മികച്ചനടനുള്ള സംസ്ഥാനഅവാർഡ് നേടിയ നടൻ ചുമടെടുക്കുന്നോ എന്ന് കോട്ടയത്ത് ആദ്യമായി എത്തിയ പലരും അമ്പരന്നിട്ടുണ്ടാകും.
സിനിമാനടന്റെ പകിട്ടോടെ ഇടയ്ക്ക് തന്റെ സഹപ്രവർത്തകരെ കാണാൻ കോട്ടയത്ത് കച്ചേരിക്കടവ് ബോട്ടുജെട്ടിയിൽ എത്തിയിരുന്ന അച്ചൻകുഞ്ഞിന് പഴയ ജോലി ചെയ്യാൻ ഒട്ടും അഭിമാനക്കുറവുണ്ടായിരുന്നില്ല
1980ൽ മികച്ചനടനുള്ള സംസ്ഥാനഅവാർഡ് നേടിയ അച്ചൻകുഞ്ഞ് കോട്ടയം

ആദ്യസിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ഏക വ്യക്തി. അച്ചൻകുഞ്ഞിനെ ആദ്യമായി കണ്ടനിമിഷത്തെപ്പറ്റി പത്മരാജൻ എഴുതിയിട്ടുണ്ട്. ഭരതന്റെ നിർദേശപ്രകാരം ‘ലോറി’യുടെ തിരക്കഥാകൃത്തായ തന്നെ കാണാനെത്തിയ അച്ചൻകുഞ്ഞിന്റെ മുഖം ആദ്യമായി കണ്ട് നടുങ്ങിപ്പോയെന്നും ആ നിമിഷം തന്നെ തന്റെ കഥാപാത്രമായി അദ്ദേഹത്തെ ഉറപ്പിച്ചു എന്നുമാണ് പത്മരാജൻ ഓർക്കുന്നത്.
തുടർന്ന് കൈനിറയെ വേഷങ്ങൾ. ഏറെയും ക്രൂരമുഖങ്ങൾ. പടയോട്ടം, അരപ്പട്ടകെട്ടിയഗ്രാമത്തിൽ അങ്ങനെ പോകുന്നു ആ നിര.
വെള്ളിത്തിരയിലെ ക്രൂരമുഖമായിരുന്നില്ല ആ മനുഷ്യന് ജീവിതത്തിൽ. ആരുചോദിച്ചാലും കയ്യിലുള്ളത് എടുത്ത്കൊടുക്കുന്ന ശീലം അദ്ദേഹത്തെ ഏറെയൊന്നും സമ്പാദിക്കാൻ അനുവദിച്ചില്ല. 1987ൽ അമ്പത്താറാം വയസ്സിൽ കോട്ടയത്ത് വെച്ച് ആ അതുല്യകലാകാരന് മുന്നിൽ കാലയവനിക വീണു..