DrArsha M Dev
കുട്ടിക്കാലത്ത് ഏറ്റവുമധികം ത്രസിപ്പിച്ച “മമ്മി” ത്രയത്തിലെ റിക്ക് ഒ കോണലിനെ അനശ്വരമാക്കിയ ബ്രണ്ടൻ ഫ്രേസർ ഇന്ന് ഓസ്കാർ അവാർഡ് നേടിയിരിക്കുകയാണ്. 90 കളിൽ ജനിച്ച സിനിമാസ്വാദകർ ആയ ആർക്കും ഇദ്ദേഹത്തെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. മൂഡ് ഓഫ് ആയിരിക്കുമ്പോൾ ഞാൻ ആദ്യം ആമസോൺ പ്രൈമിൽ തിരയുന്ന പത്ത് ചിത്രങ്ങളിൽ ഒന്ന് ഇപ്പോഴും മമ്മി തന്നെയാണ് – എന്നെങ്കിലും അതുപോലെ ഒരു അഡ്വഞ്ചർ സ്റ്റോറി എഴുതുമ്പോൾ ഫ്രെയ്സരിനെ നായകനാക്കി അതൊരു സിനിമ ആക്കണം എന്ന് വരെ ആലോചിച്ച നാളുകൾ ഉണ്ടായിട്ടുണ്ട് !
നമ്മുടെ എലിഫൻ്റ് വിസ്പേഴ്സും നാട്ടു നാട്ടുവും ഓസ്കർ നേടിയ കഥകൾ അഭിമാനത്തോടെ വാഴ്ത്തുമ്പോഴും ഈ മനുഷ്യൻ്റെ അഭിനയ ജീവിതത്തിൽ വന്ന വലിയ തിരിച്ചടിയും അതിലൂടെ അദ്ദേഹത്തിന് നഷ്ടമായ നിരവധി വർഷങ്ങളുടെ കണക്കും ഓർത്തു പോകാതെ വയ്യ.ലോകസിനിമയുടെ നെറുകയിൽ കയറിക്കൂടിയ ,സാഹസികതയും ചരിത്രവും ഫാൻ്റസിയും ഇഴ കലർന്ന “മമ്മി” സിനിമകളുടെ വിജയത്തിൽ വലിയ പങ്ക് വഹിച്ച നായക നടൻ പെട്ടെന്നൊരു ദിവസം ഹോളിവുഡ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടവനായിത്തീരുന്നു.
കാരണമോ, ഹോളിവുഡ് ഫോറിൻ പ്രസ്സിൻ്റെ തലപ്പത്ത് ഇരുന്ന ഫിലിപ്പ് ബർക്ക് തന്നോട് കാണിച്ച ലൈംഗികാതിക്രമത്തെ തുറന്നു പറഞ്ഞതിനും. അതിന് ശേഷം ആരുടെയൊക്കെയോ ചരട് വലികളിൽ പെട്ട്, ഒരു സമൂഹത്തിനും കലാ മേഖലയ്ക്കും ഉള്ളിൽ ഒറ്റപ്പെട്ടവനായ് തീർന്നു അവസരങ്ങൾ നിഷേധിക്കപ്പെട്ട ഒതുങ്ങി കഴിയേണ്ടി വന്നു, ബ്രണ്ടൻ ഫ്രെയ്‌സരിന്.
പല ചിത്രങ്ങളിലും അദ്ദേഹത്തെ സമീപിച്ചവർ പിന്നീട് അതേ റോളുകൾ അദ്ദേഹത്തിന് നിഷേധിച്ചു. തനിക്ക് നേരിട്ട പീഡനത്തെ വെളിവാക്കിയതിന് ക്രൂശിക്കപ്പെട്ട ഒരു കലാകാരൻ ഇപ്പൊൾ പതിറ്റാണ്ടുകൾക്ക് ശേഷം ഓസ്കർ വേദിയിൽ മികച്ച നടനുള്ള ഓസ്കർ അവാർഡ് നേടുന്നത് കാണുമ്പോൾ ഏറെ സന്തോഷം. ഈ തിരിച്ചുവരവ് ഏറെ ആദരവ് അർഹിക്കുന്നു!