നാരിസ് സുവന്നസാങിന് 23 കോടി രൂപ നൽകിയത് കടലമ്മയാണ്

113

Vijay Kumar

കടലിലെ നിധി അംബര്‍ഗ്രീസ്‌

കൊറോണ കാലം മറ്റേതൊരു സാധാരണക്കാരനേയും പോലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ ആളായിരുന്നു തായ്ലന്റിലെ മത്സ്യതൊഴിലാളിയായ നാരിസ് സുവന്നസാങ്. അറുപത് വയസ്സ് പ്രായമുള്ള നാരിസ് കുട്ടിക്കാലം മുതല്‍ കഠിനാധ്വാനം ചെയ്യുകയാണ്. ആയുസ്സ് മുഴുവന്‍ കടലിനെ ആശ്രയിച്ചു കഴിഞ്ഞ നാരിസിനെ കടലമ്മ കൈവിട്ടില്ല.

രാവിലെ കടപ്പുറത്തുകൂടി പതിവുള്ള പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു നാരിസ്. പെട്ടെന്നാണ് തീരത്തടിഞ്ഞ തിരകള്‍ക്കിടിയില്‍ മണ്ണില്‍ പൂഴ്ന്ന് മുന്നില്‍ എന്തോ കിടക്കുന്നത്‌ കണ്ടത്‌. ഇതുവരെ കണ്ടു പരിചയമില്ലാത്ത എന്തോ ആയതിനാല്‍ ബന്ധുക്കളെ വിളിച്ചുവരുത്തി. എല്ലാവരും കൂടി അത്‌ വീട്ടിലെത്തിച്ചു.

എന്താണെന്ന് തിരിച്ചറിയാകാനാത്ത അപൂര്‍വ വസ്തു സിഗററ്റ്‌ ലൈറ്റര്‍ വെച്ച്‌ കത്തിക്കാന്‍ ശ്രമിച്ചു.
ഉരുകുന്നുണ്ടോ, ഗന്ധമുണ്ടോ എന്നൊക്കെ പരിശോധിച്ചു. പിന്നീടാണ് കടലില്‍ നിന്നും ലഭിക്കുന്ന ‘അപൂര്‍വ നിധി’യാണോ തനിക്ക് കിട്ടിയതെന്ന് കടലിന‍്റെ മകനായ നാരീസിന് തോന്നിയത്. അപ്പോഴേക്കും നാരിസിന് ലഭിച്ച നിധിയെ കുറിച്ച്‌ പ്രദേശം മുഴുവന്‍ അറിഞ്ഞിരുന്നു.

വിവരമറിഞ്ഞ ബിസിനസുകാരും സ്ഥലത്തെത്തി. പരിശോധനക്കു ശേഷം അവര്‍ പറഞ്ഞ വില കേട്ടപ്പോഴാണ്‌ നാരിസ്‌ ശരിക്കും ഞെട്ടിയത്. തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ അംബര്‍ഗ്രിസാണ്‌ ഇതെന്നും 100 കിലോഗ്രാം തൂക്കം വരുന്ന ഇതിന്‌ 23 കോടി രൂപ വിലവരുമെന്നും ബിസിനസുകാര്‍ അറിയിച്ചു.

വില കേട്ടു ഞെട്ടിയ നാരിസ്‌ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ആരെങ്കിലും അംബര്‍ഗ്രിസ്‌ കവരാന്‍ സാധ്യതയുണ്ടെന്ന ഭയമാണ്‌ വിവരം പൊലീസിനെ അറിയിക്കാന്‍ കാരണം. ലോകത്ത്‌ കണ്ടെത്തിയതില്‍ ഏറ്റവും വലിയ അംബര്‍ഗ്രിസ്‌ പീസാണ്‌ ഇതെന്നു പറയപ്പെടുന്നു.

വയറിനകത്ത്‌ എത്തുന്ന കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്‌തുക്കളെ ആവരണം ചെയ്യാനാണ്‌ തിമംഗലത്തിന്റെ ശരീരത്തില്‍ അംബര്‍ഗ്രീസ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌. ആവരണം ചെയ്‌തു കഴിഞ്ഞാല്‍ ഛര്‍ദ്ദിച്ചു കളയും. ഇതാണ്‌ നാരിസിന് ലഭിച്ചത്. വിലകൂടിയ പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കാന്‍ ഇത്‌ ഉപയോഗിക്കുന്നുവെന്നതാണ്‌ വന്‍ വിലക്ക്‌ കാരണം. കടലിലെ നിധിയെന്നാണ്‌ അംബര്‍ഗ്രീസ്‌ അറിയപ്പെടുന്നത്‌.

Ambergris worth Rs.15-20 lakh kept at customs office in Cuddaloe on Wednesday. Photo:C.Venkatachalapathy

**