ബാൻഷീ(Banshee) 10 വർഷങ്ങൾ പൂർത്തിയാക്കി. ❤️
Vishakh Raveendran S
കൊറോണ അലയടിക്കുന്നതിന് മുൻപ്, അതായത് ഏകദേശം 4 വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലെ ടീവി സീരീസ് ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നൊരു പേരായിരുന്നു ബാൻഷീ. ഇത് പോലൊരു ആക്ഷൻ സീരീസ് അതിന് മുൻപോ ശേഷമോ കണ്ടിട്ടില്ല എന്നുള്ള തരത്തിൽ ദിവസം തോറും ഓരോരുത്തരുടെ പോസ്റ്റുകൾ കണ്ടപ്പോഴുണ്ടായ കൗതുകമാണ് എന്നെ ബാൻഷീയിലേക്ക് എത്തിച്ചത്. അവരോരുത്തരും പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്ന് മനസ്സിലാക്കിയാണ് ഈ കിടിലൻ സീരിസിന് ഞാൻ ഫുൾ സ്റ്റോപ്പിട്ടതും..!!
നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും പിടിച്ചിരുത്തുന്ന കഥാപാത്രങ്ങൾ, ബാൻഷീ എന്ന സാങ്കല്പിക ടൗണിനെ കാണുന്ന പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്ന “Pure Cinematic Magic”.
ടെറർ ആയ നായകൻ “ലൂക്കാസ് ഹൂഡ്” നൊപ്പം കട്ടയ്ക്ക് കട്ട പിടിച്ചു നിൽക്കുന്ന വില്ലൻ “കായ് പ്രോക്ടർ”. നായകനോളം ടെറർ ആയ, എന്ത് പ്രതിസന്ധിയും നേരിടുന്ന നായിക “അന”, വില്ലന്റെ സന്തത സാഹചാരിയും തന്റെ കണ്ണട ഊരിയാൽ വേറൊരു മനുഷ്യനുമാകുന്ന “ക്ലെ ബർട്ടൺ”, വാ തുറന്നാൽ തെറി മാത്രം പറയുന്ന നായകന്റെ ചങ്ക് കൂട്ടുകാരൻ “ജോബ്”, നായകന് ഇഷ്ടപ്പെട്ടത് പോലെ തന്നെ എനിക്കും ഇഷ്ടപ്പെട്ട ബാൻഷിയിലെ പോലീസുകാരി “ഷിയോബെൻ കെല്ലി”, അടി പിടി വെട്ട് കുത്ത് കൊലപാതകം തുടങ്ങിയവയ്ക്കിടയിൽ ഒരു ആശ്വാസമായി ഗ്ലാമറുമായി വന്ന ബാൻഷിയിലെ റിബൽ ഗേൾ “റെബേക്ക”…അങ്ങനെയങ്ങനെ പോകുന്നു ഓരോ കഥാപാത്രങ്ങളും… ഇതിനിടെ പ്രധാന വില്ലൻ പോരാഞ്ഞിട്ട് ഓരോ സീസണുകളിലായി വരുന്ന ചെറുതും വലുതുമായ കിറുക്കന്മാർ വേറെ.
4 സീസണുകളിലായി 38 എപ്പിസോഡുകളിലൂടെ പറഞ്ഞു തീർത്തത് ഒരു വെടിക്കെട്ട് ഉത്സവം. ഇതിൽ എല്ലാമുണ്ട്, പ്രണയവും രതിയും ചതിയും ക്രൂരതയും ഭീകരതയും എല്ലാം.ചോര ചീന്തി തെറിക്കാത്ത എപ്പിസോഡുകൾ നന്നേ വിരളമാണ്, അത് പോലെ തന്നെയാണ് ലൈംഗികതയും..!!! പുട്ടിന് പീര പോലെ അതും വേണ്ടുവോളം ചേർത്തിട്ടുണ്ട്.
ഇതിനപ്പുറം ഒരു മാസ്സ് ആക്ഷൻ സീരീസ് കണ്ടിട്ടില്ല, ഇനി കാണാൻ പറ്റുമോ എന്നും സംശയമാണ്. ഒരു പരിധി വരെ ഇതിനൊപ്പം നിൽക്കുന്നത് “The Warrior” ആണ്. ആ സീരീസും ബാൻഷീയുടെ ടീം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റയിരുപ്പിൽ ഏറ്റവുമധികം എപ്പിസോഡുകൾ കണ്ട സീരീസ് ഇത് തന്നെ. ഒരു പക്കാ മാസ് മസാല സീരീസ് ആണിത്, അതിന്റെതായ രീതിയിൽ കാണുക, ലോജിക് വീട്ടിൽ പൊതിഞ്ഞു വയ്ക്കുക. Adults only ആണ്. Highly recommended.
Nb:- അവസാന എപ്പിസോഡിൽ നായകൻ “ലൂക്കാസ് ഹൂഡ്” ബൈക്ക് ഓടിച്ചു ബാൻഷീ വിട്ട് പോയപ്പോൾ ഞാൻ എന്തിനാണ് വിഷമിച്ചത് എന്ന കാര്യം ഇന്നും അജ്ഞാതമായി തുടരുന്നു. 🥹