ഇന്ന്, ഇന്ത്യൻ സിനിമയിലെ ആദ്യ ചുംബന നായികയും ആദ്യ ഫാൽകെ പുരസ്കാര ജേതാവുമായ നടി ദേവികാറാണിയുടെ ഓർമദിനം.
Muhammed Sageer Pandarathil
ആന്ധ്രയിലെ വിശാഖപട്ടണത്തുള്ള വാൾട്ടയറിൽ മദ്രാസ് പ്രസിഡൻസിയുടെ മെഡിക്കൽ വിഭാഗത്തിലെ ആദ്യ ഇന്ത്യൻ ജനറൽ സർജനായിരുന്ന കേണൽ മൻമഥാ നാഥ് ചൗധരിയുടെയും ലീലാ ദേവി ചൗധരിയുടെ മകളായി 1908 മാർച്ച് 30 ആം തിയ്യതിയാണ് ദേവികാറാണി ജനിച്ചത്.ഒൻപതാം വയസ്സിൽ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ ദേവികാറാണി പഠനശേഷവും അവിടെ തുടർന്നു. ഈ സമയത്ത് അഭിനയവും സംഗീതവും പഠിക്കാൻ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് (റാഡ), റോയൽ അക്കാദമി ഓഫ് മ്യൂസിക് എന്നിവയിൽ ചേർന്നു.തുടര്‍ന്ന് ടെക്സ്റ്റൈൽസ്, ഡെക്കോർ ഡിസൈൻ കോഴ്സുകളിലും അവർ ചെയ്തു.
1928 ൽ ചലച്ചിത്ര നിർമ്മാതാവും നടനുമായ ഹിമാൻഷു റായി ഇവരെ ലണ്ടനിൽ വെച്ച് കാണുകയും തന്റെ നിർമ്മാണ കമ്പനിയിലേക്ക് ഇവരെ ക്ഷണിച്ചു.അങ്ങനെ റായിയുടെ എ ത്രോ ഓഫ് ഡൈസ് എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരത്തിലും കലാസംവിധാനത്തിലും സഹായിയായി.1929 ൽ ഇരുവരും വിവാഹിതരായി. തുടർന്ന് ജർമ്മനിയിലേക്ക് പോയ അവരിരുവരും ജർമ്മനിയിലെ ബർലിനിൽ യു.എഫ്. സ്റ്റുഡിയോസിൽ ചലച്ചിത്ര നിർമ്മാണ രംഗത്ത് പരിശീലനം നേടി. തുടർന്ന് 1933 ൽ റായി നായകനായി ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേ സമയം നിർമ്മിച്ച സിനിമയായ കർമയിൽ ദേവിക നായികയായി. ലണ്ടനിൽ ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ഇംഗ്ലീഷിൽ സംസാരിച്ച ആദ്യ ഇന്ത്യൻ സിനിമ.
ഒരു രാജ്യത്തെ മഹാറാണി അയൽ രാജ്യത്തെ രാജകുമാരനുമായി പ്രണയത്തിലാകുന്ന കഥ പറഞ്ഞ ഈ ചിത്രം “ആധുനിക അമേരിക്കൻ മോഡൽ പ്രണയ കഥ ഇന്ത്യൻ പശ്ചാത്തലത്തിൽ” എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഈ സിനിമയിലാണ് ഇന്ത്യയിൽ ആദ്യമായി മുഴുനീള ചുംബനരംഗം ചിത്രീകരിക്കപ്പെട്ടത്. നാലു മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന ഈ ചുംബന രംഗം ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചു .
വിവാദ രംഗവുമായി റിലീസിനെത്തിയ കര്‍മ്മയെ അന്നത്തെ സദാചാര വാദികള്‍ വെറുതേ വിട്ടില്ല. കര്‍മ്മക്കൊപ്പം ദേവികാ റാണിക്കും നേരെ പലരും വാളോങ്ങി. ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. എന്നാൽ റായിയും ദേവികയും 1934 ൽ ഇന്ത്യയിൽ മടങ്ങിയെത്തുകയും മറ്റു ചില പങ്കാളികളുമായി ചേർന്ന് ബോംബെ ടാക്കീസ് എന്ന സിനിമാ നിർമ്മാണ സ്റ്റുഡിയോ സ്ഥാപിക്കുകയുമുണ്ടായി. തുടർന്ന് നിരവധി വിജയ ചിത്രങ്ങൾ ബോംബെ ടാക്കീസ് നിർമ്മിച്ചു.
ദേവിക റാണി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജവാനി കി ഹവ (1935), മമത ഔർ മിയാൻ ബിവി (1936), ജീവൻ നയ്യ (1936), ജന്മഭൂമി (1936), അച്ചൂത്ത് കന്യ (1936), സാവിത്രി (1937), ജീവൻ പ്രഭാട്ട് (1937), ഇസത്ത് (1937), പ്രേം കഹാനി (1937), നിർമ്മല (1938), വച്ചൻ (1938), ദുർഗ (1939), അഞ്ജാൻ (1941), ഹമാരി ബാത്ത് (1943) ഇവയിൽ ചിലതാണ്. ഒട്ടുമിക്ക ചിത്രങ്ങളിലും നായകനായ അശോക് കുമാറും ദേവികയും ഇന്ത്യൻ സിനിമയിലെ ജനപ്രിയ ജോഡിയായി തീർന്നു.
1940 ൽ റായിയുടെ മരണശേഷം ദേവിക റാണി സ്റ്റുഡിയോയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഭർത്താവിന്റെ ബന്ധുവായ സാഷാദർ മുഖർജി, അശോക് കുമാർ എന്നുവരുമൊത്ത് ചില ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഇവർ ചെയ്ത ചിത്രങ്ങളിൽ ചിലത് വൻ വിജയമാവുകയും ചിലത് പരാജയപ്പെടുകയും ചെയ്തു.1945 ൽ സിനിമകളിൽ നിന്ന് വിരമിച്ച ദേവികാറാണി റഷ്യൻ ചിത്രകാരനായ സ്വെറ്റോസ്ലാവ് റോറിക്യെ വിവാഹം കഴിക്കുകയും ബാംഗ്ലൂരിലുള്ള തന്റെ എസ്റ്റേറ്റിലേക്ക് താമസം മാറി.പത്മശ്രീ (1958), ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം (1970), സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ് (1990) എന്നിവ അവർക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങളിൽ ചിലതാണ്.ഇന്ത്യൻ സിനിമയിലെ ആദ്യ ചുംബന നായികയും ബോളിവുഡിലെ ആദ്യ സ്വപ്നസുന്ദരിയും ആദ്യ ഫാൽകെ പുരസ്കാരം നേടിയ നടിയുമായ ഇവർ 1994 മാര്‍ച്ച് 9 ആം തിയതി തന്റെ 86 ആം വയസ്സിൽ അന്തരിച്ചു.