Shan Shibu Salam
“ജീവിതം ഇവിടെ അവസാനിക്കുന്നില്ല”
1994 ജൂൺ 25 കൊളംബിയ വിമാനത്തിൽ നിന്നും പുറത്തേയ്ക്കിറങ്ങി വാൽഡറാമ ചുറ്റും നോക്കി. “നമ്മൾ പോരാളികളാണ്, ജയവും തോൽവിയും പോരാട്ടത്തിന്റെ ഇരു വശങ്ങളാണ്. തോൽവി മറക്കുക. ജയത്തിനായി പരിശ്രമിക്കുക,സ്വന്തം രാജ്യത്തിന് വേണ്ടി പോരിനിറങ്ങുന്നത് തന്നെ അഭിമാനകരമായ അനുഭവമാണ്. അതിന് സാധിച്ചതിൽ ഏറ്റവും ആഹ്ലാദിക്കുക. പൊരുതി തോറ്റവരും ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.” തനിക്കു പിന്നിൽ തല കുനിച്ചിറങ്ങി വരുന്ന ടീം അംഗങ്ങളോട് വികാരാധീനനായി അയാൾ വിളിച്ചു പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിൽ കൂട്ടം കൂടി നിന്നിരുന്ന ഫുട്ബോൾ ആരാധകർക്കിടയിലൂടെ പോലീസ് സംരക്ഷണത്തിൽ അവർ കടന്ന് പോകുമ്പോൾ പലരും അസഭ്യ വർഷം ചൊരിയുന്നുണ്ടായിരുന്നു. ചിലർ കണ്ണീരൊഴുക്കുകയും, ശപിക്കുകയും ചെയ്തു. “എവിടെയാണ് ആ കള്ളൻ.? കൊളംബിയയെ കണ്ണീരിലാഴ്ത്തിയ തെമ്മാടി.” ആൾക്കൂട്ടത്തിനിടയിൽ നിന്ന് അലറുന്ന മട്ടിൽ ഒരാൾ വിളിച്ചു ചോദിച്ചു. അവിടെ കൂടി നിന്ന ആരാധകർക്ക് നേരെ നോക്കുക പോലും ചെയ്യാതെ തിരക്കിട്ട് മുന്നോട്ട് നടന്നു പോകുന്നവർക്കിടയിൽ നിന്ന് കോച്ച് ഫ്രാൻസിസ്കോ ജനക്കൂട്ടത്തിനടുത്തേക്ക് നടന്നടുത്തു. “ആന്ദ്രേ എസ്കോബാർ ആരാണെന്ന് എന്നേക്കാൾ വ്യക്തമായി അറിയുന്നവരാണ് നിങ്ങൾ കൊളംബിയക്കാർ.
സ്വന്തം ടീമിന്റെ പോസ്റ്റിലേക്ക് ബോധപൂർവം ഗോളടിച്ചു കയറ്റാൻ അയാൾ ശ്രമിക്കുകയില്ലെന്നും നിങ്ങൾക്കെല്ലാവർക്കുമറിയാം. അതൊരു ദൗർഭാഗ്യകരമായ ദിവസവും, ഏറ്റവും ദൗർഭാഗ്യകരമായ നിമിഷവുമായിരുന്നു. അയാളെ വേട്ടയാടാതിരിക്കുക. അയാൾ കൊളംബിയയുടെ അഭിമാനതാരമായിരുന്നു. ഇനിയും അങ്ങിനെ തന്നെയായിരിക്കും. ” അയാളുടെ സംസാരത്തിനെ ജനങ്ങൾ കൂകി വിളിച്ചു തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. ക്ഷുഭിതരായ ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. ഏവർക്കും പിന്നിൽ തല കുനിച്ച് പുറത്തേക്ക് ഇറങ്ങി വരുകയായിരുന്നു എസ്കോബാർ. വിമാനത്താവളത്തിന്റെ പുറത്തെ കോലാഹലങ്ങളും, തനിക്കെതിരെയുള്ള മുദ്രവാക്യം വിളികളും അയാളെ കൂടുതൽ പരിഭ്രാന്തനാക്കുന്നുണ്ടെന്ന് മുഖത്തെ ഭാവങ്ങളിൽ നിന്ന് വ്യക്തമാവുന്നുണ്ട്. “പ്രിയപ്പെട്ടവരെ…, എൻറെ പിഴവിൽ ഞാൻ ഖേദിക്കുന്നു. ബോധപൂർവമായ പ്രവൃത്തിയായി ആ പിഴവിനെ കണക്കാക്കാതിരിക്കുക. കാലം മുന്നോട്ട് പോകുമ്പോൾ രാജ്യത്തിന് അഭിമാനിക്കാനാവുന്ന നിമിഷങ്ങൾക്ക് കാരണമാവാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ജീവിതം ഇവിടെ അവസാനിക്കുന്നില്ല.” അയാൾ ജനക്കൂട്ടത്തിനോട് ഉറക്കെ വിളിച്ചു പറഞ്ഞു.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ട് കൊളംബിയൻ ഫുട്ബോൾ അസോസിയേഷന്റെ ബസിലേക്ക് കയറുമ്പോൾ ഏറ്റവും പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക് എത്രയും വേഗം എത്തിച്ചേരുവാൻ അയാളുടെ ഹൃദയം തുടിച്ചു. “ഫുട്ബോൾ ഇതിഹാസം പെലെ ഇത്തവണത്തെ വേൾഡ് കപ്പ് നേടാൻ സാധ്യത കൽപ്പിച്ച ടീം ആയിരുന്നു കൊളംബിയ.ആദ്യപാദ മത്സരങ്ങളിൽ റുമേനിയയോട് 3-1 നു തോൽവിയടഞ്ഞ കൊളംബിയ,യു എസ് എ യുമായുള്ള നിർണ്ണായകമായ മത്സരത്തിൽ ആന്ദ്രേ എസ്കോബാറിന്റെ സെൽഫ് ഗോളിലാണ് പരാജയപ്പെട്ടത്.തിരികെയെത്തിയ കൊളംബിയൻ ഫുട്ബോൾ ടീമിനെ വിമാനത്താവളത്തിൽ കൂക്കി വിളിയോടെയും,അസഭ്യവർഷത്തോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്. കോച്ച് ഫ്രാൻസിസ്കോയും, വിവാദനായകൻ ആന്ദ്രേ എസ്കോബാറും ആകസ്മികമായി സംഭവിച്ചു പോയ ഒരു പിഴവ് മാത്രമാണ് അതെന്ന ന്യായങ്ങൾ നിരത്തുന്നുണ്ടെങ്കിലും അതിനെ എത്രമാത്രം ജനങ്ങൾ ഉൾകൊള്ളുമെന്ന…..
റേഡിയോയിൽ നിന്ന് വന്നു കൊണ്ടിരുന്ന വാർത്ത ഇടയ്ക്ക് വെച്ച് മുറിഞ്ഞത് ഡാഷ് ബോഡിൽ നിന്ന് സ്റ്റീരിയോ വലിച്ചു പറിച്ചെടുത്ത് എസ്കോബാർ പുറത്തേയ്ക്ക് എറിഞ്ഞതാണെന്ന് മനസിലാക്കിയ ഡ്രൈവർ റൊസാരിയോ ക്ഷമാപണം നടത്തുന്ന പോലെ കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട് അയാളെ നോക്കി. ദിവസങ്ങൾക്ക് ഒച്ചിഴയുന്ന വേഗത പോലുമില്ലന്ന് എസ്കോബാറിന് തോന്നി. മറ്റൊന്നിലേയ്ക്കും ശ്രദ്ധിക്കുവാനോ, തുറന്ന് ചിരിക്കുവാനോ, ആരോടെങ്കിലും സംസാരിക്കുവാനോ സാധിക്കുന്നില്ലായിരുന്നു അയാൾക്ക്. ചുറ്റും തന്റെ പ്രിയപ്പെട്ടവർ മാനസികാഘാതത്തിൽ നിന്ന് കര കയറ്റാൻ കൃത്രിമ സന്തോഷത്തിന്റെ വേലിയേറ്റമുണ്ടാക്കി കൊണ്ടിരുന്നിട്ടും അയാളുടെ മനസ് നിയന്ത്രണാധീതമായിരുന്നു. ഇടങ്കാലനായിരുന്ന താൻ ഗോൾ പോസ്റ്റിന് മുന്നിൽ വെച്ച് വലതു കാലു കൊണ്ട് പന്ത് നിയന്ത്രിക്കാൻ ശ്രമിച്ച ആ നിമിഷത്തെ അയാൾ ശപിച്ചു. ലോകം വേൾഡ് കപ്പിന്റെ ആവേശത്തിലമർന്നിരിക്കുകയായിരുന്നു. പരാജിതന്റെ രോദനം തെറ്റുകാരന്റെ കുമ്പസാരം പോലെ ഉത്തരമില്ലാതെ എവിടേയോ അലഞ്ഞു കൊണ്ടിരുന്നു. “ജീവിതം ഇവിടെ അവസാനിക്കുന്നില്ല.
ഒരു പ്രഭാതത്തിൽ കണ്ണാടിയുടെ മുന്നിൽ നിന്ന് അയാൾ സ്വയം പറഞ്ഞു. ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമുള്ള ഒരു സായാന്ഹത്തിൽ അസോസിയേഷന്റെ ഗ്രൗണ്ടിൽ പരിശീലനത്തിനായി പുറപ്പെട്ട എസ്കോബാറിനെ കണ്ട് കൂട്ടുകാരും,വീട്ടുകാരും ആനന്ദാശ്രു പൊഴിച്ചു. “പിഴവുകൾ തിരുത്തി മുന്നോട്ട് പോവും, രാജ്യത്തിനെ പ്രതിനിധീകരിച്ച് അടുത്ത വേൾഡ് കപ്പിന്റെ താരമാവും” കൂട്ടുകാരോട് ഇത് പറയുമ്പോൾ അയാളിലെ ആത്മവിശ്വാസം കണ്ണുകളിൽ നിറഞ്ഞിരുന്നു. 1994 ജൂലൈ 1 മെഡലിൻ കൊളംബിയ ചുരുട്ടിന്റെയും,സിഗററ്റുകകളുടെയും പുക നിറഞ്ഞു നിന്നിരുന്ന ബാറിലെ അരണ്ട വെളിച്ചത്തിൽ അർദ്ധ നഗ്നരായ ഡാൻസേഴ്സിനൊപ്പം ചവിട്ടുറയ്ക്കാത്ത നൃത്ത ചുവടുകൾ വെയ്ക്കുമ്പോൾ എസ്കോബാർ സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു. കൈയടികളും ആർപ്പു വിളിയുമായി കൂട്ടുകാർ അയാളെ പ്രോത്സാഹിപ്പിച്ചു. “ഒരുപാട് സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഒരിക്കലും ജീവിതത്തിൽ ഒറ്റപ്പെട്ട് പോകില്ലെന്ന് ഒരു മനുഷ്യന് തിരിച്ചറിയാനാവുന്ന ദിവസം. അത് തന്നെയായിരിക്കും അവന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം.” എസ്കോബാർ തന്റെ കൂട്ടുകാരെ കൈകൾ വിടർത്തി അടക്കം പിടിച്ചു. “വലിയ സെന്റിമെൻറ്സും,നന്ദി പ്രകടനവും ഒന്നും ഇവിടെ വേണ്ട…. വാ ഇവിടെ നിന്ന് ഇറങ്ങാം. മൊണ്ടാനോ റെസ്റ്റോറന്റിൽ പോയി നമുക്ക് ഭക്ഷണം കഴിക്കാം” അവരിലൊരാൾ അയാളുടെ തലയിൽ കിഴുക്കി കൊണ്ട് പറഞ്ഞു.
ജൂലൈ 2 2.00 am “ഞാനൊരു എഴുത്തുകാരനായിരുന്നെകിൽ ഇന്ന് നമ്മളൊന്നിച്ചു ചിലവഴിച്ച മണിക്കൂറുകൾ ഒരു പുസ്തകമാക്കി ഇറക്കുമായിരുന്നു. ഒരുപക്ഷെ നിങ്ങൾക്ക് മനസിലാക്കാനാവില്ല ഇത് എത്രമാത്രം എന്നെ ഉത്തേജിപ്പിക്കുന്നുണ്ടെന്ന്, പ്രിയപ്പെട്ടവരെ…., എന്നും നിങ്ങളുടെ കൂട്ടുകാരനായിരിക്കാനാകും ഇനിയുള്ള എന്റെ പ്രാർത്ഥന.” എസ്കോബാറിന്റെ സംസാരം കേട്ട് കൂട്ടുകാർ പൊട്ടിച്ചിരിച്ചു കൊണ്ട് അയാളെ ആലിംഗനം ചെയ്തു. “ഇതാരാണ് മിസ്റ്റർ സെൽഫ് ഗോളോ….. അവരുടെ അടുത്ത ടേബിളിൽ മദ്യപിച്ചു കൊണ്ടിരുന്ന സംഘത്തിലൊരാൾ ചോദിച്ചു. “നാടിനെ നാണക്കേടിലാക്കിയ വൃത്തികെട്ടവൻ, കൊളംബിയയെ കണ്ണീരിലാഴ്ത്തിയിട്ട് അവൻ ആടിപ്പാടി രസിക്കുന്നു.” അടുത്തയാൾ ഇരുന്ന കസേര പിന്നിലേയ്ക്ക് മറിച്ചിട്ട് കൊണ്ട് ചാടിയെഴുന്നേറ്റു. എസ്കോബാർ മറുപടിയൊന്നും നൽകാനാവാതെ തറഞ്ഞു നിന്നു.അയാളുടെ കൂട്ടുകാരും എതിർചേരിയിലുള്ളവരുമായി തമ്മിൽ പോർവിളികളും കയ്യാങ്കളിയും തുടങ്ങി. അതിനിടെ അവരിലൊരാൾ “ഗോൾ, ഗോൾ, ഗോൾ ……” എന്ന് അലറി കൊണ്ട് തുടരെ പന്ത്രണ്ട് വട്ടം എസ്കോബാറിന്റെ നെഞ്ചിലേയ്ക്ക് നിറയൊഴിച്ചു. സ്തബ്ധരായി നിൽക്കുന്ന കൂട്ടുകാർക്കിടയിലേയ്ക്ക് അയാൾ മറിഞ്ഞു വീണു.
തിരിച്ചറിവിന്റെ കാലം മുതൽ ലോകകപ്പിന്റെ ആവേശങ്ങൾക്കിടയിൽ എന്റെയുള്ളിൽ വേദനിക്കുന്ന ഓർമ്മയായെത്തുന്ന ആന്ദ്രേ എസ്കോബാർ.നമ്മുടെ ആരുമല്ലാതെയും ആരൊക്കെയോ ആയിത്തീരുന്ന ചിലർ. എസ്കോബാർ മരണപ്പെട്ട് ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം വരികളായി അയാളെ എഴുതുമ്പോൾ വില്ലയുടെ ജനലിലൂടെ കാണാനാവുന്ന ആകാശത്തിലൊരിടത്ത് ഒരു നക്ഷത്രം കുറച്ചധികം പ്രകാശിച്ചുവോ?! അതോ എന്റെ തോന്നലാണോ !!!
ഷാൻ 16/12/2022 10:41 pm