മികച്ച ആനപ്പാപ്പാനാകാൻ എന്തെല്ലാം പാഠങ്ങളറിയണം ?

???? കടപ്പാട്:രമേശ് എഴുത്തച്ഛൻ
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

????ആനപ്പാപ്പനാകാൻ ആനയോളം അറിവ് വേണമെന്നാണ് പറയുന്നത്. കരയിലെ ഏറ്റവും വലിയ ജീവിയെ നോട്ടം കൊണ്ടു നിയന്ത്രിച്ചു നിർത്തുന്നവനാണു പാപ്പാൻ. ആയിരങ്ങൾ പങ്കെടുക്കുന്ന ആഘോഷങ്ങളിൽ ഒരു തോട്ടികൊണ്ട് ആനയെ നിലയ്ക്കു നിർത്തുന്നവനാണവൻ. സിനിമക്കാരേക്കാളും , ഫുട്ബോൾ താരങ്ങളേക്കാളും ആനകൾക്ക് ആരാധകരുള്ള നാടാണു കേരളം. പാപ്പാൻമാരുടെ പേരിലുമുണ്ട് താരാരാധന. എന്നിരുന്നാലും ഇപ്പോഴത്തെ പല പാപ്പാൻമാർക്കും വകതിരിവില്ലെന്നു ആനപ്രേമികൾ പറയുന്നു.

സ്നേഹംകൊണ്ടും ,ഭേദ്യംകൊണ്ടും , കീഴടക്കാവുന്ന ആനയുടെ ചൂടും ചൂരും അറിയുന്നവനാകണം പാപ്പാൻമാർ .തോട്ടി കൈവശം ഉണ്ടെങ്കിലും അതു ചാരി നിർത്തിപ്പോലും ആനകളെ നിയന്ത്രിക്കണം. പക്ഷേ, അങ്ങനെയല്ല പലരും. ആനകൾക്കു 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കുറുമ്പും അറിവുമാണെന്നു പഴയകാലത്തെ പാപ്പാൻമാർ പറയുന്നു. പാപ്പാന്റെ കൈയിലെ തോട്ടി, വടി എന്നിവയെ ആണു പേടി. ‘‘കുറുമ്പു കാണിച്ചാൽ മർമങ്ങൾ ഒഴിവാക്കി കാലിൽ മാത്രം ചെറിയ തല്ലു കൊടുക്കാം. എന്തിനാണു തല്ലുന്നതെന്നു പറഞ്ഞു വേണം ചെയ്യാൻ’’– ഇതാണ് അടി കൊടുക്കുമ്പോൾ പാലിക്കേണ്ട മര്യാദയെന്നാണ് പാപ്പാൻമാർ പറയുന്നത്.

‘‘കണ്ണുള്ളവർ കണ്ടു പഠിക്കട്ടെ, കാതുള്ളവർ കേട്ടുപഠിക്കട്ടെ’’ എന്നതാണ് ആനപ്പാപ്പാൻ പഠനത്തിന്റെ അടിസ്ഥാന തത്വം. മുതിർന്ന പാപ്പാന്റെ മേൽനോട്ടത്തിൽ ആനയ്ക്കൊപ്പം നടന്നു പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടെ നടക്കുമ്പോൾ ആനയുടെ താളം പഠിക്കും. അപ്പോഴൊന്നും ആനയെ തൊടാൻ പോലും പാപ്പാൻ സമ്മതിക്കില്ല.

ഗജശാസ്‌ത്രത്തിൽ ആനക്കാർ മൂന്നു തരക്കാരാണ്. രേഖാവാൻ, യുക്‌തിമാൻ, ബലവാൻ. ആനയെ സ്‌നേഹിക്കുകയും , വാത്സല്യം കാണിക്കുകയും ചെയ്യുന്നവൻ രേഖാവാൻ. യുക്‌തിമാൻ ബുദ്ധിമാനുമാണ്. ആനയെ കണ്ടറിഞ്ഞു പെരുമാറും. ആനയുടെ കാര്യവും സ്വന്തം കാര്യവും ഒരുപോലെ നോക്കും. ആനയെ പിണക്കില്ല. പക്ഷേ, ആവശ്യമെങ്കിൽ ബലപ്രയോഗത്തിനു മടിക്കുകയുമില്ല. ബലവാൻ അൽപം പ്രശ്‌നക്കാരനാണ്. ആനയെ നന്നായി പീഡിപ്പിക്കും. വേണ്ടപോലെ പരിചരിക്കുകയുമില്ല. ഇത്തരക്കാരോട് ആനയ്‌ക്കു മനസ്സിൽ പകയുണ്ടാകും. ആനയും പാപ്പാനും തമ്മിലുള്ള ബന്ധവും പലതരത്തിലാണ്. ചില ആനകൾ ഒരു പാപ്പാനെ മാത്രമേ പൂർണമായി അനുസരിക്കു. അതാണ് ഒറ്റച്ചട്ടം. രണ്ടോ അതിലധികമോ പാപ്പാൻമാരെ അനുസരിക്കുന്ന ചട്ടവും ചില ആനകൾക്കുണ്ട്. മദപ്പാട് പോലെയുള്ള സമയത്ത് പാപ്പാൻമാരെ ചില ആനകൾ അടുപ്പിക്കുമെങ്കിലും പാപ്പാനോട് ഇത്തിരി കൂടുതൽ ദേഷ്യം കാണിക്കുന്ന ആനകളും ഉണ്ട്.
കേരളത്തിൽ ആനപ്പാപ്പാൻമാർക്ക് ശാസ്ത്രീയമായി പരിശീലനം നൽകുന്ന കോഴ്സുകളോ , സ്ഥാപനങ്ങളോ ഇല്ല. പാപ്പാൻമാർക്ക് വനംവകുപ്പ് ഇടയ്ക്കിടെ നൽകുന്ന പരിശീന കളരികൾ മാത്രമാണ് ഉള്ളത്. ഇത്തരം പരിശീലനങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, മൃഗഡോക്ടർമാർ, പഴയകാല ആനപ്പാപ്പാൻമാർ എന്നിവർ ക്ലാസെടുക്കും. അതുകൊണ്ടുതന്നെ പാപ്പാൻമാരായി പോകുന്ന പലർക്കും ആനയെക്കുറിച്ച് കാര്യമായ അറിവുകൾ ഉണ്ടാകില്ല.അഞ്ചും, പത്തും വർഷം ആനകൾക്കൊപ്പം നടന്ന് ചൂരും ശീലവുമെല്ലാം കണ്ടു മനസ്സിലാക്കിയാണ് നേരത്തേ പാപ്പാൻമാരായിരുന്നത്. ആനപ്പണി പഠിപ്പിക്കാൻ പറ്റില്ല, പഠിക്കാനേ പറ്റുകയുള്ളു.

ആനയ്ക്കു കഞ്ഞിവച്ചാണു തുടക്കം. ഒട്ടും അടിയിൽ പിടിക്കാതെ ആനയുടെ പാകത്തിൽ കഞ്ഞിവച്ചു കൊടുക്കണം. ഒപ്പം ആശാനായ പാപ്പാന് വേണ്ട സൗകര്യങ്ങളൊക്കെ കൊടുക്കണം. ശേഷം ആനയെ കുളിപ്പിക്കുന്നതിനു വേണ്ട ചകിരി ചെത്തിയുണ്ടാക്കലാണ്. ഉരച്ചു കുളിപ്പിക്കുമ്പോൾ ആനയ്ക്ക് ഒട്ടും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ ചകിരി ചെത്തണം. അതിനു ശേഷം ആനയുടെ നെറ്റിപ്പട്ടം അഴിക്കുന്ന ജോലിയാണ് പാപ്പാന് നൽകുക. അഴിച്ചു നന്നായി വഴക്കം വന്നാലേ കെട്ടാൻ പറ്റുകയുള്ളു. ഇത്രയും ആകുമ്പോൾ ആനയെ തൊടാൻ സമ്മതിക്കും. ആനപ്പുറത്തു കയറി കാലിന് ഒതുക്കം വരുത്തും.

ആനയെ മെരുക്കാനുള്ള വായ്ത്താരി സ്പഷ്ടമായി ചൊല്ലണം. ഇടത്തിയാനേ… വലത്തിയാനേ…തുടങ്ങി വായ്ത്താരികളുടെ അർഥമല്ല . വ്യക്തതയും മുഴക്കവും തിരിച്ചറിഞ്ഞാണ് ആന അനുസരിക്കുന്നത്. തോട്ടി, ചെറുകോൽ, വലിയ കോൽ എന്നിവ പ്രയോഗം കൃത്യമായി പഠിക്കണം. ഇങ്ങനെ പഠനമെല്ലാം കഴിയുമ്പോഴേക്കും അഞ്ച് വർഷമെങ്കിലും കഴിയും.

ഇത്രയുമൊക്കെയാണെങ്കിലും ആന ഒരു വന്യജീവിയാണ് എന്ന തോന്നൽ ഉള്ളിലെപ്പോഴും വേണം. എന്നും ഒരേ സ്വഭാവം തന്നെയാകും ആനകൾക്ക് എന്ന് കരുതരുത്. ഏത് സാഹചര്യത്തിലും ആനയുടെ വന്യത പുറത്തുവരും എന്ന് അറിഞ്ഞു തന്നെ വേണം ആനയെ കൊണ്ടു നടക്കാൻ.

പൂരത്തിന് തലയാട്ടുകയും , താളം പിടിക്കുകയുമല്ലാതെ നമ്മുടെ ആനകളും ചിത്രം വരയ്ക്കുകയും പാട്ടുകേട്ട് ഉറങ്ങുകയുമൊക്കെ ചെയ്യും. ഇത്തരത്തിലുള്ള ‘സുകുമാരകലകൾ’ ശാസ്ത്രീയമായി ആനകളെ പരിശീലിപ്പിക്കാം. എന്നാൽ ആനകൾക്കും , പാപ്പാൻമാർക്കും ഫാൻസ് അസോസിയേഷനുള്ള കേരളത്തിൽ ചിട്ടയായ ശാസ്ത്രീയ പരിശീലനം പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. തഴക്കവും , പഴക്കവുമുള്ള ആന പ്പാപ്പാൻമാർക്കൊപ്പം നടന്നു പരിശീലനം നേടിയ തലമുറയിലുള്ളവർ പലരും പ്രായാധിക്യം മൂലം പണി നിർത്തിയപ്പോൾ ആനയെന്താണെന്നു പോലും അറിയാത്തവരാണ് ഇപ്പോഴത്തെ ചില പാപ്പാൻമാരെന്ന് ആനപ്രേമികൾ പറയുന്നു. അതിന്റെ പ്രശ്നം പലയിടത്തും കാണാനുമുണ്ട്. ഇവരാണ് ആയിരക്കണക്കിനാളുകൾക്കിടയിലൂടെ ആനയെ തെളിച്ചു കൊണ്ടു വരുന്നത്.

Leave a Reply
You May Also Like

വാട്‌സൺസ് ഹോട്ടൽ: ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോക പൈതൃക കെട്ടിടം.

Sreekala Prasad വാട്‌സൺസ് ഹോട്ടൽ: ഇന്ത്യയിലെ ഏറ്റവും ദുർബലമായ ലോക പൈതൃക കെട്ടിടം. തിരക്കേറിയ മുംബൈ…

കൃത്രിമ ഇറച്ചി നിർമ്മിക്കാൻ പറ്റുമോ ?

പറ്റും.മൃഗങ്ങളെ ഉപദ്രവിക്കാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്പേസ് ബീഫ് 3ഡി ബയോപ്രിന്റ് സാങ്കേതികവിദ്യയിലൂടെ Artificial Meat നിർമ്മിച്ചിട്ടുണ്ട് .

ഇന്ത്യയിലെ വാട്സ് ആപ്പിൽ പുതിയതായി വന്ന സംവിധാനത്തിൻ്റെ ഉപയോഗം എന്താണ്?

ലോകത്തെ ഏറ്റവും പ്രമുഖ എഐ അസിസ്റ്റന്റുകളിലൊന്നായ മെറ്റാ എഐ ഇപ്പോൾ ഇന്ത്യയില്‍ ലഭ്യമാണ്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, മെസ്സഞ്ചർ, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുമ്പോൾ അതോടൊപ്പം മെറ്റാ എഐയും ഇനി ഉണ്ടാകും.

വായുവിൽ നിൽക്കുന്ന കപ്പൽ, ഇതൊരു യഥാർത്ഥ ഫോട്ടോയാണ്, എന്താണ് പ്രതിഭാസം ?

വായുവിൽ നിൽക്കുന്ന കപ്പൽ ! ബൈജു രാജ് ശാസ്ത്രലോകം . കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന്റെ തീരത്ത്നിന്നു…