കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിൽ രാമൻ നായർ, ദേവകിയമ്മ ദമ്പതികളുടെ മകനായാണ് ബാലൻ കെ നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലി ചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് സംഗമം തീയേറ്ററുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ഷൊർണ്ണൂർ സ്വദേശിനിയായ ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം ഷൊർണ്ണൂരേക്ക് താമസം മാറി.
ബെൽബോട്ടൺ പാന്റ്സും കോട്ടുമിട്ട് ചുണ്ടത്ത് പൈപ്പും വെച്ച് നായകന്മാരെ വെല്ലുവിളിച്ച തീക്ഷണമായ നോട്ടവും പരുക്കൻ ശബ്ദവും കൊണ്ട് ഒരു ദശാബ്ദകാലം മലയാള നാടക വേദിയും, രണ്ട് ദശാബ്ദ കാലത്തോളം മലയാള സിനിമയെയും തന്റെ വരുതിയിലാക്കിയ കലാപ്രതിഭ.
മാപ്പുസാക്ഷിയിലെ ലോറി ഡ്രൈവർ, അതിഥിയിലെ ശേഖരൻ, തച്ചോളി അമ്പുവിലെ മായൻ കുട്ടി, ആറാട്ടിലെ വെടിക്കെട്ട്ക്കാരൻ ചാക്കോച്ചൻ, അങ്ങാടിയിലെ ബീരാൻ, ഓപ്പോളിലെ പട്ടാളക്കാരൻ ഗോവിന്ദൻ കുട്ടി, ചാട്ടയിലെ കാള വേലു, ഈനാടിലെ സഖാവ് കൃഷ്ണപിള്ള, 1921 ലെ കാര്യസ്ഥൻ ബീരാൻ, ഒരു വടക്കൻ വീരഗാഥയിലെകണ്ണപ്പച്ചേവകർ, കടവിലെ കടത്തുകാരൻ ബീരാൻ മാപ്പിള തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയുടെ സെല്ലുലോയിഡിലെ ഗർജിക്കുന്ന പൗരുഷമായ ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ.നായർ ഓർമയായിട്ട് 2022 ആഗസ്റ്റ് 26 ന് 22 വർഷം തികയുന്നു.
ഇന്ത്യൻ സിനിമയിലെ നിത്യഹരിത നായകൻ എന്ന് വിശേഷിപ്പിക്കുന്ന ദേവ് ആനന്ദിന്റെ ഡ്യൂപ്പായി, 1969 ൽ പുറത്തിറങ്ങിയ സർഹദ് എന്ന ചലച്ചിത്രത്തിലുടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. 1970 ൽ പുറത്തിറങ്ങിയ സുപ്രിയയുടെ ബാനറിൽ എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ. വിൻസെൻറ് മാഷ് സംവിധാനം ചെയ്ത നിഴലാട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചു. ഇതേ തുടർന്ന് എം. കൃഷ്ണൻ നായരുടെ ശബരിമല ശ്രീ ധർമ്മശാസ്താവിൽ മുഖം കാണിച്ചു. തുടർന്ന് പി. എൻ. മേനോന്റെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായപ്പോൾ നാടക വേദികളിൽ നിന്നും രാകിമിനുക്കിയ അഭിനയകല വെള്ളിത്തിരയിലെ ഭാവ പകർച്ചകൾക്ക് തീക്ഷണത കൂട്ടി. തിരശീലയിലെ കൊടുങ്കാറ്റായി രണ്ട് ദശാബ്ദക്കാലം മലയാള സിനിമയിൽ നിറഞ്ഞാടിയ അഭിനയ പ്രതിഭ, കൂടുതലായും ചെയ്ത വില്ലൻ കഥാപാത്രങ്ങളുടെ അന്നോളമുള്ള സകല ഭാവതലങ്ങളും തച്ചുടക്കുകയായിരുന്നു.
ക്യാരക്ടർ റോളുകളിലേക്ക് വേഷപകർച്ച നടത്തിയപ്പോൾ നാം കണ്ടത് മറ്റൊരു കലാ നൈപുണ്യം. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഓപ്പോളിലെ, കൗമാര പ്രായത്തിലുള്ള പെൺകുട്ടിയോട് പ്രണയാദുരമാകുന്ന വിമുക്ത ഭടനായ ഗോവിന്ദൻ കുട്ടിയിൽ പ്രേക്ഷകർ കണ്ടത് മറ്റൊരു ബാലൻ കെ നായരെയായിരുന്നു. സംസ്ഥാന സർക്കാർ വിസ്മരിച്ച ഗോവിന്ദൻ കുട്ടിയായി പകർന്നാടിയ നടന വൈഭവത്തെ രാജ്യം ഭരത് അവാർഡ് നൽകി ആദരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലെ കരുണാട്ടു വീട്ടിൽ കുട്ടിരാമൻ നായരുടേയും ദേവകി അമ്മയുടേയും മകനായി 1933 ഏപ്രിൽ 4 നാണ് ബാലൻ.കെ.നായരുടെ ജനനം.14 വയസ്സു മുതൽ നാടക രചനയിൽ സജീവമായിരുന്നു. പതിനഞ്ചോളം നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒഥല്ലോ, ഈഡിപ്പസ് തുടങ്ങിയവ പ്രധാന നാടകങ്ങളാണ്. ഇരുപത് വർഷത്തോളം സിനിമയിൽ നിറഞ്ഞു നിന്ന ഇദ്ദേഹം വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായ ബാലൻ കെ.നായർ ജീവിതത്തിൽ പച്ചയായ ഒരു നാട്ടിൻപുറത്തുകാരൻ തന്നെയായിരുന്നു എന്നതിന് ഉദാത്ത മാതൃകയാണ്, തനിക്ക് പ്രിയമുള്ള ഷർട്ടും മുണ്ടും ധരിച്ച് പോയി ദേശീയ അവാർഡ് സ്വീകരിച്ചത്. 250 ലേറെ ചിത്രത്തിൽ അഭിനയിച്ചു. 1990ൽ ഇറങ്ങിയ കടവാണ് അവസാന ചിത്രം. ബാലൻ കെ നായരുടെ പേരിൽ വർഷങ്ങളോളം ഷൊർണൂരിൽ പ്രഭാതം നാടക മത്സരം നടത്തിയിരുന്നു.
ബഹുമതികൾ:
1974 അതിഥി – സംസ്ഥാന അവാർഡ് – സഹനടൻ
1978 തച്ചോളി അമ്പു – സംസ്ഥാന അവാർഡ് – സഹനടൻ
1979 ആറാട്ട് – കേരള ഫിലിം ക്രിടിക്സ് – മികച്ച രണ്ടാമത്തെ നടൻ
1980 ഓപ്പോൾ – ഭരത് അവാർഡ്.
2000 സമഗ്ര സംഭാവന അവാർഡ് – മാതൃഭൂമി മെഡിമിക്സ്.
പഞ്ചാഗ്നി, ചെങ്കോൽ, ചമയം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ഉത്തമൻ, കവർ സ്റ്റോറി, വൺ മുതലായ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച നടൻ മേഘനാഥൻ മകനാണ് കഥാപാത്രങ്ങളെയാണ്. അച്ഛൻ്റെ വഴിയെ അഭിനയരംഗത്തേക്ക് എത്തിയ മേഘനാഥൻ അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞു.
(കടപ്പാട് : വിവിധ മാധ്യമങ്ങൾ.)
ചാട്ടയിലെ ചന്ത വേലുവും ലോറിയിലെ ഔസേപ്പും കോളിളക്കത്തിലെ എസ്.കെ.പണിക്കരും ഭൂമിയിലെ രാജാക്കൻമാരിലെ മുഖ്യമന്ത്രിയുമായും വന്ന് അയാൾ നമ്മളെ വെറുപ്പിച്ചു. വില്ലൻ കഥാപാത്രമാണെങ്കിലും തന്റെ നിസ്സഹായതകൾ തിരിച്ചറിയുന്ന, സ്വന്തം മകളുടെ ദുർനടപടികളിൽ വേദനിക്കുന്ന മീനിലെ തരകൻ മുതലാളിയെ കണ്ട് നാം സഹതപിച്ചു കൊണ്ട് വെറുത്തു. ഓപ്പോളിലെ വിമുക്ത ഭടനായ ഗോവിന്ദൻ കുട്ടിയെ ക്ലൈമാക്സ് ആയപ്പോഴേക്കും നാം ഇഷ്ടപ്പെട്ടു തുടങ്ങി. ഒരു വടക്കൻ വീരഗാഥയിലെ കണ്ണപ്പൻ ചേകവരെയും അബ്കാരിയിലെ ചാത്തുണ്ണിയേയും കണ്ട് നാം സഹതപിച്ചു. മഹായാനത്തിലെ ഹാജിയാരെയോർത്ത് നാം നൊമ്പരപ്പെട്ടു. ഈ നാടിലെ സഖാവ് കൃഷ്ണ പിള്ളയായി വന്ന് അയാൾ നമ്മളെ ത്രില്ലടിപ്പിച്ചു. അക്കാലത്തെ ഒരു സൂപ്പർ താരത്തെയും ആ വേഷത്തിൽ തനിക്ക് പകരം ആലോചിക്കാൻ പോലും പറ്റാത്ത വിധത്തിൽ, സ്വാഗ് കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും സഖാവ് കൃഷ്ണ പിള്ളയെന്ന നായകനായി അയാൾ നിറഞ്ഞാടി.
ഒരേയൊരു ഭരത് ബാലൻ.കെ.നായർ .നമ്മോട് വിട പറഞ്ഞിട്ട് ഇന്ന് 22 വർഷം.