Sreejith Saju
മലയാളികളാണെങ്കിലും അന്യഭാഷയില്‍ തുടക്കം കുറിച്ച അഭിനേതാക്കള്‍ അനവധിയാണ്. ആസൈ ആസൈയായ് എന്ന തമിഴ് സിനിമയില്‍ നായികയായി അരങ്ങേറിയ ഒരു പത്തനംത്തിട്ടക്കാരിയുണ്ട്. പ്രശസ്ത നിര്‍മ്മാതാവായ ആര്‍ ബി ചൗധരിയുടെ മകന്‍ ജീവ നായകനായി തുടക്കം കുറിച്ച സിനിമകൂടിയായിരുന്നു അത്. നായികയായി എത്തിയ നടിയുടെ പേര് മരിയ മാര്‍ഗരറ്റ് എന്നായിരുന്നു. എന്നാല്‍ തമിഴ് സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മരിയ മാര്‍ഗരറ്റ് സ്വീകരിച്ച പേര് ശാര്‍മ്മിലി എന്നായിരുന്നു.
ബ്രിന്ദ എന്നായിരുന്നു ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേര്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ് സിനിമകളില്‍ നിന്ന് നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തി. അതേ വര്‍ഷം തന്നെ അന്‍പേ അന്‍പേ എന്ന തമിഴ് സിനിമയിലും നായികയായി മരിയ മാര്‍ഗരറ്റ് അഭിനയിച്ചു. ശരത്കുമാര്‍ നായകനായി എത്തിയ ദിവാന്‍ എന്ന സിനിമയിലും നടി എത്തി.തമിഴില്‍ അരങ്ങേറി തൊട്ടടുത്ത വര്‍ഷമാണ് മരിയ മാര്‍ഗരറ്റ് മലയാളത്തില്‍ എത്തുന്നത്. എന്നാല്‍ മലയാളികള്‍ക്ക് ഒട്ടും പരിചയമുള്ള പേരായിരുന്നില്ല മരിയ മാര്‍ഗരറ്റ് എന്നത്. മലയാളത്തില്‍ എത്തുമ്പോള്‍ മരിയ മാര്‍ഗരറ്റ്, മീനാക്ഷി എന്ന പേര് സ്വീകരിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം എന്ന സിനിമയില്‍ നായികയായിട്ടാണ് മീനാക്ഷി എത്തിയത്. പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു സിനിമയില്‍ നായകന്‍. വലിയ വിജയം നേടിയ സിനിമയില്‍ ഇന്ദു എന്ന ഇന്ദുമതി ദേവിയായിട്ടാണ് മീനാക്ഷി അഭിനയിച്ചത്. സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായി മാറിയിരുന്നു. പൃഥ്വിരാജും മീനാക്ഷിയും അഭിനയിച്ച ‘ചന്ദനമുകിലേ ചന്ദനമുകിലേ കണ്ണനെ നീ കണ്ടോ ആ കുഴല്‍ വിളി നീ കേട്ടോ’ എന്ന ഗാനം ഇപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. വെള്ളിനക്ഷത്രത്തിന്റെ വിജയത്തിന് ശേഷം മീനാക്ഷിയെ തേടി നിരവധി അവസരങ്ങള്‍ മലയാളത്തില്‍ വന്നു.
വെള്ളിനക്ഷത്രമാണ് നായികയായി മലയാളത്തില്‍ തുടക്കം കുറിച്ച സിനിമ എങ്കിലും കാളവര്‍ക്കി, മോഹതാഴ്‌വര തുടങ്ങിയ സിനിമകളില്‍ നടി ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു. പത്തനംത്തിട്ട ജില്ലയിലെ കോഴഞ്ചേരിയാണ് മീനാക്ഷിയുടെ ജന്മദേശം. കേരളത്തിലാണ് ജനിച്ചതെങ്കിലും നടിയുടെ ഉപരിപഠനമൊക്കെ ചെന്നൈയിലായിരുന്നു. എംസിഎ പഠിച്ചുകൊണ്ടിരുന്ന സമയത്ത് മോഡലിംഗ് രംഗത്തും ടെലിവിഷന്‍ അവതാരകയായും മീനാക്ഷി തിളങ്ങി. ജയ ടിവിയില്‍ അവതരിപ്പിച്ച കാശുമേള എന്ന പ്രോഗ്രാം തമിഴ്‌നാട്ടില്‍ ജനപ്രീതി നേടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് നായികയായി ജീവയുടെ സിനിമയില്‍ എത്തുന്നത്. വെള്ളിനക്ഷത്രം എന്ന സിനിമയ്ക്ക് ശേഷം കാക്കക്കറുമ്പന്‍ സിനിമയിലെ നായികയായും നടി എത്തി. മീനാക്ഷി എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേരും.
യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമയിലും നടി പിന്നീട് അഭിനയിച്ചു.മമ്മൂട്ടി നായകനായ ബ്ലാക്ക് എന്ന സിനിമയില്‍ ഒരു ഗാനരംഗത്തും മീനാക്ഷി തിളങ്ങി. ‘അമ്പലക്കരെ തെച്ചിക്കാവിലെ പൂരം അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം’ എന്ന ഗാനം ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ജൂനിയര്‍ സീനിയര്‍, പൊന്മുടി പുഴയോരത്ത് തുടങ്ങിയ സിനിമകളിലും മീനാക്ഷി നായികയായി തിളങ്ങി. പൊന്മുടി പുഴയോരത്ത് സിനിമയിലെ ‘ഒരു ചിരികണ്ടാല്‍ കണി കണ്ടാല്‍ അതുമതി. ഒരു വിളി കേട്ടാല്‍ മൊഴികേട്ടാല്‍ അതുമതി’ എന്ന മീനാക്ഷി അഭിനയിച്ച ഗാനവും ഏറെ ഹിറ്റായിരുന്നു. മൂന്ന് വര്‍ഷക്കാലം മാത്രമാണ് മീനാക്ഷി മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ മീനാക്ഷിയുടെ മുഖം ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ടാകും. ഇപ്പോള്‍ കുടുംബത്തോടൊപ്പം ബാംഗ്ലൂരില്‍ താമസിക്കുകയാണ് മലയാളികളുടെ പ്രിയനായിക മീനാക്ഷി.