ആങ്കോർ വാട്ട്, എല്ലാ മതങ്ങളിലേക്കും വെച്ച് ഏറ്റവും വലിയ ദേവാലയം

456

Rahul Unniyattil എഴുതുന്നു 

ലോകത്തിലെ എല്ലാ മതങ്ങളിലേക്കും വെച്ച് ഏറ്റവും വലിയ ദേവാലയം ഏതാണ് എന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം പേരും നൽകുന്ന ഉത്തരം വത്തികാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക എന്നായിരിക്കും. ചിലർ മെക്ക എന്നും, അപൂർവ്വം ചിലർ കാശി വിശ്വനാഥ ക്ഷേത്രം എന്നും മറുപടി നൽകിയേക്കാം. എന്നാൽ ഇവയൊന്നുമല്ല ശരിയുത്തരം എന്നതാണ് വസ്തുത. കംബോഡിയയിലെ സ്യാം റീപ്പിൽ സ്ഥിതി

Rahul Unniyattil

ചെയ്യുന്ന ആങ്കോർ വാട്ട് എന്ന ഹിന്ദു ക്ഷേത്രമാണ് എല്ലാ മതങ്ങളിലേക്കും വെച്ച് ഏറ്റവും വലിയ ദേവാലയം. 162.6 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ, ഖെമർ ഭരണാധികാരി സൂര്യവർമ്മൻ II ആണ് ഈ മഹാക്ഷേത്രം പണികഴിപ്പിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിൽ, വിയറ്റ്നാം, ഇൻഡൊനേഷ്യ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളോടൊപ്പം ഭാരതീയ സംസ്കാരം നിലനിർത്തി പോന്ന രാജ്യമാണ് കംബോഡിയ. കംബോജദേശ: എന്ന സംസ്കൃത വാക്കിൽ നിന്നാണ് ഖെമർ ഭാഷയിലെ കംബൂച്ചിയ ഉണ്ടാകുന്നത്. ഇത് പിന്നീട് ഫ്രെഞ്ചിൽ കംബോഡ്ജ് ആയി മാറുകയും, വൈകാതെ രാജ്യത്തിന്റെ ഇംഗ്ലീഷിലുള്ള പേര് കംബോഡിയ എന്നായി തീരുകയും ചെയ്തു.

കംബോജന്മാരെക്കുറിച്ച് പല ഭാരതീയ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്. മഹാഭാരതത്തിൽ, ദ്രോണ പർവ്വത്തിൽ, ആറായിരത്തോളം വരുന്ന കംബോജ സേന പാണ്ഡവർക്കൊപ്പം നിന്ന് കൗരവർക്കെതിരെ കുരുക്ഷേത്ര യുദ്ധത്തിൽ പോരാടിയെന്ന് പറയുന്നു. മഹാഭാരതത്തിൽ കംബോജന്മാരെക്കുറിച്ച് പറയുന്നതിങ്ങനെ. “ഇവർ അതീവ സൗന്ദര്യമുള്ളവരും, വളരെ തീക്ഷണതയുള്ളവരും, മരണത്തിന്റെ ആൾരൂപവും, യമനെ പോലെ ഭയം ജനിപ്പിക്കുന്നവരും, കുബേരനെ പോലെ ധനികരുമാണ്.” എന്നാൽ കംബോജന്മാരുടെ സ്വദേശത്തെ കുറിച്ച് പുരാണങ്ങളിൽ പരസ്പര വിരുദ്ധങ്ങളായ വിവരങ്ങളാണുള്ളത്. അശോക ചക്രവർത്തിയുടെ ശിലാശാസനങ്ങളിൽ കംബോജന്മാരുടെ സ്വദേശം ഉത്തരേന്ത്യയാണെന്ന് പറയുന്നു. ഇവരിൽ ഒരു വിഭാഗം പിൽക്കാലത്ത്, ഇന്നത്തെ കംബോഡിയയിലേക്ക് കുടിയേറിയിട്ടുണ്ടാകാം എന്നാണ് അനുമാനിക്കപ്പെടുന്നത്. എ. ഡി. 802 ൽ ജയവർമ്മൻ II ഖെമർ സാമ്രാജ്യത്തിന് തുടക്കമിട്ടു. ആങ്കോർ ആയിരുന്നു തലസ്ഥാന നഗരം. ഖെമറും, സംസ്കൃതവുമായിരുന്നു പ്രധാന സംസാര ഭാഷകൾ. ശൈവമതമാണ് രാജാവും, ജനങ്ങളിൽ ഭൂരിപക്ഷവും പിന്തുടർന്നിരുന്നത്. ഇന്നത്തെ മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്നാം, ദക്ഷിണ ചൈന എന്നീ രാജ്യങ്ങളിലെ പ്രദേശങ്ങൾ ഉൾകൊള്ളുന്ന ബൃഹത്തായ സാമ്രാജ്യമായിരുന്നു ഖെമർ.

Image result for angkor watആദ്യ ഖെമർ ചക്രവത്തിയായ ജയവർമ്മൻ മുതലിങ്ങോട്ടുള്ള എല്ലാ ചക്രവർത്തിമാരും ദേവരാജ: എന്ന സ്ഥാന പേര് സ്വീകരിച്ചിരുന്നു. ഇത് പിന്നീട് ഒരു കൾട്ട് ആയിത്തീരുകയും, ജനങ്ങൾ രാജാവിനെ ദൈവതുല്യം കണ്ട് ആരാധിച്ച് പോരുകയും ചെയ്തു. അതുകൊണ്ട് തന്നെ പല ഉത്തരവുകളും കല്ലെ പിളർക്കുന്നവയായിരുന്നു. കരുത്തനായ സൂര്യവർമ്മൻ രണ്ടാമൻ അധികാരത്തിലെത്തുന്നത് എ. ഡി. 1113ലാണ്. സൂര്യവർമ്മന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരമായിരുന്നു ആങ്കോർ. 2007ൽ ഒരു അന്താരാഷ്ട്ര ഗവേഷക സംഘം, ഉപഗ്രഹ ചിത്രങ്ങളുടേയും, മറ്റ് ആധുനിക സാങ്കേതികവിദ്യയുടേയും സഹായത്തോടെ നടത്തിയ പഠനത്തിൽ വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലഘട്ടത്തിലെ എക്കാലത്തേയും വലിയ നഗരം ആങ്കോർ ആണെന്ന് കണ്ടെത്തി.

Image result for angkor watഹിന്ദു വിശ്വാസപ്രകാരം, ദേവന്മാരുടെ വാസസ്ഥലമെന്ന് കരുതപ്പെടുന്ന മേരു പർവ്വതത്തിന് സമാനമായ രീതിയിലാണ് ആങ്കോർ വാട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. തന്റെ മുൻഗാമികളുടെ ശൈവ പാരമ്പര്യത്തിൽ നിന്നും മാറി നിന്ന സൂര്യവർമ്മൻ, ആങ്കോർ വാട്ട് മഹാവിഷ്ണുവിനാണ് സമർപ്പിച്ചത്. ഖെമർ ഭാഷയിൽ ‘ക്ഷേത്രനഗരം’ എന്നാണ് ആങ്കോർ വാട്ട് എന്ന പേരിനർത്ഥം. ആങ്കോർ (ഖെമർ) എന്നാൽ നഗരം എന്നാണർത്ഥം. ഇത് ‘നോകോർ’ എന്ന ഖെമർ വാക്കിന്റെ പ്രാദേശിക രൂപമാണ്. ‘നോകോർ’ എന്ന വാക്ക് സംസ്കൃത വാക്കായ ‘നഗര:’ യിൽ നിന്നുത്ഭവിച്ചതാണ്. ‘ക്ഷേത്രഭൂമി’ എന്നർത്ഥം വരുന്ന ഖെമർ വാക്കാണ് ‘വാട്ട്’. ഇതും സംസ്കൃതത്തിലെ ‘വാത’ എന്ന വാക്കിൽ നിന്നും വന്നതാണ്. മണൽക്കല്ല് കൊണ്ടാണ് ആങ്കോർ വാട്ട് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പുറമേയുള്ള ഭിത്തിക്കും, മറഞ്ഞിരിക്കുന്ന മറ്റ് ഘടനകൾക്കും ലാറ്ററൈറ്റും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കല്ലുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം ഏതാണെന്ന് ഇത് വരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Image result for angkor watഏതാണ്ട് 203 ഏക്കർ ഭൂമി ഉൾക്കൊള്ളുന്ന വലിയൊരു മതിൽക്കെട്ടിനകത്താണ് ആങ്കോർ വാട്ട് നിൽക്കുന്നത്. ക്ഷേത്രത്തിനൊപ്പം, ഖെമർ രാജാക്കന്മാരുടെ രാജകൊട്ടാരവും, ആങ്കോർ നഗരവും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ മതേതരമായ കെട്ടിടങ്ങളെല്ലാം, തടി പോലുള്ള ഈട് നിൽക്കാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതിനാൽ വേഗം നശിച്ച് പോയി. പുറമേയുള്ള മതിൽക്കെട്ടിലെ നാല് ദിക്കിലും ഓരോ ഗോപുരങ്ങൾ കാണാം. ഇതിൽ തെക്കേ ഗോപുരത്തിന്റെ കീഴിലാണ് ‘താ റീച്ച്’ എന്നറിയപ്പെടുന്ന മഹാ വിഷ്ണുവിന്റെ വിഗ്രഹം സ്ഥാപിച്ചിട്ടുള്ളത്. മുൻപ് ഇത് ക്ഷേത്രത്തിന്റെ കേന്ദ്ര ഭാഗത്താണ് പ്രതിഷ്ഠിച്ചിരുന്നത്. എന്നാൽ പിന്നീട് ബുദ്ധ മതത്തിന്റെ സ്വാധീന കാലത്ത് ഇതെടുത്ത് മാറ്റുകയും, ശ്രീ ബുദ്ധന്റെ ഒരു പ്രതിമ അവിടെ സ്ഥാപിക്കുകയും ചെയ്തു. ഓരോ ഗോപുരത്തേയും ബന്ധിപ്പിച്ചു കൊണ്ട് കൊത്തുപണികളാൽ സമൃദ്ധമായ ഗാലറികൾ കടന്ന്
പോകുന്നു.

Image result for angkor watഗോപുരത്തിന്റെ ഇരു വശങ്ങളിലുമുള്ള കവാടങ്ങൾ ‘ആന കവാടങ്ങൾ’ എന്നാണറിയപ്പെടുന്നത്. ആനകൾക്ക് അനായാസം കടന്ന് പോകാൻ കഴിയുന്നത് കൊണ്ടാണ് അങ്ങനെയൊരു പേര് ലഭിച്ചത്. മൂന്നു ഗാലറികൾ കൊണ്ടാണ് ആങ്കോർ വാട്ട് നിർമ്മിച്ചിരിക്കുന്നത്. ഇവയോരോന്നും തൊട്ടു മുൻപത്തേതിനേക്കാൾ ഉയർന്നാണിരിക്കുന്നത്. ഓരോ ഗാലറിയുടേയും, എല്ലാ ദിക്കിലും ഓരോ ഗോപുരം വീതം കാണാം. താമരയിതളിന്റെ മാതൃകയിലാണ് ഈ ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഗാലറികളുടെ മേൽക്കൂരകളിൽ സർപ്പത്തെ റാഞ്ചുന്ന ഗരുഡന്റെ രൂപം കൊത്തി വെച്ചിരിക്കുന്നു. ഏറ്റവും പുറമേയുള്ള ഗാലറിയുടെ ഭിത്തിയിൽ മഹാഭാരതത്തിലേയും, രാമായണത്തിലേയും വിവിധ രംഗങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ശരിയായ ക്രമത്തിലുള്ള, ലോകത്തിലെ ഏറ്റവും നീളം കൂടിയ കൂടിയ കൊത്തു പണിയാണിത്.

Image result for angkor watകിഴക്ക് ഭാഗത്തെ ഗാലറികളിൽ ഇപ്രകാരം രാമ രാവണ യുദ്ധവും, കുരുക്ഷേത്ര യുദ്ധവും ചിത്രീകരിച്ചിരിക്കുന്നു. തെക്ക് ഭാഗത്തെ ഗാലറിയിൽ മാത്രമാണ് ഒരേയൊരു ചരിത്ര രംഗം കാണാനാവുക. സൂര്യവർമ്മന്റേയും പരിവാരങ്ങളുടേയും ഒരു ഘോഷയാത്ര നല്ല മിഴിവോടെ ഇവിടെ കൊത്തി വെച്ചിരിക്കുന്നു. പടിഞ്ഞാറൻ ഗാലറിയിലാണ് ഒരു പക്ഷെ ഏറ്റവും പേര് കേട്ട രംഗമുള്ളത്. പാലാഴി മഥനം ചിത്രീകരിച്ചിരിക്കുന്ന ഇവിടെ 92 അസുരന്മാരേയും, 88 ദേവന്മാരേയും കാണാം. ആങ്കോർ വാട്ടിൽ ആകെ 1796 അപ്സരസ്സുകളുടെ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ കേവലം 30 സെന്റിമീറ്റർ വലിപ്പമുള്ള അപ്സര രൂപങ്ങളും ഉൾപ്പെടും. ഈ അപ്സരസ്സുകളുടേയും, ദേവതമാരുടേയും വസ്ത്രം, ധരിച്ചിരിക്കുന്ന ആഭരണങ്ങൾ, നിൽപ്പ്, തലമുടി, ശിരോവസ്ത്രങ്ങൾ എന്നിവയിൽ അതിശയിപ്പിക്കുന്ന വൈവിധ്യം കാണാം.

Image result for angkor watഈജിപ്ഷ്യൻ പിരമിഡുകളുമായി ആങ്കോർ വാട്ട് താരതമ്യം ചെയ്യപ്പെടാറുണ്ട്. പിരമിഡുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ചുണ്ണാമ്പ് കല്ലുകൾ കേവലം അര കിലോമീറ്റർ അകലെയുള്ള ക്വാറിയിൽ നിന്നും ലഭ്യമായിരുന്നു. എന്നാൽ ആങ്കോർ വാട്ടിന്റെ നിർമ്മാണത്തിനാവശ്യമായ മണൽക്കല്ലുകൾ ക്വാറി ചെയ്തെടുത്തത് 40 കി. മീ അകലെയുള്ള കൂളൻ പർവ്വതത്തിൽ നിന്നുമായിരുന്നു. 12ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഖെമർ സാമ്രാജ്യത്തിൽ ബുദ്ധ മതത്തിന്റെ സ്വാധീനം വർദ്ധിച്ചു വന്നു. ഈ മാറ്റം ആങ്കോർ വാട്ടിലും പ്രകടമായിരുന്നു. മഹാവിഷ്ണുവിന്റെ പ്രതിമകൾക്ക് പകരം പലയിടത്തും ബുദ്ധ പ്രതിമകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

ഏതാണ്ടിതേ കാലത്തോടെ ഖെമർ സാമ്രാജ്യത്തിന്റ പതനവും തുടങ്ങി. ഇതിന് പല കാരണങ്ങളാണ് ചരിത്രകാരന്മാർ മുന്നോട്ട് വെക്കുന്നത്. വൈഷ്ണവ-ശൈവ വിശ്വാസത്തിൽ നിന്നും ബുദ്ധിസത്തിലേക്കുള്ള മതം മാറ്റം, രാജകുമാരന്മാർ തമ്മിലുണ്ടായ അധികാര വടം വലി, സാമന്ത രാജാക്കന്മാർ നടത്തിയ കലാപങ്ങൾ, വൈദേശിക അധിനിവേശം, പ്ലേഗ്, പരിസ്ഥിതി വ്യതിയാനങ്ങൾ തുടങ്ങിയവയാണ് ഖെമർ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്.

ഖെമർ സാമ്രാജ്യം ക്ഷയിച്ചതോടെ ആങ്കോർ വാട്ടും അവഗണിക്കപ്പെട്ടു. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ നഗരങ്ങളിലൊന്നിനെ ഇപ്രകാരം കാടെടുത്ത് തുടങ്ങി. ആങ്കോർ വാട്ട് സന്ദർശിച്ച ആദ്യത്തെ പാശ്ചാത്യ സഞ്ചാരിയായി കണക്കാക്കുന്നത് പോർച്ചുഗീസുകാരനായ ക്രൈസ്തവ സന്യാസി ആന്റോണിയോ ദാ മദലീനയെയാണ്. 1586ൽ ആങ്കോർ വാട്ടിലെത്തിയ മദലീന ‘പേന കൊണ്ട് വർണ്ണിക്കാനാകാത്ത വിധം അസാമാന്യമായ നിർമ്മിതിയാണിത്’ എന്നാണ് രേഖപ്പെടുത്തിയത്. 19ആം നൂറ്റാണ്ടിൽ, ഫ്രെഞ്ച് പ്രകൃതി ശാസ്ത്രജ്ഞനും, പര്യവേഷകനുമായ ഹെൻറി മൂഹോട്ട് ആണ് കൊടും കാടിനുള്ളിൽ അധികമാരാലും അറിയപ്പെടാതെ കിടന്ന ആങ്കോർ വാട്ട് ക്ഷേത്രം കണ്ടെത്തുന്നത്. മുഹോട്ടിന്റെ യാത്രാ കുറിപ്പുകളിൽ നിന്നാണ് ആങ്കോർ വാട്ടിനെ കുറിച്ച് പുറം ലോകമറിയുന്നത്. അതിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു. “പ്രാചീനകാലത്തെ ഒരു മൈക്കലാഞ്ചലൊ നിർമ്മിച്ച, സോളമന്റെ ക്ഷേത്രത്തിനു പ്രതിയോഗിയായ ഈ ക്ഷേത്രങ്ങളിലൊന്നിന് നമ്മുടെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളോടൊപ്പം ആദരണീയമായ ഒരു സ്ഥാനം ലഭിച്ചേക്കാം. ഗ്രീക്കുകാരോ, റോമാക്കാരോ, നമുക്കവശേഷിപ്പിച്ചു പോയ ഏതൊന്നിനേക്കാളും ഗംഭീരമാണിത്.”

കംബോഡിയക്കാരെ സംബന്ധിച്ചിടത്തോളം ആങ്കോർ വാട്ട് അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. തങ്ങളുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തിലും, ആങ്കോർ വാട്ടിന്റെ സമൃദ്ധമായ പാരമ്പര്യത്തിലും അവർ അഭിമാനം കൊള്ളുന്നു. അവരുടെ കറൻസിയിലും, ദേശീയ പതാകയിൽ പോലും ആങ്കോർ വാട്ട് ചിത്രീകരിച്ചിട്ടുണ്ട്. കംബോഡിയയെ കൂടാതെ ദേശീയ പതാകയിൽ ഏതെങ്കിലും കെട്ടിടം ചിത്രീകരിച്ചിട്ടുള്ള മൂന്നെ മൂന്നു രാജ്യങ്ങളെ ലോകത്തുള്ളു. സ്പെയിൻ, പോർച്ചുഗൽ, അഫ്ഗാനിസ്ഥാൻ എന്നിവയാണവ.