കുയിലിന്റെ മണിനാദം നിലച്ചു!

137

***

കുയിലിന്റെ മണിനാദം നിലച്ചു!
കസ്തൂരി മണമുള്ള കാറ്റ് കൊണ്ട് മലയാള ചലചിത്ര ഗാനശാഖയെ തഴുകിയ നിത്യഹരിത ഗാനങ്ങളുടെ രാജശില്പി എം.കെ അർജുനൻ മാസ്റ്റർ വിടവാങ്ങി .ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റായ് നാടകങ്ങളിലുടെ തുടക്കം 1968ൽ നാരയണൻ കുട്ടി വല്ലത്ത് സംവിധാനം ചെയ്ത കറുത്ത പൗർണമി എന്ന ചിത്രത്തിന് വേണ്ടി ഭാസ്ക്കരൻ മാഷ് രചിച്ച ഏഴ് ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചു കൊണ്ട് അരങ്ങേറ്റം, തുടർന്ന് ശുദ്ധസംഗീതത്തിന്റെയും ലളിത സംഗീതത്തിന്റെയും അർത്ഥ പൂർണമായ സമന്വയത്തിന്റെ പ്രയോക്താവ് ആയി മാറി മാസ്റ്റർ, ഭാവ സാന്ദ്രമായ പ്രണയാധുരമായ എത്രയോ നല്ല ഗാനങ്ങൾ മലയാളിയുടെ മനസിൽ നീലനിശിതിനിയായ് നിറഞ്ഞ് നിൽക്കുന്നു, എണ്ണുറിലേറെ നാടക ഗാനങൾ ആയിരത്തോളം ചലചിത്ര ഗാനങ്ങൾ .എറ്റവും കൂടുതൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് , 1969ലെ റസ്റ്റ് ഹൗസ് എന്ന ചിത്രം മുതൽ 2018 ലെ ഭയാനകം എന്ന ചിത്രത്തിൽ വരെ ഒരുമിച്ച ബന്ധത്തിന്റെ ഹാർമണി മലയാളിക്ക് സമ്മാനിച്ചത് അനശ്വര ഗാനങ്ങൾ , ദാരിദ്രത്തിൽ നിന്നും അനാതത്വത്തിൽ നിന്നും ഉയിർകൊണ്ട സർഗാത്മകതയുടെ പാഠം ശ്രുധിമധുരമായ ഗാനങ്ങളിലുടെ സമ്മാനിച്ച അർജുനൻ മാസ്റ്റർക്ക് കണ്ണീർ പ്രണാമം

 

അർജുനൻ മാസ്റ്ററുടെ ജീവസംഗീതം (ഗിരീഷ് വർമ്മ ബാലുശ്ശേരി)

ഒരേഭൂമി ഒരേ രക്തം എന്ന ചിത്രത്തിലൂടെ കടന്നുവന്നെങ്കിലും രണ്ടാമത്തെ ചിത്രമായ കറുത്ത പൗർണമിയിലെ ഗാനങ്ങളിലൂടെയാണ് നമ്മൾ എം കെ അർജുനൻ എന്ന ഭാവസംഗീതജ്ഞനെ തിരിച്ചറിഞ്ഞത്. “മാനത്തിൻ മുറ്റത്ത് ” “ഹൃദയമുരുകി നീ കരയില്ലെങ്കിൽ ” എന്നീ രണ്ടു ഗാനങ്ങൾ മതി ഇദ്ദേഹത്തിലെ സംഗീതത്തെ തിരിച്ചറിയാൻ. വിഷാദത്തിൽ ഉരുകിയൊലിക്കുന്ന പി ഭാസ്കരന്റെ പദപ്രയോഗങ്ങൾ സംഗീതസാന്ദ്രമായ് പുറത്തുവന്നപ്പോൾ അതുവരെ അനുഭവിക്കാത്ത ഒരു വിങ്ങൽ ശ്രോതാക്കൾ അനുഭവിക്കുകയുണ്ടായി. .അക്കൊല്ലം തന്നെ റസ്റ്റ്ഹൗസിലൂടെ അതിശയിപ്പിക്കുന്ന സംഗീതധാരയിൽ നമ്മൾ മുങ്ങി നിവരുകയുണ്ടായി. “പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു ” എന്ന ഗാനം യേശുദാസ് ജലദോഷം ഉണ്ടായിട്ടും റെക്കോർഡ് ചെയ്ത ഗാനം ആണ് എന്ന് കേട്ടിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയും എം കെ അർജുനനും എന്ന കൂട്ടുകെട്ടിന്റെ തുടക്കം ഗംഭീരമായി തന്നെയായിരുന്നു. കണ്ണിൽ നിറയുന്ന പ്രണയത്തെ വായിച്ചും കേട്ടും അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നീലോല്പലനയനങ്ങളിലൂറുന്ന നിർമ്മലരാഗ തുഷാരം തമ്പിസാറും അർജുനൻ മാസ്റ്ററും കൂടി ചേർത്തു വച്ചപ്പോൾ ഞങ്ങളുടെ കണ്ണുകളാണ് നിറഞ്ഞൊഴികിയത് . അതേപോലെ പുഷ്പിണിയായ ശതാവരി വല്ലിയിൽ തൽപ്പമൊരുക്കിയ തെന്നലും നമ്മെ തഴുകിമയക്കിക്കളഞ്ഞു .പിന്നീടിങ്ങോട്ട് എത്രയോ ഗാനങ്ങൾ ഇവരുടെ കൂട്ടുകെട്ടുകളിൽ വിടർന്നു മലർന്ന് സുഗന്ധം പരത്തുകയുണ്ടായി. അറുപത്തെട്ടിൽ തുടങ്ങി ഇങ്ങ് രണ്ടായിരത്തി പതിനെട്ടു വരെ അതനുഭവിക്കാൻ നമുക്ക് ഭാഗ്യം സിദ്ധിച്ചു .ഇനിയും തുടരും .രക്തപുഷ്പ്പത്തിലെ മലരമ്പനറിഞ്ഞില്ല ..
സി ഐ ഡി നസിറിലെ നിൻ മണിയറയിലെ ,നീല നിശീഥിനീ

പുഷ്പാഞ്ജലിയിലെ ദുഃഖമേ നിനക്ക് പുലർകാലവന്ദനം ,നക്ഷത്രകിന്നരന്മാർ വിരുന്നുവന്നു
അന്വേഷണത്തിലെ ചന്ദ്രരശ്മിതൻ ചന്ദനനദിയിൽ
പദ്മവ്യൂഹത്തിലെ കുയിലിന്റെ മണിനാദം കേട്ടു ,പാലരുവിക്കരയിൽ ,സിന്ദൂരകിരണമായ്
അജ്ഞാതവാസത്തിലെ മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി
ഇതുമനുഷ്യനോവിലെ ദുഃഖമൊരു ബിന്ദു
ഹണിമൂണിലെ മല്ലികപ്പൂവിൻ മധുരഗന്ധം
പൂന്തേനരുവിയിലെ നന്ത്യാർവട്ടപൂ ചിരിച്ചു
പുലിവാലിലെ പാതിരാനക്ഷത്രം കണ്ണടച്ചു , ലജ്‌ജാവതീ
സിന്ധുവിലെ തേടി തേടി ഞാനലഞ്ഞു ,ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും
പദ്മരാഗത്തിലെ സാന്ധ്യതാരകേ മറക്കുമോ ,ഉറങ്ങാൻ കിടന്നാൽ,ഉഷസാം സ്വർണതാമര വിടർന്നു
തിരുവോണത്തിലെ എത്ര സുന്ദരി, തിരുവോണപ്പുലരിതൻ ,ആ തൃസന്ധ്യതൻ
പിക്നിക്കിലെ ചന്ദ്രക്കലമാനത്ത് ,കസ്തൂരി മണക്കുന്നല്ലോ,വാൽക്കണ്ണെഴുതി ,
പ്രവാഹത്തിലെ സ്നേഹഗായികേ , മാവിന്റെ കൊമ്പിലിരുന്നൊരു ,സ്നേഹത്തിൻ പൊൻവിളക്കെ
സീമന്തപുത്രനിലെ സങ്കല്പത്തിൻ സ്വർണമരം പൂവണിഞ്ഞു ,
കന്യാദാനത്തിലെ രണ്ടുനക്ഷത്രങ്ങൾ കണ്ടുമുട്ടി , വിധുമുഖീ നിൻ ചിരി കണ്ടു വിടർന്നു
ശംഖുപുഷ്പത്തിലെ സപ്തസ്വരങ്ങളാടും ,ആയിരമജന്താ ചിത്രങ്ങളിൽ
കാത്തിരുന്ന നിമിഷത്തിലെ ചെമ്പകത്തൈകൾ പൂത്ത
എന്നീ മാറ്റുരച്ചു നോക്കേണ്ടാത്ത ഗാനങ്ങൾ മലയാളിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനം തന്നെയാണ്. പ്രണയഗാനങ്ങളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന വിങ്ങൽ നേർത്തൊരു വിഷാദം പോലെ നമ്മെ പൊതിയും . ഉദാഹരണത്തിന് കുയിലിന്റെ മണിനാദം കേട്ടു , ചന്ദ്രോദയം കണ്ട് കൈകൂപ്പി നിൽക്കും സിന്ദൂര മണിപുഷ്പം നീ , സ്നേഹഗായികേ നിൻ സ്വപ്ന വേദിയിൽ , എത്ര സുന്ദരി എത്ര പ്രിയങ്കരി ഇവയൊക്കെ കേൾക്കുമ്പോൾ മനസ്സിൽ നുരയുന്നത് പ്രേമതീർത്ഥത്തോടൊപ്പം വിഷാദം കലർന്ന മധുരസ്മൃതികൾ കൂടിയാണ്. ശ്രീകുമാരൻ തമ്പി – എം കെ അർജുനൻ കൂട്ടുകെട്ട് അത്രയേറെ പാട്ടരാധകരെ പാട്ടിലാക്കിയിരിക്കുന്നു . ഒരിക്കലും വേർപെട്ടു പോവാതെ അതങ്ങിനെ മനസ്സിൽ കിടക്കും…

 1. മല്ലീസായകം
  ഏത് പ്രതിഭാധനരോടൊപ്പം പ്രവർത്തിച്ചാലും വരികളും, സംഗീതവും പുണർന്നൊഴുകുന്ന കാഴ്ചയാണ് ശ്രോതാവിനു അനുഭവപ്പെടുന്നത് . അതാണ് എം കെ അർജുനൻ മാജിക് . അനുഭവപൂർണതയുടെ ഉത്തുംഗശൃംഗങ്ങളിൽ പാട്ടാരാധകരെ കൊണ്ടുനിർത്തുന്ന ആ മായികനിമിഷങ്ങൾ പലപ്പോഴും പൂർവസ്ഥിതി പ്രാപിക്കുമ്പോൾ കെട്ടിറങ്ങാതെ ഒരോളത്തിക്കിൽ നമ്മളെയതെവിടേക്കോ കൊണ്ടുപോവുകയും ചെയ്യും.ജീവിതപ്രയാസങ്ങളുടെ ഓരോ ഒതുക്കുകല്ലുകളും ചവിട്ടി നീങ്ങുമ്പോൾ പുറകിൽ നിന്നാ മാന്ത്രികകരസ്പർശം . മറ്റെല്ലാ വേദനകളും മറന്നാ സ്വരരാഗതാളലയങ്ങളിലേക്ക് മനസ്സിനെ കെട്ടഴിച്ചു വിട്ട് ഊർജം സമ്പാദിക്കുന്ന എത്രയെത്ര നിമിഷങ്ങൾ. ഈ ഗാനങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ ചിലപ്പോഴെന്താവുമായിരുന്നു സ്ഥിതി . വീർപ്പുമുട്ടി കുഴഞ്ഞു വീണേക്കും ചിലപ്പോ ! അത്രയ്ക്കുണ്ട് ഈ സംഗീതത്തിന്റെ ജീവിതങ്ങളെ ഉലച്ചിൽ തട്ടാതെ കൊണ്ടുനടക്കാനുള്ള ശക്തി . നന്ദി പറയേണ്ടത് ഏഴു സ്വരങ്ങളോടാണ് . അത് ചിട്ടപ്പെടുത്തുന്ന സംഗീതജ്ഞനോടാണ് . വരിയില്ലെങ്കിലും സംഗീതം മൂളാൻ കഴിഞ്ഞേക്കും . എന്നാലും ഇഴ ചേർന്ന് പോവുന്ന വരികളും സംഗീതവും ഈ ലോകത്തിന്റെ നിലനിൽപ്പിന്റെ അറിയിപ്പിന്റെ നിദാന്തമന്ത്രണങ്ങളാണ് .
  എംകെ അർജുനൻ – ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് കഴിഞ്ഞാൽ ഏറെ ഹൃദ്യമായ സൃഷ്ടികൾ പിറന്നിട്ടുള്ളത് വയലാർ -അർജുനൻ കൂട്ടുകെട്ടിൽ ആണ്. 1972ൽ ആദ്യത്തെ കഥയിലൂടെ അത് പുറത്തു വന്നു.
  വയലാർ ഗാനങ്ങൾക്കുള്ള പ്രത്യേകത ഏതു സന്ദർഭത്തിനെ കുറിച്ചെഴുതിയാലും വരികളിൽ തിങ്ങുന്ന വികാരപാരാവശ്യം , അത് ചില അഭൗമസംഗീതത്തിന്റെ ചിറകിലേറി വരുമ്പോൾ നമ്മളും അർദ്ധനിമീലിതനേത്രരായി നിന്നുപോകും ..പാരമ്പര്യസങ്കൽപ്പങ്ങളും , ഇന്നത്തെ കാലത്ത് കൈമോശം വന്ന വാക്കുകൾ പോലും കണ്ടെത്താൻ കഴിയുന്ന വയലാർ ഗാനങ്ങളിൽ എംകെ അർജുനൻ ചാലിച്ചു ചേർത്ത ചില നൈവേദ്യങ്ങൾ ഇവിടെയിതാ …
  ആദ്യത്തെ കഥയിലെ ഓട്ടുവളയെടുക്കാൻ മറന്നു , ഭാമിനി.. ഭാമിനി .
  ഹാലോ ഡാർലിംഗിലെ അനുരാഗമേ അനുരാഗമേ ,ദ്വാരകേ ദ്വാരകേ ,
  സൂര്യവംശത്തിലെ മല്ലീസായകാ ,
  ചീനവലയിലെ തളിർവലയോ , പൂന്തുറയിലരയന്റെ
  സ്വിമ്മിം പൂളിലെ നീലത്തടാകത്തിലെ
  വളരെ കുറച്ചു ഗാനങ്ങളെ വയലാറും അർജുനനും ചേർന്ന് ഒരുക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നത് നിർഭാഗ്യകരമായ ഒരു സംഗതി ആണ്. വയലാർ എന്ന അതുല്യ കലാകാരന്റെ മരണം വരുത്തിയ ആ നഷ്ടത്തെ കുറിച്ച് ഇനി പരിതപിച്ചിട്ടും കാര്യമില്ല… വെറും നാലഞ്ചു നല്ല ഗാനങ്ങൾ മാത്രം വയലാറിന്റേതായിട്ട് എഴുതാൻ ഉള്ളെങ്കിലും ” ഓട്ടുവളയെടുക്കാൻ മറന്നു, ദ്വാരകേ ദ്വാരകേ , മല്ലീസായകാ എന്നീ സുശീല പാടിയ അതീവ ഹ്ര്യദ്യ ഗാനങ്ങൾ പറയാതെ പോവാൻ മനസ്സുവന്നില്ല . വയലാറിന്റെ അതിസുന്ദരമായ രചനയാണ്‌ മല്ലീസായകാ എന്ന ഗാനം….