ഇരട്ടയിലെ ശ്രീജ ആരാണെന്ന് പലരും ചോദിക്കുന്നുണ്ട്. പാലക്കാട് സ്വദേശിനിയായ ശ്രീജാ അജിത്താണത്. മുൻപ് ഫ്രീഡം ഫൈറ്റിലെ ഗീതുവിന്റെ കഥകളൊക്കെ കേട്ട് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും ക്ലൈമാക്സിലുപയോഗിക്കേണ്ട വാക്കൊക്കെ പഠിപ്പിച്ച് അൺചെയിൻഡായ ഗീതുവിന്റെ ചെയിനൂരിക്കൊടുക്കാനുമൊക്കെ കൂട്ട് നിൽക്കുന്ന ലാലിച്ചേച്ചിയായി വന്നതും ശ്രീജ അജിത്താണ്. ഇതല്ലാതെ നിരവധി സിനിമകൾ സണ്ഡേ ഹോളിഡേ, സോളോ, വിജയ് സൂപ്പറും, ഓപ്പറേഷൻ ജാവ, തുടങ്ങി നിരവധി സിനിമകളിൽ മിന്നിമാഞ്ഞുപോകുന്ന റോളുകളിൽ പോലും പ്രതിഭയുടെ ചായം പുരട്ടി കയ്യടി വാങ്ങുന്ന അഭിനേതാക്കളിൽ ഒരാളായി നിൽക്കുന്നു.
1979 മെയ് 23 ന് പി കെ ശ്രീനിവാസിന്റെയും രാജലക്ഷ്മി ശ്രീനിവാസിന്റെയും മകളായി കോഴിക്കോട് ജനിച്ചു. അച്ഛന് ബഹ്റനിൽ ആയിരുന്നു ജോലി എന്നതിനാൽ ശ്രീജ പഠിച്ചതും വളർന്നതും അവിടെയായിരുന്നു. ബഹ്റൈൻ ഇന്ത്യൻ സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നിന്നും ബിരുദം നേടി.
ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീജ സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സോളോ, വിജയ് സൂപ്പറും പൗർണ്ണമിയും, ഓപ്പറേഷൻ ജാവ, ഫ്രീഡം ഫൈറ്റ് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. ശ്രീജയുടെ ഭർത്താവ് അജിത്ത് അമൃത ആശുപത്രിയിൽ ഡോക്റ്ററായി ജോലി ചെയ്യുന്നു. രണ്ട് മക്കളാണ് അവർക്കുള്ളത്.