എന്തുകൊണ്ടാണ് എയർപോർട്ടുകളിൽ ഭക്ഷണങ്ങൾക്ക് വില വളരെ കൂടുതൽ ആയിരിക്കുന്നത് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
എയർപോർട്ടുകളിൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഭക്ഷണങ്ങൾക്ക് വില വളരെ കൂടുതൽ ആയിരിക്കും. അതിന് മുഖ്യമായ ഏതാനും ചില കാരണങ്ങൾ ഉണ്ട്
✨ഉയർന്ന വാടക : വിമാനത്താവളങ്ങൾ പലപ്പോഴും വ്യാപാര സ്ഥാപനത്തിനായി ആവശ്യമുള്ള സ്ഥലം ഒരു നിശ്ചിത കാലപരിധിക്ക് പാട്ടത്തിനു കൊടുക്കുകയും, അതോടൊപ്പം മൊത്തം വിൽപ്പനയുടെ ഒരു ശതമാനം കമ്മീഷൻ ആയി വാങ്ങുകയും ചെയ്യുന്നു.
വിമാനത്താവളങ്ങൾക്ക് വരുമാനം മുഖ്യമായും രണ്ടു രീതിയിൽ ആണ്.
⚡വിമാന സർവീസ് നടത്തുന്ന കമ്പനികളിൽ നിന്നും
⚡വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ നിന്നും
വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ പാലിക്കാനായി വലിയ ഒരു തുക ചിലവാകുന്നു. ഇത് നേടാനായി അവർ അടിസ്ഥാന സൗകര്യങ്ങൾക്കായ് മാറ്റിവച്ചിരിക്കുന്ന സ്ഥാവര സ്വത്തുക്കൾ (റിയൽ എസ്റ്റേറ്റ്) ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം. ഉദാ: വിമാനത്താവളത്തിലെ പാർക്കിങ് ഫീ മറ്റിടങ്ങളെക്കാൾ പല മടങ്ങ് അധികം ആണ്.മാത്രമല്ല, വിമാനത്താവളങ്ങളിൽ ജനങ്ങളുടെ സന്ദർശനം മറ്റു വിപണികളേക്കാൾ കുറവായിരിക്കും. അതുകൊണ്ടുതന്നെ വിമാനത്താവളങ്ങൾ സാധാരണയായി സ്റ്റോർഫ്രോണ്ടുകൾക്ക് സാധാരണയിൽ നിന്നും അധികമായ വില ഈടാക്കുവാനുള്ള അനുമതി നൽകുന്നു.
✨ഉയർന്ന നിർമ്മാണ ചെലവ് : വിമാനത്താവളങ്ങൾക്കുള്ളിൽ നിർമാണം നടത്തുവാനുള്ള പ്രത്യേക ലൈസൻസ് ഉള്ള കരാറുകാരെ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. വിമാനത്താവള അതോറിട്ടി നിശ്ചയിക്കുന്ന മാനദണ്ഡങ്ങളും , കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുമൊക്കെ (പ്രത്യേകിച്ചും 9/ 11 പോലെയുള്ള സംഭവങ്ങൾക്കു ശേഷം) അനുസരിച്ചാവണം നിർമാണം എന്നുള്ളത് നിർമാണ ശൈലിയിലും , ചിലവിലും വലിയ വ്യത്യാസം ഉണ്ടാക്കുന്നു. സാധാരണ വിപണിയിൽ ഇത്തരം മാനദണ്ഡങ്ങളിൽ താരതമ്യേന അയവുണ്ടാകും.
✨Handling charges (കൈകാര്യം ചെയ്യൽ), ലോജിസ്റ്റിക് ചെലവുകൾ : ഇതേ കാരണങ്ങൾ കൊണ്ട് തന്നെ വിപണന സാമഗ്രികൾ കടയിലെത്തിക്കാൻ ഉള്ള ചിലവുകളും വളരെയധികം ആണ്. ഒന്നിലധികം സുരക്ഷാ പരിശോധകൾക്കു വിധേയമായി ആണ് എല്ലാ സാമഗ്രികളും എത്തിക്കുന്നത്. തെരുവിലെ റെസ്റ്റോറന്റുകൾക്കും , ചില്ലറക്കച്ചവടക്കാർക്കും അവയുടെ വിതരണ ശൃംഖലകളും മറ്റും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സൗകര്യങ്ങൾ എളുപ്പത്തിലും , ചിലവുകുറഞ്ഞ രീതിയിലും നടപ്പിൽ വരുത്താമെന്നുള്ളതും വിലകളിലെ വ്യത്യാസത്തിന് കാരണമാകുന്നു
✨ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചിലവുകൾ / ഉയർന്ന ശമ്പളം എന്നിവ (പരമ്പരാഗത റീട്ടെയിൽ ജോലികളേക്കാൾ ഉയർന്ന ശരാശരി ശമ്പളം) : വിമാനത്താവളങ്ങളിലെ സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ചകൾ അനുവദിക്കില്ലെന്നിരിക്കെ അവിടെ പ്രവർത്തിക്കുന്ന ജീവനക്കാരെ പ്രത്യേക പരിശീലനത്തിനും , റിഫ്രഷർ കോഴ്സുകൾക്കും വിധേയരാകുന്നു. ഉദാ: ഓരോ ദിവസവും ഒരു റെസ്റ്റാറ്റന്റിലെ കത്തികൾ പോലും നിരവധി തവണ എണ്ണി തിട്ടപ്പെടുത്തി രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ സുരക്ഷാ നടപടികൾ അധിക തൊഴിൽ ചെലവുകൾക്ക് തുല്യമാണ്. ഇവർ ജോലി ഉപേക്ഷിച്ചാൽ യോജിച്ച മറ്റൊരാളെ കണ്ടെത്തുന്നതിലെ കാലതാമസവും , ബുദ്ധിമുട്ടുകളും കണക്കിലെടുത്തു അവർക്ക് ഉയർന്ന ശമ്പളം നൽകുന്നു. മാത്രമല്ല വിമാനത്താവളങ്ങൾ സാധാരണയായി നഗരങ്ങളിൽ നിന്നും അകലെ ആയതിനാൽ ഉദ്യോഗസ്ഥർക്ക് എത്തിച്ചേരുവാനുള്ള യാത്രാബത്ത, പാർക്കിങ് ഫീ എന്നിവയും ശമ്പള വർദ്ധനയ്ക്കൊരു ഘടകമാണ്.
ഇതൊക്കെ ഈടാക്കാനുള്ള മാർഗ്ഗം വിമാനത്താവളങ്ങളിൽ നിന്നും നമുക്ക് ലഭിക്കുന്ന ആഹാരത്തിൽ നിന്നോ , വാങ്ങുന്ന വസ്തുക്കളിൽ നിന്നോ ആയതാണ് ഉയർന്ന വിലയ്ക്കുള്ള കാരണം.