ബിഗ് ബാംഗ് തിയറിയെ കുറിച്ചുള്ള ചില തെറ്റിദ്ധരണകൾ
1. “ബിഗ് ബാംഗ് തിയറി പ്രപഞ്ച ഉല്പത്തിയെ കുറിച്ചുള്ള തിയറി ആണ്.”
തെറ്റ്
ബിഗ് ബാംഗ് തിയറി നമ്മുടെ പ്രപഞ്ചത്തിന്റെ ചരിത്രമാണ്, ശാസ്ത്രീയമായി മനസ്സിലാക്കിയതും പല പരീക്ഷണ നിരീക്ഷണങ്ങൾ വഴി ഉറപ്പാക്കിയതുമായ ചരിത്രം. 1380 കോടി വർഷങ്ങൾ മുമ്പുള്ള ഒരു അവസ്ഥയിൽ നിന്നും ഇന്ന് വരെ ഉള്ള ചരിത്രം. നമ്മൾ ഈ കാണുന്ന പ്രപഞ്ചം ഇന്ന് എങ്ങിനെ ഇരിക്കുന്നു, ഇന്നലെ എങ്ങിനെ ഇരുന്നിരുന്നു, ആയിരം വർഷങ്ങൾക്കു മുൻപ് എങ്ങിനെ ഇരുന്നിരിക്കും, ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപ് എങ്ങിനെ ഇരുന്നിരിക്കും, ഒരു കോടി കൊല്ലങ്ങൾക്കു മുൻപ് എങ്ങിനെ ഇരുന്നിരിക്കും, അങ്ങനെ 1380 കോടി കൊല്ലങ്ങൾക്കു മുൻപ് എങ്ങിനെ ഇരുന്നിരിക്കും, ഈ ചരിത്രമാണ് ബിഗ് ബാംഗ്. അതിനു മുൻപ് എന്ത് ഉണ്ടായിരുന്നു എന്നോ, ആ ഒരു അവസ്ഥയിലേക്ക് എങ്ങിനെ വന്നു എന്നോ ബിഗ് ബാംഗ് തിയറി പറയുന്നില്ല. അതുകൊണ്ടു അതാണ് പ്രപഞ്ചത്തിന്റെ ഉല്പത്തി എന്ന് നമുക്ക് പറയാൻ പറ്റില്ല. അതുകൊണ്ടു തന്നെ ബിഗ് ബാംഗ് തിയറി പ്രപഞ്ച ഉല്പത്തിയെ കുറിച്ചുള്ള തിയറി അല്ല.
2. “അത് വെറും ഒരു തിയറി മാത്രമല്ലേ”
പ്രയോഗം തന്നെ തെറ്റ്.
“അത് വെറും ഒരു തിയറി മാത്രമല്ലേ” എന്ന് ചോദിക്കുമ്പോ, അത് വേറെ എന്താവണം?
സ്കൂളിൽ പഠിക്കുമ്പോൾ “തിയറി വേറെ പ്രാക്ടിക്കൽ വേറെ” എന്ന പരിമിതമായ ഒരു അറിവിൽ നിന്നും ഉടലെടുക്കുന്ന ഒരു ചോദ്യമാണ് “അത് വെറും തിയറി അല്ലെ” എന്നുള്ളത്. ശാസ്ത്രത്തിൽ തിയറി എന്നാൽ എന്താണ് എന്നുള്ളതിന്റെ അറിവ് കുറവാണ് ഈ ചോദ്യത്തിന് കാരണം.
ഒരു ഹൈപോത്തേസിസ് അഥവാ ചിന്താഗതി ശെരി ആണെന്ന് തെളിയിക്കുന്ന അനിഷേധ്യ തെളിവുകൾ ലഭിക്കുമ്പോൾ ആണ് ആ ഒരു ഹൈപോത്തേസിസ് തിയറി ആവുന്നത്. അങ്ങനെ നിഷേധിക്കാൻ ആകാത്ത ഒരുപാട് തെളിവുകൾ ലഭിച്ചിത്തിനു ശേഷമാണ് ബിഗ് ബാംഗ് ഹൈപോത്തേസിസ് ഒരു തിയറി ആയതു.
പ്രപഞ്ചത്തിന്റെ ചരിത്രം കൃത്യമായി വിവരിക്കുന്ന ഈ ഒരു തിയറി മാത്രമേ ഇന്ന് നിലവിൽ ഉള്ളൂ.
ബിഗ് ബാംഗ് തിയറി ഒരു തിയറി തന്നെ ആണ്. പ്രാക്ടിക്കൽ ആയിട്ടു പ്രപഞ്ചത്തിൽ കണ്ടതും പരീക്ഷണങ്ങൾ വഴി പരിശോധിച്ച് ശെരി ആണെന്ന് ഉറപ്പിച്ചതിനും ശേഷം തിയറി ആയി മാറിയ ഒരു ആശയം.
3. “ബിഗ് ബാംഗ് പ്രതിപാദിക്കുന്നത് മൊത്തം പ്രപഞ്ചത്തെയും ആണ്”
തെറ്റ്
ബിഗ് ബാംഗ് പ്രതിപാദിക്കുന്നത് നമ്മൾ ഈ കാണുന്ന പ്രപഞ്ചത്തെ മുഴുവനും ആണ്. പക്ഷെ ആ പ്രയോഗം ഒന്ന് ശ്രദ്ധിക്കണം. “നമ്മൾ ഈ കാണുന്ന പ്രപഞ്ചം” ഇംഗ്ലീഷിൽ Observable Universe എന്ന് വിളിക്കും. അതാണ് മൊത്തം പ്രപഞ്ചം എന്ന് കരുതരുത്. നമ്മൾ ഈ കാണുന്ന പ്രപഞ്ചം 1380 കോടി കൊല്ലങ്ങൾക്കു മുൻപ് ഒരു വളരെ ചെറിയ സ്ഥലത്തു കേന്ദ്രീകരിച്ചിരുന്നു. ആ ഒരു സ്ഥലം വളരെ ചൂടുള്ളതും സാന്ദ്രത എറിയതുമായിരുന്നു. ഈ കഴിഞ്ഞ 1380 കോടി കൊല്ലങ്ങൾ കൊണ്ട് ഒരുപാട് വികസിച്ചാണ് ഇന്നീ കാണുന്ന അവസ്ഥയിലേക്ക് എത്തിയത്. നമുക്ക് കാണാൻ കഴിയുന്ന പ്രപഞ്ചത്തിനു ഒരു പരിധി ഉണ്ട്. അതിനകത്തുള്ളതാണ് observable Universe. അതിന്റെ വലിപ്പം 93 ബില്യൺ പ്രകാശ വർഷങ്ങൾ ആണ്. എന്നാൽ അതിനപ്പുറത്തും പ്രപഞ്ചം ഉണ്ട്. വേറെ പ്രപഞ്ചം അല്ല. നമ്മുടേത് തന്നെ. നമുക്ക് കാണാൻ കഴിയില്ല എന്ന് മാത്രം. 1380 കോടി കൊല്ലങ്ങൾക്കു മുൻപ് നമ്മുടെ Observable universe ഒരു വളരെ ചെറിയ സ്ഥലത്തു ഒതുങ്ങി നിന്നിരുന്നു എന്ന് പറഞ്ഞലോ. അതിന്റെ എല്ലാ ചുറ്റിലും അത് പോലെ തന്നെ ഉള്ള സാന്ദ്രത ഏറിയതും ചൂടുള്ളതുമായ സ്ഥലങ്ങൾ ഉണ്ടായിരുന്നിരിക്കാം. അവയെല്ലാം ഇത്രയും കാലത്തിനിടയിൽ വികസിച്ചു നമ്മൾ ഈ കാണുന്ന പ്രപഞ്ചത്തിന്റെ അത്രയും തന്നെ വലിപ്പം വെച്ചിട്ടുണ്ടാകും. ഇന്ന് , നമുക്ക് കാണാൻ കഴിയുന്ന പ്രപഞ്ചത്തിനു അപ്പുറത്തു ആ സ്ഥലങ്ങൾ ആയിരിക്കും ഉണ്ടാകുക. അങ്ങനെ നമുക്ക് കാണാൻ കഴിയുന്ന പ്രപഞ്ചത്തിനു പുറത്തുള്ള പ്രപഞ്ചത്തിനു ഒരു അവസാനം ഉണ്ടോ എന്ന് അറിയില്ല. അതിപ്പോ, ഇന്ന് ഉണ്ടോ എന്നും അറിയില്ല 1380 കോടി കൊല്ലങ്ങൾക്കു മുൻപ് ഉണ്ടായിരുന്നോ എന്നും അറിയില്ല.
4. “ബിഗ് ബാംഗ് തിയറി വിശ്വസങ്ങൾക്കു എതിരാണ്”
പരിണാമ സിന്ധാന്തത്തെ എതിർക്കുന്ന പല വിശ്വാസങ്ങളും പക്ഷെ ബിഗ് ബാംഗ് തിയറിയെ പൂർണമായി എതിർക്കുന്നില്ല . കാരണം അത്രയ്ക്ക് ശക്തമാണ് അതിനനുകൂലമായ തെളിവുകൾ. പല വിശ്വാസങ്ങളുടെയും മേലധ്യക്ഷന്മാർ, അവരുടെ വിശ്വാസങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെ ആണ് ബിഗ് ബാംങിലും പറഞ്ഞിരിക്കുന്നത് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന കാലഘട്ടമാണ്. അതുകൊണ്ടു, ബിഗ് ബാംഗ്, തന്റെ വിശ്വാസങ്ങൾക്കെതിരെ ആണ് എന്ന് കരുതി അതിനെതിരെ വാൾ എടുക്കുന്നതിനു മുൻപ് അവരവരുടെ വിശ്വാസങ്ങളുടെ മേലധ്യക്ഷൻമ്മാർ നിലപാട് മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല, ബിഗ് ബാംഗ് തിയറി പ്രപഞ്ച ഉല്പത്തിയെ കുറിച്ചുള്ള തിയറി അല്ല അന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. അപ്പൊ പിന്നെ അത് വിശ്വാസങ്ങൾക്കെതിരാകുന്നില്ല. ബിഗ് ബാംഗ് തിയറി വരുന്നതിനു മുമ്പുണ്ടായിരുന്ന സ്ഥിര പ്രപഞ്ചം എന്ന ആശയം ആണ്. അതായതു പ്രപഞ്ചത്തിനു ആധിയും ഇല്ല അവസാനവും ഇല്ല എന്ന ആശയം. പ്രപഞ്ചത്തെ കുറിച്ചുള്ള ആആശയങ്ങളാണ് വിശ്വാസങ്ങൾക്ക് എതിരായിട്ടുള്ളത്. ബിഗ് ബാംഗ് തിയറി വന്നപ്പോഴാണ് പ്രപഞ്ചത്തിനു ഒരു തുടക്കം ഉണ്ടാകാം എന്ന ആശയം വന്നത്. അത് കണ്ടു വിശ്വാസങ്ങളോട് കൂടുതൽ യോജിപ്പുള്ളതു ബിഗ് ബാംഗ് തിയറിക്കാണ്.
5. ബിഗ് ബാംഗ് തിയറി ഒരു പൊട്ടിത്തെറിയുടെ കഥയാണ്.
തെറ്റ്
ബിഗ് ബാംഗ് എന്നത് വളരെ തെറ്റായ ഒരു പേര് ആണ്. അത് അങ്ങനെ വരാൻ ഒരു കാരണവും ഉണ്ട്. ആ പേര് ഇട്ടതു ആ തിയറിയെ കളിയാക്കാൻ വേണ്ടി ആയിരുന്നു. കഷ്ടകാലത്തിനു ആ പേര് നിലനിന്നു. പലപ്പോഴും ആൾക്കാരുടെ ശെരിക്കുള്ള പേരിനേക്കാൾ അവരുടെ ഇരട്ട പേര് പ്രശസ്തമാകുന്നത് കണ്ടിട്ടില്ലേ. അത് പോലെ.
ബിഗ് ബാംഗ് തിയറി ഒരു പൊട്ടിത്തെറിയുടെ കഥയല്ല. ഈ പ്രപഞ്ചത്തിന്റെ വികാസത്തിന്റെ ചരിത്രമാണ്. ആ വികാസത്തിന്റെ തോത് പല കാലഘട്ടത്തിലും പലതായിരുന്നു. തുടക്കത്തിൽ ഈ വികാസം അതിവേഗം ആയിരുന്നു. പിന്നെ പതുക്കെ ആയി, ഇപ്പൊ കുറേശെ ആയി സ്പീഡ് വീണ്ടും കൂടുന്നു.
6. ബിഗ് ബാംഗ് നടന്നത് ഒരു പ്രിത്യേക സ്ഥലത്താണ്. അതാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം
തെറ്റ്
പ്രപഞ്ചത്തിനു ഒരു കേന്ദ്രമില്ല. ബിഗ് ബാംഗ് നടന്നത് എല്ലായിടത്തും ആണ്. ഇന്ന് നമ്മൾ കാണുന്ന എല്ലാ സ്ഥലങ്ങളും 1380 കോടി കൊല്ലങ്ങൾക്കു മുൻപ് ഒരു ചെറിയ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. അത് കൊണ്ട് പ്രപഞ്ചത്തിന്റെ ഏതു കോണിലുള്ളവർക്കും അവകാശപ്പെടാം ബിഗ് ബാംഗ് നടന്നത് അവർ നിന്നിടത്താണെന്നു. അതൊക്കെ ശെരി ആണ് താനും.
7. ബിഗ് ബാംഗ് നടക്കുമ്പോൾ പ്രപഞ്ചം ഒരു ചെറിയ സ്ഥലത്തു കേന്ദ്രീകരിച്ചിരുന്നെങ്കിൽ അതിന്റെ പുറത്തു എന്തായിരുന്നു? പ്രപഞ്ചം എവിടേക്കാണ് വികസിക്കുന്നത് ?
ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ. ബിഗ് ബാംഗ് പറയുന്നത് നമുക്ക് ഇന്ന് കാണാൻ കഴിയുന്ന പ്രപഞ്ചത്തെ കുറിച്ചാണ്. observable universe. അതിന്റെ വലിപ്പം 93 billion പ്രകാശ വർഷങ്ങൾ ആണ്. എന്ന് കരുതി അതല്ല പ്രപഞ്ചത്തിന്റെ അറ്റം. അതിന്റെ എല്ലാ ചുറ്റിനും ഇത്രയും വലിയ പ്രപഞ്ചം ഉണ്ടായിരിക്കാം. ബിഗ് ബാംഗ് നടക്കുന്ന സമയത്തു നമ്മുടെ പ്രപഞ്ചം ഒരു വളരെ ചെറിയ സ്ഥലത്തു കേന്ദ്രീകരിച്ചിരുന്നു. അതിന്റെ എല്ലാ ദിശയിലും ചുറ്റപ്പെട്ടു ഇരിക്കുന്ന സ്ഥലങ്ങൾ ആയിരിക്കും ഇന്ന് നമ്മൾ ഈ പറയുന്ന 93 ബില്യൺ പ്രകാശ വര്ഷങ്ങള്ക്കു അപ്പുറത്തു ഉള്ളത്. അതിനപ്പുറത്തേയ്ക്കു എത്ര 93 ബില്ലിയൺ പ്രകാശ വർഷങ്ങൾ ഉണ്ടെന്നു അറിയില്ല. അത് അനന്തമാണോ എന്നും അറിയില്ല.നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്നതവണമെന്നില്ല ബിഗ് ബാംഗ് തിയറി. ബിഗ് ബാംഗ് തിയറി എന്താണെന്നു ആദ്യം മനസിലാക്കുക.
പലർക്കുവും വിശ്വാസങ്ങളുടെ ഉല്പത്തി തിയറികൾ എതിർക്കുന്ന ശാസ്ത്രത്തിന്റെ ഉത്തരമാണ് ബിഗ് ബാംഗ്.മറ്റു പലർക്കും അവരുടെ വിശ്വാസങ്ങൾ പറയുന്ന ഉല്പത്തി തിയറികളെ എതിർക്കാൻ ശാസ്ത്രം കൊണ്ട് വന്ന ഒരു തിയറി ആണ് ബിഗ് ബാംഗ്.എന്നാൽ ബിഗ് ബാംഗ് തിയറി ഇത് രണ്ടും അല്ല.
ബിഗ് ബാംഗ് തിയറി ശാസ്ത്രീയമായി നമ്മൾ മനസിലാക്കിയ നമ്മുടെ പ്രപഞ്ചത്തിന്റെ ചരിത്രമാണ്. അത് ആരെയും അനുകൂലിക്കുന്നുമില്ല എതിർക്കുന്നുമില്ല .ബിഗ് ബാംഗ് തിയറി എന്താണെന്ന് ആദ്യം മനസിലാക്കൂ. എന്നിട്ടു തീരുമാനിക്ക് അതിനെ എതിർക്കണോ അനുകൂലിക്കണോ എന്ന്.