എം ടി – ഹരിഹരൻ ചിത്രങ്ങളിൽ ചെറുവേഷങ്ങൾ അവതരിപ്പിച്ചു സിനിമാഭിനയം തുടങ്ങിയ നടൻ.. പിന്നീട് ഫാസിൽ, സിബി മലയിൽ, വേണു നാഗവള്ളി, തമ്പി കണ്ണന്താനം, ടി.കെ. രാജീവ് കുമാർ തുടങ്ങിയ സംവിധായകരുടെയൊക്കെ ചിത്രങ്ങളിൽ വേഷമിട്ടു.
ഇടക്കാലത്ത് ഷാജി കൈലാസ്, രഞ്ജിത്ത് എന്നിവരുടെ സിനിമകളിൽ സ്ഥിരസാന്നിധ്യമായി മാറി.. ഇതൊക്കെയാണെങ്കിലും കോഴിക്കോട് സ്വദേശിയായ നിസ്സാർ (മുഹമ്മദ് നിസ്സാർ) എന്ന നടന് സിനിമയിൽ ലഭിച്ച ഏറ്റവും മികച്ച വേഷം ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികത്തിലെ ബഷീർ മാഷ് തന്നെയാവും..

“ഒരു ബന്ധവുമില്ലാത്ത എനിക്കു വേണ്ടി തോമാച്ചായൻ ജീവൻ വച്ച് വിലപറഞ്ഞു.. പ്രതിഭ തുടങ്ങാനുള്ള എന്റെ ആവേശം, തുടർന്നു പഠിക്കാനുള്ള എന്റെ ആഗ്രഹമായിരുന്നു..”
സ്ഫടികം എപ്പോൾ കാണുമ്പോഴും, തട്ടുമ്പുറത്തേക്കുള്ള കോവണിയുടെ ഇരുട്ടിൽ നിന്നുകൊണ്ട് ബഷീർ മാഷ് തോമാച്ചനോട് പറയുന്ന ഈ ഡയലോഗും തൊട്ടുപിന്നാലെ തോമായുടെ മുഖത്ത് സ്വന്തം ബാല്യത്തിന്റെ ഓർമ്മകളുടെ തിരയിളക്കം പോലൊരു ഭാവം മിന്നിമറയുന്നതും, പശ്ചാത്തലത്തിൽ പൊടുന്നനെയുയരുന്ന SPV യുടെ ആ മാജിക്കൽ bgm ഉം എല്ലാം ചേർന്ന് സവിശേഷമായൊരു ഫീൽ തരാറുണ്ട്..
പൂക്കോയയും ആടുതോമയും തമ്മിലും, പിന്നീട് കുറ്റിക്കാടനും തോമയും തമ്മിലുമൊക്കെയുള്ള തീപാറുന്ന കലഹങ്ങളുടെ മൂലകാരണങ്ങളിലൊന്നായി സിനിമയിൽ നമ്മൾ കാണുന്നത് ബഷീറിനോട് തോമായ്ക്കുള്ള സഹോദരതുല്യമായ വാത്സ്യല്യമാണ്.. ഒരുപാട് സീനുകളിലൊന്നുമില്ലെങ്കിലും, കഥാഗതിയിൽ വളരെ സ്വാധീനം ചെലുത്തുന്നൊരു കഥാപാത്രം..