ഷാസ്
War – thriller ജോണറിൽ 2006 പുറത്തിറങ്ങിയ ഒരു അമേരിക്കൻ സിനിമയാണ് Blood Diamond. ചാൾസ് ലിവിറ്റിന്റെ രചനയിൽ എഡ്വേർഡ് സ്വിക്കാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയുടെ തെക്ക് പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് സിയാറ ലിയോൺ. ലൈബീരിയയും ഗിനിയയുമായി അതിർത്തി പങ്കിടുന്ന സിയാറ ലിയോൺ, ശാദ്വല പ്രദേശങ്ങളാലും മഴക്കാടുകളാലും സമ്പന്നമാണ്. സിനിമയുടെ ഓരോ ഫ്രെയിമിലൂടെയും ഈ ദൃശ്യഭംഗി നമുക്ക് അനുഭവിക്കാൻ കഴിയും. സിയാറ ലിയോണിന്റെ ആഭ്യന്തര യുദ്ധവും വജ്ര വേട്ടയുമാണ് സിനിമ പറയുന്നത്.
1991 മാർച്ച് 23 നാണ് Revolutionary United Front (RUF) എന്ന വിമത വിഭാഗം ലൈബീരിയൻ മുൻ പ്രസിഡന്റും യുദ്ധ കുറ്റവാളിയുമായ ചാൾസ് ടയിലറിന്റെ നേതൃത്വത്തിലുള്ള National Patriotic Front of Liberia (NPFL) യുടെ സഹായത്തോട് കൂടി സർക്കാരിനെതിരെ യുദ്ധം ആരംഭിക്കുന്നത്. ഒരു ദശാബ്ദം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിൽ അമ്പതിനായിരത്തിൽപ്പരം ആളുകൾക്ക് മരണം സംഭവിക്കുകയും ലക്ഷകണക്കിന് പേർക്ക് അത്യാഹിതം സംഭവിക്കുകയും ചെയ്തു. യുദ്ധ കാലത്തിന്റെ തുടക്കത്തിൽ തന്നെ സിയാറ ലിയോണിന്റെ വജ്ര ഖനന മേഖലയിൽ RUF അധികാരം സ്ഥാപിക്കുകയും പാവപ്പെട്ടവരായ സിയാറ ലിയോൺ ജനതയെ അടിമകളാക്കി ഖനികളിൽ പണി എടിപ്പിക്കുകയും ചെയ്തിരുന്നു.
സിയാറ ലിയോണിലെ ഒരു സാധാരണ മീൻ പിടിത്തക്കാരനായ സോളമൻ വാൻഡിയുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. പെട്ടെന്നു ഒരു ദിവസം സോളമൻ വാൻഡിയുടെ ഗ്രാമത്തിലേക്കിരച്ചെത്തുന്ന RUF കമാന്റോകൾ സ്ത്രീകളെന്നോ കുട്ടികളെന്നോ പരിഗണനയില്ലാതെ എല്ലാവർക്കു നേരെയും വെടിയുതിർക്കുന്നു. നിരവധിപ്പേർ തക്ഷണം മരിക്കുന്നു. സോളമൻ വാൻഡി ഉൾപ്പെടെ കുറച്ചു പേരെ ഖനികളിൽ ജോലി ചെയ്യുന്നതിനായി പിടിച്ചു കൊണ്ട് പോകുന്നു തുടർന്നു സോളമൻ വാൻഡിയുടെ കുടുംബം അനാഥമാകുന്നു. വജ്ര ഖനിയിൽ എത്തുന്ന സോളമൻ വാൻഡിക്ക് ഖനനത്തിനിടെ പിങ്ക് നിറം കലർന്ന അമൂല്യമായ ഒരു രത്നം കിട്ടുന്നു. ആരും കാണാതെ സോളമൻ വാൻഡി അതൊളിപ്പിക്കുന്നു അതു ഒരു RUF കമാൻഡർ കാണുന്നു അതു തനിക്ക് തരാൻ ആവശ്യപ്പെടുന്നു ആ സമയത്ത് അവിടേക്ക് പട്ടാളം എത്തുകയും RUF മായി ഏറ്റുമുട്ടൽ ഉണ്ടാവുകയും തുടർന്നു സോളമൻ വാൻഡി ഉൾപ്പടെ കുറച്ചു പേരെ ബന്ദികളാക്കി ജയിലിലിടുന്നു. ജയിലിൽ വെച്ച് സോളമൻ വാൻഡിയെ ആർചർ എന്ന രത്ന കള്ളക്കടത്തുകാരൻ കാണുന്നു. തുടർന്നുണ്ടാകുന്ന സംഭവബഹുലമായ യാത്രയാണ് സിനിമ പറയുന്നത്.
മനോഹരമായ ഒരു രാജ്യത്തെയും ഒരു ജനതയെയും, വജ്രവേട്ടയുടെയും അധികാര വടംവലിയുടെയും പേരിൽ കൊന്നൊടുക്കുന്നതിനെ വളരെ പച്ചയായി തന്നെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. സോളമൻ വാൻഡിയായി അഭിനയിച്ച ജയ്‌മൻ ഹാൻസുവിനും, ആർച്ചറായി അഭിനയിച്ച ഡികാപ്രിയോക്കുംനിരവധി അന്തരാഷ്ട്ര അംഗീകാരം വാങ്ങിക്കൊടുത്ത സിനിമയാണ് Blood Diamond.
രക്തത്താൽ മുങ്ങിയ ഒരു വജ്രം തേടിയുള്ള യാത്ര യുദ്ധ സിനിമകളും ചരിത്ര സിനിമകളും ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ ഇടം പിടിക്കും എന്നത് തീർച്ച.