വെട്ടൂർ പുരുഷൻ എന്ന നടൻ

183
Abdul Kalam
വെട്ടൂർ പുരുഷൻ എന്ന നടൻ
മൈസൂരുവിലെ പ്രീമിയർ സ്റ്റുഡിയോയിൽ വെട്ടോർ പുരുഷൻ എന്ന ഒന്നരയടി ഉയരമുള്ള വർക്കലക്കാരൻ ഭാഗ്യം പരീക്ഷിക്കാൻ എത്തിയിരിക്കുന്നു .സ്റ്റുഡിയോയിലെ ഒരു മുറിയിൽ ഉമ്മറും വിൻസെന്റും ആലുമൂടനും സംവിധായകൻ ക്രോസ്സ്ബെൽറ്റ് മാണിയുമുണ്ട് .കൂട്ടത്തിൽ സംവിധായകൻ ജോഷിയും .മണി , പുരുഷനോട് ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. പുരുഷൻ ആലുമൂടനെ വിളിച്ചു അരികത്തു നിർത്തി.എന്നിട്ട് ഒരു മധുരമായ സ്വരത്തിൽ ഒരു സംബോധന.” പ്രാണപ്രിയേ …”
ആലുമൂടൻ ആലിംഗനത്തിനു മുതിരുമ്പോൾ പുരുഷൻ ആലുമൂടന്റെ കാല് വാരി താഴെയിടുന്നു .അതോടെ പുരുഷൻ എന്ന നടൻ ജനിച്ചു . ചിത്രം,1974 ൽ പുറത്തിറങ്ങിയ “നടീനടന്മാരെ ആവശ്യമുണ്ട് “.
തുടർന്ന് ഒരു വർഷം പൂർത്തിയാകുന്നതിനുമുമ്പ് തന്നെ മണിയുടെ ‘ പെൺപട’, നസീർ , ജയഭാരതി തുടങ്ങിയവർ അഭിനയിച്ച ‘താമരത്തോണി’ , ‘കുട്ടിച്ചാത്തൻ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.”കുട്ടിച്ചാത്തൻ” ലെ നായകൻ വെട്ടൂർ പുരുഷൻ തന്നെയായിരുന്നു (? ).അതോടെ പുരുഷൻ “കുട്ടിച്ചാത്തൻ ഫെയിം” ആയി .കുട്ടിച്ചാത്തനിലൂടെ പുരുഷൻ വളർന്നു .പിന്നെ സിനിമയുടെ ബഹളങ്ങളുടെ വിസ്മയ ലോകത്തേക്ക് .പണവും പ്രശസ്തിയുമായി മതിമറന്നങ്ങനെ ചെറുതല്ലാത്തൊരു കാലം കടന്നു പോയി .
അക്കാലത്തു തന്നെയാണ് ഒരു നാടകക്കമ്പിനി തുടങ്ങാൻ തീരുമാനിക്കുന്നത്. “ദേവി തീയറ്റേഴ്സ്”എന്ന ആ നാടകട്രൂപ്പിന്റെ ആദ്യ നാടകത്തിന്റെ പേരും കൗതുകകരമാണ് ” പരസ്യം പതിക്കരുത് “. നാടകത്തിന്റെ എല്ലാം പുരുഷനെ ആശ്രയിച്ചായിരുന്നു .പുരുഷനെ കാണുമ്പൊൾ ജനം ആർത്തുവിളിച്ചു .അങ്ങനെ ഒത്തിരി സ്റ്റേജുകളിൽ കളിച്ചു .അടുത്ത നാടകം പക്ഷെ പൊളിഞ്ഞു .കയ്യിലുള്ളതെല്ലാം നാടകക്കമ്പിനിക്ക് വേണ്ടി ചിലവഴിച്ചു പുരുഷൻ. പറവൂരിലാണ് ഒടുവിലത്തെ നാടകം അരങ്ങേറിയത് .പിന്നീടെല്ലാം കെട്ടിയൊതുക്കി വെച്ചു .അവസാനത്തെ കളിയും കഴിഞ്ഞപ്പോൾ ചെലവ് കഴിഞ്ഞു നാലണ പോലും കിട്ടിയില്ല .അന്ന് കടത്തിണ്ണയിലാണ് അന്തിയുറങ്ങിയത് ! നാടകസാമഗ്രികളൊക്കെ കാലംകൊണ്ട് ചിതലും തിന്നു തീർത്തു .പിന്നെ അഞ്ചാറ്കൊല്ലം അഭിശപ്തമായ ഒരു കാലഘട്ടം . ബസിൽ പോയാലും ജനം തിരിച്ചറിയാതെയായി .
അങ്ങനെ ഒടുവിൽ വീണ്ടും ശിവഗിരിയിലെത്തി .അവിടെ സ്വാമി ശാശ്വതീയാനന്ദയും സൂക്ഷ്മാനന്ദയും കരുണയോടെ സ്വീകരിച്ചു .ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജൂനിയർ അക്കൗറ്നന്റ് ആയി കഴിഞ്ഞുകൂടി.ആ കാലത്തും പഴയ സിനിമാ ഓർമ്മകളായിരുന്നു മനസ്സിൽ.
അങ്ങനെയിരിക്കെ പഴയ രക്ഷകൻ ,ക്രോസ്സ് ബെൽറ്റ് മണി ഒരിക്കൽ കൂടി രക്ഷകനായി എത്തി .1984 ൽ.അന്ന് മണി പറഞ്ഞു .” നിനക്ക് വീണ്ടും ഒരവസരം തരുന്നു .,ഒന്നുകിൽ നീ രക്ഷപ്പെടും .ഈ അവസരം ഉപയോഗിച്ചില്ലെങ്കിൽ നീ ജീവിതത്തിൽ നിന്ന് രക്ഷപ്പെടില്ല .”അങ്ങനെ പുരുഷൻ വീണ്ടും ക്യാമെറകളുടെയും സെറ്റുകളുടെയും ലോകത്തേക്ക് തിരിച്ചു വന്നു .’ ബുള്ളറ്റ്’ ലൂടെ ബ്രൂസ്ലി തങ്കപ്പനായി. (” ഇത് കിട്ടിയിരുന്നില്ലായിരുന്നുവെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ ” എന്നാണ് ഫിലിം മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് )
ഇനി അൽപ്പം കൂടി പിറകിലോട്ട്
വർക്കലക്കാരൻ പുരുഷൻ അൽപ്പം നാടകവും മറ്റുമായി കഴിയുന്ന കാലത്ത് ഇച്ചിരി ടൈപ്പ്റൈറ്റിങ് പഠിച്ചു . പഠനം കഴിഞ്ഞപ്പോൾ ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമമായിരുന്നു .രൂപം കണ്ടപ്പോൾ പലരും ജോലി നൽകാൻ തയ്യാറായില്ല .കാരണം , ടൈപ്പ്റൈറ്ററിനു മുമ്പിലിരിക്കാൻ പ്രത്യേക കസേര വേണം .അല്ലെങ്കിൽ മേശയുടെ ഉയരം കുറക്കണം .
ഒടുവിൽ ശിവഗിരിയിൽ വന്നു .ശിവഗിരി ആശ്രമത്തിൽ ദുരന്തത്തിന്റെ ശകുനവുമായാണ് പുരുഷന്റെ വരവ് .പുരുഷൻ ആശ്രമത്തിലെത്തിയപ്പോൾ ഒരു കറുത്ത നായയും കൂടെയുണ്ടായിരുന്നു .പുരുഷൻ എത്തിയ ദിവസം ആശ്രമത്തിലെ മഠാധിപതി മരിച്ചു .കറുത്ത നായയാകട്ടെ അപ്രത്യക്ഷവുമായി .1966 ൽ ആണ് സംഭവം .പിന്നീട് അവിടെക്കൂടി .ആരംഭത്തിൽ (അന്നത്തെ) 30 ക. ശമ്പളം .വർഷം എഴുപതിലെത്തിയപ്പോൾ ശമ്പളം 60 ക. ആയി .ഇടക്ക് ശാരദാ കലാസമിതിയുടെ ചില നാടകങ്ങളിലും മുഖം കാണിച്ചു .ആയിടക്കാണ് സംവിധായകനായ ജോഷി പുരുഷനെ മദിരാശിയിലെത്തിക്കുന്നതും ക്രോസ്സ് ബെൽറ്റ് മണിയെ പരിചയപ്പെടുത്തുന്നതും.
ലൂസ് ലൂസ് അരപ്പിരി ലൂസ് ,യുദ്ധഭൂമി ,പിക്ക് പോക്കറ്റ് ,ചോറ്റാനിക്കര ‘അമ്മ ,മുക്കുവൻ സ്നേഹിച്ച ഭൂതം ,ഇതാ ഇന്ന് മുതൽ ,ഇവിടെ ഇങ്ങിനെ ,കാവടിയാട്ടം , സൂര്യ മാനസം ,അത്ഭുദ ദ്വീപ് , ഫിഡിൽ തുടങ്ങി , എണ്പതുകളും തൊണ്ണൂറുകളിലുമായി എഴുപത്തിൽ പരം ചിത്രങ്ങളിൽ അഭിനയിച്ച ഈ ‘കൊച്ചു’ പ്രതിഭ 2017 നവംബർ അഞ്ചിന് വിടപറഞ്ഞു .
Advertisements