സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു

0
263
സുകുമാരൻ എഴുപത്തിരണ്ടാം ജന്മദിനം
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ പരമേശ്വരന്‍ നായരുടെയും സുഭദ്രാമയുടെയും മകനായി 1948 ജൂണ്‍ 10-നാണു എടപ്പാള്‍ പൊന്നംകുഴി വീട്ടില്‍ സുകുമാരന്‍ നായര്‍ എന്ന സുകുമാരന്‍ സുകുമാരന്‍ ജനിച്ചത്. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണു സുകുമാരനുള്ളത്. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. കാസര്‍ഗോഡ് സര്‍ക്കാര്‍ കോളേജിലും, തമിഴ്‌നാട് സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും അധ്യാപകനായി മൂന്ന് വര്‍ഷം ജോലി ചെയ്യുകയും ചെയ്തു.
1971 ൽ തിയേറ്ററുകളിലെത്തിയ രാത്രിവണ്ടിയാണ് ആദ്യ ചിത്രമെങ്കിലും സുകുമാരൻ ശ്രദ്ധേയനാകുന്നത്.തമിഴ്‌നാട്ടില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിര്‍മാല്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഈ ചിത്രത്തില്‍ ധിക്കാരിയായൊരു യുവാവിന്റെ വേഷമായിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ടു. സുകുമാരന്റെ ഡോ. വേണുവെന്ന ആ കഥാപാത്രം പുത്തൻ താരോദയത്തിന് നിമിത്തമായി.പക്ഷേ കുറച്ചുനാളത്തേയ്ക്ക് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല എങ്കിലും അവസരം തേടി ഒരു നിർമാതാവിന്റെയും വാതിലിൽ ചെന്നു മുട്ടാൻ സുകുമാരനിലെ തറവാടി തയ്യാറായില്ല. കാത്തിരിപ്പ് ഒന്നു രണ്ടു വർഷത്തിലേറെ നീണ്ടു. ഇതിനിടെകെ.പി. കുമാരന്റെ ‘ലക്ഷ്മിവിജയം’ ഉൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചു.
തിരികെ അധ്യാപനത്തിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴായിരുന്നു ശംഖുപുഷ്പം എന്ന ചിത്രത്തിലേക്ക് അവസരം ലഭിച്ചത്.അതോടൊപ്പം പി.വേണുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ തച്ചോളി തങ്കപ്പന്‍ എന്ന ചിത്രത്തിലും സുകുമാരന് വേഷം ലഭിച്ചു.തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളുമായി നായകനിരയിൽ ഇടമുറപ്പിച്ചു. എഴുപതുകളിൽ ജയൻ–എം.ജി സോമൻ–സുകുമാരൻമാരായിരുന്നു മലയാള സിനിമയിലെ യുവതാര ശക്തികൾ.കത്തിക്കയറുന്ന ഡയലോഗ് ഡെലിവറിയായിരുന്നു സുകുമാരനെ ശ്രദ്ധേയനാക്കിയ പ്രധാന ഘടകം സ്ക്രിപ്റ്റ് എഴുതുന്നവരാവട്ടെ,നീളൻ ഡയലോഗുകൾ സുകുമാരന്റെ വായിൽ വെച്ചുകൊടുത്തു. കോളിളക്കം, അങ്ങാടി, ചാകര, ആക്രമണം, അഗ്നിശരം, അവളുടെ രാവുകൾ, മനസാ വാചാ കർമണാ, ഫോടനം എന്നിവയൊക്കെ അതിൽ ആഘോഷിക്കപ്പെട്ട ചില ചിത്രങ്ങളാണ്. പക്ഷേ, വാണിജ്യപ്രധാനമായ ചിത്രങ്ങളിലെ വേഷങ്ങൾക്കൊപ്പംതന്നെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളും സുകുമാരനെ തേടിയെത്തി.
സിനിമയിലെ ഹീറോകൾ പ്രേമനായകൻമാർ കൂടിയാകാറുണ്ട്. പക്ഷേ, വെറുതെ മരം ചുറ്റി പ്രേമിക്കാനും പാട്ടുപാടാനുമുള്ള പൈങ്കിളി പ്രേമരംഗങ്ങളിലായിരുന്നില്ല.രൂപസൗന്ദര്യത്തിനപ്പുറം വ്യക്തിത്വമുള്ളതായിരുന്നു ആ കാമുകവേഷങ്ങൾ.വിവരമുള്ള കാമുകനായിരുന്നു സുകുമാരൻ.പ്രേം നസീറിനും മധുവിനുമൊപ്പം ഇവരും മലയാള സിനിമയുടെ താരസിംഹാസനം പങ്കിട്ടു. സുകുമാരൻ നായകനായ നിരവധി സോളോ ഹിറ്റുകൾ അക്കാലയളവിലുണ്ടായി. ഇവരൊന്നിച്ച മൾട്ടി സ്റ്റാർ ചിത്രങ്ങളും പണം വാരി.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പുതിയ താരനിര ഉയർന്നുവന്നതോടെ സോമൻ, സുകുമാരൻ തുടങ്ങിയവർക്ക് നായകനിരയിൽനിന്ന് പിൻമാറേണ്ടിവന്നു. പ്രതിനായകൻപോലും ആവേണ്ടി വന്നു ഇവർക്ക്. എങ്കിലും തന്റെ റോളിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെങ്കിലേ സുകുമാരൻ അഭിനയിക്കാൻ തയ്യാറായുള്ളൂ. മനസാ വാചാ കര്‍മണ,അഹിംസയിലെ ദേവന് ന്യായവിധിയിലെ മാക്ക് ഫോഴ്സ്, വിറ്റ്നസിലെ സി.ഐ തോമസ് മാത്യു, കാർണിവലിലെ ചന്ദ്രപ്പൻ ഭായ്, ആവനാഴിയിലെ വക്കീൽ, കോട്ടയം കുഞ്ഞച്ചനിലെ കോര, ഉത്സവപ്പിറ്റേന്നിലെ ഏട്ടൻ തമ്പുരാൻ, ആഗസ്റ്റ് ഒന്നിലെ മുഖ്യമന്ത്രി തുടങ്ങിയ വേഷങ്ങൾ നായകനല്ലെങ്കിലും നായകനോളം പ്രാധാന്യമുള്ളതായിരുന്നു. ഏറ്റവും എടുത്തുപറയേണ്ടതാണ് സി.ബി.ഐ ഡയറിക്കുറിപ്പിലും അതിന്റെ തുടർച്ചയായ ജാഗ്രതയിലും സുകുമാരൻ അവതരിപ്പിച്ച ഡി.വൈ.എസ്.പി ദേവദാസിന്റെ വേഷം. പണം കിട്ടിയാൽ ഏതു വാദിയെയും പ്രതിയാക്കുന്ന വിധം കറപ്റ്റഡ് ആയ പൊലീസുദ്യോഗസ്ഥൻ. ‘അങ്ങാടി, ബന്ധനം, സ്‌ഫോടനത്തിലെ ഗോപി , ശാലിനി എന്റെ കൂട്ടുകാരിയിലെ കോളേജ് അധ്യാപകനായ ജയദേവന്‍, അങ്കകുറി, കോളിളക്കം, സന്ദര്‍ഭം, ‍വാരിക്കുഴി , വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ന്യായവിധി, രാധ എന്ന പെണ്‍കുട്ടി,കലിക, ഇഷ്ടമാണു പക്ഷേ,കുറുക്കന്റെ കല്യാണം, കിന്നാരം, ഉത്തരം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു
ഒരു വര്‍ഷം നാൽപത്ചിത്രങ്ങളിൽ അഭിനയിച്ച സുകുമാരന് അത് നാലു ചിത്രങ്ങളായി ചുരുങ്ങി. അപ്പോഴും അവസരം തേടിപ്പോയില്ല. സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്, പിന്‍ഗാമി, സൈന്യം, ഭരണകൂടം, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവയാണ് അവസാന കാലത്ത് അഭിനയിച്ചവ. ശിബിരത്തിലാണ് അവസാനം അഭിനയിച്ചത്. അവസാനം പുറത്തിറങ്ങിയ ചിത്രം ‘വംശം’. 250ഓളം ചിത്രങ്ങളിൽ സുകുമാരൻ അഭിനയിച്ചു. സിനിമയിൽ തിരക്കുള്ള കാലത്തുതന്നെ രണ്ടു ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘ഇരകൾ’ ആയിരുന്നു ആദ്യത്തേത്. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഈ ചിത്രം നേടി. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങൾ ചേർത്ത് എം.എസ്. ഫിലിംസിന്റെ ബാനറിലായിരുന്നു ഇരകൾ നിർമിച്ചത്. ‘പടയണി’യായിരുന്നു അടുത്ത ചിത്രം. ടി.എസ്. മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, ശോഭന തുടങ്ങിയവരാണ് അഭിനയിച്ചത്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകൾ ചേർത്തുള്ള ഇന്ദ്രരാജ് ക്രിയേഷൻസിന്റെ ബാനറിലായിരുന്നു പടയണി ഒരുക്കിയത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനായും സുകുമാരൻ പ്രവർത്തിച്ചിട്ടുണ്ട്.
1997 ജൂണ്‍ 16 ന് സുകുമാരന്‍ അന്തരിച്ചു. 1997 ജൂൺ മാസത്തിൽ മൂന്നാറിലെ വേനൽക്കാല വസതിയിലേയ്ക്ക് ഒരു യാത്ര പോയ സുകുമാരന് അവിടെ വച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ആദ്യം സമീപത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് ഈ ലോകത്തോട് വിടപറഞ്ഞു
പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരനെ 1978 ഒക്ടോബർ 17-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് സുകുമാരൻ വിവാഹം കഴിച്ചു. ഇവർക്ക് ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീ രണ്ട് ആണ്മക്കളാണുള്ളത്. ഇരുവരും ഇന്ന് ചലച്ചിത്രനടന്മാരെന്ന നിലയിൽ പ്രശസ്തരാണ്