അഭിനയ്.
തമിഴിലും മലയാളത്തിലുമായി 25 ഓളം സിനിമകളിൽ അഭിനയിച്ച താരം. മലയാളികളുടെ പ്രിയങ്കരിയായ നടി ടി പി രാധാമണിയുടെ മകൻ. എഴുപതുകളിൽ സിന്ദൂരച്ചെപ്പ്, സ്വപ്നം,ഉത്തരായനം -തുടങ്ങി തൊണ്ണൂറുകളിൽ ഹിറ്റ്ലർ,ആദ്യത്തെ കണ്മണി ,ദില്ലിവാല രാജകുമാരൻ, ഒരുയാത്രാമൊഴി, പ്രണയവർണ്ണങ്ങൾ ഉൾപ്പെടെ നൂറിലധികം ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടിയായിരുന്ന ടി പി രാധാമണി 2019 ലാണ് കാൻസർ മൂലം അരങ്ങൊഴിഞ്ഞത്. വിജയ് സേതുപതിയുടെ കൂടെ വൻമം (2014) എന്ന തമിഴ് ചിത്രത്തിലും ഷാറൂഖ് ഖാനൊപ്പം ‘ചെന്നൈ എക്സ്പ്രസി’ലുമാണ് ടി പി രാധാമണി അവസാനകാലത്ത് അഭിനയിച്ചത്.
ഇനി മകൻ അഭിനയ്ടെ കാര്യം. പഠനത്തോടൊപ്പം മോഡലിംഗ് ചെയ്തിരുന്ന അഭിനയ് 2002ൽ കസ്തൂരി രാജയുടെ ‘തുള്ളുവതോ ഇളമൈ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയർ ആരംഭിച്ചത്. പ്രശസ്ത നടൻ ധനുഷിന്റെ ആദ്യചിത്രവും ഇതുതന്നെ. ഒന്നര വർഷത്തോളം എടുത്തു ചിത്രം പൂർത്തിയാക്കാൻ. ആ വർഷം തന്നെ ഫാസിലിൻറെ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിൽ നായിക നികിത ടുക്രാലിനെ വിവാഹം ചെയ്യാൻ എത്തുന്ന കഥാപാത്രമായി അഭിനയ് മലയാളത്തിലും അരങ്ങേറി. തുടർന്ന് തമിഴിൽ ഹിറ്റ് ചിത്രങ്ങളായ ദാസ്, പൊൻ മേഖലൈ,സിങ്കാര ചെന്നൈ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
2003ൽ പ്രദീപ് കുമാർ സംവിധാനം ചെയ്ത ‘ചിത്രകൂട’ത്തിൽ സിന്ധുവിനൊപ്പം നായകനായി വന്നു. 2006ൽ ഐ വി ശശി, അഭിനയ്നെ നായകനും സിന്ധു മേനോനെ നായികയുമാക്കി ‘അനുവാദമില്ലാതെ’ എന്നൊരു ചിത്രം ചെയ്തിരുന്നു. ഈ ചിത്രത്തിന് എന്ത് സംഭവിച്ചു എന്നറിയില്ല. സിനിമാ വാരികകളിൽ ഒക്കെ വലിയ വാർത്തകൾ വന്നിരുന്നുവെങ്കിലും ഈ ചിത്രം റിലീസ് ആയില്ലെന്ന് തോന്നുന്നു. ഒരുപക്ഷേ അഭിനയയുടെ കരിയർ മാറ്റിമറിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു ചിത്രം ആയേനെ..
പരസ്യരംഗത്ത്
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അഭിനയുടെ ഓറിയോ ബിസ്ക്കറ്റിന്റെ പരസ്യം പ്രശസ്തമാണ്.
ഡബ്ബിങ്
കാർത്തി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘പയ്യാ'(2010)യിൽ വില്ലനായ മിലിന്ദ് സോമന് ഡബ്ബ് ചെയ്തത് അഭിനയ് ആണ്. തുടർന്ന് ‘തുപ്പാക്കി’ (2012) എന്ന ചിത്രത്തിലെ വില്ലൻ വിദ്യുത് ജാംവിലിനും അഭിനയ് ശബ്ദം നൽകി. ഇതിലെ വില്ലന്റെ സംഭാഷണവും തുടർന്നുള്ള വിജയുടെ I’m waiting എന്ന് ഡയലോഗും പ്രശസ്തമാണ്. അഞ്ചാൻ (2014) എന്ന ചിത്രത്തിലും വിദ്യുത് സംസാരിച്ചത് അഭിനയിന്റെ ശബ്ദത്തിൽ ആണ്.
പാലൈവനച്ചോലൈ, എൻട്രെൻട്രും പുന്നഗൈ, വല്ലവന് പുല്ലും ആയുധം തുടങ്ങി തമിഴിൽ ഒരുപാട് ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമാണ്. ഇടയ്ക്ക് ഒരു ആക്സിഡൻറ് സംഭവിച്ച് മരണത്തിൽ നിന്നും തിരിച്ചു വന്നതാണെന്ന് എവിടെയോ വാർത്തയിൽ വായിച്ചിട്ടുണ്ട്. അതിനുശേഷമാണ് അമ്മ ടി പി രാധാമണി ക്യാൻസർ ബാധിതയായി വളരെ ബുദ്ധിമുട്ടിയത്. നടൻ വിജയ് സേതുപതിയും അന്തരിച്ച നടി ഉഷാറാണിയുമൊക്കെ സഹായഹസ്തവുമായി മുൻപോട്ടു വന്നിരുന്നു. എങ്കിലും 2019 ഒക്ടോബറിൽ ടി പി രാധാമണി അന്തരിച്ചു.
പ്രശസ്ത നടിയുടെ പുത്രൻ ആണെങ്കിലും ചലച്ചിത്രരംഗത്ത് അഭിനയ്ന് അത് വേണ്ടത്ര ഗുണം ചെയ്തതായി തോന്നിയിട്ടില്ല. ഇപ്പോൾ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നതായി ഒരു വീഡിയോ കണ്ടു. വിധി വിളയാട്ടങ്ങളിൽ നിന്നും പട പൊരുതി കരുത്താർജ്ജിച്ച് തിരികെ വരുന്ന ഈ നടൻ കൂടുതൽ സിനിമകളിലൂടെ സജീവമാകുമെന്ന് പ്രതീക്ഷിക്കാം..