സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് )

നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ സമയം പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങളുടെ പട്ടിക പരിശോധിച്ചാൽ മുൻ നിരയിൽ നിൽക്കുന്നവയായിരിക്കും ബൾബുകളും ഫാനുകളും . എൽ ഇ ഡി ബൾബുകളുടെ വരവോടെ വെളിച്ചത്തിന്റെ വകയിൽ ഉള്ള കറന്റ് ചെലവ് നാലിലൊന്നായെങ്കിലും കുറഞ്ഞിട്ടുണ്ട്. എൽ ഇ ഡി ബൾബുകൾ വില കൂടുതലാണെങ്കിലും വാങ്ങി ഉപയോഗിക്കാൻ നമ്മളെ എല്ലാം പ്രേരിപ്പിക്കുന്നതും ഈ കുറഞ്ഞ വൈദ്യുത ഉപഭോഗം തന്നെ.

അപ്പോഴും ഏറ്റവും കൂടൂതൽ നേരം ഉപയോഗിക്കുന്ന ഉപകരണമായ‌ ഫാനിന്റെ കാര്യത്തിൽ മാത്രം നമ്മൾ മാറി ചിന്തിക്കാൻ തുടങ്ങിയിട്ടില്ല. ഒരു ദിവസം ശരാശരി ഒരു സീലിംഗ് ഫാൻ 12 മണിക്കൂർ എങ്കിലും കുറഞ്ഞത് ഒരു വീട്ടിൽ പ്രവർത്തിക്കുന്നുണ്ടായിരിക്കും. 75 മുതൽ 80 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഒരു സീലിംഗ് ഫാൻ പ്രതിദിനം ഏകദേശം ഏറ്റവും കുറഞ്ഞത് 1 യൂണിറ്റ് വൈദ്യുതി എങ്കിലും ഉപയോഗിക്കുന്നുണ്ടാകും. ചില വീടുകളിലൊക്കെ ഫാൻ ഓഫ് ചെയ്യുന്നതും ഓൺ ചെയ്യുന്നതും ഇലക്ട്രിസിറ്റി ബോഡ് ആണെന്നും വരെ വേണമെങ്കിൽ പറയാം. കാരണം രാപകൽ ഭേദമില്ലാതെ എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനു വിശ്രമം കിട്ടൂന്നത് കറന്റ് പോകുമ്പോൾ മാത്രമാണ്‌. ഇത്തരം വീടുകളിലെയൊക്കെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതും ഫാനുകൾ തന്നെയാണ്‌. ഇതിനൊരു പരിഹാരമുണ്ടോ ? ഉണ്ട്. അതാണ്‌ BLDC ഫാനുകൾ.

സാധാരണ ഇൻഡൿഷ്ൻ മോട്ടോർ ഉപയോഗിക്കുന്ന സീലിംഗ് ഫാനുകളിൽ നിന്നും വ്യത്യസ്തമായി ഡി സി ഉപയോഗിക്കുന്ന ബ്രഷ് ലസ് ഫാനുകൾ എൽ ഇ ഡി ബൾബുകളെപ്പോലെത്തന്നെ ഊർജ്ജക്ഷമതയുടെ തേരിലേറി ഇപ്പോൾ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നു. സാധാരണ സീലിംഗ് ഫാനുകൾ 75-80 വാട്ട് ഉപയോഗിക്കുമ്പോൾ ഇത്തരം ഫാനുകൾ അതിന്റെ പകുതി ഊർജ്ജം മാത്രം ഉപയോഗിച്ച് അതേ അളവിലുള്ള കാറ്റ് നൽകുന്നു. BLDC ഫാനുകൾ 25 മുതൽ 35 വാട്ട് വരെയേ പരമാവധി ഉപയോഗിക്കൂ. BLDC ഫാനുകളുടെ ഗുണങ്ങളും ദോഷങ്ങളും ഒന്ന് പരിശോധിക്കാം.

ഗുണങ്ങൾ

1. സാധാരണ ഫാനുകളെ അപേക്ഷിച്ച് പകുതിയിലും കുറവ് വൈദ്യുത ഉപഭോഗം.

2. ഇപ്പോൾ വിപണിയിലുള്ള പ്രമുഖ BLDC ഫാനുകളെല്ലാം തന്നെ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് വേഗത നിയന്ത്രിക്കാനും ഓൺ ഓഫ് ചെയ്യാനും കഴിയുന്നവയാണ്‌.

3. താരതമ്യേന ശബ്ദ രഹിതമായ പ്രവർത്തനം.

4. സാധാരണ ഫാനുകളിൽ ഇലക്ട്രോണിക് റഗുലേറ്റർ ഉപയോഗിച്ച് വേഗത നിയന്ത്രിക്കുമ്പോൾ ആനുപാതികമായി വൈദ്യുത ഉപഭോഗം കുറയുന്നില്ല. അതായത് റഗുലേറ്ററീൽ പരമാവധി വേഗതയിൽ നിന്നും പകുതി ആക്കി കുറച്ചാൽ സാധാരണ ഫാനുകളിൽ വൈദ്യുത ഉപഭോഗം നേർ പകുതി ആയി കുറയാറില്ല അതിലും അൽപം കൂടുതൽ ആയിരിക്കും . പക്ഷേ ബി എൽ ഡി സി ഫാൻ റഗുലേറ്ററുകളിൽ കുറഞ്ഞ വേഗതയിൽ ആനുപാതികമായി വൈദ്യുത ഉപഭോഗവും കുറയുന്നു.

5. LED ബൾബുകളെപ്പോലെത്തന്നെ 100 മുതൽ 250 വോൾട്ട് വരെയും സുഗമമായി പ്രവർത്തിക്കും. സാധാരണ ഫാനുകളിൽ വോൾട്ടേജ് കുറഞ്ഞാൽ ഫാനിന്റെ വേഗതയും ഗണ്യമായി കുറയുന്നു.

6. വൈദ്യുത ഉപഭോഗം വളരെ കുറവായതിനാൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ ബാറ്ററി ബാക്കപ്പ് ഇരട്ടിയാകുന്നു. പൊതുവേ കേരളത്തിലെ ഇൻവെർട്ടർ ഉപഭോക്താക്കൾ പ്രധാനമായും ലക്ഷ്യമിടുന്നത് ഫാനിന്റെ സുഗമമായ പ്രവർത്തനം ആയതിനാൽ ഇക്കാര്യത്തിൽ BLDC ഫാനുകൾ ഒരു മുതൽക്കൂട്ട് ആയിരിക്കും. ഒരു സാധാരണ ഫാൻ ഉപയോഗിക്കുന്നിടത്ത് രണ്ട് BLDC ഫാനുകൾ ഇൻവെർട്ടറിന്റെയും ബാറ്ററിയുടെയും കപ്പാസിറ്റി കൂട്ടാതെത്തന്നെ ഉപയോഗിക്കാനാകും.

ദോഷങ്ങൾ

1. സാധാരണ സീലിംഗ് ഫാനുകളുടെ ഇരട്ടി വിലയെങ്കിലും ആകും ഒരു BLDC ഫാനിന്. 2500 രൂപ മുതൽ മുകളിലേക്ക് വിവിധ കമ്പനികളുടേതായി BLDC ഫാനുകൾ ലഭ്യമാണ്‌.

2. നമ്മുടെ നാട്ടിൽ എൽ ഇ ഡി ബൾബുകൾ പ്രധാനമായും തകരാറിലാകുന്നത് അതിന്റെ ഇലക്ട്രോണിക് ഡ്രൈവ് സർക്കീട്ടുകൾ ഇടിമിന്നലിലും മറ്റും കത്തിപ്പോകുന്നതുകൊണ്ടാണ്‌. ബി എൽ ഡി സി ഫാനുകളുടെ ഹൃദയവും ഒരു ഇലക്ട്രോണിക് സർക്കീട്ട് ആയതിനാൽ ഇവ ഇടിമിന്നലിനെയൊക്കെ എത്രകണ്ട് പ്രതിരോധിക്കും എന്ന് ഉറപ്പ് പറയാനാകില്ല.

വിപണിയിലുള്ള ചില പ്രമുഖ ബ്രാൻഡുകൾ

സൂപ്പർ ഫാൻ, ഗറില്ലാ ഫാൻ, ഓറിയന്റ് തുടങ്ങിയവയാണ്‌ വിപണിയിലുള്ള പ്രമുഖ ബ്രാൻഡുകൾ എങ്കിലും സൂപ്പർ ഫാനും ഗറില്ലാ ഫാനും തമ്മിലാണ്‌ പ്രധാന മത്സരം. വൈദ്യുത ഉപഭോഗത്തിൽ ഇവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും ഫീച്ചറുകളിലും വാറന്റിയിലും വ്യത്യാസങ്ങളുണ്ട്. ഗറില്ലാ ഫാനിന്റെ റിമോട്ട് കണ്ട്രോൾ സൂപ്പർ ഫാനിനേക്കാൾ കൂടൂതൽ ഫീച്ചറുകളോട് കൂടിയതാണ്‌. സൂപ്പർ ഫാനിന്റെ റിമോട്ട് അഞ്ച് സ്പീഡ് കണ്ട്രോൾ ബട്ടനുകൾ മാത്രമുള്ള ലളിതമായ് ഒന്നാണെങ്കിൽ ഗറില്ലാ ഫാനിന്റേതിൽ ഒരു ടൈമർ സംവിധാനം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. അതായത് എത്ര നേരം ഫാൻ ഓൺ ആയിരിക്കണം എന്ന് ഈ ടൈമറിലൂടെ നിശ്ചയിക്കാം. ഗറില്ലാ ഫാനിനേക്കാൾ കാഴ്ച്ചയിൽ സുന്ദരമായത് സൂപ്പർ ഫാൻ തന്നെ. തെരഞ്ഞെടുക്കാൻ വിവിധ വർണ്ണങ്ങളിലുള്ള ലീഫുകൾ സൂപ്പർ ഫാനിന്റെ പ്രത്യേകതയാണ്‌. ഊർജ്ജക്ഷമതയുടെ കാര്യം നോക്കിയാൽ ഒരു പടി മുന്നിൽ നിൽക്കുന്നത് ഗറില്ലാ ഫാൻ തന്നെ. ഗറില്ലാ ഫാനുകൾ മൂന്നു വർഷത്തെ വാറന്റി നൽകുമ്പോൾ സൂപ്പർ ഫാൻ അഞ്ചു വർഷത്തെ വാറന്റിയാണ്‌ നൽകുന്നത്. വിൽപ്പനാനന്തര സേവനം കേരളത്തിലെ എല്ലായിടത്തും ഈ ബ്രാൻഡുകൾക്ക് ഏത് തരത്തിലാണെന്ന കാര്യം വ്യക്തമല്ലാത്തതിനാൽ അതിനെക്കുറിച്ച് അഭിപ്രായം പറയാനാകില്ല. എന്തായാലും വാങ്ങുന്നതിനു മുൻപ് വിൽപ്പനാനന്തര സേവനത്തെക്കുറിച്ച് കൂടി അന്വേഷിച്ചതിനു ശേഷം ഒരു തീരുമാനത്തിലെത്തുക.

ഒരു കാര്യം തീർച്ച ഏത് ബി എൽ ഡി സി ഫാൻ വാങ്ങിയാലും രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ മുടക്ക് മുതൽ തിരിച്ച് ലഭിക്കും എന്നുറപ്പ്. കെ എസ് ഇ ബി ആണു നിങ്ങളൂടെ ഫാൻ ഓൺ ഓഫ് ചെയ്യുന്നത് എങ്കിൽ മുടക്കു മുടൽ വളരെ വേഗത്തിൽ തന്നെ തിരിച്ച് പിടിക്കാം. എന്തായാലും ചുരുങ്ങിയത് മൂന്നു വർഷത്തെ എങ്കിലും വാറന്റി ലഭിക്കുന്നതിനാൽ നഷ്ടം സംഭവിക്കുകയില്ല.

You May Also Like

തിയറ്ററുകളിൽ ശബ്ദവിപ്ലവം ആയ ഡോൾബി അറ്റ്മോസ് എന്താണ് ?

തിയറ്ററുകളിൽ ശബ്ദവിപ്ലവം ആയ ഡോൾബി അറ്റ്മോസ് എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി പ്രേക്ഷകനു…

മൈക്രോസോഫ്റ്റ് വിൻഡോസ് മാത്രമല്ല ഇനി ലിനക്‌സും ആക്രമണ ഭീതിയിൽ

മൈക്രോസോഫ്റ്റ് വിൻഡോസ് എക്കാലത്തും വ്യാപകമായിത്തന്നെ വൈറസ് ആക്രമണങ്ങളാൽ കുപ്രസിദ്ധമാണല്ലോ. അതേ സമയം താരതമ്യേന സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്സിൽ അത്ര വ്യാപകമായതും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതുമായ വൈറസ് ആക്രമണ ചരിത്രവുമില്ല. അതുകൊണ്ട് തന്നെ ലിനക്സിന്റെ പതിപ്പുകൾ ബുള്ളറ്റ് പ്രൂഫ് പോലെ അതീവ സുരക്ഷിതമാണ്, പേടിക്കാനൊന്നുമില്ല എന്നൊക്കെയുള്ള പൊതുബോധവും ഉണ്ടായിട്ടുണ്ട്. പക്ഷേ കാലം മാറി

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ

OTG കേബിൾ കൊണ്ട് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനുള്ള 10 ഉപയോഗങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി…

വൈദ്യുത കസേരയും മഹാശാസ്ത്രജ്ഞനായ എഡിസന്റെ ജീവിതത്തിലെ കറയും

അറിവ് തേടുന്ന പാവം പ്രവാസി അമേരിക്ക ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും തൂക്കിക്കൊലയായിരുന്നു പ്രധാന വധശിക്ഷാ മാർഗം.അതിന്റെ…