എല്ലാ നേതാക്കളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടഞ്ഞു വീഴുന്ന മനുഷ്യരെ കയ്യൊഴിയുമ്പോൾ, എവിടെ നിന്നെന്നറിയില്ല, ചില മനുഷ്യർ പ്രത്യക്ഷപ്പെടും, അവർക്ക് വേണ്ടി ശബ്ദിക്കും

285

ഇത് അഡ്വ. സുറൂർ മന്ദർ, ഇന്നലെ അർദ്ധരാത്രിയിൽ ഡൽഹി ഹൈക്കോടതിയെ വിളിച്ചുണർത്തി ജസ്റ്റിസ് എസ് മുരളീധറിന്റെ വസതിയിൽ അടിയന്തര സിറ്റിംഗ് നടത്തി വിധി വാങ്ങിച്ചത് ഇവരാണ്. ജസ്റ്റിസ് മുരളീധരന്റേയും ജസ്റ്റിസ് എ ജെ ബംബാനിയുടേയും ബെഞ്ച് രാത്രി പന്ത്രണ്ടര മണിക്കാണ് അടിയന്തര സിറ്റിംഗ് നടത്തിയത്. മുസ്തഫാബാദിലെ ചെറിയ ആശുപത്രിയിൽ (അൽ ഹിന്ദ് ഹോസ്പിറ്റൽ) കലാപത്തിൽ പരിക്കേറ്റ നിരവധി പേർ ജീവനോട് മല്ലടിക്കുകയായിരുന്നു ഇന്നലെ. വിദഗ്ദ ചികിത്സക്ക് സൗകര്യമുണ്ടായിരുന്നില്ല അവിടെ. അടിയന്തരമായി വലിയ ആശുപത്രിയിലേക്ക് എത്തിക്കേണ്ടവർ. ആംബുലൻസിൽ പോലും അവരെ പുറത്തേക്ക് കൊണ്ട് പോകാനാകാതെ വഴികൾ ബ്ലോക്ക് ചെയ്ത് കലാപകാരികളും അവരോടൊപ്പം പോലീസും. ഇരുപത്തിയഞ്ചിലധികം രോഗികളിൽ രണ്ട് പേർ അതിനകം മരിച്ചു കഴിഞ്ഞു. അടിയന്തിര ശസ്ത്രക്രിയ വേണ്ടവർ, മരുന്നുകൾ വേണ്ടവർ. അഡ്വ. സുറൂർ മന്ദർ ഇടപെടുന്നത് അപ്പോഴാണ്.അവർ ജസ്റ്റിസുമാരെ വിളിച്ചുണർത്തി. സ്ഥിതിഗതികളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി. രാത്രി പന്ത്രണ്ട് മുപ്പതിന് ജസ്റ്റിസ് മുരളീധറിന്റെ വസതിയിൽ തന്നെ സിറ്റിംഗ് ആരംഭിച്ചു. അൽഹിന്ദ് ആശുപത്രിയിലെ ഡോക്റ്റർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി. ആംബുലൻസുകൾ എത്തിക്കാനും ഉടനെ രോഗികളെ വിദഗ്ദ ചികിത്സക്കായി കൊണ്ട് പോകാനും ഡൽഹി പോലീസിനോട് ഉത്തരവിട്ടു. പോലീസ് എത്തി അവരെ കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം പുലർച്ചെ രണ്ട് മണിക്കാണ് സിറ്റിംഗ് അവസാനിച്ചത്. ഇന്ന് ഉച്ചക്ക് സ്ഥിതിഗതികൾ വീണ്ടും റിവ്യൂ ചെയ്യും. എല്ലാ നേതാക്കളും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിടഞ്ഞു വീഴുന്ന മനുഷ്യരെ കയ്യൊഴിയുമ്പോൾ, എവിടെ നിന്നോ എന്നറിയില്ല, ചില മനുഷ്യർ പ്രത്യക്ഷപ്പെടും.. അവർക്ക് വേണ്ടി ശബ്ദിക്കും, ഇടപെടും.ലോകത്തിന്റെ പ്രതീക്ഷ നിലനിൽക്കുന്നത് അത്തരം മനുഷ്യരിലാണ്.