തന്റെ സഹജീവിയെ ഒറ്റു കൊടുക്കുന്നവർ ഇതാദ്യമല്ല

122

എല്ലാകാലത്തും മനുഷ്യർ ഇങ്ങനെയാണ്. പട്ടിണി കിടക്കേണ്ടി വരുമെന്ന് പേടിച്ചിട്ടോ ജീവൻ നഷ്ടപ്പെടുമോ എന്നുള്ള ഭയം കൊണ്ടോ അല്ലാതെ തന്നെ തൻറെ ആർഭാട ജീവിതത്തിന് എന്തെങ്കിലും കുറവ് വരുമോ എന്നുള്ള ഭയത്താൽ തൻറെ സഹജീവിയെ ഒറ്റു കൊടുക്കുന്നു. ഭഗത് സിംഗിനെ പോലെ ചിലരുണ്ട്. ചില ആദർശങ്ങൾക്ക് വേണ്ടി ജീവൻ കളയാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്തവർ. ചെയ്ത ശരികളെ തിരുത്താൻ തയ്യാറാകാതെ സത്യത്തിനും നീതിക്കും വേണ്ടി മരണം വരിക്കാൻ തയ്യാറുള്ളവർ. അവർ ഷൂ നക്കികളല്ല. മാപ്പ് എഴുതി കൊടുക്കാൻ തയ്യാറല്ലാത്തവരുമാണ്.കോടതി മുമ്പാകെ സത്യം മാത്രമേ പറയൂ എന്ന് “വിശുദ്ധ ഗ്രന്ഥ”ങ്ങളിൽ കൈ വെച്ച് കള്ളം പറയാൻ ഉളുപ്പ് ഒന്നും ഇല്ലാത്ത ധാരാളം പേർ നമ്മുടെ കോടതികളിൽ എല്ലാ ദിവസവും കയറിയിറങ്ങുന്ന കാലമല്ലേ.
കുറ്റവാളികളെ എല്ലാം പിടികൂടാൻ കഴിഞ്ഞു എന്ന് ആശ്വാസം 2017 ൽ ഭാമയ്ക്ക് ഉണ്ടായിരുന്നു. പിടികൂടിയ പ്രതികൾ ഭാമയെ സംബന്ധിച്ച് കുറ്റാരോപിതരല്ല കുറ്റവാളികൾ തന്നെയായിരുന്നു. കോടതി മുമ്പാകെ അവർ വെറും പ്രതികൾ മാത്രം ആയിരിക്കുമ്പോൾ ഭാമയ്ക്ക് മുമ്പാകെ അവർ കുറ്റവാളികൾ ആയിരുന്നു. അതിനർത്ഥം കൃത്യമായ ചിത്രം ഭാമക്ക് അറിയാം എന്ന് തന്നെയല്ലേ.
തൻറെ സഹപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ അന്ന് എല്ലാ പെൺകുട്ടികളെ പോലെയും ഭാമയും അസ്വസ്ഥയായിരുന്നു. ആ അസ്വസ്ഥത ഭാമക്ക് ഇന്നില്ല. ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ കൂറുമാറുന്ന ഈ ലോകത്ത് ആണത്വവും പെണ്ണത്തവുമൊന്നുമല്ല ചങ്കൂറ്റം എന്നും അവസരത്തിനു വേണ്ടിയിട്ടുള്ള അവസരവാദം ആണ് മലയാള സിനിമാതാരങ്ങളുടെ പൊതുസ്വഭാവമെന്നും ആൺ പെൺ ഭേദമില്ലാതെ ഉറച്ചു പറയാം.സിദ്ദിഖിനെ ഭാമയേയും പോലെയുള്ളവരുടെ സിനിമകളെ ബഹിഷ്കരിക്കുക എന്നതാണ് നല്ല വഴി എന്നു തോന്നുന്നു.

നാട്ടില് വലിയ ഞെട്ടലും രോഷവും ഉണ്ടാക്കിയതായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവം. വന് പ്രതിഷേധമായിരുന്നു അന്ന് ദിലീപിനെതിരെ. കേരളത്തിലെ മറ്റെല്ലാ സമാനസംഭവങ്ങളുമെന്ന പോലെ പതുക്കെ നാട്ടുകാരത് വിട്ടു. ഇന്നലെ സിദ്ദിഖ്, ഭാമ എന്നീ രണ്ട് മഹാപ്രതിഭകള് കോടതിക്ക് മുമ്പാകെ വന്ന് നേരത്തെ കൊടുത്ത മൊഴിയങ്ങ് നൈസായി മാറ്റി. എന്ന് വെച്ചാ കുറ്റാരോപിതന് അനുകൂലമായ നില പിടിച്ചു എന്ന്. സിദ്ദിഖ് മാറിയത് മനസ്സിലാക്കാം, അടുത്ത സുഹൃത്തായ ഭാമ കൂടെ ഇങ്ങനെ ചെയ്തല്ലോ എന്ന് ആശങ്കപ്പെടുകയാണ് നടി രേവതി. എന്നാലത് വെറും സങ്കടം പറച്ചിലല്ല, പണവും സ്വാധീനവുമുള്ളവര് എത്ര ശ്രമിച്ചാലും , ആരൊക്കെ മൊഴി മാറ്റിയാലും തങ്ങള് ആക്രമിക്കപ്പെട്ട നടിക്കും നീതിക്കും ഒപ്പം തന്നെയെന്ന ധീരമായ പ്രഖ്യാപനമാണത്. രേവതിയും റിമയും രമ്യാ നമ്പീശനും അടക്കമുള്ളവരോട് ആദരവ്. ഇത്ര നിന്ദ്യമായ ഒരു കുറ്റകൃത്യത്തില് കുട്ടിക്കരണം മറിയുന്നവരെ നാട്ടുകാര് വൈകിയാലും മനസ്സിലാക്കിക്കോളും.