രണ്ടുദിവസം മുമ്പ് ഞാനെഴുതിയ കുറിപ്പില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥന് രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പിയുടെ സ്വതന്ത്ര എം.പി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അത് ശരിയല്ല. ബി.ജെ.പിയുടെ സ്വതന്ത്ര എം.പിയായിരുന്ന രാജീവ് ചന്ദ്രശേഖരന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ കേരളഘടകത്തിന്റെ വൈസ് ചെയര്‍മാനാണിപ്പോള്‍. ബി.ജെ.പി മുന്നണിയുടെ കേരളത്തിന്റെ ചുമതലയുള്ള ഒരാളെ ‘ സ്വതന്ത്രന്’ എന്ന് വിളിക്കുന്നതുപോലെ അസംബന്ധമാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലിനെ നിഷ്പക്ഷമെന്ന് വിളിക്കുന്നതും. തുടക്കകാലത്ത് വിശ്വാസ്യതയുണ്ടായിരുന്ന ആ ചാനലുള്ളതുകൊണ്ടാണല്ലോ ബി.ജെ.പിയെപ്പോലെ ആളും അര്‍ത്ഥവുമുള്ള, രാജ്യം ഭരിക്കുന്ന ഒരു വലിയ ദേശീയപ്പാര്‍ട്ടി തങ്ങള്‍ക്ക് വേരില്ലാത്ത കേരളസമൂഹത്തില്‍, അവിടെ ഒരു പ്രാധാന്യവുമില്ലാത്ത രാജീവ് ചന്ദ്രശേഖറെന്ന വ്യവസായിയെ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ ചുമതലപ്പെടുത്തിയതുതന്നെ.
കാവിരഷ്ട്രീയത്തിന്റെ യോദ്ധാവായ അര്‍ണാബ് ഗോസ്വാമിയെന്ന മൂന്നാംകിട ടെലിവിഷന്‍ ജോക്കിയുമായിച്ചേര്ന്ന് നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുവാനും വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ വിമര്‍ശകരെ തേജോവധംചെയ്യുവാനും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുവാനുമായി ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള റിപ്പബഌക്ക് ടി.വി തുടങ്ങിയ രാജീവ് ചന്ദ്രശേഖറിന്റെ മലയാളം ചാനലും അതിന്റെ എഡിറ്റോറിയല്‍ മേധാവികളും ആരെയാണ് കബളിപ്പിക്കുവാന്‍ നോക്കുന്നത്? മുതലാളിയുടെ രാഷ്ട്രീയത്തെപ്പോലും വിമര്‍ശിച്ചുകൊണ്ട് ധീരവും സ്വതന്ത്രവുമായ മാദ്ധ്യമപ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തുന്നതെന്ന് ആ ചാനലിലെ ജേണലിസ്റ്റുകള്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ അവരുടെ ആത്മവഞ്ചനയിലും ജനവഞ്ചനയിലും സഹതപിക്കുവാനേ കഴിയൂ.
ഇനി, ഏഷ്യാനെറ്റ് ന്യൂസ് എങ്ങിനെയാണ് കാവിരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതും ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും?
ഇടതും വലതും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ രണ്ട് മുന്നണികളും ഒരുപോലെ കൊള്ളാത്തവരാണെന്ന് സ്ഥാപിക്കലാണ് അവരുടെ പ്രാഥമിക തന്ത്രം. ബദല്‍, ബി.ജെ.പിയാണെന്ന് പ്രകടമായിപ്പറഞ്ഞാല് നാട്ടുകാര്‍ പരിഹസിക്കുമെന്ന പേടികൊണ്ടുമാത്രം അത് തുറന്നുപറയാറില്ലെങ്കിലും ഇടതു-വലതുമുന്നണികളെ നിരന്തരം ആക്രമിച്ചുകൊണ്ട് നിഷ്പക്ഷതാനാട്യത്തോടെ പ്രേക്ഷകമനസ്സില്‍ അവര്‍ പരോക്ഷമായി നിക്ഷേപിക്കുന്ന സന്ദേശമതാണ്. ആകെ ഒരു എം.എല്‍.എ മാത്രമുള്ള ആ പാര്‍ട്ടിയുടെ, മലയാളികള്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു ഡസനിലേറെ വക്താക്കള്‍ക്കാണ് അവരുടെ വര്‍ഗ്ഗീയതയും അന്യമതവിദ്വേഷവും ജനാധിപത്യവിരുദ്ധ നിലപാടുകളും വിളമ്പാന്‍ ഈ ചാനല്‍ ( മിക്ക കോര്‍പ്പറേറ്റ് ചാനലുകളും) നിത്യേന അവസരമൊരുക്കുന്നത്. ഇത് നിഷ്പക്ഷതയാണെന്ന് കരുതാന്‍ വിഡ്ഡിപ്പെട്ടിക്കുള്ളിലിരിക്കുന്ന തങ്ങളെപ്പോലെ വിഡ്ഡികളല്ല മുഴുവന്‍ മലയാളികളുമെന്ന് അവരോര്ക്കുന്നുണ്ടാവില്ല.
അതുകൊണ്ട്, കേരളത്തിലെ ആദ്യത്തേതും കൂടുതല്‍ പ്രേക്ഷകരുള്ളതും ഒരുകാലത്ത് വിശ്വാസ്യതയുണ്ടായിരുന്നതും ധാരാളം നല്ല ജേണലിസ്റ്റുകളുള്ളതുമായ ഏഷ്യാനെറ്റ് ന്യൂസ് നിഷ്പക്ഷവും സ്വതന്ത്രവുമാണെന്ന് നിരന്തരം നിര്‍ഭയം അവകാശപ്പെടുന്നതുകാണുമ്പോള്, ആ വ്യാജം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ പ്രച്ഛന്നവേഷം മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍ നടത്തുന്ന മാഫിയാപ്രവര്ത്തനത്തില്കുറഞ്ഞ ഒന്നുമല്ല. അര്‍ണ്ണാബ് ഗോസ്വാമിയുടെ ബനാനാ റിപ്പബ്ലിക്കല്ല കേരളമെന്നെങ്കിലും അവരോര്‍ക്കുന്നത് നന്ന്.