മുംബൈയുടെ ‘ലേഡി സിങ്കം’ ആകാൻ അംബികയുടെ ധൈര്യം മാത്രമല്ല, ഭര്‍ത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്ത് പറയേണ്ടതാണ്

74

പലരും ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ ഉണ്ടാകുമ്ബോള്‍ പലപ്പോഴും വിധിയെ പഴിച്ചും മറ്റുള്ളവരുടെ പുറത്ത് കുറ്റംചാരിയും രക്ഷപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, അപൂര്‍വ്വം ചിലര്‍ അത്തരം പരാജയങ്ങളില്‍ സ്വയം പരിതപിച്ച്‌ സമയം കളയാറില്ല. മറിച്ച്‌ അവര്‍ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. മുംബൈയുടെ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന എന്‍. അംബിക അത്തരമൊരു ധീരയായ സ്ത്രീയാണ്. ജീവിതത്തിലെ ഓരോ പരാജയങ്ങളെയും മറികടന്ന് അവര്‍ വിജയം വരിച്ചു, അതിന് അവരെ സഹായിച്ചതോ അവരുടെ ഭര്‍ത്താവും.അംബികയ്ക്ക് വെറും 14 വയസ്സ് പ്രായമുള്ളപ്പോഴാണ് തമിഴ്നാട്ടിലെ ദിണ്ടിക്കലിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളുമായുള്ള അവളുടെ വിവാഹം നടന്നത്.

Real Story of an IPS officer | N. Ambika IPS | Tamil with English  sub-titles | Anand Amirtharaj - YouTubeകളിച്ചുനടക്കേണ്ട പ്രായത്തില്‍ തന്നെ വീട്ടിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ അവള്‍ നിര്‍ബന്ധിതയായി. പതിനെട്ടാം വയസ്സില്‍, ഐഗന്‍, നിഹാരിക എന്നീ രണ്ട് പെണ്‍മക്കളുടെ അമ്മയായി അവള്‍. അംബികയുടെ ഭര്‍ത്താവ് തമിഴ് നാട് സര്‍ക്കാരിലെ പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. ഒരു വീട്ടമ്മയായി അവള്‍ ജീവിതം തള്ളിനീക്കുമ്ബോഴും, ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു പരേഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവളെയും കൂടെക്കൂട്ടി അതില്‍ അവിടത്തെ ഐ.ജിയും ഡിജിയും വിശിഷ്ടാതിഥികളായിരുന്നു.

ambika ips who is more inspiration for every women who gets marriage at  childhoodഡി.ജിക്കും ഐ.ജിക്കും ലഭിച്ച ആദരവും, ബഹുമാനവും അംബികയില്‍ മതിപ്പുളവാക്കി. വീട്ടില്‍ തിരിച്ചെത്തിയശേഷം അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു ”ആരാണ് ഈ ഉദ്യോഗസ്ഥര്‍, അവര്‍ക്ക് എന്തിനാണ് ഈ വിഐപി പരിഗണന നല്‍കുന്നത്?” ഇതുകേട്ട് ചിരിച്ചുകൊണ്ട് ഭര്‍ത്താവ് പറഞ്ഞു: ”അവര്‍ ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ്.” അപ്പോള്‍ മുതല്‍ അവള്‍ക്കും ഒരു ഐപിഎസ് ഉദ്യോഗസ്ഥയാകണമെന്നുള്ള ആഗ്രഹം വളര്‍ന്നു. എന്നാല്‍, ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ കാരണം അവള്‍ക്ക് എസ്‌എസ്‌എല്‍സി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍, അവളുടെ ഭര്‍ത്താവ് അവളെ പിന്തുണച്ചു.

എസ്‌എസ്‌എല്‍സിയും, പിന്നീട് വിദൂര പി.യു.സിയും ബിരുദവും പൂര്‍ത്തിയാക്കാന്‍ അദ്ദേഹം അവളെ ഉപദേശിച്ചു. അതനുസരിച്ച്‌ അവള്‍ അത് പഠിച്ചെടുത്തു. കുട്ടികളുടെയും, ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അവള്‍ പഠനവും മുന്നോട്ട് കൊണ്ടുപോയി. അടുത്ത കടമ്ബ സിവില്‍ സര്‍വീസ് പരീക്ഷയായിരുന്നു. അതിനായി ഏറ്റവും അടുത്ത കോച്ചിംഗ് ലഭിക്കുന്ന സ്ഥലം അന്വേഷിച്ചു. അത് ചെന്നൈയില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവളുടെ ഭര്‍ത്താവ് അവള്‍ക്ക് അവിടെ താമസസൗകര്യം ഒരുക്കുകയും, അവളുടെ ഐപിഎസ് കോച്ചിംഗിനായുള്ള മറ്റെല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെ ചെന്നൈയില്‍ താമസിച്ച അവര്‍ കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവള്‍ക്ക് അത് നേടിയെടുക്കാനായില്ല. മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടപ്പോള്‍, ഭര്‍ത്താവ് അവളെ ആശ്വസിപ്പിക്കുകയും തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അപ്പോഴും പിന്മാറാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. അംബിക ക്ഷമയോടെ പറഞ്ഞു, ”എനിക്ക് ഒരു വര്‍ഷം കൂടി തരൂ. ഞാന്‍ വീണ്ടും ശ്രമിക്കും, വിജയിച്ചില്ലെങ്കില്‍, ഞാന്‍ തിരിച്ചുവന്ന് ഏതെങ്കിലും സ്‌കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യാം.” അവളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്ന ഭര്‍ത്താവ് അവളുടെ ഈ ആഗ്രഹത്തിനും സമ്മതം മൂളി. അവള്‍ അതികഠിനമായി പരിശ്രമിച്ചു. 2008 -ല്‍ ഐപിഎസ് ക്ലിയര്‍ ചെയ്ത ശേഷം അംബിക പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനത്തിനിടയില്‍, അവളുടെ ബാച്ച്‌മേറ്റ്‌സ് അവളുടെ ശ്രദ്ധയെ മാത്രമല്ല, അവളുടെ ധൈര്യത്തെയും പ്രശംസിച്ചു. അംബിക ഇപ്പോള്‍ നോര്‍ത്ത് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നു.

നിരവധി സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ് അംബിക. അംബികയുടെ ധൈര്യം മാത്രമല്ല, അവളുടെ ഭര്‍ത്താവിന്റെ അപാരമായ ത്യാഗവും പിന്തുണയും ക്ഷമയും എടുത്ത് പറയേണ്ടതാണ്. ജീവിതത്തില്‍ തളരാതെ മുന്നോട്ടുപോയ അംബികയും, ഒരു ഭാര്യയുടെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയ അംബികയുടെ ഭര്‍ത്താവും എല്ലാവര്‍ക്കുമൊരു പ്രചോദനമാണ്.

(കടപ്പാട് )