എയർ ഇന്ത്യയെ കുറിച്ച് ആരും അറിയാത്ത ചില കാര്യങ്ങള്‍

46

എയർ ഇന്ത്യ… ഉയർച്ചയും ഇടർച്ചയും

രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യ തങ്ങളുടെ തറവാട്ടിലേക്കു മടങ്ങുമോ? സ്വതന്ത്ര ഇന്ത്യയുടെ അഭിമാനവും ഔദ്യോഗിക വിമാനവുമാണ് എയർ ഇന്ത്യ. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഈ വിമാന കമ്പനിയെ വിൽക്കാൻ 2017 മുതൽ ശ്രമം തുടങ്ങിയതാണ്. അന്നു മുതൽ തന്നെ ടാറ്റാ ഗ്രൂപ്പ്‌ ഇതിൽ താൽപ്പര്യം കാണിച്ചിരുന്നുവെങ്കിലും കടബാധ്യതയുടെ വലിപ്പത്തിലും, ഓഹരികളുടെ എണ്ണത്തിന്റെ കാര്യത്തിലും ഉണ്ടായിരുന്ന അഭിപ്രായ ഭിന്നതമൂലം പുരോഗതി ഉണ്ടായില്ല. എന്നാൽ 100 ശതമാനം ഓഹരികളുടെ ഉടമസ്ഥത കൈമാറാൻ ഇപ്പോൾ സർക്കാർ സന്നദ്ധമായപ്പോഴാണ് മഞ്ഞുരുകിയതെന്നാണ് പറയുന്നത്.

എയര്‍ ഇന്ത്യ ഏറ്റെടുക്കുന്ന കാര്യത്തില്‍ ടാറ്റാ ഗ്രൂപ്പും സര്‍ക്കാരുമായി ഇതിനകം തന്നെ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റാ ഗ്രൂപ്പ്‌ കമ്പനി ഏറ്റെടുക്കാനുള്ള സന്നദ്ധതയും അറിയിച്ചു കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു അങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്താൻ സാധ്യതയേറും. ലേലം വഴിയാണ് പുതിയ ഉടമസ്ഥരെ കണ്ടെത്തുക. നേരിട്ടുള്ള ലേല അപേക്ഷ ഡിസംബർ 29 നകം നൽകണം. അദാനി ഗ്രൂപ്പും ഹിന്ദുജ ഗ്രൂപ്പുമാണ് എയർ ഇന്ത്യ ലേലത്തിൽ പങ്കെടുക്കുന്ന മറ്റ് രണ്ട് സ്ഥാപനങ്ങൾ.  ഹിന്ദുജ ഗ്രൂപ്പും ലുഫ്താൻസയും ഈ സ്ഥാപനങ്ങളൊന്നും തന്നെ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

തിളങ്ങുന്ന ചരിത്രം

എയര്‍ ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് ടാറ്റ എയര്‍ ലൈന്‍സില്‍ നിന്നുമാണ് 1932 ൽ ജെ ആർ ഡി ടാറ്റയാണ് ഇന്നത്തെ എയർ ഇന്ത്യയെ ടാറ്റാ എയർ സർവീസസ് എന്ന പേരിൽ ആരംഭിച്ചത്. എന്നാൽ 1938 ൽ അതിനെ ടാറ്റാ എയർലൈൻസ് എന്ന് പുനർനാമകരണം ചെയ്തു. എയർ ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര സർവ്വീസ് ബോംബെ – തിരുവനന്തപുരം റൂട്ടിൽ ആയിരുന്നു. 1946 ജൂലായ് 29ന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി ഇത് മാറി. എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന് പേര് മാറ്റി. 1948ല്‍ എയര്‍ ഇന്ത്യ അതിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങി. 1953ല്‍ എയര്‍ ഇന്ത്യ ദേശസാത്കരിച്ചു. ആദ്യ ചെയര്‍മാനായി നിയമിക്കപ്പെട്ടതും ജെആര്‍ഡി ടാറ്റ തന്നെയായിരുന്നു. ഇന്ന് എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ.

ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . ഏറെക്കാലമായി നഷ്ടത്തിലാണ് എയര്‍ ഇന്ത്യ. 2918-19 വർഷത്തെ മാത്രം കടം 8,556 കോടി രൂപയാണ്.- ഇപ്പോള്‍ ഏകദേശം 58,000 കോടി രൂപ എയര്‍ ഇന്ത്യക്ക് വാര്‍ഷിക കടമായി ഉണ്ടെന്നാണ് കണക്ക്. സഞ്ചിത നഷ്ടം 70000 കോടി രൂപയാണ്.പലിശ ഇനത്തില്‍ മാത്രം 4,500 കോടി രൂപ വരും. എയര്‍ ഇന്ത്യയെ രക്ഷപെടുത്തുന്നതിന്റെ ഭാഗമായി 2012-ല്‍ പ്രഖ്യാപിച്ച കടമെഴുതി തള്ളല്‍ വഴി 24,000 കോടി രൂപ ഖജനാവില്‍ നിന്ന് നല്‍കിയിരുന്നു. ഇതിന്റെ ബലത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോഴും മുന്നോട്ടു പോകുന്നത്.

റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറപ്പിച്ചതിന് ഏഴു മാസങ്ങള്‍ക്കു ശേഷം 1904 ജൂലായ് 29ന് രതന്‍ജി ദാദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരിയായ സൂനിയുടേയും മകനായി പാരീസിലാണ് ജെആര്‍ഡി ടാറ്റ ജനിച്ചത്. 1929ല്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ജെആര്‍ഡി ടാറ്റ ഇന്ത്യയില്‍ തിരിച്ചെത്തി. ജെആര്‍ഡി ടാറ്റ എന്ന ജഹാംഗീര്‍ രതന്‍ജി ദാദാഭായ് ടാറ്റയെ അറിയാത്തവരില്ല. ടാറ്റ ഗ്രൂപ്പിന്റെ ഉടമ മാത്രമല്ല ജെആര്‍ഡി ടാറ്റ. എയര്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയാണ്. എയര്‍ ഇന്ത്യക്ക് രൂപം നല്‍കിയതില്‍ ടാറ്റയ്ക്കുള്ള പങ്ക് വളരെ വലുതായിരുന്നു. 1909-ല്‍ ഇംഗ്ലീഷ് ചാനലിനു കുറുകെ ആദ്യമായി പറന്ന പൈലറ്റ് Louis Bleriot താമസിച്ചിരുന്ന ഫ്രാന്‍സിലെ Hardelot എന്ന ബീച്ച് ടൗണിലായിരുന്നു ടാറ്റ കുടുംബം അവധി ദിവസങ്ങള്‍ ചെലവിട്ടിരുന്നത്.

1927-ല്‍ Charles Lindbergh അറ്റ്‌ലാന്റികിന് കുറുകെ വിമാനം പറപ്പിക്കുന്നതു വരെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും പ്രമുഖ വ്യക്തിത്വമായിരുന്നു Bleriot. ടാറ്റ കുടുംബം താമസിച്ചിരുന്ന വീടിനടുത്തായിരുന്നു ബീച്ചില്‍ Bleriot-ന്റെ വിമാനം അക്കാലത്ത് ലാന്‍ഡ് ചെയ്തിരുന്നത്. അന്ന് ചെറുപ്പമായിരുന്ന ജെ.ആര്‍.ഡി ടാറ്റയെ സംബന്ധിച്ചിടത്തോളം അതൊരു അത്ഭുതകരമായ കാഴ്ചയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അതിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുന്ന സമയം, 15 വയസുള്ള ടാറ്റ തന്റെ ആദ്യ വിമാന യാത്ര നടത്തി; Caudron Bagnet എന്ന ആദ്യകാല ഫ്രഞ്ച് വിമാനത്തില്‍.

പറക്കലിനോട് ജെ.ആര്‍.ഡി ടാറ്റയ്ക്ക് തോന്നിയ കമ്പം കലശലായിരുന്നു. ഒടുവില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വ്യോമയാന ചരിത്രം എഴുതുന്നതിനും തിരുത്തിയെഴുതുന്നതിനും വരെ കാരണമായി. തന്റെ ആദ്യ പറക്കലിന് 10 വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയിലുള്ള ഇന്ത്യയിലെ ആദ്യ ഫൈ്‌ളയിംഗ് ക്ലബില്‍ നിന്ന് ജെ.ആര്‍.ഡി ടാറ്റ പഠനം പൂര്‍ത്തിയാക്കി. 1929-ല്‍ ഇന്ത്യയിലെ ആദ്യ സര്‍ട്ടിഫൈഡ് പൈലറ്റ്. മൂന്നു മണിക്കൂറും 40 മിനിറ്റും നീണ്ട ഡ്യുവല്‍ ഫൈ്‌ളയിംഗിനു ശേഷം ഒറ്റയ്ക്ക് വിമാനം പറത്താനുള്ള അനുമതി ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ‘എ’ ലൈസന്‍സും.

“ഫെഡറേഷന്‍ എയറോനോട്ടിക് ഇന്റര്‍നാഷണലിന്റെ പേരില്‍ എയറോ ക്ലബ് ഓഫ് ഇന്ത്യ ആന്റ് ബര്‍മ 1929 ഫെബ്രുവരി 10-നു നല്‍കിയ നീലയും സ്വര്‍ണ നിറവും ചേര്‍ന്ന ആ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയിടത്തോളം ത്രില്‍ ഞാന്‍ പിന്നീടൊരിക്കലും അനുഭവിച്ചിട്ടില്ല. അതില്‍ നമ്പര്‍ 1 എന്ന് രേഖപ്പെടുത്തിയത് എനിക്ക് അഭിമാനകരമായിരുന്നെങ്കിലും ഇന്ത്യയില്‍ ആദ്യമായി വിമാനം പറപ്പിക്കാന്‍ യോഗ്യത നേടുന്ന ആള്‍ എന്നതില്‍ കവിഞ്ഞ് കൂടുതലൊന്നും അതില്‍ ഉണ്ടായിരുന്നില്ല”- ദശകങ്ങള്‍ക്കു ശേഷം തന്റെ ജീവചരിത്രകാരനായ ആര്‍.എം ലാലയോട് ജെ.ആര്‍.ഡി ടാറ്റ പറഞ്ഞു.

ലൈസന്‍സ് കിട്ടി ആറാഴ്ചയ്ക്കകം, അക്കാലത്ത് മിഡില്‍ ഈസ്റ്റിലുണ്ടായിരുന്ന റോയല്‍ എയര്‍ ഫോഴ്‌സില്‍ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായിരുന്നു നെവില്‍ വിന്‍സെന്റ്‌. അദ്ദേഹവുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ വിമാന സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതികള്‍ക്കായി ജെ.ആര്‍.ഡി ടാറ്റ തുടക്കം കുറിച്ചു. 1929 മാര്‍ച്ച് 20-ന്, ബോംബെയ്ക്കും കറാച്ചിക്കുമിടയില്‍ മെയില്‍ സര്‍വീസ് ആരംഭിക്കാന്‍ താത്പര്യമുണ്ടോ എന്നാരാഞ്ഞ് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് കത്തയച്ചു. സര്‍ക്കാരിനു താത്പര്യമുണ്ടായിരുന്നു. പക്ഷേ, കറാച്ചിയില്‍ നിന്ന് അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഡല്‍ഹിയിലേക്കായിരുന്നു അത്. ഈ കത്ത് ലഭിച്ച് ഒരു മാസത്തിനകം ബ്രീട്ടീഷ് ഉടമസ്ഥയിലുള്ളതും പില്‍ക്കാലത്ത് ബ്രീട്ടീഷ് ഏയര്‍വേസില്‍ ലയിച്ചതുമായ ഇംപീരിയല്‍ എയര്‍വേസ് ഇന്ത്യയില്‍ നിന്നുള്ള കത്തുകളുമായി കറാച്ചിയില്‍ വന്നിറങ്ങി.

അവിടെ നിന്ന് ബോംബെയിലേക്ക് ഒരു കണക്ഷ്ന്‍ വിമാനം എന്നത് വളരെ എളുപ്പമായിരുന്നു. തുടര്‍ന്ന് 1.25 ലക്ഷം രൂപ സഹായമായി ആവശ്യപ്പെട്ടു കൊണ്ട് ടാറ്റ സര്‍ക്കാരിന് കത്തെഴുതി. എന്നാല്‍ ഇത്തരത്തിലൊരു സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. 1929-നും 31-നും ഇടയില്‍ തങ്ങളുടെ പദ്ധതികള്‍ വിവരിച്ചു കൊണ്ട് ടാറ്റ ഗ്രൂപ്പ് സര്‍ക്കാരിന് നിരവധി കത്തുകളെഴുതി. ജെ.ആര്‍.ഡി ടാറ്റയുടെ ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെട്ട സമയമായിരുന്നു ഇതെന്ന് ലാല പിന്നീട് എഴുതുന്നുണ്ട്.

“സര്‍ക്കാര്‍ നമ്മളെ ഒരു ശല്യക്കാരായാണ് കാണുന്നതെന്ന് തോന്നുന്നു. എനിക്ക് തോന്നുന്നത് നിങ്ങള്‍ക്കെന്നെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നാണ്. അടുത്ത ഒരു നൂറു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു യെസ് അല്ലെങ്കില്‍ നോ പറയാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്ന് താങ്കള്‍ കണ്ടെത്തണം”- 1931 ഡിസംബര്‍ ഒമ്പതിന് ടാറ്റ, വിന്‍സെന്റിന് എഴുതി. അങ്ങനെ ജെ.ആര്‍.ഡി ടാറ്റയുടെ നിര്‍ബന്ധബുദ്ധിയാല്‍ ടാറ്റ ഏവിയേഷന്‍ സര്‍വീസിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ കാലഘട്ടം ആരംഭിച്ചു.

വര്‍ഷങ്ങള്‍ക്കു ശേഷം ജെ.ആര്‍.ഡി ഇക്കാര്യങ്ങളെ കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെയാണ്: “1932-ലെ ഒക്‌ടോബറിലെ ഒരു പ്രഭാതത്തില്‍ ഒരു ലോഡ് കത്തുകളുമായി കറാച്ചിയില്‍ നിന്നുള്ള ഉദ്ഘാടന യാത്രയില്‍ ഞാന്‍ ഒരു Puss Moth വിമാനത്തില്‍ ബോംബെയ്ക്ക് പറന്നു. മണിക്കുറില്‍ നൂറു മൈല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തവേ, ഈ പദ്ധതി വിജയം കണ്ടതിലും ഇതിനായി പരിശ്രമിച്ചവര്‍ സുരക്ഷിതരാണ് എന്നതിലും ഞാന്‍ നിശബ്ദമായി പ്രാര്‍ഥിച്ചു. അക്കാലത്ത് ഞങ്ങളൊരു ചെറിയ സംഘമായിരുന്നു. ഞങ്ങള്‍ വിജയവും തോല്‍വിയും, സന്തോഷവും വേദനയും എല്ലാം ഒരുമിച്ച് പങ്കിട്ടു. അങ്ങനെ അതൊടുവില്‍ ആദ്യം എയര്‍ ഇന്ത്യയും പിന്നീട് എയര്‍ ഇന്ത്യ ഇന്റനാഷണലുമായി രൂപപ്പെട്ടു”.

വിമാനത്തില്‍ ഇന്ധനം നിറയ്ക്കാനും എട്ട് റാത്തല്‍ കത്തുകള്‍ അവിടെ നല്‍കുന്നതിനുമായി ടാറ്റ അഹമ്മദാബാദില്‍ വിമാനമിറക്കി. നാലു ഗാലന്‍ പെട്രോളുമായി റണ്‍വേയിലേക്ക് ഒരു കാളവണ്ടി ഉരുണ്ടു വന്നു. അത് ആ ചെറിയ വിമാനത്തിന്റെ ടാങ്കിലൊഴിച്ചു- ലാല എഴുതുന്നു. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത്, എന്നാല്‍ അധികം പ്രശ്‌നങ്ങളൊന്നുമില്ലാതെ 55 റാത്തല്‍ കത്തുകളുമായി ടാറ്റയുടെ വിമാനം ഒടുവില്‍ ബോംബെയിലെത്തി. അന്നത്തെ മദ്രാസ്, ട്രിവാന്‍ഡ്രം എന്നിവിടങ്ങളിലേക്കും ടാറ്റ കത്തുകള്‍ ഈ വിധം എത്തിച്ചിരുന്നു; വിന്സന്റ് ആയിരുന്നു ഇതിന്റെ ചുമതലക്കാരന്‍.

എല്ലാ വെളളിയാഴ്ച വൈകുന്നേരങ്ങളിലും ഇംഗ്ലണ്ടില്‍ നിന്ന് ഇംപീരിയല്‍ എയര്‍വേസ് കറാച്ചിയിലെത്തി കത്തുകള്‍ ടാറ്റ ഏവിയേഷന്‍ സര്‍വീസിന് കൈമാറും. അവരുടെ Puss Moth വിമാനം പിറ്റേന്ന് രാവിലെ അവിടെ നിന്ന് തിരിക്കും. കത്തുകളുടെ വിതരണം പൂര്‍ത്തിയാക്കി വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകളുമായി ടാറ്റയുടെ വിമാനം തിരിച്ചെത്തുന്ന ബുധനാഴ്ച വരെ ഇംപീരിയല്‍ എയര്‍വേസ് കറാച്ചിയില്‍ കാത്തുകിടക്കും. അവിടെയുണ്ടായിരുന്ന വലിയ പ്രശ്‌നം ഇംപീരിയല്‍ എയര്‍വേസ് എല്ലായ്‌പ്പോഴും വൈകിയാണ് എത്തിക്കൊണ്ടിരുന്നത് എന്നതായിരുന്നു.

1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ എല്ലാ വ്യോമയാന പരിപാടികളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ടാറ്റയുടെ വിമാനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും ചെയ്തു. ടാറ്റയുടെ ആദ്യ നാല് എഞ്ചിനുകളുള്ള De Havilland 86 വിമാനം തീരദേശ മേഖലകളിലെ ഓപ്പറേഷനുകള്‍ക്കായിരുന്നു ഉപയോഗിച്ചത്. ഇതിനിടെ, ഇന്ത്യയില്‍ ഒരു വിമാന നിര്‍മാണ കമ്പനി ആരംഭിക്കുക എന്ന ഉദ്ദേശത്തോടെ വിന്‍സെന്റ് 1942-ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഒരു ഹഡ്‌സണ്‍ ബോംബറില്‍ യാത്ര ചെയ്തിരുന്ന ഈ മുന്‍ റോയല്‍ എയര്‍ഫോഴ്‌സ് പൈലറ്റിന്റെ വിമാനം ഫ്രാന്‍സിന്റെ തീരത്തുവച്ച് ശത്രുസൈന്യങ്ങള്‍ വെടിവച്ചു വീഴ്ത്തി എന്നാണ് കരുതപ്പെടുന്നത്. വിന്‍സെന്റിന്റെ ജീവിതം അറ്റ്‌ലാന്റിക്കില്‍ അവസാനിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഏതാനും മാസങ്ങള്‍ക്കു ശേഷം, ടാറ്റയും, കേന്ദ്ര സര്‍ക്കാരും, പബ്ലിക്കും ഉള്‍പ്പെട്ട എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ എന്ന അന്താരാഷ്ട്ര വിമാന സര്‍വീസ് ആശയം ജെ.ആര്‍.ഡി ടാറ്റ മുന്നോട്ടുവച്ചു. സ്വാതന്ത്ര്യത്തിനു ശേഷം അധികാരമേറ്റ പുതിയ സര്‍ക്കാര്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇതിന് അനുമതി നല്‍കി. അങ്ങനെ 1948 ജൂണ്‍ എട്ടിന് ആദ്യ ബോംബെ-ലണ്ടന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ വ്യോമസേന ഇന്ത്യന്‍ താവളങ്ങളില്‍ അവശേഷിപ്പിച്ച Dakotas വിമാനങ്ങള്‍ വാങ്ങിക്കൊണ്ട് ഉന്നത നിലവാരം പുലര്‍ത്തുന്ന രീതിയില്‍ സര്‍വീസ് നടത്തി ജെ.ആര്‍.ഡി ടാറ്റ എയര്‍ലൈനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാന സര്‍വീസുകളിലൊന്നായി ഇതിനെ മാറ്റുകയും ചെയ്തു. 1952-ല്‍ വ്യോമയാന മേഖല ദേശസാത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എയര്‍ ഇന്ത്യ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായിരിക്കാന്‍ ടാറ്റയെ തന്നെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് 1978 വരെ അദ്ദേഹമായിരുന്നു എയര്‍ ഇന്ത്യയെ നയിച്ചത്.

1968-ല്‍ ഡെയ്‌ലി മെയ്‌ലിന്റെ ജൂലിയന്‍ ഹോളണ്ട് താന്‍ യാത്ര ചെയ്തിട്ടുള്ളതില്‍ ഏറ്റവും മികച്ച വിമാന സര്‍വീസായി എയര്‍ ഇന്ത്യയെ തെരഞ്ഞെടുത്തു. “റോമില്‍ വിമാനം ഒരു മണിക്കൂര്‍ താമസിച്ചപ്പോള്‍ ഞാന്‍ കുറച്ച് ചോക്ലേറ്റുകള്‍ സീറ്റില്‍ വച്ചിട്ടാണ് പുറത്ത് പോയത്. തിരിച്ചു വന്നപ്പോള്‍ അതവിടെ തന്നെ ഉണ്ടായിരുന്നു എന്നു മാത്രമല്ല, സൂര്യപ്രകാശം തട്ടി ചോക്ലേറ്റുകള്‍ അലിഞ്ഞു പോകാതിരിക്കാനായി വിമാനത്തിന്റെ ജനാലകള്‍ മറച്ചിരിക്കുന്നതാണ് കാണുന്നത്”- അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായിരുന്നു എയര്‍ ഇന്ത്യ സര്‍വീസിന്റെ അന്നത്തെ മേന്മ. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച വിമാന സര്‍വീസുകളിലൊന്നായാണ് ജറ്റ് എയര്‍ലൈനര്‍ ക്രാഷ് ഡേറ്റ ഇവാല്വേഷന്‍ സെന്റര്‍ (JACDEC) എയര്‍ ഇന്ത്യയെ കണക്കാക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന അപകടങ്ങള്‍, മറ്റ് ഗുരുതരമായ സംഭവങ്ങള്‍ എന്നിവ ഈ സമയത്തെ യാത്രക്കാരുടെ എണ്ണവുമായി കണക്കാക്കിയാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്.

JACDEC-ന്റെ കണക്കനുസരിച്ച് 40-ാം സ്ഥാനത്താണ് എയര്‍ ഇന്ത്യ വ്യോമയാന മന്ത്രാലയം കണക്കുകൂട്ടുന്നത് അനുസരിച്ച് എയര്‍ ഇന്ത്യയുടെ ഭൗതിക സ്വത്തുക്കള്‍ ഏകദേശം 25,000-30,000 കോടി രൂപ വരുമെന്നാണ്. ഇതില്‍ എയര്‍ ഇന്ത്യയുടെ 115 മികച്ച വിമാനങ്ങള്‍, കെട്ടിടങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ്, ഫൈ്‌ളയിംഗ്/ലാന്‍ഡിംഗ് റൈറ്റ്‌സ്, ലോകമെമ്പാടുമുളള വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയവ ഉള്‍പ്പെടും.

നഷ്ടങ്ങൾ കഥ പറയുന്നു.

എയർ ഇന്ത്യയിൽ യാത്ര ചെയ്തവർക്കറിയാം അവ സമ്മാനിച്ച ദുരിതങ്ങൾ. സമയത്ത് പുറപ്പെടാത്ത വിമാനങ്ങളും, ക്യാൻസലേഷനുകളും സർവ്വസാധാരണമായിരുന്നു. സമയത്ത് തിരിച്ചെത്താത്തിനാൽ പലരുടെയും ജോലി നഷ്ടപ്പെട്ടു. എയർപോർട്ട് മാറ്റി ഇറക്കുന്നതിലും അവർ കുപ്രസിദ്ധി നേടി.വിമാനത്തിൽ യാത്രക്കാരോടുള്ള പെരുമാറ്റം പലപ്പോഴും മര്യാദകെട്ടതായി പരാതി ഉയർന്നു.
ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലായിപ്പിച്ച ശേഷമാണ് തീരാനഷ്ടങ്ങളുടെ തുടർക്കഥകൾ രചിക്കപ്പെട്ടത്. ലയനം ഒരു പ്രധാന കാരണമാണെങ്കിലും കാലത്തിനനുസരിച്ച് കോലം കെട്ടാത്തത് മറ്റൊരു കാരണമാണ്. ലോകത്തിലെ മറ്റു രാജ്യങ്ങൾ ആധുനികമായ വിമാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയപ്പോഴും ഇന്ത്യ പഴയ കലഹരണപ്പെട്ട വിമാനങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ അഴിമതിയും കെടുകാര്യസ്ഥതയും കാര്യങ്ങൾ കൂടുതൽ വഷളാക്കി.

2007 ൽ ലയനത്തിനു ശേഷം 30000 ജോലിക്കാർ എയർ ഇന്ത്യക്ക്‌ ഉണ്ടായിരുന്നു. ഒരു വിമാനത്തിന് 256 തൊഴിലാളികൾ വീതം വരുമത്. ലോക ശരാശരി വിമാനമൊന്നിന് 100 ആണെണോർക്കണം. പടിപടിയായി അത് കുറച്ച് 125 എന്ന നിലയിൽ ആണിപ്പോഴെങ്കിലും കോവിഡിനു മുമ്പ് വരുമാനത്തിന്റെ അഞ്ചിലൊന്ന് ജോലിക്കാരുടെ ശമ്പളത്തിനും, മറ്റ് അനുകൂല്യങ്ങൾക്കും ചിലവാക്കേണ്ടി വന്നു. ലോക ശരാശരി പത്തിലൊന്നാണ്.

മറ്റൊരു കാരണം വ്യോമയന വ്യവസായത്തിൽ സ്വകാര്യ മേഖലക്ക്‌ കാര്യങ്ങൾ മനസ്സിലാക്കാതെ നൽകിയ ഉദരവൽക്കരണമാണ്‌. എയർ ഇന്ത്യ സ്വന്തം നിലനിൽപ്പിനുവേണ്ടി പൊരുതുംമ്പോൾ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ചത് നന്നായില്ല.

ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിനു ശേഷം 2016 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ ആദ്യമായി 105 കോടി രൂപ നടത്തിപ്പ് ഇനത്തില്‍ ലാഭമുണ്ടാക്കിയിരുന്നു. എണ്ണ വില കുറഞ്ഞതായിരുന്നു കാരണം. അതോടൊപ്പം, ആകെയുള്ള നഷ്ടം 2,636 കോടി രൂപയായും കുറച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ 107 കോടി രൂപ നടത്തിപ്പ് ഇനത്തില്‍ ലാഭമുണ്ടാക്കുമെന്നാണ് കരുതുന്നത്. 12,000 തൊഴിലാളികളാണ് എയര്‍ ഇന്ത്യക്ക് ഇപ്പോഴുള്ളത്

ആരും അറിയാത്ത ചില കാര്യങ്ങള്‍

  • സർവീസ് തുടങ്ങിയ വർഷം 155 പേരാണ് എയർ ഇന്ത്യയിൽ യാത്ര ചെയ്തത്. ആ വർഷത്തെ ലാഭം 60000 രൂപ ആയിരുന്നു.
  • ആദ്യത്തെ ആഭ്യന്തര സർവീസ് ബോംബെ – തിരുവനന്തപുരം ആയിരുന്നു. Miles merlin എന്ന ആറു സീറ്റുള്ള വിമാനമാണ് അന്ന് ഉപയോഗിച്ചത്.
  • 1960 ഫെബ്രുവരി 21 ന് ജെറ്റ് യുഗത്തിലേക്ക് കടന്ന എയര്‍ ഇന്ത്യ, ലോകത്തിലെ ആദ്യ ഓള്‍-ജെറ്റ് എയര്‍ലൈനാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ വണ്‍ (ഫ്‌ളൈറ്റ് നമ്പര്‍ AI 1) എന്ന ബോയിംഗ് 747-400 ആണ്.
  • സിവില്‍ എയര്‍ലൈനറുടെ നേതൃത്വത്തില്‍, ഏറ്റവുമധികം ജനങ്ങളെ അപകടസ്ഥലത്ത് നിന്നും ഒഴിപ്പിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ എയര്‍ ഇന്ത്യയ്ക്ക് പ്രത്യേക പരാമര്‍ശമുണ്ട്. 1990 ലെ ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തില്‍ നിന്നും ഇറാഖില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളെ തിരികെ കൊണ്ടുവന്നതില്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ട്.

  • മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി, എയര്‍ ഇന്ത്യയുടെ പൈലറ്റായിരുന്നു.

‘* എയർ ഇന്ത്യ -1 നു മുമ്പ് ഇന്‍സ്റ്റന്റ് വിവിഐപി ഫ്‌ളൈറ്റ്’ – അതായിരുന്നു എയര്‍ ഇന്ത്യ. വിവിഐപി യാത്രകള്‍ക്കായി എയര്‍ ഇന്ത്യ നിയോഗിച്ചിരുന്നത് സാധാരണ വിമാനങ്ങളെ തന്നെയായിരുന്നു. എന്നാല്‍ ഇത്തരം യാത്രകള്‍ക്കായി വിമാനത്തില്‍ പ്രത്യേകം സ്യൂട്ട്, വിശ്രമമുറി, സ്വീകരണമുറി, 6 സീറ്റര്‍ ഓഫീസ്, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ഘടിപ്പിക്കും എന്ന് മാത്രം.

  • വളരെ താമസിച്ചാണ് ഇന്ത്യ ആധുനികവൽക്കരണം തുടങ്ങിയതെങ്കിലും ബോയിംഗിന്റെ 28 ആധുനിക 787- 800 ഡ്രീംലൈനർ ഇന്ത്യക്ക് സ്വന്തമായുണ്ട്. ഈ അത്യാധുനിക വിമാനങ്ങളുടെ ലോകത്തിലെ ആദ്യ ഡിലീവറി ഇന്ത്യക്ക് 2012 ൽ ആണ് കിട്ടിയത്.
  • എയര്‍ ഇന്ത്യയും ആഢംബരവും തമ്മില്‍ യോജിക്കില്ലെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ 1967 ലെ ചിത്രം വ്യത്യസ്തമാണ്. ലോകപ്രശസ്ത കലാകാരന്‍ സാല്‍വദോര്‍ ദാലി രൂപകല്പന ചെയ്ത അഷ്ട്രെ ആണ് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക്‌ എയര്‍ ഇന്ത്യ പാരിതോഷികമായി നല്‍കിയിരുന്നത്.
  • (കടപ്പാട് )