ഭാര്യയുടെ അച്ഛന് പറയുന്നത് അന്തസ്സായി കാണുന്നവർ ഇന്നത്തെ സമൂഹത്തിലുമുണ്ട് എന്നത് പ്രബുദ്ധമലയാളിക്ക് നാണക്കേട് തന്നെയാണ്

250
Rakesh Radhakrishnan
ഭാര്യയുടെ പിതാവിന് വിളിക്കുകയും അയാളെ കളിയാക്കി അവളുടെ മുൻപിൽ സംസാരിക്കുകയും ചെയ്യുന്ന ഭർത്താവ് അന്തസ്സ്, തിരിച്ചാണെങ്കിൽ അവൾ അഹങ്കാരി, അതെന്താപ്പോ അങ്ങനെ!?
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിലെ ബിഗ് ബോസ് പരിപാടിയിൽ ആര്യ (ബഡായ് ബംഗ്ലാവ് ഫെയിം) എന്ന മത്സരാർത്ഥി തന്റെ അച്ഛന് സുഖമില്ലാതായി ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയതും ചികിത്സക്ക് പണം കണ്ടെത്താൻ വിഷമിച്ചതും ഒടുവിൽ അദ്ദേഹം മരണത്തിന് കീഴടങ്ങിയതുമൊക്കെ വളരെ വികാരനിർഭരമായി സംസാരിക്കുന്നത് കാണാനിടയായി.. മനസാക്ഷിയുള്ള ആർക്കും സങ്കടം തോന്നും അത് കേൾക്കുമ്പോൾ എന്നെനിക്കു തോന്നി.. നമ്മുടെ നാട്ടിലെ സെലിബ്രിറ്റികൾ ഒക്കെ പണത്തിന് മീതെയാണ് കിടന്നുറങ്ങുന്നത് എന്നുള്ള പൊതുധാരണ തിരുത്തുന്ന അനുഭവങ്ങളാണ് ബിഗ് ബോസ് പോലെയുള്ള പരിപാടികൾ നമുക്ക് കാണിച്ചു തരുന്നത്, കുറഞ്ഞപക്ഷം എല്ലാരും അങ്ങനെയല്ല എന്നതാണ് സത്യം.
അതവിടെ നിക്കട്ടെ, ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്. താൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ചിരുന്ന തന്റെ അച്ഛൻ വെന്റിലേറ്ററിൽ കിടക്കുമ്പോൾ ആശുപത്രിയിലെ ഭീമമായ ഫീസ് കണ്ടെത്താൻ പാട് പെടുന്ന ആര്യക്ക് ബഡായ് ബംഗ്ലാവ് എന്ന പരിപാടി വലിയൊരു ആശ്രയമായിരുന്നു എന്ന് പറയുന്നുണ്ട്. പരിപാടിയുടെ ഷൂട്ട് കഴിഞ്ഞു നേരെ അച്ഛനെ കാണാൻ ആശുപത്രിയിലേക്ക് അവർ ഓടിയെത്തുമായിരുന്നത്രെ.
ഇത്രയും കേട്ടപ്പോൾ ഒരു നിമിഷം ബഡായ് ബംഗ്ലാവിലെ ഞാൻ കണ്ട എപ്പിസോഡുകളെ പറ്റി ഒന്ന് ഓർത്ത് നോക്കി.. അതിൽ ആര്യ അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ (അതിൽ ആര്യ എന്ന് തന്നെയാണ് വിളിക്കുന്നത്) അച്ഛന് പറയാത്ത എപ്പിസോഡുകൾ വളരെ ചുരുക്കം എന്ന് തന്നെ പറയാം. പിഷാരടി ആര്യക്ക് കൊടുക്കുന്ന “കൗണ്ടറു”കളിൽ ഭൂരിഭാഗവും ചെന്ന് നിൽക്കുന്നത് ആര്യയുടെ (കഥാപാത്രത്തിന്റെ) അച്ഛനെ അധിക്ഷേപിക്കുന്നതിലാണ്. അത് കേട്ട് മതിമറന്ന് കയ്യിടച്ചു ഉല്ലസിക്കുന്ന സ്ത്രീകളുൾപ്പെടുന്ന പ്രേക്ഷകരെയും കാണാം.
തന്റെ പ്രിയപ്പെട്ട അച്ഛൻ ആശുപത്രിയിൽ മരണത്തോടെ മല്ലടിക്കുന്ന സമയത്തും ഇതുപോലെയുള്ള രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അവരുടെ ആ സമയത്തെ മാനസികാവസ്ഥ നമ്മൾ ഒരു നിമിഷം ചിന്തിച്ചു നോക്കുക. അത് വെറും അഭിനയമല്ലേ എന്ന് ചോദിച്ചാൽ ശരിയാണ്, വെറും അഭിനയമാണ്. പക്ഷെ, നമ്മുടെ പ്രിയപ്പെട്ടവർ ക്രിട്ടിക്കലായി ആശുപത്രിയിൽ കിടക്കുമ്പോഴോ നമ്മളെ വിട്ട് പോകുമ്പോഴോ നമ്മുടെ ചുറ്റും നടക്കുന്ന ഏത് ചെറിയ കാര്യങ്ങളിലും അവരുടെ ഓർമകൾ നമ്മളെ സ്വാധീനിക്കും, അതിനി ആർട്ടിസ്റ്റുകൾ ആണെങ്കിലും അങ്ങനെ തന്നെ എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്, അവരും മനുഷ്യരല്ലേ?
ഇതിൽ ആ പരിപാടിയുടെ അണിയറപ്രവർത്തകരെയോ അവതാരകനായ പിഷാരടിയെയോ കുറ്റം പറയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. പ്രേക്ഷകർക്ക് വേണ്ടതാണല്ലോ അവർ തരുന്നത്. ഇങ്ങനെയുള്ള വികലമായ തമാശകൾ ആസ്വദിക്കുന്ന മലയാളികൾക്ക് അത് തന്നെ കൊടുക്കാൻ നിർബന്ധിതരാകുകയല്ലേ സത്യത്തിൽ അവർ?
ഭാര്യയുടെ അച്ഛന് പറയുന്നത് അന്തസ്സായി കാണുന്നവർ ഇന്നത്തെ സമൂഹത്തിലുമുണ്ട് എന്നത് പ്രബുദ്ധമലയാളിക്ക് നാണക്കേട് തന്നെയാണ്. ഭാര്യയുടെ തന്തക്ക് വിളിക്കുന്ന ഭർത്താവിനോട് തിരിച്ചുള്ള ഭാര്യയുടെ പ്രതികരണം “എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ” എന്നതിൽ നിൽക്കണം. അതിനപ്പുറം, ഭർത്താവ് പറഞ്ഞ അതേ നാണയത്തിൽ അങ്ങേരുടെ പിതാവിനെ “സ്മരിച്ചാൽ” അവൾ അഹങ്കാരിയായി, ധിക്കാരിയായി!
ഇവിടെ മാറ്റേണ്ടത് നമ്മുടെ കാഴ്ചപ്പാടുകളാണ്. ചികിത്സ വേണ്ടത് ഇങ്ങനെയുള്ള വ്യക്തി അധിക്ഷേപങ്ങൾ തമാശയായി ആസ്വദിക്കുന്ന നമ്മുടെ സാഡിസ്റ്റ് മനോഭാവത്തിനാണ്. ഏതൊരു വ്യക്തിയും, അത് സ്ത്രീയായാലും പുരുഷനായാലും, അവരവരുടെ മാതാപിതാക്കളെ ഉൽകൃഷ്ടരായി കാണുന്നുവെന്നും തങ്ങളുടെ പ്രിയപ്പെട്ടവരുടെമേൽ നടത്തുന്ന അധിക്ഷേപങ്ങൾ അവരിൽ അസഹിഷ്ണുത ഉളവാക്കുന്നത് സ്വഭാവികമാണെന്ന് മനസിലാക്കുന്നിടത്തുമാണ് നിങ്ങൾ എന്ന മനുഷ്യനിലെ ധാര്മികമൂല്യം ആദരിക്കപ്പെടുക.
അതുകൊണ്ട്, ഈ വിഷയത്തിൽ ഇനിയെങ്കിലും നമുക്ക് മാറി ചിന്തിക്കാൻ ശ്രമിക്കാം, മാറ്റുവിൻ “ചട്ടങ്ങളെ”!