ആനന്ദം പരമാനന്ദം
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
2022 ഡിസംബർ അവസാന ആഴ്ചയിലാണ് സപ്ത തരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച് ഷാഫിയുടെ സംവിധാനത്തിൽ ഷറഫുദ്ധീൻ നായകനായി പുതിയ ‘ആനന്ദം പരമാനന്ദം’ എന്ന സിനിമ ഇറങ്ങിയത്. അപ്പോൾ പഴയ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രമുണ്ടോ? ഉണ്ട്.45 വർഷങ്ങൾക്ക് മുമ്പ് 1977 ൽ രാമ ആറങ്കണ്ണൽ എഴുതിയ കഥക്ക് ആലപ്പി ഷരീഫ് തിരക്കഥയും സംഭാഷണവുമെഴുതി, ഐ.വി.ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് അത്. കമലഹാസൻ, ഉണ്ണിമേരി, ചന്ദ്രകല, രവികുമാർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം 1967 ൽ തമിഴിൽ പുറത്തിറങ്ങിയ അനുഭവി രാജ അനുഭവി എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമായിരുന്നു.
ഇനി പുതിയ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലേക്ക് വരാം. മദ്യപാനികളായ ഒരു അച്ഛന്റെയും മരുമകന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ രണ്ട് നായകൻമാരാണ് ഉള്ളത്. ഇന്ദ്രൻസിന്റെ ദിവാകരക്കുറുപ്പും ഷറഫുദ്ധീന്റെ ഗിരീഷും. നടന്നു മടുത്തപ്പോൾ വിആർഎസ് എടുത്ത പോസ്റ്റുമാൻ ആണ് ദിവാകരക്കുറുപ്പ്. എന്നാൽ തന്റെ റിട്ടർമെന്റിന് ശേഷം ഇയാൾ മുഴുവൻ സമയവും കള്ളുഷാപ്പിലാണ്.
ഗിരീഷാണെങ്കിലൊ, നാട്ടിൽ കള്ളുകുടിച്ച് തല്ലുണ്ടാക്കി ദുബായിൽ രണ്ട് കൊല്ലം പണിയെടുത്ത് ഗൾഫ് മടുത്ത് തിരിച്ചെത്തിയ ആളും.
ദിവാകരക്കുറുപ്പിന്റെ ഭാര്യയാണ് വനിത കൃഷ്ണ ചന്ദ്രന്റെ കഥാപാത്രമായ റിട്ടേർഡ് ടീച്ചർ വിമല. ഇവരുടെ മകളാണ് അനഘ നാരായണന്റെ കഥാപാത്രമായ അനുപമ. കല്ല്യാണപ്രായമായ അനുപമക്ക് വരുന്ന കല്ല്യാണ ആലോചനകളെല്ലാം കുറുപ്പിന്റെ മദ്യപാനം കൊണ്ട് മുടങ്ങി പോകുകയാണ്.കുറുപ്പിന്റെ ഈ മദ്യസക്തി ഇല്ലാതാക്കാൻ വിമല ടീച്ചറും അനുപമയും കുറുപ്പിന്റെ അളിയൻ ബൈജുവിന്റെ കഥാപാത്രമായ റിട്ടേർഡ് പോലീസ് ഓഫീസർ സുതനും ശ്രമിച്ച് പരാജയപ്പെട്ട് നിൽക്കുമ്പോഴാണ് അനുപമയെ കല്ല്യാണം കഴിക്കണമെന്ന ആഗ്രഹമായി ഗിരീഷ് വരുന്നത്.
എന്നാൽ കുറുപ്പ് തന്റെ മകളെ കള്ളുകുടിയനായ ഗിരീഷിന് കല്ല്യാണം കഴിച്ചുകൊടുക്കാൻ തയ്യാറാകുന്നില്ല. പക്ഷേ അച്ഛൻ കള്ളുകുടി നിർത്തിയില്ലെങ്കിൽ ഗിരീഷിനെ കല്ല്യാണം കഴിക്കുമെന്ന് പറയുന്ന മകൾക്ക് മുന്നിൽ അയാൾ ഇനി മദ്യപിക്കില്ലെന്ന് സത്യം ചെയ്യുന്നു. എന്നാൽ ആ വാക്ക് പാലിക്കാൻ അയാൾക്ക് കഴിയാതെ വന്നപ്പോൾ അനുപമ ഗിരീഷിനെ കല്ല്യാണം കഴിക്കാൻ തീരുമാനിക്കുന്നു.
ഇതിൽ മനം നൊന്ത കുറുപ്പ് ആ കല്ല്യാണത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പിക്കുന്നു. എന്നാൽ ഗിരീഷ്, ഷാപ്പിലെ കറിവെപ്പുക്കാരനായ അജുവർഗീസിന്റെ കഥാപാത്രമായ ഗോപിയെ സോപ്പിട്ട് കുറുപ്പിനെ കല്ല്യാണത്തിൽ പങ്കെടുപ്പിക്കുന്നു. കല്ല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടി കുറുപ്പ് ആവശ്യപ്പെട്ടത് ഗിരീഷ് മദ്യപാനം നിർത്തണം എന്നായിരുന്നു. ഇത് സമ്മതിച്ച ഗിരീഷിന് അത് സാധിക്കാതെ വരുന്നു.
ഇനിയൊരിക്കലും മദ്യപിക്കില്ല എന്നവാക്ക് പാലിക്കാൻ ഒരു മദ്യപാനിക്ക് കഴിയില്ലെന്ന് തിരിച്ചറിയുന്ന അനുപമക്ക് അമ്മയെപ്പോലെ കള്ളുകുടിയനായ ഭർത്താവിനെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ വരുന്നു. ഒടുവിൽ കള്ളുകുടി നിർത്താൻ കഴിയില്ലെങ്കിലും മരുമകനെ നല്ലവനാക്കാൻ കുറുപ്പ് സ്വയം മരണത്തിന് കീഴടങ്ങുന്നു. ആൺമക്കളില്ലാത്ത കുറുപ്പിന്റെ മരണക്രിയകൾ ഗിരീഷിന് ചെയ്യേണ്ടി വരുന്നു.
ഇതിനായി അയാൾക്ക് 16 ദിവസം മദ്യവും മാംസവും ഒഴിവാക്കേണ്ടി വരുന്നു. അതിനിടയിൽ കുറുപ്പ് മരണത്തിനു ശേഷമുള്ള ഓരോ ദിവസവും വീട്ടിലെത്തിക്കാൻ സുഹൃത്തുക്കളെ ഏൽപ്പിച്ച കത്തുകളായി അയാൾ ഭാര്യയുടെയും മകളുടെയും ജീവിതത്തിൽ ജീവിക്കുകയാണ്. അതോടൊപ്പം അയാൾ പല രഹസ്യങ്ങളും ഈ കത്തുകളിലൂടെ പങ്കുവെക്കുന്നുണ്ട്…..
അതറിയാൻ നമുക്ക് ഒടിടിയിലേക്ക് പോകാം….കുടുംബത്തിലെ സ്ത്രീകളുടെ ത്യാഗവും സഹനവും പറയുന്ന ഈ ചിത്രം മദ്യപാനികൾ ഉള്ള എല്ലാ കുടുംബങ്ങളും കണ്ടിരിക്കേണ്ടതാണ്. പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കില്ല.ഒരു ശുദ്ധാത്മാവിന്റെ കഥ എന്ന ടാഗ്‌ലൈൻ ഉള്ള ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ നിഷ സാരംഗ്, സിനോജ്, സുർജിത്ത്, കൃഷ്ണചന്ദ്രൻ, സാദിഖ് തുടങ്ങിയവരാണ്.
എം സിന്ധുരാജ് എഴുതിയ തിരക്കഥയും മനോജ് പിള്ളയുടെ ഛായാഗ്രഹണവും വി സാജന്റെ ചിത്ര സംയോജനവും ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.