ഓരോ പൗരനും ശാസ്ത്രീയ മനോഭാവം വളർത്തണമെന്നാണ് Article 51A(h) യിൽ പറയുന്നത്, സാധിക്കുമോ ഈ അന്ധവിശ്വാസ രാജ്യത്തിൽ ?

172

Shanavas

ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ ഭരണഘടനയ്ക്കുള്ള പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് Article 51A(h) – ല്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന പൌരന്‍റെ കടമ. ഇതില്‍ പറയുന്നത് ഓരോ പൌരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. 1949 -ല്‍ കൂട്ടിചേര്‍ക്കപ്പെട്ട ഈ ആര്‍ട്ടിക്കിളിന് ഇന്ത്യയില്‍ പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളൂ എന്ന ദുഖകരമായ സത്യം നമ്മള്‍ മനസിലാക്കേണ്ടതാണ്.

ശാസ്ത്രീയ മനോഭാവം എന്നത് ഒരിക്കലും സയന്‍സ് പഠിച്ചതുകൊണ്ട് ഉണ്ടാകില്ല എന്നത് ഒരു സത്യം തന്നെയാണ്. അത് ഒരു മനോഗതിയാണ്. സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഒരിക്കലും ഒരു ശാസ്ത്രീയ മനോഭാവം വച്ചുപുലര്‍ത്തുന്നയാള്‍ ആണെന്ന് പറയാന്‍ പറ്റില്ല.ഇവിടുത്തെ ശാസ്ത്രജ്ഞന്‍മാര്‍ പോലും ഇതിന് അപവാദമല്ല. ISRO യില്‍ റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുന്നോടിയായി തേങ്ങ ഉടക്കുന്നതും, ആള്‍ദൈവങ്ങള്‍ക്ക് മുന്‍പില്‍ വണങ്ങി നില്‍ക്കുന്ന സമൂഹത്തിലെ പ്രബലരും അന്ധവിശ്വാസങ്ങള്‍ക്കെതിരെ നില കൊള്ളുന്നു എന്ന്‍ പറയപ്പെടുന്ന പ്രസ്ഥാനക്കാരുമെല്ലാം ഇതൊന്നും പ്രവൃത്തിയില്‍ കൊണ്ടു വരുന്നതായി കാണുന്നില്ല.

ഇന്ത്യയെപ്പോലെ അന്ധവിശ്വാസികള്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു സമൂഹത്തില്‍ മാറ്റം വരുത്തുകയെന്ന ദീര്‍ഘവീക്ഷണത്തില്‍ ഇങ്ങെയൊരു നിര്‍ദേശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ലജ്ജിതരായേനെ.

ശാസ്ത്രത്തിന് ഒരേ സമയം പുല്ലുവില നല്‍കുകയും മറിച്ച് ഒരു പിഴവുണ്ടായാല്‍ ക്രൂരമായി നേരിടുകയും ചെയ്യുന്ന ഒരു രീതിയാണ് ഇന്നുള്ളത്. അസുഖം വന്ന്‍ വ്യാജ വൈദ്യന്മാരുടെ അടുക്കല്‍ കൊണ്ട് പോയി നിര്‍ഭാഗ്യം സംഭവിച്ചാല്‍ അതൊന്നും ഒരു വാര്‍ത്തയല്ല. മറിച്ച് ഭാഗ്യം കൊണ്ട് സുഖം പ്രാപിച്ചാല്‍ അതിന് പ്രശസ്തിയും,നന്ദി സമര്‍പ്പണവും,എന്നു വേണ്ട വമ്പിച്ച പ്രചാരണ പരിപാടിക്കള്‍ക്കും വേണ്ടി മത്സരിക്കുന്നത് കാണാം. നേരെ മറിച്ച് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ഇങ്ങനെ സംഭവിച്ചാല്‍ ആശുപത്രി തല്ലിപോളിക്കാനും, ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യാനും നമ്മള്‍ മത്സരിക്കും.തിരിച്ചായാല്‍ ദൈവത്തിനു സ്തുതിയും.

അന്ധവിശ്വാസങ്ങളുടെ ആണിക്കല്ല് എന്നത് മതങ്ങള്‍ തന്നെയെന്നതില്‍ ഒരു സംശയത്തിനും സാധ്യതയില്ല. ഈ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, ഇതിലേക്ക് ക്ഷണിക്കുന്നതിനും ശാസ്ത്രീയമായ സങ്കേതങ്ങള്‍ തന്നെയാണ് സമൂഹം ഉപയോഗപ്പെടുത്തുന്നത്.മത പ്രചാരണങ്ങള്‍ക്കും, ശാസ്ത്രത്തിനെ വിമര്‍ശിക്കാനും സയന്‍സ് കണ്ടുപിടിച്ച ഉപകരണങ്ങള്‍ തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന വസ്തുത സൌകര്യ പൂര്‍വ്വം മറക്കുന്നു.

മതങ്ങളും, അന്ധവിശ്വാസങ്ങളും തന്നെയാണ് ശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്ക് എല്ലാക്കാലത്തും വിഘാതം നിന്നിട്ടുള്ളത്. എത്രയെത്ര ശാസ്ത്രകാരന്മാരെയാണ് മതം കൊന്നു തള്ളിയിട്ടുള്ളത്. ചരിത്രം പരിശോധിച്ചാല്‍ ഇത് മനസിലാകും. ഇന്ന് നാം ഉപയോഗിക്കുന്ന ഈ നൂതന ശാസ്ത്ര സാങ്കേതികവിദ്യകള്‍ എത്രയോകാലം മുന്‍പേ വരേണ്ടവയയിരുന്നു. ഇന്നും നമ്മുടെ തലച്ചോര്‍ മതങ്ങളില്‍ നിന്നും, അന്ധവിശ്വാസങ്ങളില്‍ നിന്നും പൂര്‍ണമായി മുക്തി നേടിയിട്ടില്ല എന്നതാണ് സത്യം. അതെ, ശാസ്ത്രം ഇന്നും നൂറ്റാണ്ടുകള്‍ വൈകിയോടുന്ന ഒരു തീവണ്ടിയാണ്.

Advertisements