കോണ്ഗ്രസിന് 50 സീറ്റിൽ കൂടുതൽ കൊടുക്കരുത് എന്നായിരുന്നത്രെ ലാലു പ്രസാദ് യാദവ് മകൻ തേജസ്വിക്ക് നൽകിയ ഉപദേശം.തേജസ്വി യാദവ് അത് കേട്ടില്ല.ഫലം എന്താണെന്ന് ഇന്നവർ അനുഭവിക്കുന്നുണ്ടാകണം.ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പ്രസ്ഥാനം നിഴൽ പോലുമവശേഷിക്കാതെ നശിച്ചു തീർന്നെങ്കിൽ മാത്രമേ ഇനി ഇന്ത്യയിൽ ഫാഷിസ്റ്റ് വിരുദ്ധ ഐക്യ നിരയെ കുറിച്ചു ചിന്തിക്കേണ്ടതായുള്ളൂ.കോണ്ഗ്രസ് പാർട്ടി നശിച്ചു പോകാതെ അൽപ്പം ബാക്കി നിൽക്കേണ്ടത് ബിജെപിയുടെ ഏറ്റവും വലിയ ആവശ്യമാണ്.ബിജെപി വിരുദ്ധ പൊതു ബോധത്തെ സംഘടിത വോട്ടായി മാറുന്നതിൽ നിന്ന് രക്ഷ നേടാൻ ഒരു സേഫ്റ്റി വാൽവായി നില നിർത്തുകയാണ് കോണ്ഗ്രസിനെ.
ലാലു കോണ്ഗ്രസിന് സീറ്റ് നൽകരുതെന്ന് ഉപദേശിക്കാൻ കാരണങ്ങളുണ്ട്.ഇന്ന് ഇന്ത്യയിൽ ബിജെപി-ആർഎസ്എസ് ബാന്ധവം ഒരിക്കലുമുണ്ടാകില്ലെന്ന് ഉറപ്പു പറയാൻ പറ്റുന്ന രണ്ടേ രണ്ടു പാർട്ടികളെയുള്ളൂ.ഒന്ന് ഇടതുപക്ഷവും മറ്റേത് ലാലുവിന്റെ ആർ.ജെ.ഡി യുമാണ്.ജയിച്ചു കഴിഞ്ഞാൽ പണ ചാക്കും തേടി കൂറ് മാറി പോകുമെന്ന് മാത്രമല്ല കോണ്ഗ്രസ് എന്ന പാർട്ടി നാമവും കൈപ്പത്തി ചിഹ്നവും തന്നെ വോട്ട് വീഴുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുമെന്ന് ലാലു പ്രസാദ് യാദവ് എന്ന അനുഭവമേറെയുള്ള രാഷ്ട്രീയ നേതാവിനറിയാം.
ബിജെപിയുമായി നേരിട്ട് ഏറ്റു മുട്ടിയ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്ഗ്രസ് പിന്നിലാണ് എന്ന് കാണണം.മത്സരിച്ച നാലിലൊന്ന് സീറ്റിൽ പോലും മുന്നിലെത്താൻ കഴിഞ്ഞില്ല.കോണ്ഗ്രസിനെ ജയിപ്പിച്ചു വളഞ്ഞ വഴിയിൽ ബിജെപിയിലെത്തിക്കുന്നതിലും നല്ലത് നേരിട്ട് ബിജെപിക്ക് കുത്തുന്നതാണെന്ന് വോട്ടർമാർ കരുത്തിക്കാണണം.രാഷ്ട്രീയ – സാമ്പത്തിക നയങ്ങളിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് മാത്രമല്ല ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പാർട്ടിയിൽ ഒരു അനുഭാവി വോട്ടർ എന്ന നിലയിൽ പോലും രാജ്യത്താകമാനം ജനങ്ങൾക്ക് മടുപ്പ് വന്നു എന്നത് കാണാതിരുന്നു കൂട.മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ കൂടെ ഇതിന്റെ കൂടെ കൂട്ടി വായിക്കണം.അമിത് ഷായുടെ പണ ചാക്ക് കണ്ട് കാലു മാറി ബിജെപിയിലെത്തിയ കാരണമാണ് 21ഇടത്ത് അവിടെ ഉപതിരഞ്ഞെടുപ്പ് പോലും വേണ്ടി വന്നത്.ഭൂരിഭാഗം സീറ്റുകളിലും പഴയ അതേ കോണ്ഗ്രസുകാർ ബിജെപി ചിഹ്നത്തിൽ അവിടെ ലീഡ് ചെയ്യുന്നുമുണ്ട്.
മീശ പിരിയൻ ആസാദും ഒവൈസിയും മറ്റു മുള്ള് മുരിക്ക് മൂർക്കൻ പാമ്പുകൾക്കും അന്നത്തിന് ഫണ്ട് വരുന്നത് നാഗ്പൂരിൽ നിന്നാണോ എന്ന് അന്വേഷിക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്.ഇടതു പക്ഷ ഐക്യ നിര മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും മുന്നേറി കരുത്തു കാട്ടി.ജനങ്ങൾക്ക് ഇടതു പക്ഷത്തേയും അവരുടെ സ്ഥാനാർത്ഥികളേയും അവരുടെ നയങ്ങളും വിശ്വാസമുണ്ട്.അവരുടെ സ്ഥാനാർഥികൾ ബിജെപി വിരുദ്ധ സഖ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ജനങ്ങൾക്കുറപ്പുണ്ട്.അത് വെറുതെ ഉണ്ടായി വന്നതല്ല.കോണ്ഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികൾക്കായി റിസോർട്ട് ബുക് ചെയ്യുന്ന നേരം കമ്യൂണിസ്റ്റുകാർ ബീഹാറിൽ കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട മനുഷ്യർക്കായുള്ള സമരത്തിലായിരുന്നു.രാഹുലും സംഘവും വിദേശത്ത് അവധിയാഘോഷിച്ച കാലത്ത് ഇടത് നേതാക്കൾ തെരുവിൽ വിയർപ്പൊഴുക്കുകയായിരുന്നു.അത് പ്രതീക്ഷയാണ്,അടിസ്ഥാന വർഗ്ഗത്തിന്റെ അന്നവും വസ്ത്രവും അഭയവും രാഷ്രീയ വിഷയമാക്കിയ കൂട്ടരോട് അവർ കൂറ് കാണിച്ചു.
ബീഹാർ നൽകുന്ന പാഠം ഒന്നേയുള്ളൂ. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയം നയപരമായി കൈ മുതലാക്കിയ രാഷ്ട്രീയ കക്ഷികളുമായി മാത്രമേ സഖ്യം പോലും സാധ്യമുള്ളൂ.കോണ്ഗ്രസിനെ അടുപ്പിക്കും തോറും ബാധ്യത കൂടി കൊണ്ടിരിക്കും.വർഗ്ഗ രാഷ്ട്രീയം അത് ഏത് ഇരുണ്ട കാലത്തും പ്രസക്തമായി മുന്നിൽ നിൽക്കും.
2
ഞാനാദ്യം മീശയൊക്കെ പിരിച്ചു, ബിൽഡിങ് ടു ബിൽഡിങ് ജമ്പൊക്കെ നടത്തി കൂളിംഗ് ഗ്ലാസ്സും വെച്ചിട്ട് സ്ലോ മോഷനിൽ ഒരു വരവ് വരും. ആഹാ.. ആശാനേ. ഇളയ ദളപതി വിജയ് ഇന്ന് മുതൽ ഫീൽഡൗട്ട്.. ആശാൻ കിടു.. എന്നിട്ട്?? എന്നിട്ട് അംബേദ്കറൈറ്റ്സിനെ ആനന്ദത്തിലാറാടിക്കും.. ഹിന്ദുത്വ തുലയട്ടെ എന്നു ദിവസം പത്തു തവണ പറയും.. കിടു.. പൊളി.. അന്യായം അണ്ണാ.. അപ്പൊ??
എന്നിട്ട് ഞാൻ അവരെ തോല്പിക്കാൻ സുഡാപ്പികളുടെ കൂടെക്കൂടും.. ആ ഒവൈസി കിടുവാണ്. അവന്റെ കൂടെ നിക്കാം..
അല്ലണ്ണാ, അവരപ്പൊ വർഗീയപ്പാർട്ടിക്കാരല്ലേ?
പോടാ. അവര് പാവങ്ങൾ. ഇനിയിപ്പോ വർഗീയത ഇച്ചിരി ഉണ്ടേലെന്താ, അധികാരമില്ലല്ലോ. നമ്മുടെ ലക്ഷ്യം ഹിന്ദുത്വ പൊളിക്കലാണല്ലോ.. ഫോക്കസ് പോവരുത് കേട്ടോ.ആശാൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ. എന്നിട്ട് എന്താവും??
എന്താവാൻ.. നമ്മള് കാരണം കൊറച്ച് വോട്ട് നമ്മടെ അവിയൽ മുന്നണിക്ക് കിട്ടും. അത്രേം വോട്ട് ബാക്കിയുള്ളവർക്ക് കൊറയും.
അല്ല ആശാനേ, അപ്പൊ നമ്മള് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാൽ ഹിന്ദുത്വയ്ക്ക് ഫലത്തിൽ എളുപ്പമാവുകയല്ലേ ചെയ്യുക??
ലോജിക് എനിക്കിഷ്ടമല്ല കേട്ടോ. എനിക്ക് അവരെ ഒറ്റയ്ക്ക് തോല്പിക്കാനാണ് ഇഷ്ടം. ഞാൻ തന്നെ നിർമിച്ചു ഞാൻ തന്നെ സംവിധാനം ചെയ്ത് ഞാൻ തന്നെ നായകനായി പടം ഹിറ്റാക്കാനാണ് എനിക്കിഷ്ടം.. മഹാസഖ്യത്തിന്റ കൂടെക്കൂടി ജയിച്ചാൽ കഷ്ടപ്പെട്ടു ഞാൻ കാണിച്ച ഹീറോയിസം ഒക്കെ ചുമ്മാതാവില്ലേ.. എന്റെ കൂളിംഗ് ഗ്ലാസ് ഒറ്റയൊരുത്തനും ഞാൻ കൊടുക്കൂല..! 😏
റിസൾട്ട് വന്നാശാനെ.. നമ്മൾ മൂ.. മൂഢരായി.. കാലുവാരിയവന്മാരെന്നൊക്കെ വിളിക്കുന്നുണ്ട് നാട്ടുകാര്. അപ്പൊ നമ്മളെ വിശ്വസിച്ചു വോട്ട് ചെയ്തവരുടെ കാര്യമോ?അതിനെന്താ.. ഞാൻ പോയി നാലു ബിൽഡിങ് ജംപ് കൂടെ നടത്തി മീശ പിരിച്ച് അവരെയൊന്നു സെറ്റാക്കിയിട്ടു വരാം. “കരിമേഘ കെട്ടഴിഞ്ഞ” പാട്ടു ബാക്ക്ഗ്രൗണ്ടിൽ വെച്ചാൽ ഇത്തിരിക്കൂടെ കളറാവും.. ബൈ ദു ബൈ ഹിന്ദുത്വ തുലയട്ടെ..!