അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനത്തിനെ എയർഫോഴ്സ് വൺ എന്ന് വിളിക്കാൻ കാരണമെന്ത്?

അറിവ് തേടുന്ന പാവം പ്രവാസി

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയർഫോഴ്സ് വൺ.ഇതിനെ ‘പറക്കുന്ന വൈറ്റ് ഹൗസ്’ എന്ന പേരിൽ അറിയപ്പെടുന്നു. പ്രസിഡന്റിന്റെ ഓഫിസിനും , അനുബന്ധ സൗകര്യങ്ങൾക്കും മാത്രമായി 4000 ചതുരശ്രഅടി വിസ്തീർണമുണ്ട്. വൈറ്റ് ഹൗസിലെപ്പോലെ എല്ലാ ഔദ്യോഗിക ജോലികളും വിമാനത്തിലിരുന്നു പ്രസിഡന്റിനു നിർവഹിക്കാം. ലോകത്തിലെ ഏറ്റവും അത്യാധുനിക സുരക്ഷാ സന്നാഹങ്ങൾ വിമാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളിൽനിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം.

ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഇതിലുണ്ട്. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. ഏറെനേരം ആകാശത്തു തുടരാം. ആണവ സ്ഫോടനത്തിന്റെ ആഘാതത്തിൽപ്പോലും ക്ഷതമേൽക്കില്ല. ബോയിങ്ങിന്റെ 747 – 200 ബി സീരീസിൽപ്പെട്ടതാണ് എയർ ഫോഴ്സ് വൺ. ലോകത്തിലെ ഏറ്റവും വിലകൂടിയ ഔദ്യോഗിക യാത്രവിമാനമായി എയർഫോഴ്സ് വണ്ണിനെ കണക്കാക്കുന്നു (1.39 ബില്യൻ ഡോളർ). ഈ വിമാനത്തിനൊപ്പം അതേ വിഭാഗത്തിലുള്ള മറ്റൊന്നു കൂടി സാധാരണ തയ്യാറായി നിൽക്കും. ആദ്യത്തേതിനു തകരാർ സംഭവിച്ചാൽ പകരം ഉപയോഗിക്കാൻ.

ബോയിങ് 747 വിമാനത്തെയാണ് എയർഫോഴ്സ് വൺ എന്നു വിളിക്കുന്നതെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരു വിമാനം മാത്രമല്ല എയർഫോഴ്സ് വൺ അതൊരു കോഡാണ്. അമേരിക്കൻ പ്രസിഡന്റാണ് വിമാനത്തിൽ വരുന്നതെന്ന് തിരിച്ചറിയാനുള്ള കോഡ്. എയർട്രാഫിക് കൺട്രോളർക്ക് പ്രസിഡന്റാണ് വരുന്നതെന്ന് പെട്ടെന്ന് തിരിച്ചറിയാനാണ് ഇത്തരത്തിലൊരു റേഡിയോ കോഡ് ഉപയോഗിക്കുന്നത്. പ്രസിഡന്റ് ഉള്ളപ്പോൾ മാത്രമേ ഈ കോഡ് ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം. തുടക്കം മുതലേ അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനത്തിന്റെ കോഡ് നാമം എയർഫോഴ്സ് വൺ എന്നല്ല. സേക്രഡ് കൗ, ഇന്റിപെൻഡന്റ് എന്നീ പേരുകളിലായിരുന്നു ആ വിമാനങ്ങള്‍ അറിയപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിന്റെ നിർദേശപ്രകാരമാണ് ഒരു കോഡ് കണ്ടെത്തിത്.

1943 മുതലാണ് അമേരിക്കൻ പ്രസിഡന്റിന് സഞ്ചരിക്കാൻ പ്രത്യേക വിമാനം എന്ന ആശയം വന്നത്. ഫ്രാങ്കിലിൻ റൂസ്‌വെൽറ്റാണ് കടലിന് മീതെ വിമാനത്തിൽ പറന്ന ആദ്യ പ്രസിഡന്റ്. ബോയിങ്ങിന്റെ ബി– 314 ക്ലിപ്പർ വിമാനമായിരുന്നു അന്ന് ഉപയോഗിച്ചത്. തുടർന്ന് മെഗ്‍ഡോണാൾഡ് ഡഗ്ലസിന്റെ വിമാനങ്ങൾ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ വിമാനങ്ങളായിരുന്നു അവ. 1953 ലാണ് എയർഫോഴ്സ് വൺ എന്ന പേര് ആദ്യമായി വരുന്നത്. പ്രസി‍ഡന്റിന്റെ വിമാനം പെട്ടെന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണ് ആ പേര് കൊടുത്തത്. ഡ്വൈറ്റ് ഐസനോവറാണ് എയർ ഫോഴ്സ് വൺ എന്ന കോഡു നാമത്തിൽ പറന്ന ആദ്യ പ്രസിഡന്റ്

ബോയിങ്ങ് 757–200 ന്റെ മിലിറ്ററി പതിപ്പാണ് ബോയിങ് സി 32. വലിയ വിമാനം ഇറങ്ങാനുള്ള സൗകര്യമില്ലാത്ത വിമാനത്താവളങ്ങളിലേക്ക് പ്രസിഡന്റിനെ കൊണ്ടുപോകാൻ ഈ വിമാനമാണ് ഉപയോഗിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് തലവന്മാർ, ഡിഫൻസ് തലവന്മാർ തുടങ്ങിയ വിവിഐപികള്‍ യാത്ര ചെയ്യുന്നതും ഈ വിമാനത്തിലാണ്. വൈസ് പ്രസിഡന്റുമായി പറക്കുമ്പോൾ എയർഫോഴ്സ് ടൂ എന്നാണ് ഈ വിമാനത്തിന്റെ കോഡ് നാമം.

ബോയിങ് 747 ന്റെ അത്രയും സൗകര്യങ്ങൾ അവകാശപ്പെടാനില്ലെങ്കിലും സുരക്ഷയുടെ കാര്യത്തിൽ 747 ന്റെ അത്രയും തന്നെ വരും സി 32. പരമാവധി 45 യാത്രക്കാർക്കാണ് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത്. കൂടാതെ ബാത്ത് റൂം , അറ്റാച്ച്ഡ് സ്യൂട്ട് റൂമും കോൺഫറൻസ് റൂമുമെല്ലാമുണ്ട് ഇതിൽ. 41700 പൗണ്ട് ത്രസ്റ്റുള്ള രണ്ട് എൻജിനുകളാണ് വിമാനത്തിന് കരുത്തേകുന്നത്. റീഫ്യുവലിങ് ഇല്ലാതെ 5500 നോട്ടിക്കൽ മൈൽ വരെ സഞ്ചരിക്കാനാവും ഈ വിമാനത്തിന്.

💢 വാൽ കഷ്ണം💢

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഹെലികോപ്റ്റർ മറീൻ വൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. മിസൈൽ പ്രതിരോധ ശേഷിയുള്ള ഹെലികോപ്റ്ററിൽ 14 പേർക്കു സഞ്ചരിക്കാം. യുഎസ് പ്രസിഡന്റ് മറ്റൊരു രാജ്യത്തെത്തിയാൽ മിക്കവാറും ഇത്തരം അഞ്ചെണ്ണമാണ് എത്തുക. സുരക്ഷ കണക്കിലെടുത്ത് പ്രസിഡന്റ് ഏതിലാണു സഞ്ചരിക്കുന്നതെന്നു മറ്റുള്ളവർക്കു മനസ്സിലാകാതിരിക്കാൻ 5 ഹെലികോപ്റ്ററുകളും ഒന്നിച്ചാണു പറക്കുക. (‘പ്രസിഡൻഷ്യൽ ഷെൽ ഗെയിം’ എന്നാണ് ഈ പറക്കലിനെ വിശേഷിപ്പിക്കുന്നത്).

You May Also Like

മരങ്ങളിലും ,കുറ്റിച്ചെടികളിലും ചായം പൂശുന്നത് എന്തിനു വേണ്ടിയാണ് ?

മരങ്ങളിലും ,കുറ്റിച്ചെടികളിലും ചായം പൂശുന്നത് എന്തിനു വേണ്ടിയാണ് ? അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യയിലെ…

വിമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ഈ വര പുകയല്ല, അത് ഐസാണ് , യാഥാർഥ്യം വായിക്കാം

Suman Charvakan വിമാനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ഈ വരകൾ പല ആളുകളും അത് പുക ആണ്…

ഇരയെ ജ്യൂസാക്കി കഴിക്കുന്ന തേളുകൾ

രാത്രിയിലെ കൂരിരുളിലും നക്ഷത്ര പ്രഭമതി ഇവർക്ക് വഴികാട്ടാൻ. അൾട്രാ വയലറ്റ് പ്രകാശ തരംഗ ദൈർഘ്യങ്ങളിൽ ഇവയുടെ ശരീരത്തിലെ ബീറ്റാ കാർബോളിൻ എന്ന ഘടകം മൂലം നീല- പച്ച നിറത്തിൽ തിളങ്ങുന്ന ഫ്ളൂറസെന്റ് പ്രതിഭാസം പ്രകടിപ്പിക്കും