അറിവ് തേടുന്ന പാവം പ്രവാസി
ആദ്യകാലത്തു ക്ലീൻ ഷേവായിരുന്ന ഏബ്രഹാം ലിങ്കൺ പിന്നീട് താടി വളർത്തിയത് എന്ത് കൊണ്ട് ?⭐
👉അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനും , മഹാനുമായിരുന്ന പ്രസിഡന്റായിരുന്നു ഏബ്രഹാം ലിങ്കൺ. യുഎസിന്റെ പതിനാറാം പ്രസിഡന്റായി 1861 മുതൽ 1865 വരെ ഭരിച്ച അദ്ദേഹമാണ് രാജ്യത്ത് അടിമത്തം ഉൾപ്പെടെയുള്ളവ നിരോധിച്ചത്. വളരെ ദരിദ്രമായ ചുറ്റുപാടിൽ ജനിച്ച അദ്ദേഹം സ്വയം പഠനത്തിലൂടെയാണ് അഭിഭാഷകനായതും പിന്നീട് രാഷ്ട്രീയത്തിലെത്തിയതും.
സ്ഥിരോൽസാഹിയായ ലിങ്കൺ താമസിയാതെ തന്നെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക് സ്ഥാനാർഥിയായി മൽസരിക്കാൻ വട്ടംകൂട്ടി.അക്കാലത്ത് ലിങ്കൺ ക്ലീൻ ഷേവാണ്. മാത്രമല്ല ചുളിവുകളുള്ള തന്റെ തൊലിയെപ്പറ്റിയും , നീണ്ടു മെലിഞ്ഞ രൂപത്തെപ്പറ്റിയുമൊക്കെ നിരന്തരം അവഹേളനങ്ങൾ കേട്ടുകൊണ്ടിരുന്ന സമയവുമാണ്. അക്കാലത്ത് ആളുകളുടെ ശാരീരികമായ പോരായ്മകൾ പറഞ്ഞു കളിയാക്കാൻ പലർക്കും വലിയ മടിയൊന്നുമില്ലായിരുന്നു.പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ആഴ്ചകൾ മുൻപ് ലിങ്കണിന് ഒരു കത്തു കിട്ടി. ഒരുപാട് അക്ഷരത്തെറ്റുകളും , വ്യാകരണപ്പിശകുകളുമൊക്കെയുള്ള ഒരു കത്ത്. അതു വായിച്ചപ്പോൾ തന്നെ ഒരു കുട്ടിയാണ് എഴുതിയതെന്നു ലിങ്കണിനു മനസ്സിലായി . കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു,
“ബഹുമാനപ്പെട്ട ഏബ്രഹാം ലിങ്കൺ ,
എന്റെ പിതാവ് താങ്കളുടെ ഒരു ചിത്രം വീട്ടിൽ വാങ്ങിക്കൊണ്ടു വന്നു. എനിക്കു താങ്കളെ യുഎസ് പ്രസിഡന്റായി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. എനിക്കു നാലു സഹോദരൻമാർ ഉണ്ട്. അവരിൽ ചിലർ നിങ്ങൾക്കു വോട്ടു ചെയ്യും. പക്ഷേ ഞാനൊരു കാര്യം പറയാം, നിങ്ങൾ താടി വളർത്തിയാൽ അവരെല്ലാവരെക്കൊണ്ടും ഞാൻ വോട്ടു ചെയ്യിക്കാം. നിങ്ങൾ താടി വളർത്തിയാൽ എല്ലാവരും നിങ്ങളെ ഇഷ്ടപ്പെടും. വോട്ടു നൽകുകയും ചെയ്യും ”
എന്നതായിരുന്നു ആ കത്തിന്റെ ചുരുക്കം. സ്വന്തം സൗന്ദര്യത്തെപ്പറ്റി അത്രയൊന്നും ശ്രദ്ധാലുവല്ലാത്ത ലിങ്കൺ പക്ഷേ ഗ്രേസിനൊരു മറുപടി അയയ്ക്കാൻ മറന്നില്ല. എന്നാൽ എന്തുകൊണ്ടോ കൊച്ചു ഗ്രേസിന്റെ നിർദേശം അദ്ദേഹത്തിന്റെ മനസ്സിൽ തറച്ചു. പിന്നീട് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ അദ്ദേഹം താടി വടിച്ചില്ല. ലിങ്കണിന്റെ പുതിയ ലുക്ക് എല്ലാവർക്കുമിഷ്ടപ്പെടുകയും , ഒരുപാട് പുകഴ്ത്തലുകൾ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. ഏതായാലും താടിയുണ്ടായിട്ടാണോ എന്തോ, ലിങ്കൺ ആ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി പ്രസിഡന്റായി. ആ സംഭവത്തിന് ശേഷം ഒരു ഫെബ്രുവരി 16ന്, ഇലിനോയ്‌യിൽ നിന്നു യുഎസ് തലസ്ഥാനം വാഷിങ്ടനിലേക്കു പ്രസിഡന്റായി അധികാരമേൽക്കാൻ ആഘോഷമായി പോകുകയായിരുന്നു യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ.
എന്നാൽ വെസ്റ്റ്ഫീൽഡ് എന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും ട്രെയിനിനു വെളിയിൽ ഇറങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ യാത്രയ്ക്ക് അഭിവാദ്യമർപ്പിക്കാനായി കാത്തു നിന്ന വെസ്റ്റ് ഫീൽഡിലെ നിവാസികൾ ഒരിക്കലും ഇതു പ്രതീക്ഷിച്ചിരുന്നില്ല. പുറത്തിറങ്ങിയ അദ്ദേഹത്തെ അവർ പൊതിഞ്ഞു. ലിങ്കൺ അവരോട് ഒരുകാര്യമാണ് ചോദിച്ചത്–
‘പതിനൊന്ന് വയസ്സുള്ള ഗ്രേസ് ബെഡൽ എന്ന പെൺകുട്ടി ഇവിടെയുണ്ടോ? ഉണ്ടെങ്കിൽ എനിക്കവളെ കാണണം…’ സ്റ്റേഷനിൽ തന്നെയുണ്ടായിരുന്നു കൊച്ചു ബെഡൽ. ആളുകൾ അവളെ ലിങ്കണു ചൂണ്ടിക്കാട്ടി കൊടുത്തു. പുഞ്ചിരിയോടെ അവൾക്കരികിലെത്തിയ അദ്ദേഹം അവളോടൊപ്പം സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അൽപസമയം ചിലവഴിച്ചു.
“‘ഗ്രേസ്, നോക്കൂ, നീ പറഞ്ഞതു കൊണ്ട് ഞാൻ താടി വളർത്തി…” എന്നും അദ്ദേഹം ഗ്രേസിനോട് പറഞ്ഞു. പിറ്റേന്ന് യുഎസ് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു ഈ സംഭവം. എന്നാൽ പിന്നീട് ലിങ്കണിന്റെ പ്രശസ്ത ചിഹ്നങ്ങളിലൊന്നായി മാറിയ ഈ താടി തുടർന്ന് വാഷിങ്ടനിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചെന്നും ചരിത്രമുണ്ട്. ബാൾട്ടിമോറിൽ വച്ച് ലിങ്കണിനെ വധിക്കാൻ ഒരു കൂട്ടം വിഘടനവാദികൾ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. എന്നാൽ, താടി വളർന്നതു മൂലം രൂപത്തിൽ മാറ്റം തോന്നിച്ച അദ്ദേഹത്തെ തിരിച്ചറിയാൻ അവർക്കായില്ല.
ഈ സംഭവകഥ പിന്നീട് ജനഹൃദയങ്ങളിൽ കുടിയേറി. വെസ്റ്റ് ഫീൽഡിൽ ലിങ്കൺ ഗ്രേസിനെ കണ്ടയിടത്ത്, ആ സീൻ അനുസ്മരിപ്പിച്ച് ഇരുവരുടെയും പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംഭവം പശ്ചാത്തലമാക്കി 1972ൽ ദി ഗ്രേറ്റ് മാൻസ് വിസ്കേഴ്സ്, 1996ൽ മിസ്റ്റർ ലിങ്കൺസ് വിസ്കേഴ്സ്, 2010ൽ ഗ്രേസ് ബെഡൽ എന്നീ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. ഈ കഥയിലെ നായികയായ ഗ്രേസ് ബെഡൽ വളർന്ന ശേഷം ജോർജ് ബില്ലിങ്സ് എന്നൊരു പട്ടാളക്കാരനെ വിവാഹം ചെയ്തു. 1936ൽ തന്റെ 87ാം വയസ്സിൽ അവർ അന്തരിച്ചു.