നാളെ ഞങ്ങളുടെ കുട്ടികളും പേരക്കുട്ടികളും സംഘപരിവാർ തീവ്രവാദികളെ ചെറുത്തുതോൽപ്പിച്ചവരാണ് ഞങ്ങളുടെ പൂർവികർ എന്ന് പറയുകതന്നെ ചെയ്യും

0
215
തുന്നിക്കെട്ടിയ തലയുമായി  സഖാവ് ഐഷി ഘോഷ് പോയത് വീട്ടിലേക്കല്ല, സമരമുഖത്തേക്കാണ്. സംഘപരിവാർ ക്രിമിനലുകളുടെ ആക്രമണത്തിനിരയായ ഐഷിയുടെ വാർത്ത അറിഞ്ഞ അവരുടെ അമ്മ പറഞ്ഞത് മകളെ കാണണമെന്നോ വീട്ടിലെത്തിക്കണമെന്നോ അല്ല, അവൾ ഈ സമരത്തിൻ്റെ മുന്നിൽ തന്നെയുണ്ടാവുമെന്നാണ്.
നിങ്ങൾ ഇനിയും മനസിലാക്കിയിട്ടില്ലെങ്കിൽ പറഞ്ഞുതരാം. തല്ലിയതുകൊണ്ടോ തുറങ്കിലടച്ചതുകൊണ്ടോ നിങ്ങളിട്ടിരിക്കുന്ന പാദുകങ്ങളുടെ വാറഴിച്ചുതരുന്നവരല്ല ഈ ജനത. അപ്പൻ്റെയും അപ്പൂപ്പൻ്റെയും ചരിത്രം കാലുനക്കിയതിൻ്റെയും മാപ്പെഴുതിക്കൊടുത്തതിൻ്റെയും രേഖകൾ നിങ്ങൾക്കുമുന്നിൽ വെക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ചരിത്രം മാത്രമാണ്. ഞങ്ങളുടെ പൂർവികന്മാർ തൂക്കുമരത്തിനുമുന്നിൽ ഇൻക്വിലാബ് വിളിച്ചവരാണ്, ഞങ്ങളുടെ പൂർവികന്മാർ പിന്നിൽ നിന്നുവെടിവെക്കാതെ മുന്നിൽ നിന്നു വെടിവെക്കാൻ അചഞ്ചലം ആക്രോശിച്ചവരാണ്, ഞങ്ങളുടെ പൂർവികന്മാർ ചോരയിൽ മുക്കിയ വെളുത്ത തുണി പതാകയായുയർത്തി മുന്നോട്ട് നടന്നവരാണ്.
ചരിത്രത്തിൻ്റെ താളുകളിൽ ഒറ്റുകാരൻ്റെ വേഷം മാത്രം ധരിച്ചിരിക്കുന്ന, മുന്നോട്ട് മറിക്കുന്തോറും കലാപകാരിയുടേയും വർഗീയവാദിയുടേയും ദേശദ്രോഹികളുടെയും വേഷം മാത്രം ധരിച്ചിരിക്കുന്ന സംഘപരിവാറുകാരാ, ചെറുത്തുനിൽപ്പിൻ്റെ കഥ നിങ്ങൾക്ക് അന്യമായിരിക്കാം.. ഇത് നിങ്ങൾക്ക് അതൊക്കെയും പഠിക്കാനുള്ള കാലമാണ്. എങ്ങനെ ബ്രിട്ടീഷുകാരുടെ തോക്കിനെ തോൽപ്പിച്ചവരുടെ കുട്ടികളും പേരക്കുട്ടികളുമാണ് ഞങ്ങളെന്ന് ആത്മാഭിമാനത്തോടെ പറയുന്നുണ്ടെങ്കിൽ നാളെ ഞങ്ങളുടെ കുട്ടികളും പേരക്കുട്ടികളും സംഘപരിവാർ തീവ്രവാദികളെ ചെറുത്തുതോൽപ്പിച്ചവരാണ് ഞങ്ങളുടെ പൂർവികർ എന്ന് പറയുകതന്നെ ചെയ്യും.
(കടപ്പാട് )