തെലുങ്കിലെ സിനിമാ കുടുംബങ്ങൾ- 1
Alvin Chris Antony
Nepotism-തിന് പേരുകേട്ട ഇൻഡസ്ട്രിയാണ് തെലുങ്ക് സിനിമ. അത് മറികടന്ന് ഒരു സാധാരണക്കാരന് മുന്നോട്ടുവരികയും താരം ആവുകയും ചെയ്യുക വലിയ ബുദ്ധിമുട്ടുള്ള കാര്യവുമാണ് ഇന്ന്. എന്നാൽ അതേക്കുറിച്ച് ഒന്നും ചർച്ച ചെയ്യാതെ കേവലം ഈ കുടുംബങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നത്.
Part 1: Allu Family
നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ അല്ലു അർജുൻ ആണ് ഈ കുടുംബത്തിലെ ഏറ്റവും പ്രമുഖനായ താരം. അർജുന്റെ മുത്തച്ഛനിലൂടെയാണ് അല്ലു കുടുംബത്തിന്റെ പേര് ആദ്യമായി തെലുങ്ക് സിനിമയിൽ വരുന്നത്. ആയിരത്തിലേറെ സിനിമകളിൽ അഭിനയിച്ച ഡോക്ടർ അല്ലു രാമലിംഗയ്യ 1922ലാണ് ജനിച്ചത്. പത്മശ്രീ ജേതാവായ അദ്ദേഹം കൂടുതലും കോമിക് റോളുകളാണ് തിളങ്ങിയത്. മായാബസാർ , മിസ്സ്യമ്മ, മുത്യല മുഗ്ഗു , ശങ്കരാഭരണം എന്നിവ പ്രസിദ്ധമായ പെർഫോമൻസുകൾ ആണ്.
രാമൻ ലിംഗയ്യയ്ക്കു നാല് മക്കളാണുള്ളത് – അല്ലു അരവിന്ദ്, സുരേഖ, വസന്ത ലക്ഷ്മി, നവഭാരതി. വസന്തയും ഭാരതിയും വെള്ളിവെളിച്ചത്തിൽ പൂർണമായി നിന്നും മാറി നിന്നപ്പോൾ അല്ലു അരവിന്ദ് ടോളിവുഡിലെ ഏറ്റവും പ്രമുഖനായ നിർമ്മാതാക്കളിൽ ഒരാളായി. 1972ൽ അദ്ദേഹം ഗീത ആർട്സ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഡിസ്ട്രിബ്യൂഷൻ കമ്പനി ആരംഭിച്ചു. തുടക്കത്തിൽ ചെറിയ ചിത്രങ്ങൾ ചെയ്തു തുടങ്ങിയ ഗീത ആമിർഖാന്റെ ഗജിനി അടക്കമുള്ള ബ്ലോക്ക് ബസ്റ്റേഴ്സ് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു വമ്പൻ പ്രസ്ഥാനമായി വളർന്നു.
അരവിന്ദനും ഭാര്യ നിർമ്മലക്കും മൂന്ന് മക്കളാണ് – വെങ്കിടേഷ്, അർജുൻ , സിരീഷ്. 1985 ലെ ചിരഞ്ജീവി ചിത്രം വിജേതയിലൂടെ അല്ലു വെങ്കിടഷും അല്ലു അർജുനും ബാലതാരങ്ങളായി സിനിമയിൽ അരങ്ങേറി. ചിത്രം നിർമ്മിച്ചത് പിതാവ് അരവിന്ദ് തന്നെയായിരുന്നു. ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു ഒരു വലിയ സ്റ്റാർഡവും തെന്നിന്ത്യയൊട്ടാകെ ഫാൻ ബേസും നേടിയ താരമാണ് അല്ലു അർജുൻ. ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച അല്ലു സിരീഷ് 1971 BB എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതനാണ്. എന്നാൽ എന്നാൽ മൂത്ത ജ്യേഷ്ഠൻ അല്ലു വെങ്കടേഷ് ആദ്യ ചിത്രത്തിന് ശേഷം അഭിനയത്തിൽ കൈ വെച്ചില്ല.1980ലാണ് അല്ലു സുരേഖ കൊനിഡേല കുടുംബത്തിലെ ശിവശങ്കര വരപ്രസാദിനെ വിവാഹം ചെയ്യുന്നത്. മറ്റൊരു പേരിലായിരിക്കും ആ വരനെ നിങ്ങളറിയുക – മെഗാസ്റ്റാർ ചിരഞ്ജീവി.
അടുത്ത ഭാഗം : കൊനിഡേല കുടുംബം.
(വിവരങ്ങൾക്ക് കടപ്പാട് : ബി. നിതിൻ )