അറിവ് തേടുന്ന പാവം പ്രവാസി

1969-ല്‍ നാസ അപ്പോളോ-11 ദൗത്യം വിഭാവനം ചെയ്തപ്പോള്‍ നീല്‍ ആംസ്ട്രോങ്, ബസ് ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നീ മൂന്ന് യാത്രികരുടെ പേരുകള്‍ ആ വര്‍ഷാരംഭത്തില്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. അപ്പോളോ-11-ന്റെ കമാന്ററായി ആംസ്ട്രോങിനേയും പൈലറ്റായി ആല്‍ഡ്രിനേയും കൊളംബിയ പേടകത്തിന്റെ നിയന്ത്രകനായി കോളിന്‍സിനേയും നിശ്ചയിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പായി; ചന്ദ്രമണ്ഡലത്തില്‍ പേടകമെത്തുകയാണെങ്കില്‍ ആ മണ്ണില്‍ കാലുകുത്താന്‍ പോകുന്നത് ആംസ്ട്രോങും ആല്‍ഡ്രിനും മാത്രമായിരിക്കും. അപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ യാത്രികരെയും കാത്തുകൊണ്ട് കോളിന്‍സ് കൊളംബിയ പേടകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കണം. പക്ഷേ, മേല്‍പ്പറഞ്ഞ രണ്ട് പേരില്‍ ആരായിരിക്കും ചന്ദ്രനില്‍ ആദ്യം കാലെടുത്തു വക്കുക എന്നത് നാസ വ്യക്തമാക്കിയിരുന്നില്ല ആംസ്ട്രോങിനേയും, ആല്‍ഡ്രിനേയും പോലെ ലോകം മുഴുവന്‍ ഇക്കാര്യത്തില്‍ തലപുകച്ചുകൊണ്ടിരുന്നു. 1961-ല്‍ ജമിനി-8 റോക്കറ്റില്‍ കയറിപ്പോയ പരിചയം ആംസ്ട്രോങിനുള്ളപ്പോള്‍ 1966-ല്‍ ജമിനി-12 റോക്കറ്റില്‍ കയറിപ്പോയതിന്റെ പിന്‍ബലം ആല്‍ഡ്രിനുമുണ്ടായിരുന്നു.

ഗുരുത്വാകര്‍ഷണമില്ലാതെ ജലത്തിനടിയില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ ആല്‍ഡ്രിന്‍ കെങ്കേമനാണെന്നത് നാസക്ക് നന്നായി അറിയാമായിരുന്നു. അതില്‍ അതിരുകവിഞ്ഞ വിശ്വാസം ആല്‍ഡ്രിനുമുണ്ടായിരുന്നു. തന്റെ കാലടിയായിരിക്കും ചന്ദ്രനില്‍ ആദ്യം പതിയുക എന്ന് ഊണിലും ഉറക്കത്തിലും ആല്‍ഡ്രിന്‍ കൊതിക്കുകയും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്തൊക്കെ നാസയിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ആംസ്ട്രോങ് വെറുതെ കാറ്റുകൊണ്ടു നടന്നു. നാസ അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരില്‍ പ്രേരണ ചെലുത്താനും ആല്‍ഡ്രിന്‍ പത്രമാധ്യമങ്ങള്‍ വഴി കുറച്ചൊക്കെ ‘രാഷ്ട്രീയം’ കളിച്ചു എന്നാണ് പറയപ്പെടുന്നത് . എന്നാല്‍ ചാന്ദ്രവിക്ഷേപണത്തിന് കൃത്യം മൂന്ന് മാസം മുന്‍പാണ് ചന്ദ്രനില്‍ ആദ്യം കാലുകുത്തുന്നത് ആംസ്ട്രോങ് ആയിരിക്കും എന്ന് നാസ പ്രഖ്യാപിക്കുന്നത്.

ഇത് ആല്‍ഡ്രിനെ ഒട്ടൊന്നുമല്ല പിടിച്ചു കുലുക്കിയത്. 1969 ജൂലൈ 16-ന് കെന്നഡി ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ, ചന്ദ്രനിലേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഈഗിള്‍ പേടകത്തെ വഹിച്ചു കൊണ്ടുള്ള സാറ്റേണ്‍-വി റോക്കറ്റിലേക്ക് വെളുത്ത ബഹിരാകാശ വസ്ത്രമണിഞ്ഞ് നടന്നുനീങ്ങിയ മൂന്ന് യാത്രികരില്‍ ഏറ്റവും പിന്നിലുണ്ടായിരുന്നത് ബസ് ആല്‍ഡ്രിന്‍ ആയിരുന്നു. നാസയുടെ തീരുമാനങ്ങള്‍ക്കെല്ലാം സമ്മതം നല്‍കിയ അയാള്‍ മനസ്സില്‍ മറ്റെന്തൊക്കെയോ നിശ്ചയിച്ചുറച്ചിരുന്നു. എന്നാല്‍ അവര്‍ മൂവരും ഒരു കാര്യത്തില്‍ തുല്യരായിരുന്നു. തിരിച്ചുവരാന്‍ കഴിയുമെന്ന് ഒരുറപ്പുമില്ലാത്ത ആ യാത്രയില്‍ വേഗതകൂട്ടി സ്പന്ദിച്ച അവരുടെ ഹൃദയം ഒരേ ചരടില്‍ കോര്‍ത്തു കിടന്നത് ഹെല്‍മറ്റിന്റെ മുഖംമൂടിയാല്‍ വിദഗ്ദ്ധമായി മറയ്ക്കപ്പെട്ടു.

ചാന്ദ്രയാത്രികരായി നാസ തങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതിനൊപ്പം ഒരു ദുഃഖവും യാത്രികരെ ചൂഴ്ന്നുനിന്നു. ജീവന് ഒരുറപ്പുമില്ലാത്ത ആ യാത്രയ്ക്കുവേണ്ടി വലിയൊരു തുക ലൈഫ് ഇന്‍ഷുറന്‍സിനു വേണ്ടി നീക്കിവെക്കാന്‍ മാത്രം ധനികരായിരുന്നില്ല മൂന്നുപേരും. ആ ബാധ്യത ഏറ്റെടുക്കാന്‍ നാസ തയ്യാറായതുമില്ല. കുടുംബ ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കിയിരുന്ന ആംസ്ട്രോങാണ് ഇതില്‍ കൂടുതലും ഉലഞ്ഞത്. ചന്ദ്രനില്‍നിന്ന് തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാല്‍ യാത്രികര്‍ കൂടുതല്‍ സമയവും കുടുംബത്തോടൊപ്പം ചെലവഴിച്ചു. പിന്നീടവര്‍ ഒരു തീരുമാനത്തിലെത്തി. ആയിരക്കണക്കിന് പോസ്റ്റല്‍ കവറുകള്‍ വാങ്ങി അതിലെല്ലാം ഓട്ടോഗ്രാഫായി ഒപ്പുവച്ചു. ആ കവറുകളെല്ലാം തങ്ങളുടെ പൊതു സുഹൃത്തിന് അയച്ചുകൊടുക്കുകയും തങ്ങള്‍ യാത്രയില്‍ മരിക്കുകയാണെങ്കില്‍ ഈ ഓട്ടോഗ്രാഫിന് വിലയേറുമെന്നതിനാല്‍ അവ വിറ്റുകിട്ടുന്ന തുക തങ്ങളുടെ കുടുംബത്തിന് നല്‍കണമെന്നും അവര്‍ സുഹൃത്തിനോട് പറഞ്ഞു.

റോബര്‍ട്ട് പേള്‍മാന്‍ എന്ന ബഹിരാകാശ ചരിത്രഗവേഷകന്‍ പറയുന്നത് 1990-കളില്‍ ഓരോ ഓട്ടോഗ്രാഫിനും മുപ്പതിനായിരം ഡോളര്‍ വരെ വിലവരുമെന്നായിരുന്നു. എന്നാല്‍ യാത്രികര്‍ മൂന്നുപേരും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ഈ ഓട്ടോഗ്രാഫുകളെക്കുറിച്ച് പലപ്പോഴും അവര്‍ തമാശ പറഞ്ഞു ചിരിച്ചു.

Leave a Reply
You May Also Like

ഇന്ത്യയിലുള്ള മിക്ക ഫാനുകൾക്കും മൂന്ന് ബ്ലേഡുകൾ (ലീഫ്) ആണ് ഉള്ളത്, എന്നാൽ യു‌എസ്‌എയിലെ ഫാനുകൾക്ക്  നാല് ബ്ലേഡുകൾ ഉണ്ട്. കാരണം എന്ത്?

ഇന്ത്യയിലുള്ള മിക്ക ഫാനുകൾക്കും മൂന്ന് ബ്ലേഡുകൾ (ലീഫ്) ആണ് ഉള്ളത്. എന്നാൽ യു‌എസ്‌എയിലെ ഫാനുകൾക്ക്  നാല്…

തെക്കൻ തല്ലുകേസിലെ വസ്തുതാപരമായ അബദ്ധമാണ് മുള്ളൻപന്നി !

വിജയകുമാർ ബ്ലാത്തൂർ ഒരു തെക്കൻ തല്ല് കേസ് എന്ന സിനിമ കണ്ടു. എഴുപതുകളിലെ കേരളമാണ് കഥയിൽ…

ചന്ദ്രനിൽ കക്കൂസ് പണിയാൻ പോകുന്നുവെന്ന് പറയുന്നത് ശരിയാണോ ?

ചന്ദ്രനിൽ കക്കൂസ് പണിയാൻ പോകുന്നുവെന്ന് പറയുന്നത് ശരിയാണോ ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????…

ആരാണ് ബകര്‍വാല്‍ സമുദായം ?

ഇന്ത്യാ പാക്ക് യുദ്ധ സമയങ്ങളില്‍ എല്ലാം തന്നെ ഇവര്‍ മുന്നണിയില്‍ നിന്നും ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. 1965 ഇലെ യുദ്ധത്തില്‍ സവാജിയാന്‍ സെക്റ്ററിലെ ഗ്രാമീണരെ സൈന്യത്തിന് വേണ്ടി അണിനിരത്തുന്നതില്‍ ഇവരുടെ പങ്കിനെ അശോക്‌ ചക്ര നല്‍കിയാണ്‌ രാജ്യം ആദരിച്ചത്