🌹എഴുത്ത് : (ലങ്കേഷ് അഗസ്ത്യക്കോട് )🌷
ബിച്ചു തിരുമലയും കുറേ അപൂർവ്വസുന്ദര പദപ്രയോഗങ്ങളും 🌳🌳
🥀മലയാള സിനിമാഗാനരചനയ്ക്ക് വേണ്ടി പലരും സൗകര്യപൂര്‍വ്വം ഒഴിവാക്കാറുള്ള പദങ്ങള്‍ ഏററവും കൂടുതല്‍ ഉപയോഗിച്ചതും അതുവഴി വ്യത്യസ്തമായ ഗാനങ്ങള്‍ എഴുതിയതും ബിച്ചു തിരുമലയാണെണെന്ന് പറയേണ്ടി വരും…
ഒരുപക്ഷേ ,ബിച്ചു മാത്രം ഉപയോഗിച്ച ഒരുപാട് പദങ്ങള്‍ അദ്ദേഹത്തിന്റെ പാട്ടുകളില്‍ നിന്നും പെറുക്കിയെടുത്ത് മലയാളം നിഘണ്ടുവിലേക്ക് നമുക്ക് സംഭാവന ചെയ്യാനും കഴിയും… !!
🥀അല്പം മുൻപ്, ‘മിമിക്സ് പരേഡിന്(1991)’- വേണ്ടി ബിച്ചു തിരുമല എഴുതി -ജോൺസൺ ഈണമിട്ട് ഉണ്ണിമേനോനും ചിത്രയും പാടിയ “ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ ചിങ്ങചെമ്മാനം… “-എന്ന പാട്ട് കേട്ടപ്പോൾ അതിലെ ഒരോ പദപ്രയോഗവും എന്നെ വല്ലാതെ അതിശയിപ്പിക്കുകയുണ്ടായി…ആസ്വാദകർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ദീർഘമായവരികളിലൂടെ “മനസ്സും പ്രകൃതിയും”ഇടചേരുന്ന മനോഹരമായ ഒരു സൗന്ദര്യവർണ്ണനയാണ് ഈ ഗാനത്തിൽ കവി ഉദ്ദേശിച്ചതെങ്കിലും അത്രവേഗം അതിലെ വാക്കുകൾ പെറുക്കിയെടുക്കാൻ ആർക്കും സാധിക്കില്ലെന്ന് നിസ്സംശയം പറയേണ്ടി വരും…ഈ ഗാനത്തിൽ വരുന്ന ‘സുന്ദരി’ എന്നർത്ഥമുള്ള “നതാംഗി”എന്ന പദം അധികമാരും ഉപയോഗിച്ച് കണ്ടിട്ടില്ല ! 🥀ഇതുപോലെ ബിച്ചു തിരുമല,വാക്കുകൾ കൊണ്ട് അമ്മാനമാടിയ മറ്റൊരു പാട്ടാണ് “വിറ്റ്നസ്”(1988)-എന്ന പടത്തിൽ ഔസേപ്പച്ചന്റെ ഈണത്തിൽ യേശുദാസും ചിത്രയും പാടിയ :”പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും…. “!കേട്ടിരിക്കാൻ ഏറെ സുഖമുള്ള ഒരു പാട്ടാണെങ്കിലും ഇതിലെ പദപ്രയോഗങ്ങൾ കൂട്ടിയെടുക്കാൻ നമ്മൾ വല്ലാതെ പ്രയാസപ്പെടും !!ഈ ഗാനത്തിലെ “കിക്കിളിക്കൂട്”/”വനഹൃദയം “/”രതിജതിലയം”-എന്നീ വാക്കുകൾക്ക് വല്ലാത്തൊരു ഭംഗിയുണ്ട്……
🥀1976-ൽ പുറത്ത് വന്ന “അനുഭവം”എന്ന ചിത്രത്തിലെ “സൗരമയൂഖം സ്വർണ്ണം പൂശിയ സ്വരമണ്ഡലമീ ഭൂമി…. “എന്ന പാട്ടിൽ അനുഭവങ്ങളെ “തീറാധാര”ത്തോടാണ് ബിച്ചു തിരുമല ഉപമിച്ചത്… ഈ വാക്ക് 1976ന് മുൻപോ ശേഷമോ ഗാനരചനയ്ക്കായി മറ്റാരും ഉപയോഗിച്ചിട്ടില്ല… “സ്വത്തിന്മേലുള്ള അവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള രേഖയെയാണ് തീറാധാരം എന്ന് പറയുന്നത്… “-ഈ പാട്ടിൽ, അനുഭവങ്ങൾ എന്നത്, ഭൂമിയിലെ മനുഷ്യന് കാരമൊഴിവായി പതിച്ചു കിട്ടിയ തീറാധാരങ്ങളാണെന്ന് അതിമനോഹരമായിട്ടാണ് ബിച്ചു പറഞ്ഞു വച്ചത് !! 🥀അതുപോലെ, “യോദ്ധ”-എന്ന സൂപ്പർഹിറ്റ് സിനിമയിലെ “വാടാ-പോടാ ഗാന”വും ബിച്ചുവിന്റെ കൈയിൽ സുഭദ്രമായിരുന്നു…. മറ്റേതൊരു ഗാനരചയിതാവ് വിചാരിച്ചാലും വിവാദങ്ങൾക്ക് ഇട കൊടുക്കാതെ ഇത്ര രസകരമായി എഴുതാൻ കഴിയുമോ എന്ന് സംശയമാണ്… യേശുദാസും എം.ജി. ശ്രീകുമാറും മത്സരിച്ചു പാടിയ ഈ ഗാനത്തിലെ ഒരോ വാക്കും നമ്മുടെ തനത് സംസ്ക്കാരത്തിന് അത്ര യോജിച്ചതൊന്നും ആയിരുന്നില്ല… എന്നിട്ടും, ഒരു ആക്ഷേപവും കൂടാതെ മലയാളികൾ അത് ഏറ്റുപാടിയത് ബിച്ചുതിരുമല എന്ന ഗാനസിംഹം “ആ പദങ്ങൾ നിരത്തി വച്ചതിലെ ഗരിമ ഒന്ന്കൊണ്ട് മാത്രമാണ് “!! മലയാളത്തിലെ വേറൊരു ഗാനരചയിതാവും പാട്ടിൽ ഇന്നേവരെ “കണാസാ കൊണസാ”-എന്ന് പ്രയോഗിച്ചിട്ടില്ല….!!പക്ഷേ, ബിച്ചു ഈ ഗാനത്തിൽ അങ്ങനെയും ഒരു സാഹസം കാണിച്ചു.. മാത്രമല്ല, മണുങ്ങൻ/യമതടിയൻ /മലമടിയൻ /ചെറ്റത്തരം /ജഗപൊഗ /കോഴിച്ചാത്തൻ /കൂത്താടി /പകർപ്പവകാശക്കാർ -എന്നൊക്കെ പാടി ഒടുക്കം ഉടുമുണ്ടൂരി തലയിൽ കെട്ടിക്കാനും അദ്ദേഹം മറന്നില്ല…
🥀”വിയറ്റ്നാം കോളനിയിലെ “-ലല്ലലം ചൊല്ലുന്ന ചെല്ലകിളികളെ… “എന്ന പാട്ടിൽ “വേടൻ വരുന്നേ കാടൻ വരുന്നേ കൂടൊരു മാടനുണ്ടേ…. “എന്ന പ്രയോഗം എത്ര രസകരമാണ്…!! /രതിജതി/സ്വരജതി/നീർപ്പോള/ലഹരി /മണിക്കിനാവ് /നിമിഷം/അനുപമം/ഉന്മാദം /മഞ്ചൽ -തുടങ്ങിയ വാക്കുകൾ അദ്ദേഹത്തിന്റെ പല ഗാനങ്ങളിലും നമുക്ക് കാണാം… 🥀ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്ത്തിയവരേയും,അപ്പൂപ്പന് താടിയില്‍ ഉപ്പിട്ട് കെട്ടിയവരേയും,കരിമാറാലയില്‍ കളിയൂഞ്ഞാലിട്ടവരേയും ബിച്ചുവിന്റെ പാട്ടിലേ നമ്മള് കണ്ടിട്ടുള്ളൂ…
🥀”ടൈഗര്‍ സലീം’-എന്ന സിനിമയിലെ ”പാമ്പാടും പാറയില്‍ പുത്തന്‍ വെള്ളാട്ടം..” എന്ന പാട്ടില്‍, ”വന്നോ നിന്നോ കണ്ടോ പൊയ്ക്കോ,വായില്‍ നോക്കാതെ..” എന്ന ഭാഗവും, ”മണിയറ കാണുമ്പോള്‍ വാലും കുത്തി ചാട്ടം”- എന്ന വരിയും -എത്ര ജാള്യതയില്ലാതെയാണ് അദ്ദേഹം കുറിച്ചത്..!!
🥀”ചിരിയോ ചിരി’ യിലെ ”കൊക്കാമന്തീ കോനാനിറച്ചീ…” എന്ന പാട്ടില്‍ അദ്ദേഹം ഉപയോഗിച്ച ”കോത” എന്ന വാക്കും
‘വെല്ലുവിളി’-യിലെ ”കട്ടുറുമ്പേ വായാടീ…” എന്ന പാട്ടിലെ :- പൊട്ടിപ്പെണ്ണ്,കുട്ടിത്താറാവ്,വെട്ടുക്കിളി,തേരാപാര… എന്നീ വാക്കുകളും ആസ്വാദകരെ വല്ലാതെ വിസ്മയിപ്പിച്ചിട്ടുണ്ടാകും.. ഉറപ്പ്!!
🥀അതുപോലെ, ഗാനങ്ങളുടെ ആശയങ്ങൾ പൂർത്തീകരിക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച ചില പദങ്ങൾക്ക് ഒരു പ്രത്യേകഭംഗി ഉണ്ടായിരുന്നു..”കളിപ്പാട്ടമായ് കണ്മണീ…. “എന്ന പാട്ടിൽ അദ്ദേഹം ഉപയോഗിച്ച : മോഹമാം ജലശയ്യ/മനപ്പന്തൽ /മിഴിച്ചിരാത് /നനുത്ത സ്നേഹം /ചിരിച്ചിപ്പി /വഴിപ്പൂവ് – എന്നീ പ്രയോഗങ്ങൾ അവാച്യസുന്ദരമാണെന്ന് പറയാം…. 🥀’ചമ്പക്കുളം തച്ചനി’ലെ -”ഒളിക്കുന്നുവോ..” എന്ന പാട്ടില്‍ കാമുകിയെ മുഴക്കോല് പോലും കൂടാതെ അളന്നിട്ട കേമത്തമായിരുന്നു കാമുകന്റേതെന്നും ബിച്ചു പറഞ്ഞ് വച്ചു… ഈ പാട്ടിലെ “നുണുങ്ങോളം”/”മനക്കൂട്ടിലെ പൈങ്കിളി”-എന്നീ പ്രയോഗങ്ങളും മികച്ചു നിൽക്കുന്നു…🥀’സത്യം ‘ എന്ന പടത്തിലെ ”രാജാവ് നാട് നീങ്ങീ…’ എന്ന പാട്ടില്‍ -ആറാട്ട്
മുണ്ടന്‍,പാറാവ്കാരന്,പണ്ടകശാല,കച്ചേരിപ്പുര,ആക്കിറിച്ചന്ത,സര്‍വാണി,കോട്ടകൊത്തളം,കൂലിപ്പട്ടാളം,ജനകീയ ഭരണം — തുടങ്ങി ഒരുപാട് പഴയകാല വാക്കുകൾ അദ്ദേഹം ഉപയോഗിക്കുകയുണ്ടായി…🥀ചൂഴമ്പാലപ്പൂന്തണലില് ചൂടും കാഞ്ഞ് കിടന്ന കാമുകനെ ബിച്ചുവിന്റെ പാട്ടില്‍ മാത്രമേ നമ്മള് കണ്ടിട്ടുള്ളൂ…കാറ്റു ചിക്കി ചൂരുണക്കുന്ന കഞ്ജപ്പാടങ്ങളും, പാകോതി തെയ്യപ്പറമ്പുകളും,പാലടയ്ക്കാ പൈങ്കിളികളുമൊക്കെ ”ചോതിക്കൊഴുന്നീ ചാമക്കിളുന്നീ..”- എന്ന ”നെറ്റിപ്പട്ട’ത്തിലെ പാട്ടിലാണ് നമ്മള് കണ്ടത്….🥀
🌷ബിച്ചു തിരുമല ഉപയോഗിച്ച
ചില പ്രത്യേക പദങ്ങൾ 🌷
==== ==========
1)തൂലികാഗ്ര രേഖ : സിന്ദൂരപൂമനസിൽ ശലഭങ്ങളോ കിളികളോ…. (സിനിമ :
ഗമനം )
2)പേയാട്ടം : ശ്രുതിമണ്ഡലം സപ്തസ്വരമണ്ഡലം.. (രണ്ട് പെൺകുട്ടികൾ )
3)തുമ്പം : തുമ്പമെല്ലാം പമ്പ കടന്നു.. (വിറ്റ്നസ് )
4)പത്തേമാരി : അക്കരെ നിന്നൊരു കൊട്ടാരം… (സ്വാഗതം )
5)ജ്യാമിതി : മനസ്സിൽ നിന്നും മനസ്സിലേക്കൊരു… (കടിഞ്ഞൂൽ കല്യാണം )
6)മൃഗതൃഷ്ണ : ജനിച്ചപ്പോഴേ തനിച്ചായി ഞാൻ… (ബന്ധം )
7)ഹൃദയധമനി : ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു… (ചിരിയോ ചിരി )
8)പേലവാംഗി : ആരോമൽ ഹംസമേ…. (ഗീതം )
9)ചരിതാർത്ഥൻ : വെള്ളാരം കുന്നിൻ മേലേ… (രേവതിക്കൊരു പാവക്കുട്ടി )
10) സലിലം : സലിലം ശ്രുതിസാഗരം… (വാർത്ത )
11)നഖശിഖാന്തം : കണ്ണും കണ്ണും തമ്മിൽ തമ്മിൽ…. (അങ്ങാടി )
12)മിഴുങ്ങസ്യമാർ : പിരിയുന്ന കൈവഴികൾ ഒരുമിച്ച്…. (അണിയാത്ത വളകൾ )
13)കഴുക്കോൽ : വാടകവീടൊഴിഞ്ഞു ഞാനെന്റെ… (സർപ്പം )
14)മുഴക്കോൽ : ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ… (ചമ്പക്കുളം തച്ചൻ )
15)തിടപ്പള്ളി : ഹൃദയം ദേവാലയം മാനവ… (തെരുവ്ഗീതം )
16)കേസരം : പൂവുകളുടെ ഭരതനാട്യം… (ഈ മനോഹര തീരം )
17)ന്യായാസനം : മാറ്റുവിൻ ചട്ടങ്ങളേ മാറ്റുവിൻ… (മാറ്റൊലി)
18)ചുംബനക്കനി : ആയിരം മാതളപ്പൂക്കൾ… (അനുപല്ലവി )
19)ദാവണി സ്വപ്നം : പാതിരാവായി നേരം… (വിയറ്റ്നാം കോളനി )
20)രസനരസം : മദനവിചാരം മധുരവികാരം…. (മനസാ വാചാ കർമ്മണാ )
21)കൈതവം : ഏകാന്തതയിൽ ഒരാത്മാവ് മാത്രം…. (സൂത്രക്കാരി )
22)അലസമദാലസ : പ്രണയസരോവര തീരം….. (ഇന്നലെ ഇന്ന് )
23)ഉൾപ്രേരണ : നീലജലാശയത്തിൽ ഹംസങ്ങൾ… (അംഗീകാരം )
24)സദസ്യർ : നക്ഷത്രദീപങ്ങൾ തിളങ്ങി….. (നിറകുടം )
25)പുകമറ : ആറ്റിറമ്പിൽ ആല്മരത്തിൽ… (മാന്നാർ മത്തായി സ്പീക്കിങ് )
🥀🥀—- അങ്ങനെ, അങ്ങനെ അധികമാരും കൈവയ്ക്കാത്ത ഒരുപാട് പുതിയപദങ്ങൾ ചേർത്തിണക്കി ഗാനരചന നടത്തിയ അനുഗൃഹീതകവിയാണ് ബിച്ചു തിരുമല…
“കരിമ്പന”-യിലെ “കൊമ്പിൽ കിലുക്കും കെട്ടി പുള്ളരിങ്ങ പന്തുരുട്ടി….. “-എന്ന പാട്ടിലെ പല പദങ്ങങ്ങളും പുതുതലമുറയ്ക്ക് അതിശയമാണ്… ഈ പാട്ടിലെ പുള്ളരിങ്ങ, ലാടം, അക്കാനി, പതനി, ചിപ്പം, ചക്കര, വസൂൽ, ചുട്ടരച്ച ചമ്മന്തി, ചക്കടാവണ്ടി, പൊന്നുംവില,…തുടങ്ങിയ വാക്കുകൾക്ക് ബിച്ചുതിരുമലയോട് നമുക്ക് നന്ദി പറയാം……
🥀🥀സുന്ദരിമാരെ പല തരത്തിൽ വിശേഷിപ്പിച്ച കാവ്യഭാവനകൾ നമുക്കറിയാമെങ്കിലും തന്റെ ആദ്യകാല രചനയിൽ “അലുവാ മെയ്യാളെ വിടുവാ ചൊല്ലാതെ…. “(കാമം ക്രോധം മോഹം )-എന്ന് പാടിയ ബിച്ചുവിനെ എങ്ങനെ നാം മറക്കും? 🥀അതുപോലെ, നാട്ടിലുള്ള പൂക്കളെ കുറിച്ചൊക്കെ പാട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വിദേശിയായ “മൊസാന്ത പൂക്കളെ “ആരും പരാമർശിച്ചു കേട്ടിട്ടില്ല.. എന്നാൽ, “ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ” :തുടർക്കിനാക്കളിൽ……..എന്ന പാട്ടിൽ, “മൊസാന്ത പൂവോ വാസന്തിക്കാറ്റിൽ…. “എന്ന് പാടാനും ബിച്ചു മറന്നില്ല…. 🥀1980 – ൽ പുറത്ത് വന്ന “ഇത്തിക്കര പക്കി “എന്ന പടത്തിലെ : “മാസപ്പടിക്കാരെ മുന്നാലെ കെട്ടി…. “എന്ന ഹാസ്യഗാനത്തിൽ മലയാളത്തിലെ പഴയകാല ഭരണഭാഷാപദങ്ങൾ കൂട്ടിയിണക്കിയ ബിച്ചുവിന്റെ ഭാവനയും അപാരം :: “ഉന്തിക്കോ തള്ളിക്കോ സമ്പ്രതിപ്പിള്ളേ, ഏന്തിക്കോ താങ്ങിക്കോ രായസംപിള്ളേ…. “എന്ന ഭാഗം ഉദാഹരണം!!
> ഇങ്ങനെ,ഗാനരചനയ്ക്ക് വേണ്ടി ബിച്ചുതിരുമല മാത്രം ഉപയോഗിച്ച പദപ്രയോഗങ്ങൾ അനവധിയുണ്ട്….🥀കാലമെത്ര കഴിഞ്ഞാലും സൗന്ദര്യം നഷ്ടപ്പെടാത്ത സുന്ദര പദങ്ങൾ…… ബിച്ചുതിരുമലയുടെ പാട്ടുകളെല്ലാം നമുക്കിഷ്ടമാണെങ്കിലും അദ്ദേഹം ഗാനരചനയ്ക്ക് വേണ്ടി ഉപയോഗിച്ച ഇത്തരം വേറിട്ട പദങ്ങളെ കുറിച്ച് ആരും ചർച്ചചെയ്ത് കേട്ടിട്ടില്ല….. ഇനിയും ഏറെ എഴുതണമെന്നുണ്ട്….തല്ക്കാലം ഇവിടെ നിർത്തുന്നു.