കുപ്രസിദ്ധനായ കൊലയാളിയാണ് ചാൾസ് ശോഭരാജ്. ഇന്ത്യയിൽ 1976 മുതൽ 1997 വരെ തീഹാർ ജയിലിൽ കഴിഞ്ഞതിനു ശേഷം നേപ്പളിൽ എത്തിയ ശോഭരാജിനെ നേപ്പാൾ പോലിസ് അറസ്റ്റ് ചേയ്തു. നിലവിൽ നേപ്പാൾ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നു.ചാൾസ് ശോഭരാജ് എന്ന പേരു പറയുമ്പോൾ തന്നെ ചോരയുടെ മണം പരക്കും. 1970കളിൽ ഇയാൾ നടത്തിയ ചോരക്കളിയിൽ അനേകം ആളുകൾക്കാണ ജീവൻ നഷ്ടമായത്. കൊലപാതകം നടത്തുന്നതിലുപരി തടവറകളിൽ നിന്നും സമർഥമായി പുറത്തു ചാടുന്നതിലും ശോഭരാജ് വിദഗ്ദ്ധനായിരുന്നു. ഫ്രാൻസിൽ തുടക്കം കുറിച്ച കുറ്റകൃത്യങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും വ്യാപിപ്പിച്ചാണ് ശോഭാരാജ് കുപ്രസിദ്ധിയാർജിച്ചത്.
1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ഇന്ത്യാക്കാരനായ പിതാവിന്റെയും വിയറ്റ്നാമുകാരിയായ മാതാവിന്റെയും മകനായായിരുന്നു ശോഭരാജിന്റെ ജനനം. സൈഗോണിലെ തെരുവുകളിലായിരുന്നു ശോഭരാജിന്റെ ബാല്യകാലം. എന്നാൽ അമ്മ ഒരു ഫ്രഞ്ച് ആർമി ഓഫീസറെ വിവാഹം കഴിച്ചതോടെ അയാളുടെ ജീവിതം അപ്പാടെ മാറി. അവർ പാരീസിലേക്ക് കൂടുമാറി. അമ്മ ശോഭരാജിനെ ഒരു ഫ്രഞ്ച് ബോർഡിംഗ് സ്കൂളിൽ ചേർത്തു. സ്കൂളിൽ നിന്നു പുറത്തിറങ്ങിയ ശോഭരാജ് തന്റെ കുറ്റകൃത്യ ജീവിതത്തിനു തുടക്കമിടുകയാണ് ചെയ്തത്. 1960കളുടെ തുടക്കത്തിൽ തന്നെ മോഷണക്കേസുകളിൽ പലവട്ടം പോലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. ചാന്റൽ കോംപാഗ്നോൺ എന്ന ഫ്രഞ്ചുകാരിയുമായുള്ള വിവാഹശേഷം ശോഭരാജ് ഒരു പുതിയ മനുഷ്യനാവാൻ ശ്രമിച്ചു. എന്നാൽ അങ്ങനെ മാറാൻ ശോഭരാജിനാവുമായിരുന്നില്ല. മോഷണവും കള്ളക്കടത്തും നിർബാധം തുടർന്നു. ഒടുവിൽ ഫ്രഞ്ചുകാരിയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശോഭരാജ് മേരി ആൻഡ്രീ ലെക്ലെർക്ക് എന്ന കനേഡിയൻ യുവതിയുമായി പരിചയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.
1970കളിലാണ് ശോഭരാജ് യൂറോപ്പിൽ മരണത്തിന്റെ ഭീതിവിതച്ചത്. 1972നും 1976നും ഇടയിൽ ശോഭരാജ് കൊന്നുതള്ളിയത് രണ്ടു ഡസൻ മനുഷ്യരെയാണ്. ആദ്യ കാലത്ത് ബിക്കിനി കില്ലർ എന്നായിരുന്ന ശോഭരാജിന്റെ ആദ്യകാല അപരനാമം. ക്രൂരമായ കൊലപാതകങ്ങൾ വഞ്ചകൻ, സാത്താൻ തുടങ്ങിയ അർഥം വരുന്ന ‘ദി സെർപന്റ്’. എന്ന പേരും ശോഭാരാജിനു ചാർത്തിനൽകി. 1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത്. എന്നാൽ അന്ന് ശോഭാരാജ് സമർഥമായി ജയിൽചാടി. അതിനുശേഷം പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളിലും പ്രാവീണ്യം നേടി. ഇക്കാലളവിൽ തന്റെ തട്ടിപ്പുപരിപാടികൾ ദക്ഷിണേഷ്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പോലീസ് കുറ്റം ചുമത്തി. ഒടുവിൽ ഇത് ശോഭരാജിന്റെ അറസ്റ്റിലേക്കു നയിച്ചു. എന്നാൽ 1986ൽ ഡൽഹിയിലെ തിഹാർ ജയിലിൽ നിന്നും ശോഭാരാജ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരുമാസത്തിനു ശേഷം പിടിയിലായി.
ജയിൽ ചാടിയതിന്റെ ശിക്ഷകൾ കൂടി അനുഭവിച്ച ശേഷം 1997ൽ ശോഭരാജ് പുറത്തിറങ്ങുന്നത്. തുടർന്ന് പാരീസിലേക്കു പോയ ഇയാൾ അവിടെ അംഡംബര ജീവിതം നയിച്ചു. എന്നാൽ ഈ സ്വാതന്ത്ര്യം അധികം നീണ്ടു നിന്നില്ല 2003ൽ ശോഭരാജ് നേപ്പാളിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. 1975ൽ കോണി ജോ ബ്രോൺസിച്ച് എന്ന അമേരിക്കക്കാരനെ കൊന്ന കേസിലായിരുന്നു അത്. ആ കേസിൽ ജീവപര്യന്തം ലഭിക്കുകയും ചെയ്തു. 2004ൽ ജയിൽ ചാടാൻ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ശോഭാരാജിന്റെ അപ്പീൽ തള്ളുകയും ചെയ്തു. 2008 ൽ ശോഭരാജ് വിവാഹനിശ്ചയം നേപ്പാളി വനിത നിഹിത ബിശ്വാസുമായി പ്രഖ്യാപിച്ചു. അമേരിക്കൻ കണ്ടക്ടർ ഡേവിഡ് വുഡാർഡ് ദി ഹിമാലയൻ ടൈംസിന് അയച്ച കത്തിലാണ് ദമ്പതികളുടെ ബന്ധത്തിന്റെ ആധികാരികത സ്ഥിരീകരിച്ചത്. 2014ൽ ബ്രോൺസിച്ചിന്റെ സുഹൃത്തായിരുന്ന ലോറന്റ് കാരിയർ എന്ന കനേഡിയനെ കൊന്ന കുറ്റവും ശോഭരാജിന്റെ തലയിൽ വന്നു.
ബിക്കിനി കൊലയാളിയെന്ന് കുപ്രസിദ്ധനായ സീരിയൽ കൊലയാളി ചാൾസ് ശോഭരാജ് നേപ്പാളിലെ ജയിലിൽനിന്ന് മോചിതനാകാൻ പോകുകയാണ് എന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. പ്രായാധിക്യം കണക്കിലെടുത്ത് ഇയാളെ വിട്ടയയ്ക്കാൻ നേപ്പാൾ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടു. 19 വർഷത്തെ ജയിൽവാസത്തിനാണ് അറുതിയാവുന്നത്. ഫ്രഞ്ച് പൗരനായ ശോഭരാജിന് 15 ദിവസത്തിനകം നാട്ടിലേക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്യാനും കോടതി ഉത്തരവിട്ടു.
ബിക്കിനി കൊലയാളി എന്ന് ശോഭരാജിനെ വിളിക്കാൻ കാരണമെന്താണ് ?
കാണാൻ സുന്ദരനാണ് ചാൾസ് ശോഭരാജ്. ആ സൗന്ദര്യത്തിൽ വീണ പല സ്ത്രീകളും കൊല്ലപ്പെട്ടു. ഇരകളിലേറെയും വിനോദസഞ്ചാരികളായിരുന്നു. ബിക്കിനി ധരിച്ച സ്ത്രീകളായിരുന്നു കൂടുതലും. അങ്ങനെയാണ് ബിക്കിനി കൊലയാളി എന്ന പേര് വീണത്. തായ്ലൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലായി മുപ്പതിലേറെ കൊലപാതകങ്ങൾ നടത്തി. 12 കൊലകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നിയമത്തിന്റെ കണ്ണുവെട്ടിക്കാനും ജയിലുകൾ ചാടാനും വിദഗ്ദ്ധനായിരുന്നു. പാമ്പ് മാളത്തിൽ കയറുമ്പോലെ ഒളിക്കും. അങ്ങനെ പാമ്പ് എന്ന പേരും വീണു. 1996ൽ ഡൽഹിയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തായ്ലൻഡിലെ പട്ടായ ബീച്ചിൽ ബിക്കിനി ധരിച്ച ആറ് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ തായ്ലൻഡിലേക്ക് നാടുകടത്തുമെന്ന് വന്നപ്പോഴാണ് ഡൽഹിയിലെ ജയിൽ ചാടിയത്. പിന്നീട് ഗോവയിൽ അറസ്റ്റിലായി.