോലെ തോന്നും ഇവരെകണ്ടാൽ . ജീവനുള്ള ഒരു മുൾപ്പന്ത് ആയി മാറുന്നത് സ്വരക്ഷക്ക് ആയാണ്. വേഗത്തിൽ ഓടി രക്ഷപ്പെടാൻ കഴിയില്ല എന്നതുകൂടാതെ ദേഹം മുഴുവൻ മുള്ളുള്ള അഹങ്കാരത്താൽ ആരെയും അങ്ങോട്ട്പോയി ആക്രമിക്കാറും ഇല്ലാത്ത പേടിത്തൊണ്ടന്മാരാണ്. അരമണികൾ കിലുക്കി ഉണ്ണിയുടെ അമ്മയെ ‘പേടിപ്പിച്ചോടിക്കാൻ നോക്കി ഭൂതം’ എന്ന് പൂതപ്പാടിൽ പറയുന്നപോലെ വാലുകിലുക്കി, ദേഹത്തെ പൊള്ള മുള്ളുകൾ പരസ്പരം അടിച്ച് കുലുക്കി , കിങ്കിരിപല്ലുകൾ ഞെരിച്ച് ഒക്കെ ഒച്ചയുണ്ടാക്കി ശത്രുവിനെ പേടിപ്പിച്ചോടിക്കാൻ ഇവരും നന്നായി ശ്രമിക്കും.

Leave a Reply
You May Also Like

തേങ്ങയിൽ വെള്ളം എവിടെ നിന്ന് വന്നു ?

തേങ്ങയിൽ വെള്ളം എവിടെ നിന്ന് വന്നു ?⭐ അറിവ് തേടുന്ന പാവം പ്രവാസി ???? പലപ്പോളും…

ഇരുമ്പ് വെള്ളത്തിനോട് ചെയ്യുന്നത്

ഇരുമ്പ് വെള്ളത്തിനോട് ചെയ്യുന്നത്: Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് ) പണ്ട് സ്കൂൾ വിട്ട്‌…

ഡിഎൻഎ രൂപത്തിൽ ശേഖരിച്ചാൽ, ഒരു പഞ്ചസാരത്തരിയുടെ വലിപ്പമുള്ള ചിപ്പിൽ ഒരു സിനിമ മുഴുവനായി സൂക്ഷിക്കാം

✍ വിവരശേഖരണം: Rafi Msm Muhammed ഹാർഡ് ഡിസ്കുകൾക്ക് പകരമായി ഡി.എൻ.എ. യിൽ ഡാറ്റകൾ സംഭരിക്കുന്നതിനുള്ള…

ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ ? ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം എന്നു പറയാന്‍ വരട്ടെ

സ്പേസ് എലവേറ്റർ Sabu Jose ഏണിയില്‍ കയറി ബഹിരാകാശത്തേക്ക് പോയാലോ? ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം…