എല്ലാ രേഖകളും സമർപ്പിച്ചിട്ടും ആ ആ പഞ്ചായത്തിൽ ജനിച്ചതാണെന്നു ഒരു ബർത്ത് സർട്ടിഫിക്കറ്റ് വില്ലേജ് ആപ്പീസർ തന്നില്ല, പൗരത്വം പോലും ഇല്ലാത്തതായി

0
920

ഇതുവരെ യാതൊരു വ്യക്തതയും കൈവന്നിട്ടില്ലാത്ത പൗരത്വ രജിസ്ട്രറിൽ നൂറ്റി മുപ്പതു കോടി ഭാരതീയരിൽ നിങ്ങളുടെ പേരുണ്ട് എന്ന് ധരിച്ച് അതിനെ അനുകൂലിയ്ക്കുന്നവർ മത രാഷ്ട്രീയ വിധേയത്വമില്ലാതെ ഇതു മുഴുവന് വായിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.
എസ് എസ് എൽ സി ബുക്ക്, പാസ്പോര്ട്ട്, ജീവിച്ചിരിയ്ക്കുന്ന മാതാപിതാക്കൾ, മുന്നാധാരം, പിന്നാധാരം, വാർഡ് മെമ്പറുടെ റെക്കമെൻഡേഷൻ എല്ലാം സമർപ്പിച്ചിട്ടും ഒരു വ്യക്തി ആ പഞ്ചായത്തിൽ ജനിച്ചതാണെന്നു ഒരു ബർത്ത് സർട്ടിഫിക്കറ്റ് വില്ലേജ് ആപ്പീസർ തന്നില്ല. ഇത് ബംഗാളിലോ അസമിലോ ഒന്നും അല്ല നടന്നത്. കേരളത്തിൽ തന്നെ! എറണാകുളത്തു ജനിച്ച എനിയ്ക്ക് 2005 ഇൽ ഉണ്ടായ അനുഭവമാണ്.
ഇനി അല്പം ഫ്ലാഷ് ബാക്ക്.
പണ്ടൊക്കെ സ്ത്രീകൾ എല്ലാവരും പ്രസവിച്ചിരുന്നത് വീടുകളിൽ തന്നെ ആയിരുന്നു. പ്രസവ സമയത്ത് വയറ്റാട്ടികളെ വീട്ടിലേയ്ക്ക് വിളിയ്ക്കുകയായിരുന്നു പതിവ്. ഏകദേശം 1974 (?) മുതലാണ് കേരളത്തിൽ ജനനവും മരണവും നിർബന്ധമായും വില്ലേജുകളിൽ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയത്. അതിനു മുൻപ് ജനിച്ചവരുടെയെല്ലാം ജനന തിയതി മാതാപിതാക്കൾ കുറിച്ചു വയ്ക്കുമായിരുന്നു – ജാതകം ഉണ്ടാക്കാനായി മാത്രം! 4 വയസ്സായാൽ സ്‌കൂളിൽ ചേർക്കാൻ കൊണ്ടുപോകുമ്പോൾ വയസ്സ് തെളിയിക്കുന്ന ഒരു രേഖയും രക്ഷിതാക്കളുടെ കയ്യിൽ ഉണ്ടാകുമായിരുന്നില്ല.
ജൂലൈ 31 നു 4 വയസ്സായവർക്ക് മാത്രമേ ഒന്നിൽ അഡ്മിഷൻ കൊടുത്തിരുന്നുള്ളു. 3 വയസ്സിനുമേൽ ഉള്ള എല്ലാവരുടെയും വയസ്സ് വാക്കാൽ july 31 നു, 4ആക്കി സ്‌കൂളിൽ ചേർക്കുമായിരുന്നു. അക്കാലത്തെ അനേകം കുട്ടികളുടെ ഡേറ്റ് ഓഫ് ബർത്ത് ജൂലൈ 31 ആണെന്ന് കാണാം. എന്റെ ചേട്ടനെ മൂന്നു വയസ്സുകഴിഞ്ഞപ്പോൾ നാലാക്കി കാണിച്ചു ഒന്നാംക്‌ളാസ്സിലാക്കി. ഒരു കൊല്ലം മുമ്പേ സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്യേണ്ടി വന്നതുകൊണ്ട് പുള്ളിയ്ക്ക് വലിയ സങ്കടമായിരുന്നു.
എന്റെ ഭാര്യക്ക് രണ്ടു ഡേറ്റ് ഓഫ് ബർത്ത് ഉണ്ട്. ഒന്ന് റെക്കോർഡിലും മറ്റേതു ആഘോഷിയ്ക്കാനും! പക്ഷെ എന്റെ ഡേറ്റ് ഓഫ് ബർത്ത് സ്‌കൂളിൽ ചേർത്തത് ശരിയായി തന്നെ ആയിരുന്നു. എന്നെ പൂർണ്ണമായും 4 വയസ്സു കഴിഞ്ഞതിനു ശേഷമാണ് സ്‌കൂളിൽ ചേർത്തത്.
വിദ്യാഭ്യാസം കഴിഞ്ഞു 18 -വയസ്സിൽ ഞാൻ ബോംബയ്ക്ക് വണ്ടി കേറി. കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം നാട്ടിൽ വന്നു പോകുമായിരുന്നു.
32- വയസ്സിൽ ഒരു വിദേശ വിസയുമായി ബന്ധപ്പെട്ട് ബർത്ത് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. അതുവരെ ബെർത്ത് സർട്ടിഫിക്കറ്റ് എസ് എസ് എൽ സി ബുക്കായിരുന്നു. ഈ കാര്യത്തിന് ഒറിജിനൽ വില്ലേജാപ്പീസ്സിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തന്നെ വേണം. കാര്യം കാണിച്ച് എന്റെ അനിയൻ എനിയ്ക്കുവേണ്ടി വില്ലേജിൽ അപേക്ഷ കൊടുത്തു. മുകളിൽ പറഞ്ഞ എല്ലാ ഡോകുമെന്റ്സും കൊടുത്തു.
എന്റെ കൂടെ തന്നെ ആപ്പ്ളിക്കേഷൻ കൊടുത്ത ഒരു കണ്ണൂരുകാരനും മറാഠിയ്ക്കും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അവരുടെ വില്ലേജ് ആപ്പീസിൽ നിന്നും സർട്ടിഫിക്കറ്റ് കിട്ടി.
കള്ള ബർത്ത് സർട്ടിഫിക്കറ്റുണ്ടാക്കിയതിന് കുറെ വില്ലേജാപ്പീസർമാർക്കെതിരെ കേസുകൾ വന്ന സമയമായിരുന്നു അത്.
നാളെ, മറ്റന്നാൾ എന്ന് പറഞ്ഞു വില്ലേജാപ്പീസർ എന്റെ അനിയനെയും കൂട്ടുകാരെയും മൂന്നു മാസം നടത്തി. അന്ന് വിവരാവകാശ നിയമമൊന്നും നിലവിൽ വന്നിരുന്നില്ല. അവസാനം അറ്റ കൈയ്ക്ക് അനിയൻ 2000 രൂപ മേശപ്പുറത്തു വച്ചു. അത് അയാൾ മടക്കി നൽകി, അടുത്ത ആഴ്ച വരാൻ പറഞ്ഞു.
ഇത്തരുണത്തിൽ പറയട്ടെ, രണ്ടു തരത്തിലുള്ള കൈക്കൂലിക്കാർ ഉണ്ട്. ഒന്നാമത്തേത് അവനവൻ ചെയ്യേണ്ട ജോലി ചെയ്ത് അതിനു കൈക്കൂലി മേടിയ്ക്കുന്നവർ. രണ്ടാമത്തെ വിഭാഗം മരട് പഞ്ചായത്തു പോലെ കള്ളത്തരം കാണിച്ചു കാശു പിടുങ്ങുന്നവർ. ഈ കക്ഷി ഏതായാലും ആദ്യത്തെ വിഭാഗത്തിൽ പെടുന്ന ആളായിരുന്നു.
അടുത്ത ആഴ്ച ബർത്ത് സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ അയാൾ ഞങ്ങളെ ഞെട്ടിപ്പിച്ചു കളഞ്ഞു. അയാളുടെ അന്വേഷണപ്രകാരം ഞാൻ അവിടെ ജനിച്ചതാണ് എന്നതിന് തെളിവില്ലത്രേ.
എന്തുകൊണ്ടാണ് അയാൾ അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാരാഞ്ഞപ്പോൾ അയാൾ പറഞ്ഞത് രസകരമായിരുന്നു.
അയാൾ എന്നെ കുറിച്ച് അന്വേഷിയ്ക്കാൻ (Field work) എന്റെ വീടിന്റെ നാല് അയല്പക്കങ്ങളിലും പോയി. മൂന്ന് പേരും ഞാൻ അവിടെ ജനിച്ചു വളർന്നവനാണെന്നും ഇപ്പോൾ ബോംബയിൽ ആണെന്നും പറഞ്ഞു. എന്റെ കിഴക്കേ വീട്ടിലെ ആൾ മാത്രം പറഞ്ഞു, എന്നെ പറ്റി കേട്ടിട്ടും ഇല്ല അറിയുകയും ഇല്ല എന്ന്. വില്ലേജാപ്പീസർ റിസ്ക് എടുക്കാതെ ഫയൽ മടക്കി. നിയമപ്രകാരം അയാൾക്ക് അതിനുള്ള അധികാരം ഉണ്ടായിരുന്നു.
കിഴക്കേതിലെ അയൽക്കാരൻ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു. ഞാൻ ജനിയ്ക്കുമ്പോൾ കിഴക്കേതിലെ അയൽക്കാരൻ റയിൽവേയിൽ ജോലികിട്ടി തമിഴ് നാട്ടിലേയ്ക്ക് പോയി. പിന്നെ അവിടെത്തന്നെയായിരുന്നു താമസം. നാട്ടിലേയ്ക്ക് വരാറില്ല. ഞാൻ ബോംബൈയ്ക്ക് പോയപ്പോൾ അദ്ദേഹം റിട്ടയർ ചെയ്ത് സ്വന്തം വീട്ടിലേയ്ക്ക് സ്ഥിരതാമസമാക്കി. കഴിഞ്ഞ 12 കൊല്ലങ്ങളിൽ അയാൾ എന്നെ അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. നുണ പറയേണ്ട ഒരു കാര്യവും അങ്ങോർക്കില്ല.
റയിൽവേക്കാരനെ ആപ്പീസർ കൂടുതൽ വിശ്വസിച്ചു. കാരണം അദ്ദേഹം വിദ്യാഭ്യാസമുള്ളവനും കൃത്യമായ I D യുള്ളവനും ആയിരുന്നു. മറ്റുള്ള അയൽക്കാർ വെറും ഗ്രാമീണരും കൃഷിയും കച്ചവടവും നടത്തിയിരുന്നവരുമായിരുന്നു.
ഞാൻ അവിടെ ജനിച്ചവൻ ആണെന്ന് തെളിയിക്കേണ്ട ബാന്ധ്യത എനിയ്ക്കായി. എങ്ങനുണ്ട്, ഒരു നിയമവും, സാഹചര്യങ്ങൾ മൂലം ഒരു സാധാരണ പൗരൻ അനുഭവിയ്ക്കേണ്ടി വന്ന കഷ്ടപ്പാടുകളും! ഇനി പൗരത്വ രജിസ്റ്റർ കൂടി വരുമ്പോൾ എന്താകും സ്ഥിതി!
ഇവിടെ വില്ലേജാപ്പീസർ കുറ്റക്കാരനാണോ? അല്ല. അയാൾ അയാളുടെ ഡ്യൂട്ടി നിയമപരമായി തന്നെ ചെയ്തു.
റെയിൽവേക്കാരൻ കുറ്റക്കാരനാണോ? അല്ല. അദ്ദേഹത്തിന് എന്നോട് ഒരു വിരോധവും ഉണ്ടായിരുന്നില്ല. എന്നെ അറിയുകയും ഇല്ലായിരുന്നു.
ഞാൻ എന്റെ നാട്ടിൽ ജനിച്ചതാണ് എന്ന് ഇനി എങ്ങനെ തെളിയിയ്ക്കും?
താഴെയുള്ള ഒരാൾ റിപ്പോർട്ട് കൊടുത്തുകഴിഞ്ഞാൽ അതു മറികടക്കാൻ മുകളിൽ ഉള്ളവർ വിചാരിയ്ക്കണമെങ്കിൽ ഒന്നല്ലെങ്കിൽ അവരുടെ സ്വന്തക്കാരായിരിയ്ക്കണം അല്ലെങ്കിൽ നല്ലവണ്ണം കാശിറക്കണം. അതുമല്ലെങ്കിൽ കോടതി ശരണം! കോടതി കയറി ഇറങ്ങാൻ എന്റെ ജീവിതം പിന്നെയും ബാക്കി. ആ സമയത്ത് പൗരത്വ രജിസ്റ്റർ ഇല്ലാത്തതിനാൽ എന്നെ നുഴഞ്ഞു കയറ്റക്കാരനായി ചിത്രീകരിച്ച് തടങ്കൽ പാളയത്തിൽ ആക്കിയില്ല എന്നത് തന്നെ ഭാഗ്യം!
ഒരേ നിയമം! മറാഠിയ്ക്കും, കണ്ണൂരുകാരനും എനിയ്ക്കും! ഞാൻ മാത്രം പുറത്ത്. പൗരത്വ രജിസ്റ്റർ വന്നാൽ ഇതുപോലെയുള്ള എത്ര കഥന കഥകൾ നടക്കും?
ഒന്നുകിൽ എല്ലാവര്ക്കും ഇന്നത്തെ ഡേറ്റിൽ പൗരത്വം കൊടുക്കുക എന്നിട്ട് അത് അവർത്തിയ്ക്കാതിരിയ്ക്കാൻ മുൻകരുതൽ എടുക്കുക . അല്ലെങ്കിൽ ഈ വണ്ടി, ഇത്‌പോലെ തന്നെ നിർത്താതെ തള്ളിക്കൊണ്ടിരിയ്ക്കുക!
130 കോടി ഇന്ത്യക്കാരുടെ രജിസ്റ്ററിൽ നിങ്ങളും ഉണ്ടെന്ന വിശ്വാസത്തോടെ ചില്ലുകൂട്ടിൽ നിശബ്ദരായി ഇരിയ്ക്കുന്നവരെ, നാളെ നിങ്ങളോ നിങ്ങളുടെ കൂട്ടുകാരോ വീട്ടുകാരോ, നിങ്ങളുടേതല്ലാത്ത കുറ്റത്തിന് തടങ്കൽപാളയത്തിൽ സസുഖം വാഴുമ്പോൾ അതിൽ നിങ്ങളുടെ നിശ്ശബ്ദതയ്ക്ക് സ്ഥാനമുണ്ടായിരുന്നു എന്നറിയുക.
(എന്റെ യാതനകൾ വിദേശ എംബസിയെ അറിയിക്കുകയും അവർ എന്റെ അപേക്ഷ അനുഭാവപൂർവം പരിഗണിയ്ക്കുകയും ചെയ്തു.)
നാനാ പാട്ടെക്കർ ക്രാന്തിവീറിൽ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്.
“ഹമാരെ ചുനെ ഹുയെ കുത്തേ ഹമേ ഹി കാട്തേ ഹൈ.
ഔർ ഹമാരെ ഹിസ്സെ കി ബോട്ടിയാം ആപസ് മേം ബാട്ട്തേ ഹൈ”
Our own dogs are biting us,
They are distributing our bones amongst themselves.
ജനാധിപത്യത്തിന്റെ വളർച്ച ജനങ്ങളുടെ ക്ഷേമത്തിനായിരിയ്‌ക്കണം, അസ്തിത്വം തെളിയിക്കാൻ ആയിരിയ്ക്കരുത്.