അകലത്ത് സുപ്രീയ മലയാളത്തിൻ്റെ അമ്പിളി…
Nishadh Bala
ബിവിയോൻ കാ മദേർസ എന്ന പേരിൽ ദിനേശ് താക്കൂറിൻ്റെ നാടകം (ഫ്രഞ്ച് നാടകകൃത്ത് മൊലിയേറിന്റെ നാടകത്തെ അടിസ്ഥാനമാക്കി) മുംബെയിലെ പൃഥ്വി തിയേറ്ററിൽ അരങ്ങേറുകയാണ്. ആ നാടകത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ നാടകം കാണാൻ വന്ന ജെന്നിഫർ കെൻഡലിന് (ശശി കപൂറിന്റെ പരേതയായ ഭാര്യ) ഇഷ്ടമായി. അവർ ആ അഭിനേത്രിയെ മനസ്സിൽ വച്ചു. ഈ സമയത്താണ് മഹാഭാരതത്തിൻ്റെ കഥയിൽ നിന്നും ശ്യാം ബെനഗൽ ഒരു ചിത്രം ചെയ്യാൻ തയ്യാറെടുക്കുന്നത്. ആ ചിത്രത്തിലേക്ക് ഈ നാടകാവതരണം നടത്തിയ നടിയെ ശ്രീമതി ജെന്നിഫർ ശുപാർശ ചെയ്തതു. അങ്ങിനെ ശ്യാം ബെനഗലിൻ്റെ ചിത്രത്തിലുടെ അരങ്ങേറ്റം നടത്തി ആ അഭിനേത്രി.മഹാഭരതത്തിലെ സുഭദ്രയുടെ വേഷം ആ ചിത്രത്തിൽ ചെയ്ത അവർക്ക് സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു…!( ചിത്രം : കലിയുഗ്)
ഇവർ ആദ്യമായി ടൈറ്റിൽ കഥാപാത്രമായത് ഒരു മലയാള സിനിമയിലായിരുന്നു. അമ്പിളി എന്ന കഥാപാത്രം.
ഇവർ ഒരു സിനിമാ കുടുംബത്തിലെ ആണ്… ആ കുടുംബത്തിലേയ്ക്കു നമ്മൾക്ക് ഒന്ന് കണ്ണോടിക്കാം.
ഇവരുടെ അമ്മ, ഭർത്താവ്,സഹോദരി, അളിയൻ , എന്നിവരെല്ലാം സിനിമയുമായി ബന്ധമുള്ളവരാണ്, കൂടാതെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലുള്ള മകനും…. !! ഇനി ഇവരെ പറ്റി ഞാൻ പറയണോ ?
നിങ്ങൾക്ക് മനസ്സിലായിക്കാണുമെന്നു തോന്നുന്നു… എന്നിരുന്നാലും ചിലത് കുറിക്കാം.
അമ്മ :ദീനാ പാഠക്, ഹിന്ദി, ഗുജറാത്തി സിനിമകളിലും നാടകരംഗത്തും തിളങ്ങിയ ദിനാ പഥക് ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 120-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നാടകരംഗത്തെ പല പരീക്ഷണങ്ങളിലുടെ സ്വന്തം നിലയിൽ പ്രശസ്തി നേടിയ കലാകാരി.1957-ൽ, ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് മുന്നിൽ മേനേ ഗുർജരി എന്ന നാടകം അവർ അവതരിപ്പിച്ചപ്പോൾ, ഈ നേട്ടം കൈവരിച്ച ആദ്യ ഗുജറാത്തി നാടകമായി ഇത് മാറി.
ഭർത്താവ് : പങ്കജ് കപൂർ, 3 ദേശീയ അവാർഡുകൾ നേടിയ നടൻ. തൻ്റെ പ്രത്യേക അഭിനയ ശൈലി കൊണ്ട് കരംചന്ദ് എന്ന DD സീരിയൽ കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ കലാകാരൻ.റോജ സിനിമയിലെ ലിയാക്കത്ത് എന്ന കഥാപാത്രം മറക്കാനാവില്ല. രാഖ്, മഖ്ബൂർ, ഏക് ഡോക്ടർ കീ മോത്ത് എന്നിങ്ങനെ നിരവധി പ്രശസ്ത സിനിമകളിലെ സാന്നിധ്യം.
സഹോദരി : രത്നാ പാഠക്, മിർച്ച് മസാല ഉൾപ്പെടെ നിരവധി വിജയ ചിത്രങ്ങളിൽ അഭിനയിച്ച കലാകാരി.ടി.വി.രംഗത്തും സജീവം.
അളിയൻ : നസീറുദ്ധീൻ ഷാ, പത്മശ്രീ, പത്മഭൂഷൻ ഉൾപ്പെടെ നേടിയ അഭിനേതാവ്.2 ദേശീയ അവാർഡുകൾ.മലയാള സിനിമയായ പൊന്തൻമാടയിലെ തമ്പുരാനായി അഭിനയിച്ചു.
മകൾ : സനാ കപൂർ, അഭിനേത്രി.രാം പ്രസാദ് കി തേവ്രി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു
ഭർത്താവിൻ്റെ ആദ്യ ഭാര്യയിലുള്ള മകൻ : ഷാഹിദ് കപൂർ
പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടി സിനിമാ ജീവിതം തുടങ്ങി. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ വിവാഹ്, ജബ് വി മെറ്റ്, കമീനേ, ഹൈദർ, കബീർ സിംഗ് തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി.ഇനി നമ്മുടെ ഇന്നത്തെ പോസ്റ്റിലെ മുഖ്യ വ്യക്തി ആദ്യമായി ടൈറ്റിൽ കഥാപാത്രമായ ആ മലയാള സിനിമയിലേയ്ക്കു വരാം…
1985 ൽ ജേസി സംവിധാനം ചെയ്ത ചിത്രം അകലത്തെ അമ്പിളി.ഈ ചിത്രത്തിൽ അമ്പിളിയായത് സുപ്രിയ പാഠക്…..!സുപ്രിയ പാഠക്കിൻ്റെ പിതാവിനും സിനിമാ ബന്ധമുണ്ട്. സിനിമാ നടൻമാർക്ക് വസ്ത്രങ്ങൾ തുന്നിയിരുന്ന സ്റ്റാർ ടെയിലർ / ഡിസൈനർ ബൽദേവ് പാഥക്.മിമിയുടെ അമ്മയായും (Mimi ) രഷ്മിയുടെ അമ്മയായും (Rashmi Rocket) ഇവർ ഇന്നും അഭിനയിച്ചുക്കൊണ്ടിരിക്കുന്നു. Home Shanti എന്ന webseries ലും ഇവരെ കാണാം.