സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് )

വാഹനങ്ങളിലെ എയർ ബാഗുകൾ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനത്തിന്റെ യഥാർത്ഥ പേര് Supplimental Restraint System എന്നാണ്‌ . ചിലപ്പോൾ Secondary Restraint System എന്നും വിളിക്കാറുണ്ട്. എന്താണിത് അർത്ഥമാക്കുന്നത്? ഇത് ഒരു ഉപ സുരക്ഷാ സംവിധാനം ആണെങ്കിൽ പ്രാഥമികമായ മറ്റെന്തോ ഒരു സംവിധാനം കൂടി ഉണ്ടാകണമല്ലോ. അതായത് ഒരു Primary Restraint System. ഉണ്ട്. അതാണ്‌ നമ്മളിൽ മിക്കവരും പോലീസിനെ പേടിച്ചു കൊണ്ട് മാത്രം മനസ്സില്ലാ മനസ്സോടെ ഉപയോഗിക്കുന്ന സീറ്റ് ബെൽറ്റുകൾ.

പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട് എയർ ബാഗുകൾ സീറ്റ് ബെൽറ്റുകൾക്ക് പകരമായുണ്ടാക്കിയതോ അല്ലെങ്കിൽ സീറ്റ് ബെൽറ്റുമായി യാതൊരു ബന്ധവുമില്ലാത്ത, അപകടം വരുമ്പോൾ ഒരു കുടപോലെ വിടർന്ന് നമ്മളെ സംരക്ഷിക്കുന്ന ഒരു മാന്ത്രിക സംവിധാനമാണെന്ന്. സത്യം പറഞ്ഞാൽ എയർ ബാഗുകൾ ആദ്യമായി വാഹനങ്ങളിൽ കൊണ്ടു വന്നത് തന്നെ ഇങ്ങനെ ഒരു സാമാന്യ ബോധത്തിന്റെ പുറത്താണ്‌. അതായത് അന്നും ഇന്നും ലോകത്തെവിടെയുമുള്ള മനുഷ്യർക്കും സീറ്റ് ബെൽറ്റ് ഇടുക എന്നത് അൽപ്പം അസൗകര്യം തന്നെ ആയതിനാൽ സീറ്റ് ബെൽറ്റിനു പകരമായി അപകടത്തിൽ പെടുന്നവരെ സംരക്ഷിക്കാൻ ഒരു സംവിധാനം എന്ന നിലയിൽ ആണ്‌ ആദ്യം എയർ ബാഗുകൾ വിഭാവനം ചെയ്യപ്പെട്ടത്. പക്ഷേ പിന്നീട് അപകടങ്ങളെ വിശകലനം ചെയ്തപ്പോൾ എയർ ബാഗുകൾ സീറ്റ് ബെൽറ്റിനു പകരമായി മാറുന്നില്ല എന്നു മാത്രമല്ല സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ എയർ ബാഗുകൾ മാത്രം ഉപയോഗിച്ചതുകൊണ്ട് മാത്രവും അപകടങ്ങൾ ഉണ്ടായതായി കാണാൻ കഴിഞ്ഞു. അതോടെയാണ്‌ സീറ്റ് ബെൽറ്റ് എന്ന പ്രാഥമിക സുരക്ഷാ സംവിധാനത്തിന് ഒരു സപ്ലിമെന്റ് ആയി മാത്രമാണ്‌ എയർ ബാഗുകൾ ഉപയോഗിക്കാൻ കഴിയൂ എന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇതിനെ Supplimental Restraint System എന്ന സാങ്കേതിക നാമത്തിൽ അറിയപ്പെട്ടു തുടങ്ങി.

എയർ ബാഗുകളുടെ സാങ്കേതിക വിദ്യയെക്കുറിച്ച് അൽപ്പം കാര്യങ്ങൾ അറിയാം. കാലാനുസൃതമായി എയർ ബാഗ് സാങ്കേതിക വിദ്യയിൽ പല തരത്തിലുള്ള മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി വാഹനങ്ങളുടെ മുൻവശത്തുള്ള ഒന്നിലധികം കൊളീഷൻ സെൻസറുകളിൽ നിന്നും വാഹനത്തിന്റെ പെട്ടന്നുള്ള വേഗക്കുറവ് തിരിച്ചറിയുന്ന സെൻസറുകളിൽ നിന്നും ലഭിക്കുന്ന സിഗ്നലുകൾക്കനുസരിച്ച് മുപ്പത് മുതൽ അമ്പത് മില്ലി സെക്കന്റ് സമയം കൊണ്ടു തന്നെ ഒരു രാസപ്രവർത്തനത്തിലൂടെ നൈട്രജൻ ഗ്യാസ് പ്രത്യേക തരം നൈലോൺ പദാർത്ഥം കൊണ്ട് നിർമ്മിച്ച ഒരു ബലൂണിനെ വീർപ്പിച്ച് വാഹനത്തിനുള്ളിൽ ഇരിക്കുന്നവരുടെ തലയും നെഞ്ചും ഡാഷ്ബോഡിൽ ഇടിച്ച് ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതാണ്‌ എയർ ബാഗുകളുടെ പ്രവർത്തന രീതി. എന്തായിരിക്കാം ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ഗ്യാസ് ഉണ്ടാക്കിയെടുക്കുന്ന ഈ രാസപ്രവർത്തനം.

സോഡിയം അസൈഡ് എന്ന രാസവസ്തു ആണ് എയർ ബാഗ് നിറയ്ക്കാൻ ആവശ്യമായ നൈട്രജൻ ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നത്. ഒരു നിരുപദ്രവകാരിയായ നിഷ്ക്രിയ വാതകം ആയതിനാൽ ആണ്‌ നൈട്രജൻ തന്നെ ഇവിടെ ഉപയോഗപ്പെടുത്തുന്നത്. ഒരു വിഷ പദാർത്ഥം ആണ്‌ സോഡിയം അസൈഡ്. പക്ഷേ അല്പം ചൂടാക്കിയാൽ അതായത് 300 ഡിഗ്രിക്ക് മുകളിൽ ചൂടാക്കിയാൽ ഇവൻ സടകുടഞ്ഞെണീക്കുകയും ഉള്ളിൽ അടക്കി വച്ചിരിക്കുന്ന നൈട്രജനെ വളരെ പെട്ടന്ന് തന്നെ പുറത്തു വിട്ട് സോഡിയം ലോഹമായി സ്വാന്തന്ത്ര്യം പ്രഖ്യാപിക്കുന്നു. ഇവിടെ ഒരു പ്രശ്നമുണ്ട് . സോഡിയം വളരെ അപകടം പിടിച്ച ഒരു ലോഹമാണ്‌. സാധാരണ ഊഷ്മാവിൽ തന്നെ ഓക്സിജനുമായൊക്കെ പ്രവർത്തിച്ച് തീപിടിക്കുന്ന വസ്തു. അതിനാൽ നൈട്രജൻ ഉണ്ടാക്കിയാലും സോഡിയം മൂലമുണ്ടാകുന്ന കുഴപ്പങ്ങൾ ഒഴിവാക്കാനും ബാക്കി വരുന്ന വിഷപദാർത്ഥമായ സോഡിയം അസൈഡിനെ പൂർണ്ണമായും നിർവീര്യമാക്കാനും ഇതിനോടു കൂടി പൊട്ടാസ്യം നൈട്രേറ്റ്, സിലിക്കൺ ഡയോക്സൈഡ് എന്നീ രണ്ട് രാസവസ്തുക്കൾ കൂടി ചേർക്കുന്നു. ഈ രണ്ട് രാസവസ്തുക്കളുമായി രണ്ട് ഘട്ടങ്ങൾ ആയി ബാക്കി വരുന്ന സോഡിയം പ്രവർത്തിച്ച് മനുഷ്യനോ പരിസ്ഥിതിക്കോ വാഹങ്ങൾക്കോ അപകടം ഉണ്ടാക്കാത്ത നിരുപദ്രവകരമായ ഒരു സോഡിയം സിലിക്കേറ്റും പൊട്ടാസ്യം സിലിക്കേറ്റും ആയി മാറ്റുന്നു. അപകടം നടന്ന് എയർ ബാഗ് വീർത്ത് കഴിഞ്ഞാൽ അതിന്റെ പിൻവശത്തുള്ള ഭാഗത്തു കൂടി പതുക്കെ നൈട്രജൻ വാതകം പതുക്കെ പുറത്തേക്ക് പോകും. ഈ സമയത്ത് ഒരു വെളുത്ത പൊടി കൂടി പുറത്തു വരുന്നത് കാണാം. എന്തായിരിക്കും ഇത് ? എന്തെങ്കിലും അപകടകരമായ രാസവസ്തു ആണോ? അല്ല. ഇത് ടാൽക്കം പൗഡർ ആണ്‌. അതായത് എയർ ബാഗ് ചുരുട്ടീ മടങ്ങി ഇരിക്കുമ്പൊൾ അതിന്റെ പാളികൾ തമ്മിൽ പരസ്പരം ഒട്ടിച്ചേർന്നു പോകാതിരിക്കാൻ വേണ്ടിയാണ്‌ ഇതിനകത്ത് അല്പം ടാൽക്കം പൗഡർ നിറച്ചിരിക്കുന്നത്.

എയർ ബാഗ് എപ്പോഴെല്ലാം ആയിരിക്കണം തുറക്കേണ്ടത്? എന്തല്ലാം സാഹചര്യങ്ങൾ കണക്കിലെടുത്ത് ആയിരിക്കും ഇത് തുറക്കുന്നത്. ആധുനിക വാഹനങ്ങളിൽ വിവിധ സെൻസറുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ പരിശോധിച്ച് ആണ്‌ എയർ ബാഗ് തുറക്കണോ വേണ്ടയോ എന്ന തീരുമാനത്തിൽ എത്തുന്നത്. പൊതുവേ എയർ ബാഗുകൾ വാഹനങ്ങളുടെ മുൻവശത്ത് ഏൽക്കുന്ന ആഘാതം മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും ഡ്രൈവറെയും മറ്റ് യാത്രക്കാരെയും രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രൂപ കല്പന ചെയ്യപ്പെട്ടിട്ടൂള്ളവയായതിനാൽ പ്രൈമറി സെൻസറുകൾ പൊതുവേ ഫ്രണ്ട് ബമ്പറുകൾക്ക് പിറകിൽ ആയി ഷാസിയോട് (Chassis) ബന്ധപ്പെട്ട് ആണ്‌ കാണുക. ഇതോടൊപ്പം തന്നെ വാഹനത്തിന്റെ വേഗതയിൽ ഉണ്ടാകുന്ന പെട്ടന്നുള്ള കുറവ് മനസ്സിലാക്കുന്ന ആക്സിലറോ മീറ്ററുകളും ഉണ്ടായിരിക്കും. കൊളീഷൻ സെൻസറിൽ നിന്നും ആക്സിലറോ മീറ്ററിൽ നിന്നുമുള്ള വിവരങ്ങൾക്ക് അനുസരിച്ച് ആണ്‌ പ്രധാനമായും എയർബാഗ് തുറക്കാനുള്ള സിഗ്നൽ പുറപ്പെടുവിക്കുന്നത്. ഇത് എയർ ബാഗ് സംവിധാനത്തിന്റെ ഒരു പരിമിതിയുമാണ്‌. കാരണം കോളീഷൻ സെൻസറുകൾ ആക്റ്റിവേറ്റ് ആകുന്ന രീതിയിലുള്ള അപകടങ്ങൾ ഉണ്ടായില്ലെങ്കിൽ എയർബാഗ് തുറക്കണമെന്നില്ല. കോളീഷൻ സെൻസറുകളുടെ സ്ഥാനം പൊതുവേ മരണകാരണമായേക്കാവുന്ന തരത്തിലുള്ല വലിയ കൂട്ടിയിടികൾ സെൻസ് ചെയ്യുന്ന ഇടങ്ങളിൽ ആണെങ്കിലും പലപ്പോഴും എല്ലാ അപകടങ്ങളിലും ഇത് ഫലിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടാണ്‌ പലപ്പൊഴും ഇലക്ട്രിക് പോസ്റ്റിലോ മരത്തിലോ മറ്റോ കൃത്യമായി നടുഭാഗം ചെന്നിടിക്കുന്ന വാഹനങ്ങളിൽ എയർബാഗുകൾ തുറക്കാത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എങ്കിലും ഈ പരിമിതികളും രണ്ടിൽ കൂടൂതൽ സെൻസറുകൾ ഉപയോഗിച്ച് പരിഹരിക്കപ്പെടുന്നുണ്ട്.

ഇനി ആണ്‌ ഈ അടുത്ത കാലത്തായി വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന വിഷയം വരുന്നത്.. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എയർ ബാഗ് തുറക്കാതിരിക്കുമോ? എയർ ബാഗ് മാത്രമായി പ്രവർത്തിച്ചതുകൊണ്ട് എന്താണ്‌ കുഴപ്പം? സീറ്റ് ബെൽറ്റ് ഇട്ടീല്ലെങ്കിൽ എയർ ബാഗ് തുറക്കാതിരിക്കുമോ എന്ന ചോദ്യത്തിനുത്തരം പറയുന്നതിനു മുൻപേ സീറ്റ് ബെൽറ്റ് ഇല്ലാതെ എയർ ബാഗ് മാത്രമായി പ്രവർത്തിക്കുന്നതുകൊണ്ടുള്ള കുഴപ്പമെന്താണെന്ന് നോക്കാം. അപകടം ഉണ്ടായാൽ എയർ ബാഗ് മുപത് മില്ലി സെക്കന്റുകൾ കൊണ്ടാണ്‌ ഒരു ബലൂൺ പോലെ വീർത്തു വരുന്നത്. ഇതിന്റെ വേഗത 300 കിലോമീറ്റർ പ്രതി മണിക്കൂറിലും കൂടുതൽ ആണ്‌. എയർ ബാഗിനെ ഒരു തലയിണ ആയി സങ്കൽപ്പിക്കുക. 300 കിലോമിറ്റർ പ്രതി മണിക്കൂർ വേഗതയിൽ വരുന്ന ഒരു തലയിണ നിങ്ങളുടെ മുഖത്തേയ്കോ ശരീരത്തിലേക്കോ അടിച്ചാൽ എന്തു സംഭവിക്കും. സംഗതി തലയിണ ആണെങ്കിലും നിങ്ങൾ തെറിച്ച് ദൂരെ വീഴും എന്ന് ഉറപ്പല്ലേ. ഇനി നിങ്ങളുടെ വാഹനം സഞ്ചരിക്കുന്നത് 100 കിലോമീറ്റർ പ്രതി മണിക്കൂർ വേഗതയിൽ കൂടി ആണെങ്കിൽ ഈ രണ്ട് ബലങ്ങളും കൂടി ചേർന്ന് നിങ്ങളുടെ ശരീരത്തിൽ വലിയ ക്ഷതമേൽപ്പിക്കാനും നിങ്ങൾ വാഹനത്തിനുള്ളിൽ തന്നെ തെറിച്ചു വീഴാനുള്ള സാഹചര്യങ്ങളും ഉണ്ടാകുന്നു. എയർബാഗിനും നിങ്ങൾക്കും ഇടയിൽ ഒരു നിശ്ചിത ദൂരമെങ്കിലും ഉണ്ടായിരിക്കണം. സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെങ്കിൽ അപകടം നടക്കുന്ന സമയത്ത് നിങ്ങൾക്കും എയർ ബാഗിനും ഇടയിലുള്ല ദൂരം വളരെ കുറയുകയും അതുമൂലം എയർ ബാഗ് നിങ്ങളെ തള്ളി പുറകോട്ട് മാറ്റുകയും ചെയ്യുന്നു. അതായത് വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറയുന്നതുപോലെ എയർബാഗ് മൂലം തന്നെ അപകടം ഉണ്ടാകാവുന്ന ഒരു സാഹചര്യം സംജാതമാകുന്നു. ഈ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാനാണ്‌ എയർ ബാഗ് സീറ്റ് ബെൽറ്റിനൊപ്പം പ്രവർത്തിക്കേണ്ട ഒരു സംവിധാനമായി രൂപകല്പന ചെയ്തിരിക്കുന്നത്.

ആധുനിക വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് എന്നാൽ വെറും ഒരു ബെൽറ്റ് അല്ല. അതിൽ Pre-Tensioner, Load limiter എന്നിങ്ങനെയുള്ള രണ്ട് സംവിധാനങ്ങൾ കൂടി ഉണ്ട്. ഇതും എയർ ബാഗുകളുടെ സെൻസറുകളുമായി ചേർന്ന് പ്രവർത്തിക്കുന്നവയാണ്‌. അതായത് ആക്സിലറോമീറ്ററും കൊളീഷൻ സെൻസറുമൊക്കെ നൽകുന്ന വിവരങ്ങൾക്കനുസരിച്ച് സീറ്റ് ബെൽറ്റിന്റെ ടെൻഷൻ കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യുന്ന ഒരു ഓട്ടൊമാറ്റിക് സംവിധാനം ആണിത്. അപകടം നടക്കുമ്പൊൾ എയർ ബാഗുകൾ ഗുണകരമായി വരാൻ ഇവയുടെ പ്രവർത്തനങ്ങൾ സഹായകരമാകുന്നു.

ഇനി ചോദ്യത്തിലേക്ക് തിരിച്ചു വരാം. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ എയർ ബാഗ് പ്രവർത്തിക്കാതെ വരുമോ? ഇത് വളരെ പൊതുവായ ഒരു ചോദ്യമാണ്‌. ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ്‌- പ്രത്യേകിച്ച് ഇന്ത്യൻ സാഹചര്യങ്ങളിൽ. നമ്മുടെ നാട്ടിൽ പ്രാഥമിക സുരക്ഷാ സംവിധാനം ആയ സീറ്റ് ബെൽറ്റിനെക്കുറിച്ച് തന്നെ ഇപ്പോഴും അവബോധം വന്നിട്ടില്ലാത്ത സാഹചര്യത്തിൽ എയർ ബാഗുകളെ സീറ്റ് ബെൽറ്റുകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു സംവിധാനത്തെക്കുറിച്ച് വിദൂര ചിന്തകൾ പോലും ഉണ്ടാകാൻ സാദ്ധ്യതയില്ല. അതുകൊണ്ട് തന്നെ എല്ലാ ഇന്ത്യൻ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് സെൻസറുകൾ എയർ ബാഗുമായി ബന്ധപ്പെടുത്തിയിരിക്കാനുള്ള സാദ്ധ്യതകൾ കുറവാണ്‌. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എയർ ബാഗുകൾ കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല എന്ന് വാഹന മാന്വലുകളിൽ അടിവരയിട്ട് പ്രത്യേകമായി ഓർമ്മിപ്പിക്കുന്ന ഭാഗങ്ങൾ ഉണ്ടെങ്കിലും സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എയർ ബാഗ് തുറക്കില്ല എന്ന് പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടില്ല എങ്കിൽ പ്രസ്തുത വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് സെൻസർ എയർ ബാഗുമായി ബന്ധിപ്പിച്ചിട്ടില്ല എന്നാണർത്ഥം. അതായത് സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും എയർ ബാഗ് തുറക്കും. പക്ഷേ എല്ലാ വാഹനങ്ങളിലും ഇങ്ങനെ ആയിരിക്കണം എന്നില്ല. ഓരോ നിർമ്മാതാക്കളും അവരവരുടേതായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ വാഹന മാന്വലുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്‌.

ആധുനിക വാഹനങ്ങളിലും പ്രീമിയം സെഗ്മെന്റ് വാഹനങ്ങളിലും തീർച്ചയായും സീറ്റ് ബെൽറ്റ് സെൻസറുകളും എയർ ബാഗുകളുമായും ബന്ധമുണ്ടായിരിക്കും. ഈ ബന്ധം പല തരത്തിൽ ആകാം. ഉദാഹരണമായി ഡ്യുവൽ ത്രഷൊൾഡ് എയർ ബാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും എയർ ബാഗ് റിലീസ് ചെയ്യും. ഇത്തരം വാഹനങ്ങളിൽ രണ്ട് ത്രഷോൾഡ് ലെവലുകൾ ആണ്‌ ഉണ്ടാവുക. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ താരതമ്യേന ചെറിയ ആഘാതത്തിൽ എയർ ബാഗ് തുറന്ന് സംരക്ഷണം നൽകുന്നു. സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടെങ്കിൽ അല്പം കൂടി ആഘാതം കൂടിയ അപകടങ്ങളിൽ സീറ്റ് ബെൽറ്റുകൊണ്ടും പ്രീ ടെൻഷനറുകൾ കൊണ്ടും മാത്രം കാര്യം നടക്കാതെ വരുന്ന സാഹചര്യത്തിൽ മാത്രമേ എയർ ബാഗ് തുറക്കുകയുള്ളൂ. താരതമ്യേന ചെറിയ അപകടങ്ങളിൽ സീറ്റ് ബെൽറ്റിനു പകരമാവാൻ ഇവിടെ ഡ്യുവൽ ത്രഷോൾഡ് എയർബാഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നു. എന്നിരുന്നാലും ഡ്യുവൽ ത്രഷോൾഡ് സംവിധാനമുപയോഗിക്കുന്ന വാഹനങ്ങളുടെ മാന്വലുകളിലും എയർ ബാഗുകൾ ഫലപ്രദമാകാൻ സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തിക്കുറിച്ച് എടുത്തു പറയുന്നു. അതുകൊണ്ട് എല്ലാ ആധുനിക വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എയർ ബാഗ് പ്രവർത്തിക്കില്ല എന്ന് പറയാൻ കഴിയില്ല. ഇത് വാഹനങ്ങളുടെ യൂസർ മാന്വൽ പരിശോധിച്ച് വിലയിരുത്തേണ്ടതാണ്‌ (ഹോണ്ടയുടെ ഡ്യുവൽ ത്രഷോൾഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും എയർ ബാഗ് തുറക്കുമെന്ന് സൂചിപ്പിക്കുന്ന അവരുടെ വെബ് സൈറ്റിൽ നിന്നെടുത്ത ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു
https://techinfo.honda.com/…/om/AC0606/AC0606O00025A.pdf )

കുട്ടികളുമായി വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സാധാരണ മുതിർന്നവരെ ഉദ്ദേശിച്ച് രൂപകല്പന ചെയ്യപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ഒന്നും അവർക്കായി മതിയാകാതെ വരുന്നു എന്നു മാത്രമല്ല ഈ സുരക്ഷാ സംവിധാനങ്ങൾ അവരെ അപകടപ്പെടുത്താനും ഇടയാക്കുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്കായുള്ള പ്രത്യേകം സീറ്റുകളും സീറ്റ് ബെൽറ്റുകളുമൊക്കെ വാഹനങ്ങളിൽ ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരത്തിൽ കുട്ടികൾക്കായുള്ല വാഹനത്തിലെ സീറ്റുകളുടെ സജ്ജീകരണത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡമാണ്‌ ISOFIX (https://en.wikipedia.org/wiki/Isofix) . ചിലവാഹനങ്ങളിൽ കൊച്ചു കുട്ടികൾ ആണ്‌ സീറ്റിൽ ഇരിക്കുന്നത് എങ്കിൽ ഭാരവും ഉയരവുമൊക്കെ സെൻസ് ചെയ്ത് അതനുസരിച്ച് എയർ ബാഗ് റിലീസ് ചെയ്യണോ വേണ്ടയോ എന്നൊക്കെ നിശ്ചയിക്കുന്ന സാങ്കേതിക വിദ്യകളും ഉണ്ട്. ഇതു വഴി എയർ ബാഗുകൾ കുട്ടികളുടെ മരണ കാരണമാകാനുള്ള സാദ്ധ്യതകൾ കുറയുന്നു.

അപകടങ്ങളിൽ മരണ സാദ്ധ്യത മുപ്പത് ശതമാനമാക്കി കുറയ്ക്കാൻ എയർ ബാഗുകൾകൊണ്ട് കഴിയുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ മിക്ക രാജ്യങ്ങളിലും ഇപ്പോൾ വാഹനങ്ങളിൽ സ്റ്റാൻഡേഡ് ഫിംഗിംഗ് ആയി ചുരുങ്ങിയത് ഫ്രണ്ട് സീറ്റ് എയർ ബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഫ്രണ്ട് സീറ്റിനോടൊപ്പം തന്നെ സീറ്റുകളുടെ വശങ്ങളിലുള്ളതും കാൽമുട്ടുകളെ സംരക്ഷിക്കുന്നതും പിൻസീറ്റുകളിലെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതും പിന്നിൽ നിന്നുള്ള ഇടിയിൽ നിന്നുള്ള ആഘാതം കുറയ്ക്കാനുള്ള എയർ ബാഗ് കർട്ടനുകളും എന്നു വേണ്ട വഴിയാത്രക്കാരനു വണ്ടിയിടിക്കുമ്പോഴുണ്ടാകുന്ന ആഘാതങ്ങൾ കുറയ്ക്കാനായി പുറത്തേക്ക് തുറക്കുന്ന പെഡസ്ട്രൈൻ എയർ ബാഗുകൾ വരെ ഇപ്പോൾ ആധുനിക വാഹനങ്ങളിൽ ഉണ്ട്.

എയർ ബാഗുകളെക്കുറിച്ചുള്ള ചില പൊതുവായ കാര്യങ്ങൾ

1. ഏത് അത്യാധുനിക എയർ ബാഗ് സാങ്കേതിക വിദ്യ ആണെങ്കിലും 100 ശതമാനം സുരക്ഷിതത്വം ഉറപ്പ് പറയാനാകില്ല എന്നതിനാൽ വാഹനാപകടങ്ങളിലെ ഏറ്റവും പ്രധാന വില്ലൻ ആയ അമിത വേഗത ഒഴിവാക്കുക എന്നതാണ്‌ പരമപ്രധാനം.
2. സീറ്റ് ബെൽറ്റ് എന്ന പ്രാഥമിക സുരക്ഷാ സംവിധാനം ഉണ്ടെങ്കിൽ മാത്രമേ എയർ ബാഗ് ഗുണം ചെയൂ എന്നതിനാൽ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കുക. ധരിച്ചതുകൊണ്ട് മാത്രമായില്ല ശരിയായ രീതിയിൽ കുരുകുകൾ വരാത്ത രീതിയിൽ ധരിക്കുക.
3. കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുന്നോ സീറ്റിനു മുന്നിൽ നിന്നോ യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുക. 30 കിലോയിൽ താഴെ ഭാരമുള്ള കുട്ടികൾ ആണെങ്കിൽ അന്താരാഷ്ട്ര നിലവരമുള്ള ചൈൽഡ് സീറ്റ് ഉപയോഗിക്കുക. അതും പിൻ സീറ്റാണ്‌ ഏറ്റവും സുരക്ഷിത സ്ഥാനം.
4. ഡാഷ് ബോഡിനും സീറ്റിനും ഇടയിലുള്ള ദൂരം എത്രത്തോളം കൂടുന്നുവോ അത്രത്തോളം എയർ ബാഗിനും സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറിനും ലോഡ് ലിമിറ്ററിനുമൊക്കെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നു. അതിനാൽ കഴിയുന്ന സാഹചര്യങ്ങളിൽ സീറ്റ് അൽപം പിറകോട്ട് നീക്കി യാത്ര ചെയ്യുന്നതാണ്‌ സുരക്ഷിതം.
5. തീരെ ചെറിയ കുഞ്ഞുങ്ങളെ ഫ്രണ്ട് ഫേസിംഗ് ചൈൽഡ് സീറ്റിൽ ഇരുത്തി ഫ്രണ്ട് സീറ്റിൽ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ ഫ്രണ്ട് സീറ്റ് പരമാവധി പിറകോട്ട് നീക്കി സ്ഥാപിക്കാൻ മറക്കരുത്.
6. Air Bag indicator എയർ ബാഗിന്റെ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്നു. എയർ ബാഗ് സിസ്റ്റം തകരാറിലാണെന്ന മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കാതിരിക്കുക. എത്രയും പെട്ടന്ന് സർവീസ് സെന്ററുമായി ബന്ധപ്പെട്ട് തകരാറുകൾ പരിഹരിക്കുക.
7. അപകടമുണ്ടായി എയർ ബാഗ് തുറക്കുന്ന സാഹചര്യത്തിൽ അതിലെ പൊടി ശ്വസിക്കുന്നതുകൊണ്ട് വലിയ അരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എങ്കിലും ആസ്ത്മ പോലെയുള്ള അസുഖങ്ങൾ ഉള്ളവർ പെട്ടന്ന് തന്നെ വാഹനത്തിലെ ചില്ലുകൾ തുറന്നോ പുറത്തിറങ്ങിയോ ശുദ്ധവായു ശ്വസിക്കുക.
8. എയർ ബാഗ് കമ്പാർട്ട്മെന്റിന്റെ മുകളിലും മറ്റുമായി അനാവാശ്യ അലങ്കാര വസ്തുക്കളോ മാറ്റുകളോ ഉപയോഗിക്കാതിരിക്കുക.
9. വശങ്ങളിലേക്ക് തുറക്കുന്ന അഡീഷണൽ എയർ ബാഗുകൾ ഉള്ള വാഹനങ്ങളിൽ സീറ്റ് കവറുകൾ ഇടുമ്പോൾ അവ എയർ ബാഗ് ഓപ്പണിംഗ് വിൻഡോ മറയ്ക്കാത്തവ ആണെന്ന് ഉറപ്പു വരുത്തുക.
10. സീറ്റുകളിലെ ഹെഡ് റെസ്റ്റുകൾ സുഖസൗകര്യത്തിനു മാത്രമുള്ളതല്ല. അപകടങ്ങൾ ഉണ്ടാകുമ്പൊൾ കഴുത്തിനും തലയ്ക്കും ഏൽക്കുന്ന ക്ഷതങ്ങൾ ഒഴിവാക്കാൻ ഇത് സഹായകമായതിനാൽ ഹെഡ് റെസ്റ്റുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക.

You May Also Like

എന്താണ് ബ്ലൂക്കട്ട് ലെന്‍സ് ?

എന്താണ് ബ്ലൂക്കട്ട് ലെന്‍സ് ? അറിവ് തേടുന്ന പാവം പ്രവാസി മൊബൈൽ ഫോണുകൾ , കംപ്യൂട്ടർ…

ടച്ച് സ്ക്രീനിനു മുകളിൽ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും യാതൊരു പ്രശ്നവുമില്ലാതെ ടച്ച് സ്ക്രീൻ പ്രവർത്തിക്കുന്നതെങ്ങനെ ?

മൊബൈൽ ഫോണുകളുടെ ടച്ച് സ്ക്രീനിനു മുകളിൽ സ്ക്രീൻ ഗാഡും ടാമ്പേഡ് ഗ്ലാസുമൊക്കെ ഒട്ടിച്ചാലും യാതൊരു പ്രശ്നവുമില്ലാതെ…

ചാറ്റ് ജി പി ടിയുടെ അടുത്ത സന്താനം റേഡിയോ ജി പി ടി എത്തിപ്പോയി ! റേഡിയോ ജോക്കികളുടെ പണി പോയി

ചാറ്റ് ജി പി ടിയുടെ അടുത്ത സന്താനം റേഡിയോ ജി പി ടി എത്തിപ്പോയി !…

ഡിഷ് വാഷർ ഇപ്പോഴും ഉപരി വർഗ്ഗ സമൂഹത്തിൽ പോലും കാര്യമായ സ്ഥാനം നേടിയിട്ടില്ല, എന്തുകൊണ്ടാകും ?

സുജിത്കുമാർ (ഫേസ്ബുക്കിൽ എഴുതിയത് ) വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച…