മനുഷ്യനെ ആദ്യമായി ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോ-11 ദൗത്യത്തിലെ കൗതുകകരമായ കുറച്ച് കാര്യങ്ങൾ പറയാമോ?

അറിവ് തേടുന്ന പാവം പ്രവാസി

ഫ്ലോറിഡയില്‍ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 1969 ജൂലായ് 16-നാണ് മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്ര ആരംഭിച്ചത്. പ്രാദേശിക സമയം രാവിലെ 9.32-നാണ് അപ്പോളോ-11 വിക്ഷേപിക്കപ്പെട്ടത് .
വിക്ഷേപണം നടന്ന് 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യ ഭൗമഭ്രമണപഥത്തില്‍ അപ്പോളോയെത്തി. ഒന്നര മണിക്കൂറിന് ശേഷം സാറ്റേണ്‍ റോക്കറ്റ് അപ്പോളോയെ ചന്ദ്രന്റെ ദിശയിലേക്ക് തൊടുത്തുവിട്ടു.

നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം 1969 ജൂലായ് 20-ന് അപ്പോളോ യാത്രികര്‍ ചന്ദ്രനിലെത്തി. അപ്പോളോയുടെ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് പകര്‍ത്തിയ ചാന്ദ്രചക്രവാളത്തില്‍ ഭൂമി ഉദിച്ചുയരുന്ന ദൃശ്യമാണ് അപ്പോളോ ദൗത്യം ഭൂമിയിലെത്തിച്ചതില്‍ ഏറ്റവും കമനീയ ദൃശ്യങ്ങളിലൊന്ന്. യഥാര്‍ഥത്തില്‍ ആരാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് യാത്രികര്‍ ഓര്‍ത്തി രുന്നില്ല.

ചാന്ദ്രപ്രതലത്തില്‍ അപ്പോളോ യാത്രികര്‍ ഇറങ്ങിയ സ്ഥലത്തെ ‘പ്രശാന്തിസമുദ്രം’ (Sea of Tranquility) എന്നറിയപ്പെടുന്നു.

നീല്‍ ആംസ്‌ട്രോങിനെയും , എഡ്വിന്‍ ആള്‍ഡ്രിനെയും വഹിച്ചുകൊണ്ട് ‘ഈഗിള്‍’ എന്നു പേരുള്ള ലൂണാര്‍ മോഡ്യൂള്‍, ജൂലായ് 20 അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം പകല്‍ 1.47-ന് കമാന്‍ഡ് മോഡ്യൂളായ ‘കൊളംബിയ’യില്‍ നിന്ന് വേര്‍പെട്ടു. പിന്നീട് കൊളംബിയ മോഡ്യൂളില്‍ ഉണ്ടായിരുന്നത് മൈക്കല്‍ കൊളിന്‍സ് മാത്രമാണ് .തന്റെ സഹപ്രവര്‍ത്തകര്‍ ചന്ദ്രനില്‍ നടക്കുമ്പോള്‍, മൈക്കല്‍ കൊളിന്‍സ് കൊളംബിയ വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തു.

‘മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യവര്‍ഗത്തിന് വന്‍കുതിപ്പ്’. ജൂലായ് 20 രാത്രി 10.56-ന് മറ്റൊരു ആകാശഗോളത്തില്‍ കാല്‍കുത്തുന്ന ആദ്യ മനുഷ്യനെന്ന ബഹുമതി നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങി പറഞ്ഞ ആദ്യ വാചകമാണിത്.ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങി പത്തു മിനിറ്റിനുള്ളില്‍ ആള്‍ഡ്രിനും അദ്ദേഹത്തൊ ടൊപ്പം ചേര്‍ന്നു.

ഭൂമിയിലെ പല ഉറപ്പുള്ള സ്മാരകങ്ങളെ ക്കാളും ഉറപ്പുള്ളതാണ് പ്രശാന്തിസമുദ്രത്തിലെ യാത്രികരുടെ പാദമുദ്രയുടെ അടയാളം. ഉല്‍ക്കാപതനം മൂലം നശിച്ചില്ലെങ്കില്‍ ഒരുപക്ഷേ, ലക്ഷക്കണക്കിന് വര്‍ഷക്കാലം ഈ പാദമുദ്ര ചാന്ദ്രപ്രതലത്തിലുണ്ടാകും.

ഏതാനും മണിക്കൂറുകള്‍ ഇരു യാത്രികരും ചാന്ദ്രപ്രതലത്തില്‍ ചെലവിട്ടെങ്കിലും അവര്‍ക്ക് പരീക്ഷണങ്ങള്‍ കാര്യമായി നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ചെറിയൊരു ശാസ്ത്ര
പരീക്ഷണം അവര്‍ക്ക് സാധ്യമായി. പാസ്സീവ് സീസ്മിക് എക്‌സ്‌പെരിമെന്റ് എന്ന ഈ പരീക്ഷണം ആള്‍ഡ്രിനാണ് നടത്തിയത്. പിന്നീട് ചന്ദ്രനിലെത്തിയ അപ്പോളോ ദൗത്യങ്ങളാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ അവിടെ നടത്തിയത്.

ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയത് ഭൂമിയില്‍ കോടിക്കണക്കിന് ആളുകള്‍ ടെലിവിഷനില്‍ കണ്ടു. ചന്ദ്രനിലിറങ്ങിയപ്പോള്‍ ക്യാമറ ആംസ്‌ട്രോങിന്റെ പക്കലായിരുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ ചിത്രം ഒരു ദൃശ്യത്തില്‍ മാത്രമാണ് ഉള്ളത്. ‘ഒരുപക്ഷേ, എന്റെ തെറ്റാകാം. എന്നാല്‍ പരിശീലന വേളയില്‍ ഇക്കാര്യം ഞങ്ങള്‍ ഒരിക്കലും പരീക്ഷിച്ചിരുന്നില്ല’-പിന്നീട് ആള്‍ഡ്രിന്‍ പറഞ്ഞു.

ചന്ദ്രനില്‍ രണ്ടു മണിക്കൂര്‍ 32 മിനിറ്റ് (ആള്‍ഡ്രിന്‍ 2.15 മണിക്കൂര്‍) ചെലവിട്ട ശേഷം യാത്രികര്‍ അവിടെ നിന്ന് മടങ്ങി.

ചാന്ദ്രപ്രതലത്തില്‍ നിന്ന് ഉയര്‍ന്ന ശേഷം ഈഗിള്‍ മോഡ്യൂള്‍, കൊളംബിയ മോഡ്യൂളു മായി കൂട്ടുചേര്‍ന്നു. ചാന്ദ്ര പ്രതലത്തില്‍ നിന്ന് ശേഖരിച്ച മണ്ണും , പാറയും കമാന്‍ഡ് മോഡ്യൂളായ കൊളംബിയയിലേക്ക് മാറ്റിയ ശേഷം ഈഗിളിനെ ചാന്ദ്ര ഭ്രമണപഥത്തില്‍ ഉപേക്ഷിച്ച് മൂന്ന് യാത്രികരും കമാന്‍ഡ് മോഡ്യൂളില്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു.

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ശേഷം ഭൂമിയില്‍ സുരക്ഷിതമായി തിരികെയെത്തി ക്കുക എന്ന വെല്ലുവിളി, 1969 ജൂലായ് 24 പ്രാദേശിക സമയം പകല്‍ 12.50 ന് നാസ വിജയകരമായി തരണം ചെയ്തു. ഹാവായ്ക്ക് 812 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് കൊളംബിയ മോഡ്യൂള്‍ പതിച്ചത്.

ചന്ദ്രനിലേക്കും തിരിച്ചുമുള്ള യാത്രക്കിടെ അപ്പോളോ യാത്രികര്‍ ഓരുരുത്തര്‍ക്കും ഏകദേശം 2800 കാലറി ഊര്‍ജം കിട്ടുന്ന ഭക്ഷണമായിരുന്നു വേണ്ടിയിരുന്നത്. തണുപ്പിച്ച് പ്ലാസ്റ്റിക് കൂടുകളിലാക്കിയ ടോസ്റ്റ് ചെയ്ത ബ്രെഡും , കുക്കീസും , സാന്‍വിച്ചുകളും , പന്നിയിറച്ചിയും അവര്‍ കൊണ്ടുപോയി. അപ്പോളോ 11ലാണ് ബഹിരാകാശയാത്രികര്‍ ചൂടുവെള്ളം ലഭിക്കുന്ന സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തിയിരുന്നത്.

മൂന്നു പേരാണ് ചന്ദ്രനിലേക്കു പോയത് എന്ന് പറഞ്ഞുവല്ലോ.നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ (Buzz Aldrin) പിന്നെ കോളിൻസ്. ആംസ്ട്രോങ്ങും , ആൽഡ്രിനും ലൂനാർ മൊഡ്യൂൾ എന്ന പേടകത്തിലേറി ചന്ദ്രനിലേ ക്കിറങ്ങിയപ്പോൾ കോളിൻസ് ചന്ദ്രനു ചുറ്റും കറങ്ങുകയായിരുന്നു. ചന്ദ്രന്റെ ഒരു വശം മാത്രമാണു ഭൂമിയിൽ നിന്ന് നമ്മൾ കാണുന്നത്. കാണാത്ത വശത്തെ വിദൂര വശം എന്നുപറയും. കോളിൻസ് ചന്ദ്രനെ ചുറ്റിക്കറങ്ങുന്നതിനിടെ ഈ വിദൂരവശത്തൊക്കെ എത്തി. അതുവരെ ഭൂമിയിലെ കൺട്രോൾ സെന്ററുമായി സംസാരിക്കാനെങ്കിലും അദ്ദേഹത്തിനു കഴിയുമായിരുന്നു. എന്നാൽ വിദൂരവശത്ത് എത്തിയതോടെ ഇതും ഇല്ലാതായി. ഒന്നും ചെയ്യാനില്ലാതെ, ആരുമായും ഒന്നു മിണ്ടാൻ പോലുമാകാത്ത 22 മണിക്കൂർ നീണ്ട ഒറ്റപ്പെടൽ .
ചന്ദ്രനിൽ പോയ മൂവർ‍സംഘം 1969 ജൂലൈ 24നു ഭൂമിയിൽ തിരിച്ചെത്തി. കടലിലാണു പേടകം വന്നു വീണത്. പൂച്ചെണ്ടും , ബൊക്കെ യുമൊക്കെ ഏറ്റുവാങ്ങി അവർ അന്നു തന്നെ ജനങ്ങളുടെ ഇടയിലൂടെ നടന്നെന്നു നമ്മൾ വിചാരിക്കും, പക്ഷേ അങ്ങനെയായിരുന്നില്ല സ്ഥിതി. ആദ്യം തന്നെ ഒരു ചില്ലുകൂടു പോലുള്ള ‘മൊബൈൽ ക്വാറന്റീൻ’ സംവിധാനത്തിലേ ക്കാണ് യാത്രക്കാരെ കയറ്റിയത്.കാരണ മെന്തെന്നോ, ചന്ദ്രനിൽ ജീവനില്ല എന്നൊക്കെ ഇന്ന് ഏകദേശം ഉറപ്പാണെങ്കിലും അന്നത്തെ ശാസ്ത്രജ്ഞർക്ക് അക്കാര്യത്തിൽ സംശയമുണ്ടായിരുന്നു.

കൊറോണ പോലൊക്കെയുള്ള ഏതെങ്കിലും അപകടകാരി വൈറസുമായിട്ടല്ല യാത്രികർ തിരികെ വരുന്നതെന്ന് എങ്ങനെ ഉറപ്പിക്കും? അതിനു വേണ്ടിയാണ് ക്വാറന്റീൻ ഒരുക്കിയത്. പിന്നീടവരെ ഒരു റൂമിലേക്കു മാറ്റി ക്വാറന്റീൻ തുടർന്നു. കൂട്ടിനു കുറച്ച് വെള്ള എലികളുമു ണ്ടായിരുന്നു. യാത്രക്കാർക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ എലികളിലേക്ക് അതു പകരും. ഇതു വഴി രോഗം കണ്ടുപിടിക്കാമെന്നാ യിരുന്നു നാസയുടെ വിചാരം. ഏതായാലും എലികൾക്ക് ഒന്നും പറ്റിയില്ല. കുറച്ച് ദിവസം കഴിഞ്ഞ് യാത്രക്കാരെ പുറത്തിറക്കി. 22 ദിവസത്തോളം നീണ്ട ക്വാറന്റീനിൽ ബോറടിക്കാതിരിക്കാനായി റൂമിനുള്ളിൽ ഒരു ടെലിവിഷനും , ഒട്ടേറെ പുസ്തകങ്ങളും , ഒരു ടേബിൾ ടെന്നിസ് കോർട്ടുമാണുണ്ടായിരുന്നത്.

ചന്ദ്രൻ കാണാൻ വളരെ നല്ലതാണെങ്കിലും അവിടെ വെടിമരുന്നിന്റെ പോലുള്ള മണമാണ് എന്നാണു പോയി വന്നവർ പറഞ്ഞിട്ടുള്ളത്. ചന്ദ്രനിലെ മണ്ണിൽ അടങ്ങിയ രാസവസ്തുക്കൾ മൂലമാണ് ഇത്.

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടേയില്ലെന്നും ഇതെല്ലാം കല്ലുവച്ച നുണയാണെന്നും പറയുന്ന ഒരു കൂട്ടം ആൾക്കാരുമുണ്ട്. ടെക്സസിൽ ഏതോ മരുഭൂമിയിൽ ഷൂട്ടു ചെയ്ത കള്ളത്തര മാണു ചന്ദ്രയാത്രയെന്ന് ഇവർ പറയുന്നു. എന്നാൽ ഇവരുടെ വാദങ്ങളൊക്കെ പണ്ടു തന്നെ ശാസ്ത്രജ്ഞർ പൊളിച്ചടുക്കിയിട്ടുണ്ട്.

1969 ജൂലൈ 20 ന് ലൂനാർ മോഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയശേഷം നീൽ ആംസ്ട്രോങ് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള കൺട്രോൾ സ്റ്റേഷനിലേക്കു നൽകിയ സന്ദേശം ഇതായിരുന്നു: The eagle has landed. ചന്ദ്രനിൽ വച്ച് ഉച്ചരിക്കപ്പെട്ട ആദ്യ വാചകങ്ങളാണ് ഇത്!

ചന്ദ്രനിൽ കാലുകുത്തിയതിനെക്കുറിച്ച് ആംസ്ട്രോങ് അന്നു പറഞ്ഞ ഈ വാചകങ്ങളും വളരെ പ്രശസ്തമാണ്: That’s one small step for man, one giant leap for mankind.

എഡ്വിൻ ആൽഡ്രിൻ ചന്ദ്രനിൽ ആദ്യം പറഞ്ഞ വാചകം ഇതായിരുന്നു: Beautiful View അപ്പോൾ ആംസ്ട്രോങ് ചോദിച്ചു: Isn’t that something? Magnificent sight out there? ആൽഡ്രിൻ ഇങ്ങനെ പ്രതികരിച്ചു: Magnificent Desolation. ഇതാണ് ചന്ദ്രനിലുണ്ടായ ആദ്യത്തെ സംഭാഷണം! ആൽഡ്രിന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിന്റെ പേര് ഇങ്ങനെയാണ്: Magnificent Desolation: The Long Journey Home from the Moon.

ആദ്യയാത്രയിലെ മൂന്നുപേര്‍

നീല്‍ ആംസ്‌ട്രോങ്:

ഒഹായോയിലെ വാപാകെനെറ്റെയില്‍ 1930 ആഗസ്ത് അഞ്ചിന് ജനനം. ബഹിരാകാശ ശാസ്ത്രജ്ഞനാകും മുമ്പ് കൊറിയന്‍ യുദ്ധകാലത്ത് നാവികസേനാ പൈലറ്റായി രുന്നു. ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി എട്ടിന്റെ കമാന്‍ഡ് പൈലറ്റായി. അപ്പോളോ 11ലെ യാത്ര അവസാനത്തേതും. അപ്പോളോ 13ഉം ചലഞ്ചറും തകര്‍ന്നപ്പോള്‍ അന്വേഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ചു.

ആസ്‌ട്രോങ്ങിനെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങള്‍:

1994ലിനു ശേഷം ആംസ്‌ട്രോങ് ആര്‍ക്കും ഓട്ടോഗ്രാഫ് കൊടുത്തിട്ടില്ല. തന്റെ കയ്യൊപ്പ് പതിനായിരക്കണക്കിന് ഡോളറുകള്‍ക്ക് അദ്ദേഹം വിറ്റു.

2005ല്‍ മുടിവെട്ടുകാരനെതിരെ അദ്ദേഹം കേസു കൊടുത്തു. ബഹിരാകാശയാത്രികരുടെ ആരാധകര്‍ക്ക് തന്റെ മുടിവില്‍ക്കുന്നു എന്നതായിരുന്നു പരാതിക്കു കാരണം.

എഡ്വിന്‍ ഇ. ആല്‍ഡ്രിന്‍ എന്ന ‘ബസ് ‘ ആല്‍ഡ്രിന്‍:കൊറിയന്‍ യുദ്ധത്തില്‍ പൈലറ്റായി സേവനം ചെയ്ത പരിചയവുമാ യാണ് ആല്‍ഡ്രിനും ബഹിരാകാശ സഞ്ചാരിയായത്. 1930 ജനവരി 20ന് ന്യൂ ജഴ്‌സിയ്‌ലെ ഗ്ലെന്‍ റിഡ്ജില്‍ ജനിച്ചു. ആദ്യ ബഹിരാകാശ സഞ്ചാരം ജെമിനി 12ല്‍. അപ്പോളോ 11ലെ മോഡ്യൂള്‍ പൈലറ്റായിരുന്നു.

ബസ് ആല്‍ഡ്രിനെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങള്‍:

ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമന്‍. ചന്ദ്രനില്‍ വെച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം വായിച്ചതിന്റെയും , വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിന്റെയും പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നു.

ചന്ദ്രനില്‍ നിന്ന് തിരിച്ചെത്തിയ ആല്‍ഡ്രിന്‍ വിഷാദരോഗത്തിനടിപ്പെട്ടു. കടുത്ത മദ്യപാനിയായി. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത് എന്ന ആത്മകഥയിലും പിന്നീട് എഴുതിയ മാഗ്‌നിഫിസെന്‍റ് ഡിസൊലെയ്ഷന്‍എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്. ഇനിയും മനുഷ്യനെ ബഹിരാകാശത്തേക്കയ ണം എന്ന് ശക്തിയായി വാദിച്ചിരുന്നു ഇദ്ദേഹം.

മൈക്കല്‍ കോളിന്‍സ് :

അപ്പോളോ 11ലെ മൂന്നാമത്തെ യാത്രികന്‍. വാഹനത്തിന്റെ കമാന്‍ഡ് മോഡ്യൂള്‍ പൈലറ്റ്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ചന്ദ്രനെ തൊട്ടപ്പോള്‍ കോളിന്‍സ് അമ്പിളിമാമനു ചുറ്റും പറന്നു നടന്നു. ഒറ്റക്കുള്ള ആ പറക്കലിനെ തന്റെ ആത്മകഥയായ കാരീയിങ് ദ് ഫയര്‍: ആന്‍ അസ്‌ട്രൊനോട്‌സ് ജേണിയില്‍ അദ്ദേഹം താരതമ്യം ചെയ്യുന്നത് ആദി മനുഷ്യനായ ആദത്തിന്റെ ഏകാന്തതയോടാണ്.
ഇറ്റലിയിലെ റോമില്‍ യു. എസ്. ദമ്പതിമാരുടെ മകനായി 1930 ഒക്ടോബര്‍ 30ന് ജനിച്ചു. ജെമിനി 10ല്‍ ആദ്യ ബഹിരാകാശയാത്രനടത്തി.

You May Also Like

സ്വാദിഷ്ടമായ കോക്കനട്ട് ആപ്പിൾ നിങ്ങൾ കഴിച്ചിട്ടില്ലേ ?

എന്താണ് കോക്കനട്ട് ആപ്പിൾ ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി പേരുകേട്ടു ഭയക്കേണ്ട.നമ്മുടെ തേങ്ങയിലെ…

ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ ?

ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ????വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ…

പ്രതിരോധ വാക്‌സിനുകളും, വിവിധയിനം അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ? ബൂസ്റ്റര്‍ ഡോസുകള്‍ എന്നാൽ എന്താണ് ?

പ്രതിരോധ വാക്‌സിനുകളും, വിവിധയിനം അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് ? ബൂസ്റ്റര്‍ ഡോസുകള്‍…

കോർക്കിന്റെ കഥ

കോർക്ക് Vinaya Raj കോർക്ക് ഓക്ക് എന്നു വിളിക്കുന്ന ക്വർക്കസ് സൂബർ (Quercus suber) എന്ന…