ബാബരി മസ്ജിദ് ആരും തകർത്തതല്ല, സുഖമില്ലാതെ വീണതാണ്

82

ബാബരി മസ്ജിദ് ആരും തകർത്തതല്ല!.ഇന്നേക്ക് 10 വർഷം മുൻപ് 2010 സെപ്റ്റംബർ 30 ആരും മറന്നുകാണില്ല, അന്നാണ് അയോധ്യയിലെ ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലം രാമ ക്ഷേത്രം പണിയാൻ വീട്ടുകൊടുത്തത്. അങ്ങിനെ അന്ന്, 60 വർഷമായി നടന്നുവന്ന നിയമയുദ്ധത്തിന് അന്ത്യമായി.ഇന്ന് കൃത്യം 10 വർഷങ്ങൾക്ക് ശേഷം 2020 സെപ്റ്റംബർ 30 ആം തിയതി, ബാബ്റി മസ്ജിദ് തകർത്ത എല്ലാ പ്രതികളെയും വെറുതെ വിട്ടു.ലഖ്നൗ സിബിഐ പ്രത്യേക കോടതി ജഡ്ജി എസ് കെ യാദവിന്റേതാണ് വിധി. ബാബ്‌റി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും/ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.ബിജെപി നേതാക്കളായ എല്‍കെ അദ്വാനി/മുരളീ മനോഹര്‍ ജോഷി/ കല്യാണ്‍ സിങ്/ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികള്‍. മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു.

ഗൂഢാലോചന/മതസ്പര്‍ധ വളര്‍ത്തല്‍/ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്.വര്‍ഷങ്ങളായി തുടരുന്ന കേസില്‍ സെപ്റ്റംബർ 30 നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ അസിസ്ഥാനത്തിലാണ് ഇപ്പോൾ വന്നിട്ടുള്ള ഈ വിധി.

“1949ൽ ബാബറിമസ്ജിദിനകത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ രാമവിഗ്രഹം കൊണ്ടുവച്ചത് ആസൂത്രിതമായിരുന്നില്ല.
1984ൽ രാമക്ഷേത്രപ്രസ്ഥാനത്തിൻ്റെ നേതൃത്വം വിശ്വ ഹിന്ദു പരിഷത്ത് എൽകെ അദ്വാനിയെ ഏൽപ്പിച്ചത് ആസൂത്രിതമായിരുന്നില്ല.
1990ൽ എൽകെ അദ്വാനി നടത്തിയ രാമരഥയാത്രയും രഥയാത്രയിലുടനീളം നടത്തിയ പ്രസംഗങ്ങളും ആസൂത്രിതമായിരുന്നില്ല.
1990ൽ കർസേവകർ അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടതും പോലീസുമായി ഏറ്റുമുട്ടിയതും ആസൂത്രിതമായിരുന്നില്ല.
1990ലെ രഥയാത്രക്കാലത്ത് ഗുജറാത്തിലും കർണാടകത്തിലും ഉത്തർപ്രദേശിലും ആന്ധ്രാപ്രദേശിലും ആയിരങ്ങൾ കൊല്ലപ്പെട്ട വർഗ്ഗീയകലാപങ്ങളും ആസൂത്രിതമായിരുന്നില്ല.
1991ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ രാമക്ഷേത്രനിർമ്മാണം അജണ്ടയായി പ്രഖ്യാപിച്ചതും ആസൂത്രിതമായിരുന്നില്ല.
അതുകൊണ്ടൊക്കെത്തന്നെ …
1992 ഡിസംബർ ആറിന് ഒന്നരലക്ഷം വരുന്ന കർസേവകർ ബാബറിമസ്ജിദ് തകർക്കുമ്പോൾ അദ്വാനിയും ഉമാഭാരതിയും മുരളിമനോഹർ ജോഷിയും വിനയ് കത്യാറുമൊക്കെ തൊട്ടടുത്ത് കസേരയിട്ടിരുന്നതും മധുരപലഹാരവിതരണം നടത്തിയതും ആസൂത്രിതമായിരുന്നില്ല.
2020 സെപ്തംബർ 30 വരെ …അതായത് ബാബറി മസ്ജിദ് തകർക്കപ്പെട്ട് ഇരുപത്തേഴ് വർഷവും ഒമ്പത് മാസവും ഇരുപത്തിനാല് ദിവസവും കഴിയുംവരെ തൊടുന്യായങ്ങൾ നിരത്തി ക്രിമിനൽ കേസ് നീട്ടിക്കൊണ്ടുപോയതും ആസൂത്രിതമായിരുന്നില്ല.
എല്ലാം യാദൃശ്ചികം …
എവിടുന്നൊക്കെയോ എങ്ങനെയൊക്കെയോ എത്തിയ ആൾക്കൂട്ടത്തിൻ്റെ ചെയ്തിയെ ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവായൊക്കെ വ്യാഖ്യാനിക്കുന്നവരോട് എന്ത് പറയാനാണ്.ശരിയ്ക്കും ഇവിടുത്തെ നീതിന്യായസംവിധാനത്തേക്കുറിച്ച് ഇപ്പോ ഒരു മതിപ്പൊക്കെ തോന്നുന്നു.”