ആശയ്‌ക്കെന്താ ലാൽ ഫാൻസിനെ പേടിയാണോ ? ഇത് തമിഴ്‌നാടല്ലല്ലോ !

38

ലാൽ ഫാൻസിനെ പേടിച്ചു ‘ഗീതാ പ്രഭാകർ’ മുങ്ങി എന്ന രസകരമായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നീട് ഗീത പ്രഭാകറെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തിയെന്നും പ്രചരിച്ചു. എന്താണ് കാര്യങ്ങളുടെ കിടപ്പ് ? ദൃശ്യം രണ്ടിലെ ഒരു സീനിൽ ആശാ ശരത്ത് അവതരിപ്പിച്ച ഗീത പ്രഭാകർ എന്ന കഥാപാത്രം ജോർജ്ജ്‌കുട്ടിയായ മോഹൻലാലിന്റെ മുഖത്ത് അടിക്കുന്നുണ്ട്. തനിക്കു ഇഷ്ടമില്ലാതെയാണ് ആ ഭാഗം ചെയ്തതെന്ന് ആശ പറയുന്നുണ്ട്. മോഹൻലാലിനോടും ജീത്തു ജോസഫിനോടും ആ സീൻ ഒഴിവാക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നതായും താരം പറയുന്നു.

എന്നാൽ ഇവിടെ എന്താണ്, കഥാപാത്രത്തെ ആണെങ്കിൽ കൂടി അനേകവർഷത്തെ അനുഭവസമ്പത്തുള്ള ഒരു സീനിയർ താരത്തെ അങ്ങനെ മുഖത്തെടിക്കേണ്ടിവന്നതിൽ സ്വാഭാവികമായും ആശാ ശരത്ത് എന്ന നടിക്ക് സങ്കടം തോന്നാം എന്നത് സ്വാഭാവികമാണ്. അതിനു അവരുടെ മനസ്സിൽ നിന്നും ക്ഷമ ചോദിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. എന്നാൽ ലാൽ ഫാൻസിനെ ഭയന്ന് ഗീത പ്രഭാകർ മുങ്ങിയെന്നുള്ള പ്രചാരണവും മോഹൻലാൽ ഫാൻസിനെ ബോധിപ്പിക്കാനുള്ള ആശയുടെ ശ്രമങ്ങളും ആരോഗ്യപരമായ പ്രവണതയല്ല. തമിഴ്‌നാട്ടിൽ പോലും താരാരാധന എന്ന ഭ്രാന്ത് കുറഞ്ഞു വരികയാണ് . അപ്പോഴാണ് പ്രബുദ്ധകേരളത്തിൽ ഒരു കഥാപാത്രത്തിന് മറ്റൊരു കഥാപാത്രത്തിന്റെ കരണത്ത് അടിക്കാൻ ഫാൻസിനെ ഭയക്കേണ്ടി വരുന്നു എന്ന നാണംകെട്ട ദുരവസ്ഥ. അഭിനയത്തിൽ മാത്രം കഴിവുള്ള താരങ്ങളെ ദൈവമാക്കുന്ന മണ്ടന്മാർ ആണ് ഇവിടെയുള്ളവർ. ക്രിക്കറ്റിലും അതുതന്നെ അവസ്ഥ.ആശാ ശരത്തിന്റെ വാക്കുകൾ വായിക്കാം. അവർക്കു ആശങ്ക ഉള്ളതുപോലെ അനുഭവപ്പെടുന്നു.

ആശാശരത്ത് :

“പ്രതിമപോലെ നിൽക്കുന്ന അവസ്ഥയലായിരുന്നു. ഞാൻ പലപ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു, നമുക്കിത് ഒഴിവാക്കികൂടെ, ഒരു ചീത്ത പറച്ചിലിൽ നിർത്തിക്കൂടെ എന്ന്, പക്ഷേ ഇത് ഇങ്ങനെ തന്നെ വേണം എന്ന് അവർക്ക് നിർബന്ധമായിരുന്നു. ഞാൻ ‘എടാ’ എന്ന് വിളിക്കുന്നുണ്ട് അതുപോലും ‘ആശ’ എന്ന വ്യക്തിക്ക് ഭയങ്കര വിഷമമായിരുന്നു. പക്ഷേ ലാലേട്ടൻ ആണ് ആത്മവിശ്വാസം പകർന്നത്. ‘ഇത് ജോർജ്ജുകുട്ടിക്ക് ആവശ്യമല്ലേ? ജോർജ്ജുകുട്ടി ആരെയാണ് കൊന്നത് എന്ന് ഓർത്തുനോക്കൂ’ , അടിച്ചു കഴിഞ്ഞു ഞാൻ ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു. അപ്പോഴും ലാലേട്ടൻ പറഞ്ഞത് ‘എന്താണ് ആശാ ഇത് ഇത് കഥാപാത്രങ്ങൾ അല്ലെ, നമ്മൾ ചെയ്യുന്നത് നമ്മുടെ ജോലി അല്ലെ’ എന്നാണു. മോഹൻലാൽ ഫാൻസ് എന്നെ വെറുക്കുമെന്നു കരുതുന്നില്ല. ലാലേട്ടനെ ആശ അടിച്ചതല്ല, ജോർജ്ജുകുട്ടിയെ ഗീതയാണ് അടിച്ചത് എന്നറിയാനുള്ള ബുദ്ധി അവർക്കുണ്ട്.”