ദീർഘദൂര യാത്രകളിൽ കഴിവതും ഒരു പ്രൊഫെഷണൽ ഡ്രൈവറെ കൂടെ കൂട്ടുക

783

Vishnu Cinematographer Joby എഴുതിയത്.

ഒരു വലിയ പോസ്റ്റാണ്… സമയമുണ്ടെങ്കിൽ വായിക്കുക…

പ്രിയ ഫോട്ടോഗ്രാഫർ സുഹൃത്ത് കിരണിനും ഭാര്യ ജിൻസിക്കും നവ ദമ്പതിമാർ ജയദീപിനും തീർത്ഥക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പറയട്ടെ

പ്രിയ സുഹൃത്തുക്കളെ… ദീർഘദൂര യാത്രകളിൽ കഴിവതും ഒരു പ്രൊഫെഷണൽ ഡ്രൈവറെ കൂടെ കൂട്ടുക കൂട്ടുകാരെ. നിങ്ങൾ സ്വന്തം വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്ത് രാത്രി യാത്ര യാണ് പോകുന്നതെങ്കിൽ ഒന്നോർക്കുക. കഴിവതും 8-9 മണിക്കുള്ളിൽ നിങ്ങളുടെ അത്താഴം കഴിക്കുക. അതും വളരെ ലൈറ്റായി എന്തെങ്കിലും. കഴിവതും അരി ഭക്ഷണം ഒഴിവാക്കുക. ശേഷം വണ്ടി ഓടിക്കുമ്പോൾ ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഒരു കടുംകാപ്പിയോ ചായയോ കുടിച്ചശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി യാത്ര തുടരുക. വീണ്ടും ഉറക്കം വരുന്നു എന്ന് തോന്നിയാൽ ഒരു ഈഗോയും കാണിക്കാതെ വണ്ടി സൈഡാക്കി കുറച്ച് നേരം ഉറങ്ങുക. ആരും നിങ്ങളെ കളിയാക്കില്ല.
പിന്നെ തമിഴ്നാട്ടിലും കർണാടകയിലും കൊള്ളക്കാർ നിങ്ങളുടെ വണ്ടി നിരീക്ഷിക്കും, മോഷ്ടിക്കാൻ ശ്രമിക്കും, അപകടത്തിൽ പെടുത്തും, എന്നൊക്കെ ഫേസ്ബുക്കിൽ പരന്നു വരുന്നുണ്ട്. 10 ശതമാനം മാത്രം അതിൽ സത്യമുണ്ടാവും. ബാക്കി 90 ശതമാനം അപകടങ്ങളും ശ്രദ്ധക്കുറവും ഉറക്കവും ധാർഷ്ട്യവും മൂലം ഉണ്ടാവുന്നത് തന്നെയാണ്. കാരണം
കേരളത്തിൽ 99 ശതമാനം മൂന്ന് വരി നാലുവരി പാതകളിലും സ്പീഡ് ക്യാമറ വെച്ചിട്ടുണ്ട്. അതുപോലെ ബാക്കി കുറേ കുണ്ടും കുഴിയും ഉള്ള നാട്ടിൻപുറങ്ങളിലെ റോഡുകളും. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായാണ് തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ റോഡുകൾ. ഒട്ടുമിക്ക ഹൈവേകളും നല്ല വീതിയും പരപ്പും ഉള്ളവയാണ്. അത് കാണുമ്പോൾ മലയാളികളിൽ ഉറങ്ങിക്കിടക്കുന്ന ഡ്രൈവർ സിംഹങ്ങൾ സടകുടഞ്ഞ് ഉണരും. പിന്നെ എങ്ങനെ വണ്ടി 150-160 ൽ എത്തിക്കാം എന്നുള്ള ഗവേഷണം തുടങ്ങും. എങ്ങാനും ഒരു വണ്ടി ഓവർടേക്ക് ചെയ്ത് പോയാൽ പിന്നെ അതിനെ തിരിച്ചും ഓവർടേക്ക് ചെയ്ത് നിന്നെക്കാൾ വലിയ പുലിയാണ് ഞാൻ എന്ന് കാണിക്കാതെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. സമീപ കാലത്ത് കോയമ്പത്തൂർ – സേലം A2B റെസ്റ്റോറന്റിന് മുന്നിൽ റൂട്ടിൽ ഒരു ആൾട്ടോ കാർ ഡിവൈഡറിന് മുകളിലൂടെ കേറി ഓപ്പോസിറ്റ് ട്രാക്കിൽ വന്ന ലോറിയുമായി ഇടിച്ചു തകർന്നത് ഞങ്ങളുടെ കണ്മുന്നിലാണ്. ആ അപകടത്തിന് കാരണം ആൾട്ടോയെ ഓവർടേക് ചെയ്ത് പോയ Creta ക്ക് പുറകേ ഓവർടേക് ചെയ്യാൻ പാഞ്ഞതിന്റെ പരിണിത ഫലമായിരുന്നു. സ്വന്തം വണ്ടിയുടെ കണ്ടീഷൻ എന്താണ് അതിൽ എത്ര സ്പീഡിൽ വരെ പോയാൽ കൺട്രോൾ കിട്ടും എന്നൊന്നും ചിന്തിക്കാതെ കാൽ ആക്‌സിലേറ്ററിൽ അമർത്തരുത് എന്നതിന് വ്യക്തമായ ഉദാഹരണമാണ് അത്.
അതുപോലെ തന്നെ ഒരു വില്ലനാണ് ഉറക്കം. ഉറക്കം വരുമ്പോൾ കൂടെ ഉള്ളവർ എന്ത് വിചാരിക്കും എന്ന് കരുതുന്നവരും, ഉറക്കം ഒന്നും എനിക്ക് ഒരു പ്രശ്നമല്ല എന്ന് മറ്റുള്ളവരുടെ മുന്നിൽ വീമ്പ് പറഞ്ഞ് ഞാൻ വല്യ പുള്ളിയാണെന്ന് കാണിക്കുന്നവരും ഒന്ന് ചിന്തിക്കുക നിങ്ങളുടെ ഈഗോയ്ക്കും വീമ്പിനും ബലിയാടാവുന്നത് നിങ്ങൾ മാത്രമല്ല. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നവരും എതിരെ വരുന്ന വാഹനത്തിൽ സഞ്ചരിക്കുന്നവരും റോഡിൽ നടക്കുന്നവരും നിൽക്കുന്നവരും ഒക്കെ അതിൽ പെടും. പൊലിയുന്നത് അവരുടെ കൂടെ സ്വപ്നങ്ങളും ജീവിതവുമാണ്.
ഉറക്കം വില്ലനായി വരുന്ന സമയം കൂടുതലും പുലർച്ചെ 2 മണിക്കും 5മണിക്കും ഇടയിൽ ഉള്ള സമയത്താണ്. നടന്നിരുന്ന അപകടങ്ങളുടെ സമയങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. കാരണം സാധാരണ ഒരു മനുഷ്യൻ ഗാഢമായി ഉറങ്ങുന്ന സമയമാണ് ഈ നാല് മണിക്കൂറുകൾ. അതുകൊണ്ട് തന്നെ ഈ നാല് മണിക്കൂറുകൾ എത്ര പ്രൊഫഷണൽ ഡ്രൈവർമാരാണെങ്കിലും സൂക്ഷിക്കണം. കണ്ണടഞ്ഞു പോകുക, കോട്ടുവാ വരുക, കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഒക്കെ മനസ്സിൽ ഓർമ വരുക, AC യിലും കഴുത്തിനു ചുറ്റും വിയർക്കുക ഇതൊക്കെ ഉറക്കം വരുന്നതിന്റെ ലക്ഷണമാണ്. അങ്ങനെ തോന്നൽ ഉണ്ടായാൽ ഒന്ന് സമയം ശ്രദ്ധിക്കുക. ഏതെങ്കിലും ഒരു പെട്രോൾ പമ്പോ, ആളുകൾ ഉള്ള common സ്ഥലങ്ങളിലോ വണ്ടി സൈഡാക്കി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് നിങ്ങൾ ചെയ്താൽ കൂടെ ഉള്ളവർ ആരും നിങ്ങളെ കളിയാക്കില്ല മറിച്ച് അവർ നിങ്ങളെപ്പറ്റി നല്ലത് മാത്രമേ ചിന്തിക്കൂ.
പിന്നെ കൊല-കൊള്ളക്കാർ. ഞാൻ മുകളിൽ പറഞ്ഞ 10 ശതമാനം അപകടങ്ങൾ കരുതിക്കൂട്ടി ചെയ്യുന്നതാണ്. പൊതുവെ വിജനമായ സ്ഥലത്ത് വച്ചാണ് അതുപോലുള്ള അപകടങ്ങളും കൊലകളും കൊള്ളയും നടക്കുന്നത്. നിങ്ങളുടെ വണ്ടിയിലെ റിയർ വ്യൂ മിറർ തുറന്ന് വച്ചു തന്നെ വണ്ടി ഓടിക്കുക. രാത്രി യാത്രയിൽ വിജനമായ സ്ഥലങ്ങളിൽ റോഡിൽ നോക്കി ഓടിക്കുന്നതിനോടൊപ്പം മിററിലും കൂടി ശ്രദ്ധിച്ച് ഓടിക്കുക.
1) പിന്നിൽ ബൈക്കിൽ വന്നു ടയറിൽ കാറ്റില്ല
പഞ്ചറാണ് എന്നൊക്കെ പറഞ്ഞാലും
നിർത്തരുത് ( ഇപ്പോൾ ഇറങ്ങുന്ന
ട്യൂബ്ലെസ്സ് ടയറുകൾ കാറ്റില്ലെങ്കിലും കുറച്ച്
ദൂരം ഒക്കെ ഓടും ) ചിലപ്പോൾ
പഞ്ചറൊന്നും ഉണ്ടാവില്ല വണ്ടി നിർത്താൻ
വേണ്ടി മാത്രമായിരിക്കും അവർ
പറയുന്നത്.
2) പെയിന്റ്, മുട്ട ഒക്കെ ഗ്ലാസ്സിൽ
എറിഞ്ഞാൽ പെട്ടെന്നുള്ള ഞെട്ടലിൽ
Sprayer wiper ഇടരുത്. മുട്ട മുന്നിലെ
ഗ്ലാസ്സിൽ വീണാൽ sprayer വൈപ്പർ ഇട്ടാൽ
അത് വെള്ളം കൂടി ചേർന്ന് പതഞ്ഞ്
കാഴ്ച മറയ്ക്കും.
3) ദുരൂഹമായി ഏതെങ്കിലും വണ്ടിയോ
ആളുകളോ ശ്രദ്ധയിൽ പെട്ടാൽ കുറച്ച്
സ്പീഡ് കൂട്ടി അടുത്തുള്ള പോലീസ് aid
പോസ്റ്റിൽ നിർത്തി വിവരം അറിയിക്കുക.
4) അടുത്തെങ്ങും aid post ഇല്ലെങ്കിലും
പേടിക്കണ്ട ഓരോ 2 കിലോമീറ്ററിലും
നാഷണൽ ഹൈവെയിൽ ഇടത് വശത്ത്
ഹെല്പ്ലൈൻ നമ്പർ അടങ്ങുന്ന ബോർഡ്
ഉണ്ടാവും. ആ നമ്പറിൽ വിളിച്ചു വിവരം
അറിയിക്കുക
5) നിങ്ങളെ പിന്തുടരുന്നു അല്ലെങ്കിൽ
നിരീക്ഷിക്കുന്നു എന്ന് സംശയിക്കുന്ന
വാഹനത്തിന്റെ നമ്പർ കുറിച്ചെടുക്കുക
( നമ്പർ തെറ്റോ ശരിയോ കുറിച്ചെടുക്കുക )
6) കഴിവതും വണ്ടികളിൽ dashbord camera
ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. അധിക
ചിലവായി കരുതണ്ട. സുരക്ഷക്ക്
വേണ്ടിയാണ് എന്ന് കരുതിയാൽ മതി

വൽക്കഷ്ണം – ഇതൊക്കെ നിങ്ങൾക്ക് തള്ളാം, കൊള്ളാം… അത് നിങ്ങളുടെ ഇഷ്ടം. ഞാൻ ഒരു cinematographer /വെഡിങ് ഫോട്ടോഗ്രാഫർ ആണ്. കഴിഞ്ഞ 7 വർഷങ്ങളായി തമിഴ്‌നാട്ടിലും കർണാടകയിലും രാത്രിയും പകലും വ്യത്യാസമില്ലാതെ ഒറ്റക്കും കുടുംബമായും യാത്ര ചെയ്യുന്ന ആളാണ് ഞാൻ. എനിക്ക് ഇത് വരെ ഒരു അപകടവും നടന്നിട്ടില്ല. എന്നെ “കൊന്നു കൊള്ളയടിക്കാനും ” ആരും ശ്രമിച്ചിട്ടില്ല. ഉറക്കം വന്നാൽ ടോളിലോ അല്ലെങ്കിൽ നല്ല ഒരു പെട്രോൾ പമ്പിലോ ചായക്കടക്ക് മുന്നിലോ വണ്ടി ഒതുക്കി കിടന്നുറങ്ങും. ക്ഷീണം മാറുമ്പോൾ അന്തസ്സായി വണ്ടി എടുത്ത് പോകും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… (കടപ്പാട് വിഷ്ണു )

Advertisements