Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് )

ട്രാഫിക് സിംബലുകൾ കണ്ടിട്ടില്ലേ? ഒരു ട്രയിനിന്റെ ചിത്രമുള്ള ട്രാഫിക് ചിഹ്നം കണ്ടാൽ എഴുത്തും വായനയും അറിയാത്തവർക്ക് പോലും അടുത്ത് തന്നെ റയിൽവേ ഗേറ്റ് ഉണ്ടെന്ന് മനസ്സിലാകും. ഒരു ബാഗ് തൂക്കി ഓടുന്ന കുട്ടിയുടെ ചിത്രമുള്ള ട്രാഫിക് സിംബൽ കണ്ടാൽ അടുത്തു തന്നെ സ്കൂൾ ആണെന്ന് മനസ്സിലാക്കാം. ഒരു പെട്ടിയുടെ പുറത്ത് ഒരു കുടയുടെ ചിത്രം കണ്ടാൽ ആ പെട്ടിയിൽ നനയാതെ സൂക്ഷിക്കേണ്ട സാധനമാണെന്ന് മനസ്സിലാക്കാം. ഒരു വൈൻ ഗ്ലാസിന്റെ ചിത്രമാണെങ്കിൽ പൊട്ടാൻ സാദ്ധ്യതയുള്ള വസ്തു ആണ്‌ അതിനകത്ത് എന്നറിയാമല്ലോ. ഇത്തരത്തിൽ ലളിതമായ ചിഹ്നങ്ങളിലൂടെ ഭാഷയുടെ അതിർവരമ്പുകൾ മറി കടന്ന് ആശയ വിനിമയം നടത്തുന്നതിനെ ഐഡിയോഗ്രാഫി എന്നു വിളിക്കാം.. അതായത് ഒരു ആശയത്തെ മുഴുവനായി ചെറിയ ഒരു ചിത്രത്തിലൂടെ സൂചിപ്പിക്കുന്നതു വഴി ആർക്കും ആയാസ രഹിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.

ഇനി ഇത്തരത്തിൽ വ്യത്യസ്ത ആശയങ്ങൾ വ്യക്തമാക്കുന്ന ചിഹ്നങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഒരു ഭാഷ തന്നെ ഉണ്ടാക്കിയെടുത്താൽ എങ്ങിനെയുണ്ടാകും? നിത്യ ജീവിതവുമായി നേരിട്ട് ബന്ധമുള്ളതും പ്രത്യേകിച്ച് വലിയ മാനസിക അദ്ധ്വാനമില്ലാതെ മനസ്സിലാക്കാൻ കഴിവ്യുള്ളതുമായ അനേകം ചിഹ്നങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഭാഷയുടെ അതിർ വരമ്പുകളെ തകർക്കാൻ കഴിയുന്ന ഒരു ആഗോള ഭാഷ എന്ന ആശയത്തെ മുൻ നിർത്തി ഇത്തരത്തിൽ ഒരു ഭാഷ ഉണ്ടാക്കിയിട്ടുണ്ട്. ചാൾസ് കെ ബ്ലിസ് എന്ന ആസ്ട്രിയൻ കെമിക്കൽ എഞ്ചിനീയർ ആണ്‌ ബ്ലിസ്സിംബൽസ് എന്ന പേരിൽ ഇത്തരത്തിൽ ഒരു ഭാഷ ഉണ്ടാക്കിയെടുത്തത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ ആക്രമണത്തെത്തുടർന്ന് വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയേണ്ടി വന്ന ബ്ലിസ്സിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്നവരുമായി അടുത്ത് ഇടപഴകേണ്ടി വന്നു. അതോടെ ഭാഷയുടെ അതിർ വരമ്പുകളില്ലാതെ മനസ്സുകൾ തമ്മിൽ സംവദിക്കുന്ന ഒരു ആഗോള ഭാഷ ഉണ്ടാക്കിയെടുക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുകയും തുടർന്ന് ചിഹ്നാധിഷ്ഠിതമായ ചൈനീസ് ഭാഷയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ലളിതമായ ഒരു ചിഹ്നഭാഷ അദ്ദേഹം ആവിഷ്കരിച്ചു. World Writing എന്നാണ്‌ താൻ ഉണ്ടാക്കിയ ഈ ഭാഷയെ അദ്ദേഹം വിളിച്ചതെങ്കിലും തുടർന്ന് സുഹൃത്തുക്കളുടെ നിർദ്ദേശാനുസരണം ബ്ലിസ് സിംബൽസ് എന്ന് പേരു മാറ്റുകയായിരുന്നു.

ഇതര ഭാഷകളിൽ നിന്നും വ്യത്യസ്തമായി ശബ്ദമില്ലാത്ത ഒരു ഭാഷയാണ്‌ ബ്ലിസ് സിംബൽസ്. ശബ്ദമില്ലാതെ ചിഹ്നങ്ങൾ മാത്രം ഉപയോഗിച്ച് ആശയങ്ങൾ വ്യക്തമാക്കുന്ന ബ്ലിസ് സിംബൽസ് അതിന്റെ സൃഷ്ടാവായ ചാൾസ് ബ്ലിസ് ഉദ്ദേശിച്ച രീതിയിൽ ഉള്ള ഒരു ആഗോള ഭാഷയായി മാറിയില്ല. പക്ഷേ മറ്റൊരു തരത്തിൽ ഈ ഭാഷ ഉപകാരപ്പെട്ടു. വലിയ മാനസിക അദ്ധ്വാനമില്ലാതെ വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്നതും സങ്കീർണ്ണതകളില്ലാതെ ഒന്നോ രണ്ടോ ചിത്രങ്ങളും ചിഹ്നങ്ങളും കൊണ്ട് മനസ്സിലുള്ള ആശയം വ്യക്തമാക്കാൻ കഴിയുന്നതുമായ ഈ ഭാഷയുടെ പ്രാധാന്യം ടൊറന്റോയിലെ Holland Bloorview Kids Rehabilitation Hospital അധികൃതർ തിരിച്ചറിയുകയും ബ്ലിസ്സിംബൽസിനെ ഏറ്റെടുക്കുകയും ചെയ്തു. ഓട്ടിസം ഉള്ള കുട്ടീകൾക്കും ശബ്ദത്തിലൂടെ ആശയവിനിമയം നടത്താൻ പ്രയാസമനുഭവിക്കുന്നവർക്കും സെറിബ്രൽ പാൾസി ബാധിതരായ കുട്ടികൾക്കുമെല്ലാം ഈ ഭാഷ ഒരു അനുഗ്രഹമായി.

1980 ൽ ആണ്‌ ബ്ലിസ്സിംബൽസിന്റെ ചരിത്രത്തിൽ വിപ്ലവാത്മകമായ ഒരു കണ്ടുപിടുത്തം ഉണ്ടായത്. റേച്ചൽ സിമ്മർമാൻ എന്ന കനേഡിയൻ സ്കൂൾ വിദ്യാർത്ഥിനി ബ്ലിസ്സിംബലുകളെ അത് ഉദ്ദേശിക്കുന്ന ആശയം ഇംഗ്ലീഷ് ഭാഷയിലേക്ക് മാറ്റുന്ന ബ്ലിസ്സിംബൽ പ്രിന്റർ എന്ന വിപ്ലവാത്മകമായ കമ്പ്യൂട്ടർ പ്രോഗ്രാം രൂപകല്പന ചെയ്തു. ബ്ലിസ്സിംബൽസ് വഴി മാത്രം ആശയവിനിമയം നടത്താൻ അറിയുന്നവർക്ക് പോലും ഈ ഭാഷ അറിയാത്തവരിലേക്ക് കൂടി തങ്ങളുടെ വികാര വിചാരങ്ങൾ എത്തിക്കുവാൻ ബ്ലിസ്സിംബൽസ് പ്രിന്ററിലൂടെ കഴിഞ്ഞു. ഒരു ടച് പാഡിലെ ബ്ലിസ്സിംബൽസ് ചിഹ്നങ്ങളിൽ അമർത്തിയാൽ അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇതിലൂടെ ലഭ്യമാകുന്നു. ഈ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയും ധാരാളം പുരസ്കാരങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു.

ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഈ ശബ്ദമില്ലാ ആഗോള ഭാഷയായ ബ്ലിസ് സിംബൽസ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇതിന്റെ പ്രചാരം എത്രത്തോളമുണ്ട് എന്നറിയില്ല.

കൂടുതൽ വിവരങ്ങൾ
http://www.blissymbolics.org/
https://en.wikipedia.org/wiki/Blissymbols
https://en.wikipedia.org/wiki/Rachel_Zimmerman

You May Also Like

വിറളിപിടിച്ച ഭൂമി

വിറളിപിടിച്ച ഭൂമി Sabu Jose മനുഷ്യന്റെ സ്വപ്നങ്ങളും നിര്‍മിതികളുമെല്ലാം ഒരു നിമിഷം കൊണ്ട് തച്ചുതകര്‍ത്ത് ധൂളിയായി…

ഇതെന്തെന്നു മനസിലായോ ?

ചിത്രത്തിൽ ചുവന്ന വൃത്തത്തിനുള്ളതിൽ കാടുമൂടി കാണപ്പെടുന്നത്, ഷൊറണൂരിന്റെ റെയിൽവേ ചരിത്രത്തിലെ സവിശേഷമായ ഒരു നിർമ്മിതിയാണ്. റിവേഴ്‌സ് ഗിയർ ഇല്ലാത്ത,

പക്ഷികളുടെ മരണം നമ്മളറിയാതെ പോകുന്നു, ശരിക്കും പക്ഷികൾ മരിക്കുന്നത് എങ്ങനെയാണ് ?

പക്ഷികൾ മരിക്കുന്നത് എങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ജീവനുള്ളതെല്ലാം ഒരിക്കല്‍ ചാവും. മറ്റു…

നീതിയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്ന തുലാസ് ഏന്തിയ കണ്ണ് മൂടിയ ദേവത ആരാണ്‌ ?

നീതിയുടെ പ്രതീകമായി ഉപയോഗിച്ച് വരുന്ന തുലാസ് ഏന്തിയ കണ്ണ് മൂടിയ ദേവത ആരാണ്‌ ? അറിവ്…