അല്ലു അർജുന്റെ 5 സിനിമകൾ അടുപ്പിച്ചു കേരളത്തിൽ 100 ദിവസം ഓടി സുപ്പർഹിറ്റ്‌ ആയിട്ടുണ്ടത്രെ

104

മലയാളത്തിലെ ദാരിദ്ര്യവും അല്ലു അർജുന്റെ നേട്ടവും.

ഈയിടെയാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അല്ലു അർജുന്റെ ആര്യ തൊട്ടു അടുപ്പിച്ചു 5 സിനിമകൾ കേരളത്തിൽ 100 ദിവസം ഓടി സുപ്പർഹിറ്റ്‌ ആയിട്ടുണ്ടത്രെ. മലയാളത്തിലെ ഒരു യുവതാരത്തിനും ലഭിക്കാത്ത ഭാഗ്യം. തമാശ എന്തെന്നാൽ ഇതിൽ “ഹാപ്പി” എന്ന സിനിമ ആന്ധ്രയിൽ പരാജയം ആയിരുന്നു. പക്ഷെ കേരളത്തിൽ 150 ദിവസത്തോളം ഓടി അല്ലുവിനെ ഏറ്റവും വലിയ വിജയമായി. അതായത്, അല്ലുവിനും നേരത്തെ പറഞ്ഞ ഭാഗ്യം മലയാളത്തിൽ മാത്രമേ ലഭിച്ചുള്ളു. 😳

Allu Arjun Wallpapers 1080p Hd Best Pictures, Images & Photos 2020എന്നും ഒരു സംശയം ആയിരുന്നു തന്റെ ജന്മനാട്ടിൽ ഉള്ളതിനേക്കാൾ വലിയ ആരാധകവൃന്ദം അല്ലുവിനും സൂര്യക്കും ഒക്കെ കേരളത്തിൽ എങ്ങനെ ഉണ്ടായി എന്ന്. സൂര്യയുടെ കാര്യത്തിൽ തമിഴ് സിനിമയിൽ നിന്ന് അധികം പ്രതീക്ഷിക്കാത്ത output തന്ന “വാരണം ആയിരം”,”ഗജിനി” പോലുള്ള സിനിമകൾ ആയിരുന്നു കാരണം. പക്ഷെ അല്ലുവിന്റെ കാര്യത്തിൽ വെറും മസാല എന്ന് കളിയാക്കി പറയുന്ന സാദാ തെലുങ്ക് ശൈലിയിൽ തന്നെയാണ് സിനിമകൾ. പിന്നെ എങ്ങനെ?
ഈയിടെയായി ജോലിയില്ലാതെ ഇരിക്കുമ്പോൾ “primary school” നൊസ്റ്റു തീർക്കാൻ 2006നു മുൻപുള്ള സിനിമകൾ കുറെ കണ്ടു നോക്കി. പണ്ട്, കോളേജ് എന്നാൽ എന്താണെന്നൊക്കെ ആദ്യമായി ചിന്തിച്ചു തുടങ്ങിയ കാലത്തു കണ്ട പടങ്ങൾ. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് 2003-2006 കാലത്ത് മലയാളത്തിലെ പുതുമുഖങ്ങളുടെ തള്ളിക്കയറ്റവും quality ഉള്ള ക്യാമ്പസ് പടങ്ങളുടെ ദാരിദ്യവും.

2002 വരെ മലയാളത്തിൽ ഒരു പ്രത്യേകതരം standard ഉണ്ടായിരുന്നു- “നിറം”, “ദോസ്ത്” പോലെയുള്ള ക്യാമ്പസ് പടങ്ങൾ. ക്യാമ്പസ് എന്നാൽ സൗഹൃദവും പ്രണയവും ആഘോഷവും ആയിരുന്നു പ്രധാനമായും. പ്രശ്നങ്ങൾ ഒക്കെ ക്യാമ്പസ്സിന് പുറത്തും. “നമ്മൾ” എന്ന സിനിമയിലാണെന്നു തോന്നുന്നു ആദ്യമായി ക്യാമ്പ്‌സിന് ഉള്ളിലെ വില്ലന്മാരെയും പ്രശ്നങ്ങളും ഞാൻ കണ്ടത്. ദീർഘകാലമായി കൂട്ടുകാരായിരുന്ന ജിഷ്ണുവും സിദ്ധുവും തമ്മിലുള്ള കെമിസ്ട്രിയും, നല്ല പ്രമേയവും തിരക്കഥയും ഒപ്പം മറ്റുള്ള അഭിനേതാക്കളുടെ പ്രകടനവും ഒക്കെ ആയപ്പോൾ മലയാളത്തിലെ ഒരു superhit ക്യാമ്പസ് സിനിമ ആയി. “രാക്ഷസി” അടക്കം trending ആയ പാട്ടുകളും ക്യാമ്പസ്സിന് ഉള്ളിലെ പുതിയ രീതിയിൽ ഉള്ള പ്രണയവും ശത്രുതയും അടിയും ഒക്കെ കൂടി പുതിയൊരു തരം ക്യാമ്പസ് സിനിമയ്ക്കുള്ള സാധ്യത അവിടെ ഉണ്ടായി.🤩

അതിനു ശേഷം ചില വ്യത്യാസങ്ങൾ വന്നു. 2003ൽ “കസ്തൂരിമാൻ”, “സ്വപ്നം കൊണ്ട് തുലാഭാരം” എന്ന സിനിമകൾക്ക് ശേഷം അന്നത്തെ പ്രധാന ക്യാമ്പസ് ഹീറോ ചാക്കോച്ചൻ കുറേക്കൂടി മുതിർന്ന വേഷങ്ങൾ ചെയ്യാൻ തുടങ്ങി. പുതിയതായി വന്ന പൃഥ്വിരാജ്, ഇന്ദ്രജിത് മുതലുള്ള യുവതാരങ്ങൾക്ക് 30 വയസ്സ് ഉള്ള വേഷങ്ങളോടായിരുന്നു അന്നൊക്കെ താല്പര്യം. അവർ ആ കാലത് (2004ൽ) ആദ്യമായി അഭിനയിച്ച ക്യാമ്പസ് സിനിമ “നമ്മൾ തമ്മിൽ” ഇറങ്ങിയത് 2009ൽ. മറ്റു യുവനടന്മാരും (ജയസൂര്യ, ജിഷ്ണു etc) ക്യാമ്പസ് വേഷങ്ങൾക്ക് പകരം കുറച്ചുകൂടി maturity ഉള്ള യുവനായക വേഷങ്ങളിലായിരുന്നു താല്പര്യം കാണിച്ചത്. “തില്ലാന” പോലുള്ള സിനിമകളിലൂടെ കൃഷ്ണയെ പോലുള്ളവർ യുവതാരമാകാൻ ശ്രമം നടത്തിയെങ്കിലും വലിയ ഫലം ഉണ്ടായില്ല. 😑
ഈ ഒരു അവസരത്തിൽ മലയാളത്തിൽ കുറെ പുതിയ തരം ക്യാമ്പസ് സിനിമയ്ക്കുള്ള സാഹചര്യം ഒരുങ്ങി. ആദ്യമായി 2004ൽ “4 ദി പീപ്പിൾ” ഒരു തരംഗം സൃഷ്ടിച്ചു. ക്യാമ്പ‌സിലെയും സമൂഹത്തേയും വില്ലന്മാരോട് എതിരിടുന്ന ധീരന്മാരും റൊമാന്റിക്കും ആയ നായകന്മാരും, അതുവരെ കേട്ടിട്ടില്ലാത്ത പുതിയ തരം trendy സംഗീതവും, ഗാനങ്ങളുടെ ചിത്രീകരണവും ഒക്കെയായി ക്യാമ്പസ് സിനിമയുടെ മുഖമുദ്ര. ഞാൻ ഓർക്കുന്നു.. അന്ന് എവിടെ നോക്കിയാലും “ലജ്‌ജാവതി”യും ജാസി ഗിഫ്റ്റുമായിരുന്നു എല്ലാവര്ക്കും പ്രിയം. 😍

എന്നാൽ ഈ Trendന്റെ തുടർച്ചയായി ആ വര്ഷം ഇറങ്ങിയ മറ്റു പടങ്ങൾ ഒന്നും വലിയ വിജയം നേടിയില്ല. ജാസി ഗിഫ്റ്റിന്റെ ഹിറ്റ് ഗാനങ്ങളുമായി വന്ന “റൈൻ റൈൻ കം എഗൈൻ”, “Escotelല്ലോ BPLല്ലോ”-യുമായി വന്ന “കൂട്ട്”, “കള്ളാ കള്ളാ കൊച്ചുകള്ളാ”യുമായി വന്ന “യൂത് ഫെസ്റ്റിവൽ”, ഒക്കെ പരാജയങ്ങളായി. കെട്ടുറപ്പില്ലാത്ത തിരക്കഥയും മോശം സംവിധാനവും ഒക്കെ ഉണ്ടെങ്കിലും ഏറ്റവും മോശമായി പലപ്പോഴും വന്നത് പ്രധാന നായകൻറെ വേഷം ചെയ്യാനെത്തിയ പുതുമുഖങ്ങളുടെ മോശം പ്രകടനങ്ങൾ തന്നെ ആയിരുന്നു. അത്യാവശ്യത്തിനുള്ള രൂപഭംഗിയും, നൃത്തത്തിലും സംഘട്ടനത്തിലുമൊക്കെ കഴിവും ഉണ്ടായിട്ടും അഭിനയം ഒട്ടും തൃപ്തികരം ആകാത്തതുകൊണ്ട് സിനിമകൾ convincing ആയില്ല. പ്രത്യകിച്ചും “കൂട്ടി”ലെ നായകൻ റിച്ചാർഡ് റിഷി – “Escotelല്ലോ BPLല്ലോ”യിലൊക്കെ വളരെ മികച്ച നൃത്തചുവടുകളായിരുന്നു. “റൈൻ റൈൻ കം എഗൈൻ” എന്ന സിനിമയിലാണെങ്കിൽ അയ്യപ്പബൈജു അല്ലാതെ അഭിനയം അറിയുന്ന മറ്റാരും തന്നെ ഉണ്ടായില്ല എന്നാണ് ഓർമ്മ.😪
ആകെ ഹിറ്റായ “4 ദി പീപ്പിളി”ലെ നായകന്മാർക്കും വലിയ മെച്ചം ഉണ്ടായില്ല. കുറച്ചു ആരാധകർ ഉണ്ടായ ഭരത് ഉടനെ തമിഴിലേക്ക് തിരിച്ചു പോവുകയും ചെയ്തു. അതുപോലെ കൗമാരക്കാർക്കായി ഒരുക്കിയ “മഞ്ഞുപോലൊരു പെൺകുട്ടി” നല്ല അഭിപ്രായം നേടിയെങ്കിലും വിജയിച്ചില്ല. അതിലെ നായകനും വലിയ ശ്രദ്ധ ലഭിച്ചില്ല.

ഇതിന്റെ ഒക്കെ ഇടക്ക് 2 തെലുങ്ക് ഡബ്ബിങ് പടങ്ങൾ കേരളത്തിൽ തരംഗം സൃഷ്ടിച്ചു. ബാലതാരമായിരിക്കെ ദേശിയ അവാർഡ് നേടിയ തരുൺ നായകനായ “പ്രണയമായി” എന്ന സിനിമയും “I’m very Sorry” എന്ന ഗാനവും തെലുങ്ക് ഡബ്ബിങ് സിനിമകൾക്ക് കേരളത്തിൽ ഒരു വലിയ സാധ്യത തുറന്നു കൊടുത്തപ്പോൾ, പിന്നാലെ വന്ന അല്ലു അർജുന്റെ ആര്യ എന്ന സിനിമ യുവാക്കളുടെ ഹരമായി മാറി. വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയും, ഡബ്ബിങ് എന്ന് തോന്നാത്ത അതിമനോഹരമായ ഗാനങ്ങളും, നൃത്തത്തിലും സംഘട്ടനത്തിലും അന്ന് മലയാളത്തിലെ ഒരു നായകനുമില്ലാത്ത പ്രവീണ്യവും ഒപ്പം സുന്ദരമായ മുഖവും ചുറുചുറുക്കും അത്യാവശ്യം നല്ല അഭിനയവും കൂടി ആയപ്പോൾ ക്യാമ്പസ് സിനിമയിലെ യുവനായകൻ ഇങ്ങനെ ഇരിക്കണം എന്ന് മലയാളികൾ പറയാൻ തുടങ്ങി.🔥
2005ലും കാര്യങ്ങളിൽ വലിയ വ്യത്യാസം ഉണ്ടായില്ല. ചാക്കോച്ചൻ “Five Fingers”ലൂടെ ക്യാമ്പസ് പടങ്ങളിലേക്ക് ഒരു തിരിച്ചു വരവ് നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മധു വാര്യർ നായകനായ “ക്യാമ്പസ്”, മണിക്കുട്ടൻ നായകനായ “ബോയ്ഫ്രണ്ട്”, ജയരാജിന്റെ “ബൈ ദി പീപ്പിൾ”, ജാസി ഗിഫ്റ്റിന്റെ മറ്റൊരു ഹിറ്റുമായെത്തിയ “december”.. ഒന്നിനും പണ്ട് “4 ദി പീപ്പിൾ” നേടിയ ജനപ്രീതി നേടാൻ കഴിഞ്ഞില്ല. പുതുമകളൊന്നും ഇല്ലാത്ത പ്രമേയവും കെട്ടുറപ്പില്ലാത്ത തിരക്കഥയും അഭിനയിക്കാനറിയാത്ത നായകന്മാരുമായി അങ്ങനെ ഒരു വര്ഷം കൂടി പോയി. കൂട്ടത്തിൽ മണിക്കുട്ടൻ മാത്രമാണ് കുറച്ചു നല്ല അഭിപ്രായം നേടിയത്. എന്നാൽ അത് തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞുമില്ല. “ഡിസംബറി”ലെ മഞ്ജുളൻറെ പ്രകടനം അന്നുമിന്നും ആളുകൾ കളിയാക്കാനായി മാത്രം കാണുന്നതാണ്.😂

ഇതിന്റെ ഇടയിൽ വീണ്ടും ഒരു അല്ലു പടം വന്നു- “ബണ്ണി”. ആര്യയിൽ നിന്ന് വ്യത്യസ്തമായി ഒരു മാസ് ഹീറോ പരിവേഷം ഉള്ള നായകനും, പ്രതികാര കഥയും, ആവശ്യത്തിന് മസാല ചേരുവകളുമൊക്കെയായി. ആ സമയത്ത് കേരളത്തിലെ യുവജനതക്ക് അത് ആവശ്യമായിരുന്നു. മഞ്ജുളൻറെ “കടുംതുടി” ഒക്കെ കണ്ടു വിജ്രംഭിച്ചു പോയ മലയാളിക്ക് “മാരോ മാരോ” കണ്ടപ്പോൾ കയ്യടിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. അങ്ങനെ അതും സൂപ്പർ ഹിറ്റിലേക്ക്. 2 വര്ഷത്തോളമായി ഒരു ക്യാമ്പസ് പടം പോലും ശെരിക്ക് ഓടാത്ത മലയാളത്തിൽ 2 പടങ്ങൾ 100നു മുകളിൽ ഓടിയപ്പോൾ തന്നെ അല്ലുവിന്റെ സ്ഥാനം ഏതാണ്ട് ഉറപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 💪🏻

2006ൽ തുടക്കത്തിൽ തന്നെ “”happy”യുമായി വന്നു അല്ലു താൻ കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള യുവതാരമാണെന്നു ഉറപ്പിച്ചു. മുൻപ് ഒരു മത്സരത്തിന് ആകെ ഉണ്ടായിരുന്ന തരുണിന്റെ “നിലാവ് പോലെ” വലിയ വിജയമായ്ക്കാതെ പോവുകയും ചെയ്തു (ആന്ധ്രയിലെ കാര്യം തിരിച്ചായിരുന്നു എന്നത് ഒരു വലിയ തമാശ). ഈയോരു കാലത്തു “ഗില്ലി”, “സച്ചിൻ” അടക്കമുള്ള വമ്പൻ ഹിറ്റുകളിലൂടെ വിജയ് ധാരാളം ആരാധകരെ നേടിയിരുന്നു. എങ്കിലും വിജയ് കേരളത്തിൽ ഏറ്റവും ആരാധകരുള്ള തമിഴ് സിനിമാതാരം എന്നെ പറയാൻ കഴിയുള്ളു. അല്ലുവിന്റെ കാര്യം പറയുകയാണെങ്കിൽ കേരളത്തിൽ ഏറ്റവും ആരാധകരുള്ള യുവതാരം എന്ന് തന്നെ പറയേണ്ടി വരും. മാത്രമല്ല, എല്ലാ കാലത്തും തമിഴിലെ ഏറ്റവും വലിയ താരങ്ങൾക്കും സിനിമകൾക്കും കേരളത്തിൽ വളരെ വലിയ സ്ഥാനം ഉണ്ടായിരുന്നു. MGR, ശിവാജി തൊട്ടു വിജയ് സേതുപതി വരെ. ❤

ആ സമയത് ഇറങ്ങിയ “Out Of Syllabus” പാർവതിയുടെ ആദ്യ സിനിമാ ആയിരുന്നു. പക്ഷെ ആ സിനിമയും അതിലെ അഭിനേതാക്കളും ശ്രദ്ധിക്കപ്പെട്ടില്ല. കനിഹ മലയാളത്തിൽ ആദ്യമായി നായികയായ “എന്നിട്ടും” എന്ന സിനിമയും വലിയ ശ്രദ്ധ നേടാതെ കടന്നു പോയി. ക്യാമ്പസ് സിനിമകളിലെ “ജാസി ഗിഫ്റ് അടിപൊളി songs” Trendന്റെ അവസാനം കുറിച്ച സിനിമ കൂടിയായിരുന്നു ഇത്.

എന്നാൽ 2006ന്റെ രണ്ടാം പകുതിയിൽ മലയാള സിനിമ കണ്ടത് വലിയ ഒരു വിപ്ലവം തന്നെ ആയിരുന്നു. 2-3 വർഷമായി കണ്ടതിനു വിപരീതമായി, വ്യത്യസ്തമായ പ്രമേയവും, മികച്ച തിരക്കഥയും, അഭിനേതാക്കളുടെ നല്ല പ്രകടനവും, എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന പാട്ടുകളുമൊക്കെയായി ഒരു ക്യാമ്പസ് ചിത്രം- “Classmates”. പിന്നാലെ, ഇതുപോലെ തന്നെ നല്ല പ്രമേയവും തിരക്കഥയും കുറെ മികച്ച നായികമാരുടെ പ്രകടനവുമായി ഒരു കൗമാര സിനിമ- “Notebook” . ശെരിക്കും ഒരു rennaissance തന്നെയായിരുന്നു അവിടെ സംഭവിച്ചത്. മലയാള സിനിമക്ക് യുവമനസ്സുകളെ ആകർഷിക്കുന്ന നല്ല കഥകൾ ചെയ്യാൻ പുറത്തുനിന്നു ആരുടേയും സഹായം വേണ്ട എന്ന് തെളിയിച്ചു.👏🏻 എന്നിട്ടും അല്ലുവിന്റെ സ്ഥാനത്തിന് കോട്ടം തട്ടാൻ പിന്നെയും വർഷങ്ങൾ എടുത്തു എന്നത് വേറെ കാര്യം. 😅

പിന്നീട “Chocolate”, “പുതിയ മുഖം”,എന്നീ സിനിമകളിലൂടെ പ്രിത്വിരാജ്, ജയസൂര്യ ഒക്കെ തിളങ്ങി. മുൻപ് ഹിറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരൊക്കെ മലയാളത്തിന്റെ അടുത്ത താരങ്ങൾ എന്ന് പറയ്യാൻ ആയതു 2006ഓടെയാണ്. അതിനു ശേഷം യുവതാരങ്ങൾ എന്ന ഉറച്ച സ്ഥാനത്തിലിരുന്നു തന്നെ തന്നെ കൂടുതൽ മികച്ച മേച്ചിൽപ്പുറങ്ങൾ തേടി പോയി. പിന്നീട് ഇതുവരെ മലയാളത്തിൽ അന്ന് അനുഭവപ്പെട്ട ഒരു ദാരിദ്യം ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. മാത്രമല്ല, മലയാളികളുടെ ടേസ്റ്റും മാറി. ക്യാമ്പസ് സിനിമകൾ ഉണ്ടാവുക എന്നതൊന്നും ഇപ്പോൾ വലിയ ഒരു ആവശ്യവുമല്ല, യുവതാരങ്ങൾ എന്ത് തരം സിനിമ ചെയ്യണം എന്ന് ഒരു നിർബന്ധവുമില്ല. 👍🏻
ഇപ്പോഴും പല ഭാഷകളിലെ സിനിമകൾ മലയാളികൾ കാണാറുണ്ട്. നല്ല സിനിമകളെയും അതിലെ നായകന്മാരെയും ആഘോഷിക്കാറുണ്ട് . എങ്കിലും ഇവിടുത്തെ യുവതാരങ്ങൾ ആര് എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിട്ടില്ല. “ഹാപ്പി ഡേയ്സ്” മുതൽ “അർജുൻ റെഡ്‌ഡി” വരെ ആഘോഷിക്കപ്പെട്ടതു ഇവിടുത്തെ യുവതാരങ്ങൾക്ക് ഒരു വെല്ലുവിളിയായി വന്നതുമില്ല. വിജയിനോടും അല്ലുവിനോടും തോന്നിയ സ്നേഹം മറക്കാത്തതുകൊണ്ട് അവർ രണ്ടാൾക്കും ഒരു പ്രത്യേക സ്ഥാനം ഉണ്ട് കേരളത്തിൽ. അവരുടെ സിനിമകൾക്കും.🤗

2003-2005 കാലഘട്ടവും അതിലെ സിനിമകളും ഇപ്പോളത്തെ യുവതാരങ്ങളുടെ performance വെച്ച് നോക്കുമ്പോൾ മലയാള സിനിമയുടെ ഒരു മോശം കാലം ആയിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്. [ആരെയും മനപ്പൂർവം താഴ്ത്തിക്കാണിക്കാൻ ശ്രമിക്കുകയല്ല… മേൽപ്പറഞ്ഞ കാലത്ത് സിനിമയെ ഒരു അത്ഭുതമായി നോക്കിക്കണ്ട ഒരു കുട്ടി എന്ന നിലയിൽ എന്റെ ഓർമകൾ പങ്കുവെച്ചു എന്ന് മാത്രം..]😊