എന്താണ് ജൈവായുധങ്ങൾ(Bio weapons)?

ശത്രുക്കളെ രോഗികളാക്കി കീഴ്പ്പെടുത്താനുള്ള യുദ്ധമുറയാണ് ജൈവായുധങ്ങൾ. മരണകാരികളായ രോഗാണുക്കൾ, (ബാക്ടീരിയ, വൈറസ്, ഫംഗസ്) ജൈവവിഷങ്ങൾ എന്നിവ സംഭരിച്ചും, വികസിപ്പിച്ചെടുത്തുമാണ് ജൈവായുധങ്ങളുണ്ടാക്കുന്നത്. ആവശ്യമനുസരിച്ച് പലരീതിയിൽ രോഗാണുക്കളെ ശത്രുക്കളിലേക്ക് കയറ്റിവിടും. ഇതോടെ പതിയെ രോഗികളായും, രോഗം തമ്മിൽ പകർത്തിയും ഒരുകൂട്ടമാളുകൾ മരിച്ചുവീഴും. യുദ്ധത്തിൽ എതിരാളിയെ തോൽപ്പിക്കാനുള്ള ഏറ്റവും മികച്ച ആശയമായാണ് പുരാതനകാലം തൊട്ടേ ഭരണാധികാരികൾ ഇതിനെ കരുതിപ്പോന്നത്. സൂക്ഷ്മജീവികൾക്കു പുറമേ വിഷപദാർഥങ്ങളും ഇതിന് ഉപയോഗിക്കുന്നുണ്ട്.

ഒന്നാംലോക യുദ്ധക്കാലത്ത് ആന്ത്രാക്സ്, കോളറ, വീറ്റ് ഫംഗസ്, കുതിരകൾക്കു പിടിപ്പെടുന്ന സാംക്രമികരോഗമായ ഗ്ലാൻഡേഴ്സ് എന്നിവ പരത്തുന്ന രോഗാണുക്കളെ ജർമനി ജൈവായുധമായി വികസിപ്പിച്ചെടുത്തിരുന്നു. ഇക്കാലയളവിൽ റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ്ബർഗിൽ പ്ലേഗ് പടർന്നതിനും, മെസോപൊട്ടാമിയയിൽ കോവർകഴുതകളിൽ ഗ്ലാൻഡേഴ്സ് പിടിപെട്ടതിനും പിന്നിൽ ജർമനിയാണെന്നാണ് കരുതുന്നത്. ഫ്രഞ്ച് കുതിരപ്പടകൾക്കിടയിലും ജർമനി രോഗം പരത്താൻ ശ്രമിച്ചിരുന്നു. 1930-കളിൽ ജാപ്പനീസ് സൈന്യം രഹസ്യമായി ജൈവ യുദ്ധമുറകൾ പരീക്ഷിച്ചുതുടങ്ങി. ചൈനയുടെ ഭാഗമായിരുന്ന മഞ്ചൂറിയയിലേക്ക് അധിനിവേശം നടത്തിയ ജപ്പാൻ അവിടെ പരീക്ഷണശാലയുണ്ടാക്കി. യൂണിറ്റ് 731 ആയിരുന്നു ജപ്പാന്റെ ജൈവായുധ വകുപ്പ്. ചൈനയിൽ നിന്ന് പിടികൂടിയ രാഷ്ട്രീയത്തടവുകാരിൽ പ്ലേഗിന്റെയും, പറങ്കിപ്പുണ്ണിന്റെയും, ആന്ത്രാക്സിന്റെയും, സിഫിലസിന്റെയും രോഗാണുക്കളെ കുത്തിവെച്ച് ഇവർ പരീക്ഷിച്ചു.

അത് 3000-ത്തിലധികം പേർ മരിക്കുന്നതിൽ കലാശിച്ചു. പ്ലേഗ് ബോംബിടുകയും, ചൈനീസ് ഗ്രാമങ്ങളിലെ കിണറുകളിൽ രോഗബാധിതരുടെ മൃതദേഹങ്ങൾ തള്ളുകയും ചെയ്തു. രണ്ടുലക്ഷത്തോളം ചൈനക്കാരെ ജപ്പാൻ കൊന്നൊടുക്കിയെന്നാണ് റിപ്പോർട്ട്.രോഗംമൂർച്ഛിച്ച് മരിച്ചവരുടെ മൃതദേഹങ്ങളും , അവരുപയോഗിച്ച വസ്തുക്കളും കൗശലത്തിൽ മറ്റു രാജ്യങ്ങളിലെത്തിക്കും . വിമാനംമാർഗമടക്കം രോഗാണുക്കളെ സ്പ്രേ ചെയ്തുവിടും,അണുബോംബുകൾ വർഷിക്കും,വെള്ളത്തിലോ, ഭക്ഷണത്തിലോ രോഗാണുക്കളെ കലർത്തും,ശരീരത്തിൽ ഇഞ്ചക്ട് ചെയ്യും.

 📌 ജൈവായുധ പ്രയോഗം(Biological warfare):

ബാക്ടീരിയകൾ, വൈറസ്സുകൾ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണു ജീവികളെ മനുഷ്യരുടേയും , മൃഗങ്ങളുടേയും , സസ്യജാലങ്ങളുടേയും ഇടയിൽ കടത്തിവിട്ട് അവയെ കൂട്ടത്തോടെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്ന തന്ത്രമാണ് ജൈവായുധപ്രയോഗം അഥവാ ബയോളജിക്കൽ വാർഫെയർ.ആധുനിക മനുഷ്യന്റെ സൃഷ്ടിയാണിതെന്ന പൊതുധാരണയുണ്ട്. വൈറസുകളെയും ബാക്ടീയകളെയും ഉപയോഗിച്ച് യുദ്ധമോ എന്ന് നെറ്റി ചുളിക്കുന്നവരുണ്ടെങ്കിൽ അറിയണം മനുഷ്യരാശിയെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള അത്യന്തം അപകടകാരികളായ പല വൈറസുകളും ബാക്ടീരിയകളും റഷ്യയടക്കമുള്ള പല രാജ്യങ്ങളിലെയും രഹസ്യലാബുകളിൽ സൂക്ഷിച്ചിട്ടുണ്ട്. റഷ്യയിലെ സൈബീരിയയിലെ കോൾട്ട്സവയിലുള്ള വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് അഥവാ റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച്ച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജിയിൽ കഴി‌ഞ്ഞ വർഷം സ്ഫോടനം നടന്നിരുന്നു. പക്ഷിപ്പനി, ആന്ത്രാക്സ്, എബോള, വസൂരി, എച്ച്.ഐ.വി, പ്ലേഗ് തുടങ്ങിയ മാരക വൈറസുകളെ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.

നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഈ വിദ്യ വിജയകരമായി ഉപയോഗത്തിലുണ്ടായിരുന്നു. പ്രാചീന കാലത്തെ പല യുദ്ധങ്ങളിലും കോളറയും , പ്ലേഗും ബാധിച്ച് മരിച്ചവരുടെ ജഡങ്ങൾ ശത്രുരാജ്യങ്ങളുടെ ശുദ്ധജല സ്രോതസ്സുകളിൽ രഹസ്യമായി നിക്ഷേപിച്ചിരുന്നു. ഇന്തോ-ഫ്രഞ്ച് യുദ്ധങ്ങളിൽ ഫ്രഞ്ച് വ്യാപാരികൾ മസൂരി ബാധിച്ചു മരിച്ചവരുടെ ദേഹത്തു നിന്നെടുത്ത പുതപ്പുകൾ അമേരിക്കൻ ഇൻഡ്യൻസിനു വിറ്റു. ഇത് അവരെ ദയനീയമാംവണ്ണം യുദ്ധത്തിൽ പരാജയപ്പെടുത്താൻ വഴിയൊരുക്കി.

ജൈവായുധങ്ങൾ വിവിധതരം ഉണ്ട് .

ടാർഗറ്റിനെ (ഒരു വ്യക്തിയോ, ഒരു സമൂഹമോ ആകാം ) മൊത്തത്തിൽ തുടച്ചു മാറ്റാൻ ശേഷിയുള്ള മാരക രോഗവൈറസുകളാണ് ഇവ. മനുഷ്യരെ മാത്രമല്ല, മറ്റു ജന്തുക്കളെയും , സസ്യങ്ങളെയും കൊല്ലാൻ ജൈവായുധങ്ങൾ ഉപയോഗിക്കപ്പെടാം.ജൈവായുധപ്രയോഗത്തിനുപയോഗിക്കുന്ന വസ്തുക്കളെ ഇങ്ങനെ തരംതിരിക്കാം.

⚡1. കാറ്റഗറി A – അത്യന്തം വിനാശകാരി. ഒരു രാജ്യത്തെ മുഴുവൻ മഹാമാരിയുടെ പിടിയിലാക്കാൻ ശേഷിയുള്ളവ.
⚡2. കാറ്റഗറി B – കാറ്റഗറി Aയെക്കാൾ അപകടം കുറഞ്ഞത്. എങ്കിലും മറ്റുള്ളവരിലേക്ക് വേഗത്തിൽ വ്യാപിക്കാനുള്ള കഴിവുണ്ട്.
⚡3. കാറ്റഗറി C – മറ്റ് രണ്ട് വിഭാഗങ്ങളുടെയത്ര അപകടകാരിയല്ല. മരണനിരക്ക് കുറവെങ്കിലും അനുകൂല അവസരം ഒത്തുവന്നാൽ ഭീഷണിയാകുന്നവ.
ജൈവായുധങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മാരകമായി വിശേഷിക്കപ്പെടുന്ന ചില വൈറസുകളുണ്ട്. ഇത്തരം വൈറസുകൾ എളുപ്പത്തിൽ വ്യാപിക്കുന്നവയും മരണനിരക്ക് കൂട്ടുന്നവയുമാണ്. ഈ വൈറസുകൾക്കെതിരെ ഫലപ്രദമായ പ്രതിവിധി കണ്ടെത്തിയിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അത്തരം ചില വൈറസുകൾ

🌙1. ബാസിലസ് ആന്ത്രാസിസ്:
നൂറു വർഷം പഴക്കമുള്ള ജൈവായുധം. കാറ്റഗറി Aയിൽ ഉൾപ്പെടുന്നു. മണമോ , രുചിയോ ഇല്ലാത്തതും അദൃശ്യവുമായ ഇക്കൂട്ടരാണ് ജൈവായുധ ശ്രേണിയിൽ ഏറ്റവും പ്രമുഖർ. ആന്ത്രാക്സ് രോഗത്തിന് കാരണമാകുന്നു. പൊടി, ആഹാരം, ജലം എന്നിവയിലൂടെ കടത്തിവിടുന്നു. 2001ൽ പൊടിയുടെ രൂപത്തിലുള്ള ആന്ത്രാക്സ് വൈറസ് അടങ്ങിയ കത്തുകൾ യു.എസ് പോസ്റ്റൽ സർവീസിന് ലഭിച്ചിരുന്നു. 22 പേർക്ക് വൈറസ് ബാധ ഉണ്ടാവുകയും അതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു.

🌙2. ബോട്ടുലിനം ടോക്സിൻ:
ശക്തിയേറിയ ജൈവായുധം. ഉത്പാദിപ്പിക്കാൻ താരതമ്യേന എളുപ്പമാണ്. എയ്റോസോൾ വഴിയോ , മാലിന്യത്തിലൂടെയോ ഇവയെ പ്രയോഗിക്കുന്നു. ഒരു ഗ്രാം ബോട്ടുലിനം ടോക്സിൻ മതി ഒരു ലക്ഷത്തിലേറെ പേരുടെ ജീവൻ കവരാൻ. C ബോട്ടുലിനം ടോക്സിനുകൾ നാഡീ ഞരമ്പുകളെ ബാധിക്കുന്നു. ഇവ മനുഷ്യ ശരീരത്തെ എന്നന്നേക്കുമായി തളർത്തും. മഞ്ചൂരിയൻ അധിനിവേശത്തിൽ തടവുകാർക്ക് നേരെ ജപ്പാൻ ഇത് പ്രയോഗിച്ചതായി പറയപ്പെടുന്നു.

🌙3. എബോള വൈറസ്:
മരണനിരക്ക് വളരെയേറെ കൂടിയ എബോള വൈറസിനെ ജീവികൾ മുഖാന്തരമാണ് വ്യാപിപ്പിക്കുന്നത്. 1976ൽ കോംഗോയിലാണ് ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്. ഇത് ഇതുവരെ ഏതെങ്കിലും രാജ്യം പ്രയോഗിച്ചിട്ടുണ്ടോ എന്നറിവില്ലെങ്കിലും ഈ ജൈവായുധം വികസിപ്പിച്ചത് സോവിയറ്റ് യൂണിയനാണെന്നാണ് പറയപ്പെടുന്നത്.

🌙4. വേരിയോള മേജർ – വസൂരി:
അതിമാരകമായ വസൂരി വൈറസുകൾ. വാക്സിനേഷനിലൂടെ മാത്രമേ വസൂരിയെ തടയാനാകൂ. റെഡ് ഇന്ത്യക്കാർക്കെതിരെയും , അമേരിക്കൻ റെവല്യൂഷണറി വാറിലും ഇവ ഉപയോഗിച്ചതായി അഭ്യൂഹമുണ്ട്. 1980ൽ വൻതോതിൽ വസൂരി വൈറസുകളെ നിർമിച്ച് ശീതികരിച്ച് സൂക്ഷിക്കാനുള്ള പദ്ധതി സോവിയറ്റ് യൂണിയൻ തയാറാക്കിയിരുന്നു. റഷ്യയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്, അറ്റ്ലാൻഡയിലെ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻസിൽ എന്നിവിടങ്ങളിൽ ഇപ്പോഴും വസൂരി വൈറസുകൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്.

വ്യത്യസ്ത തരം വിഷങ്ങളെയും , വിഷജന്തുക്കളെയും യുദ്ധമുഖങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കൻ സിവിൽ വാറിൽ ഷഡ്പദങ്ങളെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മർജെൻഷ്യ ഹിസ്‌ട്രൈയോനിക ( ഹാർലി‌ക്വിൻ കാബേജ് ബഗ് ) എന്നയിനം പ്രാണിയെയാണ് അമേരിക്കൻ സിവിൽ വാറിൽ ഉപയോഗിച്ചതായി പറയുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്താണ് ജൈവായുധത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിൽ പുതിയ പരീക്ഷണങ്ങൾ തുടങ്ങുന്നത്.

ജൈവായുധങ്ങളുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും പല രാജ്യങ്ങളും രഹസ്യമായി തങ്ങളുടെ പരീക്ഷണവുമായി മുന്നോട്ട് പോയി. ജർമ്മനി ജൈവായുധങ്ങൾ നിർമിക്കുന്നുവെന്നറിഞ്ഞപ്പോൾ അമേരിക്കയും അതിനെതിരായി പരീക്ഷണങ്ങൾ ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയ്ക്കെതിരെ ജപ്പാൻ നടത്തിയ ജൈവായുധ പ്രയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരം. ഏകദേശം രണ്ട് ലക്ഷത്തോളം ചൈനക്കാരെ ജപ്പാന്റെ ജൈവായുധം കൊന്നൊടുക്കിയതായി പറയപ്പെടുന്നു. ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ ജൈവായുധങ്ങളുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതൊരു കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

ജൈവായുധമായ ഏതാനും രോഗങ്ങളും രോഗാണുക്കളും:

✨ആന്ത്രാക്സ്-ബാസിലസ് ആന്ത്രാസിസ്
✨ബോട്ടുലിസം-ക്ലോസ്ട്രീഡിയം ബോട്ടുലിനം
✨ഹെയ്മൊറാജിക് ഫീവർ-മാർബഗ് വൈറസ് (സോവിയറ്റ് ബയോവെപ്പൺ പദ്ധതി)
✨പ്ലേഗ്-യെർസിനിയ പെസ്റ്റിസ് (14-ാം നൂറ്റാണ്ടിൽ യൂറോപ്പിലും ഉപയോഗിച്ചു)
✨സ്മോൾ പോക്സ് -വരിയോള മേജർ-(18-ാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ)
✨ടുലറേമിയ-ഫ്രാൻസിസെല്ല ടുലറെൻസിസ്.

മറ്റു രോഗങ്ങൾ-കോളറ, എൻസെഫലൈറ്റിസ്, ഭക്ഷ്യവിഷബാധ, ഗ്ലാൻഡേഴ്സ്, ടൈഫസ്, ബ്രൂസെല്ല, വസൂരി, മലേറിയ
വിഷങ്ങൾ-ബോട്ടുലിനം, റിസിൻ

ചരിത്രത്തിൽ രേഖപ്പെടുത്തിയ ചെയ്തികൾ

✨രോഗബാധിതരായി മരിച്ചവരുടെ മൃതശരീരങ്ങൾ കിണറുകളിൽ നിക്ഷേപിച്ച് വെള്ളം അണുബാധയുള്ളതാക്കി (1155, ബാർബരോസ്സ ചക്രവർത്തി ചെയ്തത്)

✨പ്ലേഗ് ബാധിച്ച് മരിച്ചവരുടെ മൃതശരീരങ്ങൾ മറ്റു രാജ്യങ്ങളിൽ കൊണ്ടിട്ടു (1346,മംഗോളിയക്കാർ ക്രിമിയയിൽ ചെയ്തത്)

✨മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്ന വീഞ്ഞിൽ കുഷ്ടരോഗികളുടെ രക്തം കലർത്തി (1495, സ്പെയിൻകാർ ഫ്രഞ്ച്, ഇറ്റലി, നേപ്പിൾസ് എന്നിവരോട് ചെയ്തത്)

✨പേവിഷ ബാധയുള്ള പട്ടികളുടെ ഉമിനീർ പോളണ്ട് ശത്രുരാജ്യങ്ങളിലേക്ക് അയച്ചു (1650)

✨സ്മോൾ പോക്സ് രോഗികൾ ഉപയോഗിച്ച പുതപ്പുകൾ ബ്രിട്ടിഷുകാർ അമേരിക്കക്കാർക്കു നൽകി. (1763)

✨മഞ്ഞപ്പനിയും, സ്മോൾ പോക്സും ബാധിച്ചവരുടെ വസ്ത്രങ്ങൾ കോൺഫെഡറേറ്റുകൾ അമേരിക്കൻ യൂണിയൻ ട്രൂപ്പുകൾക്ക് നൽകി. (ഇതെല്ലാം എത്രപേരുടെ മരണത്തിന് കാരണമാക്കിയെന്ന് വ്യക്തമല്ല)

✨നെപ്പോളിയൻ പല യുദ്ധങ്ങളിലും മലമ്പനിയും, വസൂരിയും യുദ്ധമുറയായി പ്രയോഗിച്ചിരുന്നു. 1797-ൽ ഇറ്റലിയിലെ മാന്റുവയിൽ മലേറിയ പരത്തി. രോഗങ്ങൾ നെപ്പോളിയന്റെ സൈന്യത്തെയും ബാധിച്ചിരുന്നു.

✨1942-ൽ യു.എസ്. വാർ റിസെർച്ച് സർവീസിന് രൂപംനൽകി. ആന്ത്രാക്സും, ബൊട്ടുലിനം, വിഷവും ജൈവായുധമാക്കാമോയെന്നു പരീക്ഷിച്ചു. 1944-ഓടെ ആവശ്യമായ അളവിൽ രോഗാണുക്കളെയും വിഷവും ശേഖരിച്ചു. ജർമൻ സൈന്യം ആദ്യം ജൈവായുധമുപയോഗിച്ചാൽ തിരിച്ചടിക്കാൻ യു.എസും തയ്യാറെടുത്തു.

✨1942-’43 കാലഘട്ടത്തിൽ സ്കോട്ട്ലൻഡിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഗ്രുയ്നാർഡ് ദ്വീപിൽ ബ്രിട്ടനും ആന്ത്രാക്സ് ബോംബ് പരീക്ഷിച്ചു.

✨വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ് കോങ് ഒളിപ്പോരാളികൾ ശത്രുക്കൾക്കുമേൽ രോഗാണുക്കളെ പുരട്ടിയ സൂചികൾ പ്രയോഗിച്ചു. ഒരിക്കൽ കുത്തേറ്റാൽ രോഗബാധയേൽക്കുമെന്ന് തീർച്ച.

✨1979-ൽ യു.എസ്.എസ്.ആറിലെ സ്വെർഡ്ലോവ്സ്കിലെ സംഭരണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുപോയ ആന്ത്രാക്സ് രോഗാണുക്കൾ 66 ആളുകളുടെ ജീവനെടുത്തു. അണുബാധയുള്ള ഭക്ഷണമാണ് മരണകാരണമെന്ന് ആദ്യം പറഞ്ഞതെങ്കിലും 1992-ൽ റഷ്യക്ക് ഇക്കാര്യം ഏറ്റുപറയേണ്ടിവന്നു.

✨1985-ൽ ഇറാഖും ആന്ത്രാക്സ്, ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബൊട്ടുലിനം വിഷം, ഫംഗസ് പരത്തുന്ന അഫ്ളാടോക്സിൻ എന്നിവ ഉദ്പാദിപ്പിക്കാൻ തുടങ്ങി. പേർഷ്യൻ ഗൾഫ് യുദ്ധത്തിനുശേഷം തങ്ങളുടെ കൈയിൽ ഇത്തരം ബോംബുകളും സ്കഡ് മിസൈലുകളും 122 എം.എം. റോക്കറ്റും മറ്റുമുണ്ടെന്ന് ഇറാഖ് വെളിപ്പെടുത്തി. പ്രത്യേക മേഖലയിൽ സ്പ്രേ ചെയ്യാൻ ചെയ്യാൻ പാകത്തിൽ വിമാനത്തിൽ രോഗാണുക്കളെ നിറച്ച ടാങ്കുകളും ഘടിപ്പിച്ചിരുന്നു.

✨2001-ൽ പോസ്റ്റുമാർഗം യു.എസ്. മാധ്യമസ്ഥാപനങ്ങളിലും, സർക്കാർ ഓഫീസുകളിലും ആന്ത്രാക്സ് രോഗാണുക്കളെത്തിയിരുന്നു. രോഗംബാധിച്ച് അഞ്ചുപേർ മരിക്കാനുമിടയായി. 1980-കൾ മുതൽ ഭീകരസംഘടനകളും ജൈവായുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ജൈവായുധം വിലക്കിക്കൊണ്ട് 1925-ൽ കൊണ്ടുവന്ന ജനീവ ഉടമ്പടിയിൽ 108 രാജ്യങ്ങൾ ഒപ്പിട്ടു. 1972-ൽ മറ്റൊരു ഉടമ്പടിയും കൊണ്ടുവന്നു. രണ്ടും വേണ്ടവിധം ഇതുവരെയും നടപ്പിലായില്ല.

കടപ്പാട്: ഷിനില മാത്തോട്ടത്തിൽ

You May Also Like

സീൻ നദിയിലെ മൊണാലിസ…ലോകത്തിൽ ഏറ്റവും ചുംബിച്ച പെൺകുട്ടി

സീൻ നദിയിലെ മൊണാലിസ…ലോകത്തിൽ ഏറ്റവും ചുംബിച്ച പെൺകുട്ടി Sreekala Prasad പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, പാരീസിലെ…

മോഷെ ദയാൻ ഒരു ഹീറോയാണ്, ഇദ്ദേഹത്തിന്റെ ശക്‌തമായ തീരുമാനങ്ങൾ ആണ് സിക്സ് ഡേയ്സ് വാറിൽ ഇസ്രെയേൽ ജയിച്ചത്

മോഷെ ദയാൻ (ഹീബ്രു ഹീറോ) Shanavas S Oskar മോഷെ ദയാൻ അറിയപ്പെടുന്നത് തന്നെ ഒരു…

ഇന്ത്യൻ സൈനികർ മാലിദ്വീപിനെ അട്ടിമറിക്കാരിൽ നിന്നും രക്ഷിച്ച ഓപ്പറേഷൻ കാക്റ്റസ്

ഓപ്പറേഷൻ കാക്റ്റസ് Operation Cactus ✍️ Sreekala Prasad ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു…

വെളിച്ചത്തിന്റെ അത്ഭുത ചരിത്രം

അവിട്ടത്താൻ വെളിച്ചത്തിന്റെ അത്ഭുത ചരിത്രം: വിളക്കിൽ നിന്നുമുള്ള വെളിച്ചം ഒരു കൃത്രിമ പ്രകാശമാണ്. തുടർച്ചയായി കൂടുതൽ…