എന്ത് മനുഷ്യനാണ് സാർ താങ്കൾ ?
എന്തിനാണ് സാർ താനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഭ്രാന്തനായി മുദ്രകുത്തി സ്വന്തം അമ്മയുടെ കൈകൊണ്ട് വിഷം നൽകി കൊല്ലിച്ചത്? എന്തിനാണ് സേതുമാധവന്റെയും അച്ചുതൻ
209 total views

“എന്ത് മനുഷ്യനാണ് സാർ താങ്കൾ ?
Abhinand VC Elannur
എന്തിനാണ് സാർ താനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഭ്രാന്തനായി മുദ്രകുത്തി സ്വന്തം അമ്മയുടെ കൈകൊണ്ട് വിഷം നൽകി കൊല്ലിച്ചത്? എന്തിനാണ് സേതുമാധവന്റെയും അച്ചുതൻ നായരുടെയും ഒക്കെ സ്വപ്നങ്ങൾ ഇല്ലാതാക്കിയത്? കിരീടത്തിൽ നഷ്ടപ്പെടുത്തിയ ജീവിതം ചെങ്കോലിൽ എങ്കിലും തിരിച്ചു നൽകാമായിരുന്നില്ലേ? ആ കുടുംബത്തെ മുഴുവൻ ശിഥിലമാക്കിയത് എന്തിനായിരുന്നു? കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ രാജീവിൽ നിന്നും വീണ്ടും പറിച്ചെടുത്തത് എന്തിനായിരുന്നു സാർ?
എന്തുകൊണ്ടാണ് നേരെ നടക്കാനാഗ്രഹിച്ചിട്ടും വാറുണ്ണിയെ അതിനനുവദിക്കാതിരുന്നത് ?ഭരതത്തിലെ ഗോപിയുടെ ഹൃദയത്തിൽ എന്തിനാണ് ഇത്രയും വലിയൊരു ഭാരം കയറ്റി വച്ചത്?എന്തിനാണ് വിദ്യാധരന്റെയും (ഭൂതക്കണ്ണാടി ), അച്ചൂട്ടിയുടെയും, ഭാനുവിന്റെയും (കന്മദം), മേലേടത്തു രാഘവൻ നായരുടെയും, ബാബുവിന്റെയും (ജോക്കർ), പ്രിയംവദയുടെയും (കസ്തൂരിമാൻ) ഒക്കെ ജീവിതത്തിൽ ഇത്രമേൽ ദുഃഖങ്ങൾ കോരിയിട്ടത്… ”
മനുഷ്യന്റെ ദുഖങ്ങളിലേക്ക് അത്രമേൽ ആഴ്ന്നിറങ്ങിയ ഇറങ്ങിച്ചെന്ന മറ്റൊരു എഴുത്തുകാരനുണ്ടോ? ഉണ്ടാവാനിടയില്ല…
ഓരോ തവണ കാണുമ്പോഴും കൂടുതൽ ആഴത്തിൽ ആഴത്തിൽ ഹൃദയത്തെ മുറിവേൽപ്പിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ… ഓരോ തവണ കാണുമ്പോഴും കേവലം സിനിമയാണെന്ന കാര്യം പോലും മറന്ന് വീണ്ടും വീണ്ടും ഈ കഥാപാത്രങ്ങൾക്കായി പ്രേക്ഷകൻ കണ്ണീർ പൊഴിക്കുന്നെങ്കിൽ അവിടെയാണ് ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ വിജയം.വിടപറഞ്ഞു 12 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു… തന്റെ തൂലികയിൽ പിറന്ന സിനിമകളിലൂടെ.. നെഞ്ചിൽ കനൽ കോറിയിട്ട ഒരുപിടി കഥാപാത്രങ്ങളിലൂടെ…ഓർമ്മപ്പൂക്കൾ ലോഹി സാർ❣️
ഒരേ ഒരു ലോഹിതദാസ് !!
bhadran praveen sekhar
” ചോക്ക് മലയിൽ ഇരിക്കുന്നവൻ ഒരു ചോക്ക് കഷ്ണം അന്വേഷിച്ചു പോയ കഥയുണ്ട് ..കയ്യിൽ നല്ലൊരു തൊഴിൽ ഇരിക്കുമ്പോൾ ആണ് താൻ ജോലി അന്വേഷിച്ചു നടക്കുന്നത് ..എടോ കയ്യിലിരിക്കുന്നത് മറന്ന് കിട്ടാത്തതിന്റെ പിന്നാലെ പോയാൽ അത് അകന്നു പോകുകയേ ഉള്ളൂ..സമയമാകുമ്പോൾ വരേണ്ടത് വന്നിരിക്കും ..”
റോയ്ക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയുമൊക്കെ കൊടുക്കാൻ തിരക്കഥാകൃത്ത് തന്നെ സിനിമയിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ലെ ഈ സീൻ എന്തോ ഒരുപാട് ഇഷ്ടമാണ് ..
ജീവിതവും യാഥാർഥ്യവുമൊക്കെ ഏറെക്കുറെ അനുഭവത്തിലൂടെ ബോധ്യപ്പെട്ടു കൊണ്ടിരിക്കെയാണ് യാദൃശ്ചികമായി ആ രാത്രിയിൽ വഴിയോരത്ത് റോയ് ലോഹി സാറിനെ കാണുന്നത് ..
റോയ് അന്ന് ലോഹി സാറിനെ കണ്ടില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു .. ഒരു പക്ഷെ വിഷാദാത്മകമായ മറ്റൊരു ലോഹിതദാസ് സിനിമ കൂടിയായി മാറുമായിരുന്നു ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ ..
ഏറെ സന്തോഷകരമായ ഒരു ചുറ്റുപാടിൽ നിന്ന് തുടങ്ങി വിധിയെ കൂട്ട് പിടിച്ചു കൊണ്ട് സ്വന്തം തിരക്കഥകളിൽ ദുഃഖത്തെ അഴിഞ്ഞാടാൻ വിടുന്ന ലോഹിത ദാസിനെ ഒരുപാട് ശപിച്ചിട്ടുണ്ട് ഒരു കാലത്ത് ..
ഒരു കുഴപ്പവുമില്ലാതെ നടന്നിരുന്ന ബാലൻ മാഷിനെ ഭ്രാന്തനാക്കി ചിത്രീകരിക്കുക, ഒടുക്കം സ്വന്തം അമ്മയുടെ കൈ കൊണ്ട് തന്നെ വിഷം കുഴച്ച ചോറ് നൽകി അയാളെ കൊല്ലുക …
ഉറുമ്പിനെ പോലും നോവിക്കാത്ത സൗമ്യനായ സേതുമാധവനെ ക്രിമിനലാക്കി മാറ്റുക, ആദർശ ധീരനായ അച്യുതൻ നായരെ ‘ചെങ്കോലി’ ൽ മകളെ കൂട്ടി കൊടുക്കുന്ന അച്ഛനാക്കി മാറ്റുക…രാജീവനും ആനിക്കും ചന്ദ്രദാസിനുമിടയിൽ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കി ഒടുക്കം എല്ലാം നഷ്ടപ്പെട്ട് മാഗിക്ക് മുന്നിൽ രാജീവനെ കൊണ്ട് വീണ്ടും ഒരു വിഡ്ഢി വേഷം കെട്ടിക്കാൻ ശ്രമിക്കുക..
പത്തോളം തവണ മരണത്തിൽ നിന്ന് പലയിടങ്ങളിൽ നിന്ന് രക്ഷപ്പെട്ട മുകുന്ദൻ മേനോനെ ഒരു കാര്യവുമില്ലാതെ ഒടുക്കം ആക്സിഡന്റിൽ കൊന്നു കളയുക..
അങ്ങിനെ സ്വന്തം കഥാപാത്രങ്ങളോട് ഇത്ര മേൽ ദയ കാണിക്കാത്ത ഒരു തിരക്കഥാകൃത്ത് വേറെയുണ്ടായിരുന്നോ എന്ന് സംശയമാണ് ..
പുരപ്പുറത്തിരിക്കുന്ന പുലിയെ കാണിച്ചു കൊടുക്കാൻ കുരച്ച കൈസറിനെ വാറുണ്ണിയെ കൊണ്ട് വെടി വച്ച് കൊല്ലിപ്പിച്ചപ്പോഴും ലോഹിതദാസിനോട് ദ്വേഷ്യം തോന്നിയിട്ടുണ്ട് ..എന്തിനാണ് മനുഷ്യനെ വിഷമിപ്പിക്കാൻ വേണ്ടി ഇങ്ങിനെ ഓരോന്ന് ഇയാൾ എഴുതി കൂട്ടുന്നത് എന്ന് ആലോചിച്ചു പോകും .. 😕
സ്വന്തം കഥകളിലൂടെയും സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയുമൊക്കെ അദ്ദേഹം നമ്മുടെ ഉള്ളിൽ തോന്നിപ്പിച്ച സങ്കടവും ദ്വേഷ്യവും തന്നെയാണ് പിന്നീട് ലോഹിതദാസിനോടുള്ള ഇഷ്ടമായി മാറിയത് എന്നതും വിചിത്രം..കഥകൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും സിനിമകൾ കൊണ്ടുമൊക്കെ മനസ്സിനെ ഒരുപാട് നോവിച്ച ലോഹിത ദാസിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
ഓർമ്മപ്പൂക്കൾ💐🌹💐🌹
210 total views, 1 views today
