Anurag Kv
വാടക ഗര്‍ഭധാരണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളും പലരീതിയില്‍ പല ജോണറില്‍ സിനിമകളായി വന്നിട്ടുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ പലതും ഇമോഷണല്‍ ഡ്രാമ, അല്ലെങ്കില്‍ കോമഡി ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രങ്ങള്‍ ആണ്. വാടക ഗര്‍ഭധാരണം വിഷയമായി അവസാനമായി കണ്ട ചിത്രം ‘മിമി’ ആയിരുന്നു. മലയാളത്തില്‍ എണ്ണത്തില്‍ കുറവ് ആണെങ്കിലും ദശരഥം മുതല്‍ ഇങ്ങോട്ട് ഇതേ വിഷയം പറയുന്ന സിനിമകള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഒരു ത്രില്ലര്‍ സിനിമയില്‍ ഈ ഒരു വിഷയം പ്രധാന വിഷയമായി എത്തുന്നത് അധികം കണ്ടിട്ടില്ല. അത്തരം ഒരു സിനിമയാണ് അദൃശ്യം . വാടക ഗര്‍ഭധാരണത്തെ കുറിച്ച് സിനിമ ആധികാരികമായി സംസരിക്കുന്നില്ലെങ്കിലും അദൃശ്യത്തിന്‍റെ പ്രധാന കഥാതന്തു വാടക ഗര്‍ഭധാരണം തന്നെയാണ്. ഷറഫുദീന്‍, ജോജു, ആനന്ദി തുടങ്ങിയവരുടെ നല്ല പ്രകടനങ്ങള്‍ കൂടിയായപ്പോള്‍ മോശമല്ലാത്ത ഒരു ത്രില്ലര്‍ ചിത്രം കാണാന്‍ സാധിച്ചു.
നമ്മുടെ നാട്ടില്‍ ഈ കാലത്ത് ഇത്തരം ഗര്‍ഭധാരണം നിരവധി നടക്കാറുണ്ട്. പ്രിയങ്ക ചോപ്ര മുതല്‍ നയന്‍താര വരെ ഒട്ടനവധി സെലിബ്രിറ്റികള്‍ വാടക ഗര്‍ഭധാരണത്തിലൂടെ അച്ഛനും അമ്മയും ആയ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്. ഇത്തരം ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ കുറെയേറെ നിയമവശങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് വാടയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്ന ആള്‍ ഗര്‍ഭധാരണത്തിനും പ്രസവത്തിനും ആവശ്യമായ ചിലവുകള്‍ക്ക് അല്ലാതെ മറ്റ് പ്രതിഫലം ഒന്നുംതന്നെ വാങ്ങാന്‍ പാടില്ല എന്നതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഈ നിയമം ഒക്കെ പാലിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്.
പണത്തിനു വേണ്ടി പലരും ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുകയും പിന്നീട് ചതിക്കപ്പെടുകയും ചെയ്യുന്നത് പലയിടത്തും സംഭവിച്ചിട്ടുള്ളതാണ്. അവിടെയാണ് അദൃശ്യം പോലുള്ള സിനിമകള്‍ക്ക് പ്രധാന്യമേറുന്നത്. അദൃശ്യത്തില്‍ ആനന്ദി അവതരിപ്പിച്ച കഥാപാത്രം ഇത്തരം ഒരു അവസ്ഥയിലൂടെ നിര്‍ബന്ധിതമായി കടന്നുപോകേണ്ടി വരികയും ചതിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പക്കാ ത്രില്ലര്‍ മൂഡില്‍ കഥ പറഞ്ഞുപോകുന്ന ചിത്രമാണെങ്കിലും ഇത്തരം സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളും പ്രതിപാദിക്കുന്ന ഒരു ചിത്രമാണ് അദൃശ്യം. നോണ്‍ ലീനിയര്‍ കഥപറച്ചില്‍ രീതി ചിലയിടങ്ങളില്‍ ആസ്വാദനത്തെ ബാധിക്കുന്നുണ്ട് എന്നതൊഴിച്ചാല്‍ അത്യാവശ്യം ത്രില്ലടിച്ചു കാണാന്‍ പറ്റിയ ചിത്രമാണ് അദൃശ്യം.