Bineesh K Achuthan
ഒട്ടേറെ സിനിമാ നടൻമാരോട് ആരാധന തോന്നിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ നടിമാരോടധികം അങ്ങനെ തോന്നിയിട്ടില്ല. ഒരു ചിത്രം കണ്ട് തീരുന്നത് വരെയുള്ള ഇഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ലാത്ത വളരെ ചുരുക്കം നടിമാരേ ഉള്ളൂ. ആ ഗണത്തിൽ പെടുന്നയാളാണ് ലക്ഷ്മി. മറ്റൊരാൾ ഉർവ്വശിയാണ്. ഇന്ന് ലക്ഷ്മിയുടെ ജന്മദിനമാണ്.
കെ.എസ്.സേതുമാധവന്റെ ചട്ടക്കാരിയാണ് ഞാനാദ്യമായി കാണുന്ന ഒരു ലക്ഷ്മി ചിത്രം. അതിലെ ആംഗ്ലോ ഇന്ത്യൻ കഥാപാത്രത്തെ അന്നത്തെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് എനിക്കത്ര ഉൾക്കൊള്ളാനായില്ല. പിന്നീട് ശ്രീകുമാരൻ തമ്പിയുടെ സിംഹാസനം, എ.ബി.രാജിന്റെ താളം തെറ്റിയ താരാട്ട്, ബാലചന്ദ്ര മേനോന്റെ ആരാന്റെ മുല്ല കൊച്ചു മുല്ല എന്നീ ചിത്രങ്ങളും കാണാനിടയായി. എന്നാൽ, ഐ.വി.ശശിയുടെ ” ഒരിക്കൽ കൂടി ” എന്ന ചിത്രത്തിലൂടെയാണ് ഞാൻ ലക്ഷ്മിയുടെ ആരാധകനായി മാറുന്നത്. വിലാസിനിയുടെ ചെറുകഥയെ അധികരിച്ച് ഐ.വി.ശശി സംവിധാനം നിർവഹിച്ച ഈ ചിത്രം അന്നത്തെ കാലത്തെ മറ്റു ശശി ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി അനുഭവപ്പെട്ടു. നായക വേഷം ചെയ്യുന്ന മധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ചിത്രത്തിലുടനീളം ലക്ഷ്മി കാഴ്ച്ചവച്ചത്. മധു അവതരിപ്പിക്കുന്ന ഓഫീസ് മേധാവി രാമചന്ദ്രന്റെ സ്റ്റെനോഗ്രാഫറായ മിസിസ് ദാസ് /ദേവയാനി എന്ന ലക്ഷ്മിയുടെ റോൾ ഏറെക്കാലം എന്റെ മനസിൽ തങ്ങി നിന്നു. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങൾ ലക്ഷ്മിയുടേതായി പിൽക്കാലത്ത് കണ്ടിട്ടുണ്ടെങ്കിലും ഇന്നും ലക്ഷ്മിയുടെ ഇഷ്ടവേഷമായി എന്റെ മനസ്സിൽ മിസിസ് ദാസ് തന്നെയാണ്. കോട്ടയം ശാന്തയുടെ ഡബ്ബിംഗ് ആ കഥാപാത്രത്തെ കൂടുതൽ മിഴിവുറ്റതാക്കി.
താനഭിനയിച്ച എല്ലാ ഭാഷകളിലും അവാർഡുകൾ വാരിക്കൂട്ടിയ ചരിത്രമാണ് ലക്ഷ്മിക്കുള്ളത്. ചട്ടക്കാരിയുടെ ഹിന്ദി പതിപ്പായ ജൂലിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയ ലക്ഷ്മിക്ക് മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഒന്നിലേറെ തവണ ഫിലിം ഫെയർ അവാർഡും സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1977 – ൽ റിലീസ് ചെയ്ത ” സില നേരങ്കളിൽ സില മനിതർകൾ ” എന്ന ചിത്രത്തിലെ അഭിനയത്തിന് ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. ജയകാന്തന്റെ രചനയിൽ പ്രശസ്ത സംവിധായകൻ ഭിം സിംഗ് ഒരുക്കിയ ചിത്രമായിരുന്നു അത്. 1980 – ൽ ലക്ഷ്മി ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിലും കന്നഡയിലുമായി വിഷ്ണു വർദ്ധൻ, സുമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു അത്.
തെലുങ്കിലെ ആദ്യകാല സംവിധായകനും നിർമാതാവും എഡിറ്ററും തിരക്കഥാകൃത്തുമൊക്കെയായ വരദറാവുവിന്റെയും തമിഴ് അഭിനേത്രിയായ കുമാരി രുക്മിണിയുടേയും മകളായി 1952 – ലാണ് ലക്ഷ്മി ജനിക്കുന്നത്. 1961 – ൽ റിലീസ് ചെയ്ത ശ്രീ വള്ളി എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ലക്ഷ്മിയുടെ സിനിമാ പ്രവേശം. 1968 – ൽ റിലീസ് ചെയ്ത ജീവനാംശം എന്ന ചിത്രത്തിലൂടെയായിരുന്നു ലക്ഷ്മി ഒരു മുതിർന്ന വേഷത്തിൽ അഭിനയിക്കുന്നത്. നായക വേഷം ചെയ്യുന്ന ജയശങ്കറിന്റെ സഹോദരിയുടെ റോളായിരുന്നു ലക്ഷ്മിക്ക്. അതേ വർഷം തന്നെ രാജ് കുമാറിന്റെ നായികയായി ഗോവ ഡല്ലി CID 999 എന്ന ചിത്രത്തിലൂടെ കന്നഡയിലും ബാന്ധവ്യലു എന്ന ചിത്രത്തിലൂടെ തെലുങ്കിലും ലക്ഷ്മി തുടക്കം കുറിച്ചു. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത് പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിൽക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞു.
മൂന്ന് തവണ വിവാഹിതയായ ലക്ഷ്മിയുടെ ആദ്യ ഭർത്താവായ ഭാസ്ക്കറിലുള്ള മകളാണ് പ്രശസ്ത അഭിനേത്രിയായ ഐശ്വര്യ . രണ്ടാം ഭർത്താവായിരുന്നു പ്രശസ്ത അഭിനേതാവായ മോഹൻ ശർമ്മ. ചട്ടക്കാരി, പ്രയാണം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ജോടിയായിരുന്നു ഇരുവരും. മോഹൻ ശർമ്മയിൽ നിന്നും വിവാഹ മോചനം നേടിയ ലക്ഷ്മി, ശിവചന്ദ്രൻ എന്ന തമിഴ് സംവിധായകനെ വിവാഹം ചെയ്തു. ഇന്നും വിവിധ ഭാഷകളിലെ നിരവധി ചിത്രങ്ങളിലും റിയാലിറ്റി ഷോകളിലും ലക്ഷ്മി സജീവമാണ്. സപ്തതിയിലേക്ക് നീങ്ങുന്ന, പ്രായം തളർത്താത്ത ലക്ഷ്മി എന്ന പ്രതിഭാശാലിയായ അഭിനേത്രിക്ക് ഈ ജന്മദിന വേളയിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു.